ADVERTISEMENT

ചോദ്യം: എൻഡിഎയിലെ പഠനം വഴി കമ്മിഷൻഡ് ഓഫിസറാകാമെന്നു കേട്ടു. പ്രവേശനത്തിന് എന്തു യോഗ്യത വേണം? മൊത്തം എത്ര ഫീസ് നൽകണം? പെൺകുട്ടികൾക്ക് അപേക്ഷിക്കാമോ?

 

ഉത്തരം: പ്ലസ്ടു ജയിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ പഠനപരിശീലനത്തിലൂടെ കര / നാവിക / വ്യോമസേനകളിൽ കമ്മിഷൻഡ് ഓഫിസറാകാനുള്ള വഴിയാണ് പുണെയ്‌ക്കു സമീപമുള്ള ഖഡക്‌വാസലയിലെ എൻഡിഎ (നാഷനൽ ഡിഫൻസ് അക്കാദമി) ഒരുക്കുന്നത്. ഇത്തവണ പ്രവേശനത്തിന് 3 സേനകളിലേക്കുമായി ആകെ 370 സീറ്റുള്ളതിൽ 19 സീറ്റ് പെൺകുട്ടികൾക്കാണ്.

 

എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. താമസം, ഭക്ഷണം, യൂണിഫോം, ചികിത്സ, പുസ്‌തകങ്ങൾ മുതലായ സർവ ഇനങ്ങളും സൗജന്യം. ആകെ കൊടുക്കേണ്ടത്, പോക്കറ്റ് അലവൻസ് അടക്കം 35,376 രൂപയും മറ്റു ചെറിയ തുകകളും മാത്രം. കേരളീയ വിദ്യാർഥികൾക്കെല്ലാം കേരളസർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ് കിട്ടുകയും ചെയ്യും.

 

പ്രായപരിധിക്കു വിധേയമായി, കരസേനയിലേക്ക് ഏതു പ്ലസ്ടുക്കാർക്കും അപേക്ഷിക്കാമെങ്കിലും നേവിയോ എയർ ഫോഴ്‌സോ ആണു ലക്ഷ്യമെങ്കിൽ പ്ലസ്ടുവിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. 

കരസേനയിലെ നിയമനം മനസ്സിൽ കണ്ട്, സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും, പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവയിലെ ചോദ്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഓർത്തു വേണം തയാറെടുപ്പ്.

 

യുപിഎസ്‌സി നടത്തുന്ന എഴുത്തുപരീക്ഷയിൽ മികവു കാട്ടി, 5 ദിവസം നീളുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിലും കഴിവ് തെളിയിക്കണം. മെഡിക്കൽ പരിശോധനയും തൃപ്തികരമായാൽ സായുധസേനയിൽ ഓഫിസറാകാം. പരിശീലനത്തിന്റെ ഭാഗമായി ജെഎൻയുവിലെ ബിരുദം നേടുകയുമാകാം. എൻഡിഎയിലെ സിലക്‌ഷനോടൊപ്പം കണ്ണൂർ ഏഴിമലയിലുള്ള നേവൽ അക്കാദമിയിലെ 25 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുണ്ട്. ആൺകുട്ടികൾക്കാണ് അവിടെ അവസരം. 2024 ജനുവരിയിൽ തുടങ്ങുന്ന പരിശീലനത്തിന് 2023 ജനുവരി 10 വരെ www.upsconline.nic.in എന്ന സൈറ്റിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്ക്.

 

Content Summary : How to Join NDA After 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com