ADVERTISEMENT

സ്കൂളിലെ ചെറിയ ക്ലാസുകളിൽ ഒപ്പം പഠിച്ച എന്റെ സ്നേഹിതൻ ഇപ്പോൾ ഇംഗ്ലിഷിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഞാനറിയുന്ന കാലത്തു ശരാശരി വിദ്യാർഥിയായിരുന്നു അയാൾ. എട്ടാം ക്ലാസ് കഴിഞ്ഞ് ഞാൻ ഈ സുഹൃത്തിനെ കണ്ടിട്ടില്ല. വളരെ വർഷങ്ങൾക്കു ശേഷം ഡൽഹിയിലുള്ളപ്പോഴാണ് ഈ എഴുത്തുകാരനെക്കുറിച്ചു മനസ്സിലാക്കുന്നതും ‘ഇതു നമ്മുടെ പഴയ ചങ്ങാതിയാണല്ലോ’ എന്നു വിസ്മയിക്കുന്നതും. എങ്ങനെയാകും അത്ഭുതകരമായ ഈ മാറ്റം അയാൾക്ക് സംഭവിച്ചത് അഥവാ മികവിലേക്കും അസാധ്യമെന്നു കരുതിയ നേട്ടങ്ങളിലേക്കും അയാൾ നടന്നു നീങ്ങിയത്? വിജയം നേടിയ ഏതൊരാളുടെ ജീവിതകഥയിലും അവരുടെ ക്ഷമ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു കാണാം. എന്നിട്ടും അവർ ആശ വെടിഞ്ഞില്ല. നിരാശയുടെയും അക്ഷമയുടെയും സ്ഥാനത്തു പ്രത്യാശയും ക്ഷമയും അവലംബിക്കുകയാണ് അവർ ചെയ്തതെന്നു കാണാം. നിരന്തരം ക്ഷീണിക്കാതെ, പരാതിയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അവർ ചെയ്യുന്നത്. 

 

പൊതുവേ അസാധ്യമെന്നു കരുതുന്ന േനട്ടങ്ങളുണ്ടാക്കിയ പർവതാരോഹകരും കായികതാരങ്ങളും കലാകാരന്മാരും അപൂർവമല്ല. ശാരീരികദൗർബല്യങ്ങളെപ്പോലും അതിജീവിച്ച് അത്ഭുതങ്ങൾ കാണിച്ചവരുണ്ടല്ലോ. ഇവർക്കെല്ലാം പൊതുവായ ചില സ്വഭാവങ്ങളുണ്ട്. അവർ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്യുന്നു, സാധ്യമായതെല്ലാം ചിട്ടയോടെ ചെയ്യുന്നു. അങ്ങനെ സാധ്യമായവ ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും നിരന്തരം ചെയ്തു കഴിയുമ്പോൾ, അവർപോലും തിരിച്ചറിയാതെ അസാധ്യമായ കാര്യങ്ങൾ സ്വന്തമായിത്തീരുന്നു. 

 

സാധ്യമായതു ചെയ്യാത്തതുകൊണ്ടാണ് പലപ്പോഴും അസാധ്യമായതു ചെയ്യാൻ സാധിക്കാതെ പോകുന്നത്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് ഒരിക്കലും വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാനാവില്ല. എന്തുകൊണ്ടാണ് ചിലപ്പോഴെങ്കിലും നമ്മൾ ഈ മാനസികാവസ്ഥയിൽ എത്തിച്ചേരുന്നത്?

 

നിരാശ അല്ലെങ്കിൽ അക്ഷമ– ഈ രണ്ടു സുഷിരങ്ങളിലൂടെ, കുടത്തിൽ നിന്നു ജലമെന്നപോലെ ആത്മവിശ്വാസം വാർന്നുപൊയ്ക്കൊണ്ടിരിക്കും. ഇവ രണ്ടും അടയ്ക്കണമെങ്കിൽ ജീവിതത്തിൽ വിശ്വാസമർപ്പിക്കണം. ആശ കൈവിടാതിരിക്കണമെങ്കിൽ പ്രചോദനം കൈമോശം വരാതെ കാക്കണം. താൽക്കാലിക തിരിച്ചടികളെ മറക്കുകയോ അവയിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയോ ചെയ്യണം. ജീവിതത്തിൽ സംഭവിക്കുന്ന സകല കാര്യങ്ങൾക്കും അർഥവും സന്ദേശവുമുണ്ട്. പക്ഷേ, അക്ഷരാഭ്യാസമുണ്ടെങ്കിലേ വായിക്കാനാവൂ എന്നതു പോലെ, ശിക്ഷണമുണ്ടെങ്കിലേ ഓരോ ജീവിത സന്ദർഭത്തിലെയും അനുഭവത്തിലെയും സന്ദേശം വായിക്കാനാവൂ. 

 

നമുക്കു ഹിതകരമല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ ആദ്യം അനുഭവപ്പെടുന്നതു വിഷമമാണ്. അതുപിന്നെ നിരാശയ്ക്കു വഴിമാറും. അത്തരം സന്ദർഭങ്ങളിൽ അതിവൈകാരികതയ്ക്കു വഴിപ്പെടാതെ, ആ നിരാശാജനകമായ സംഭവത്തിലും അനുഭവത്തിലും ജീവിതം എന്തു സന്ദേശമാണു നൽകുന്നതെന്ന് ആഴത്തിൽ ആലോചിക്കാൻ പരിശീലിക്കണം. അപ്പോൾ ഒരു സംഭവം നിസ്സാരമാണെന്നു കരുതില്ല, വൈകാരികമായി മാത്രം പ്രതികരിച്ചു നിരാശയുടെ ഇരുൾച്ചതുപ്പിൽ വീണുപോവില്ല. 

 

അക്ഷമയാണു രണ്ടാമത്തെ അപകടം. ആത്മവിശ്വാസം കവർന്നെടുക്കാൻ അക്ഷമയ്ക്കു സാധിക്കും. നമ്മൾ ആഗ്രഹിക്കുംപോലെ എല്ലാം പെട്ടെന്നു നടക്കുമെന്നു നിർബന്ധിച്ചാൽ നിരാശയായിരിക്കും ഫലം. മണ്ണിൽ വിത്തു കുഴിച്ചിട്ടാൽ മുളപൊട്ടാനും വളരാനും സമയം വേണം. പ്രതീക്ഷയോടെ കാത്തിരിക്കാനാണു പ്രകൃതി പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രത്യാശാഭരിതമായ കാത്തിരിപ്പും സ്വകർമം അനുഷ്ഠിക്കാനുള്ള സന്നദ്ധതയുമാണ് ആവശ്യം. പൂ വിരിയുന്നതോ നമുക്കു വയസ്സാകുന്നതോ എപ്പോഴാണെന്നു നമ്മൾ അറിയുന്നില്ലല്ലോ!

 

Content Summary : Success Secrets of an Ordinary Student Who Became a Dedicated English Writer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com