ADVERTISEMENT

ശാസ്ത്രലോകത്ത് ഏറ്റവുമധികം കണ്ടുപിടിത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസന്‍ ബുദ്ധിമാന്ദ്യത്തിന്റെ പേരിൽ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടയാളാണെന്ന് അറിയാമോ? ഓരോ പരീക്ഷണം വിജയിക്കുംമുൻപും എണ്ണമറ്റ പരാജയങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ‘ആയിരം തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതിരിക്കാൻ എങ്ങനെ സാധിക്കുന്നു’ എന്നു ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു: ‘999 തവണയും ഞാൻ െചയ്തതിൽ ഓരോ തെറ്റുകളുണ്ടായിരുന്നു. അവ ഓരോന്നായി പരിഹരിക്കാനുള്ള അവസരമായിരുന്നു ഓരോ പരാജയവും’.

 

ലോകത്തു വിഷാദരോഗികളുടെ എണ്ണം പെരുകിവരികയാണ്. വിഷാദരോഗിയാകുന്നില്ലെങ്കിലും ഏറ്റക്കുറച്ചിലോടെ വിഷാദം അനുഭവിക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്. എല്ലാവർക്കും വിഷമവും സങ്കടവുമുണ്ടാകും. ചിലർ അതിനെ വളർത്തി വലുതാക്കി രോഗിയാവുന്നു. മറ്റു ചിലർ വിഷാദത്തെ മെരുക്കി വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു. വിഷാദം വിശ്വാസമില്ലായ്മയിലേക്കും വിശ്വാസമില്ലായ്മ പരാജയത്തിലേക്കും നയിക്കുന്നു. വിഷാദത്തെ വിശ്വാസം കൊണ്ടു നേരിട്ട ഉത്സാഹത്തിലേക്കും അവിടെനിന്നും വിജയത്തിലേക്കും കൊണ്ടുപോകുന്നതു പ്രസാദാത്മകത്വമാണ്. 

 

സന്തോഷം, സങ്കടം, നിരാശ, പശ്ചാത്താപം, വാത്സല്യം, സഹതാപം, ദേഷ്യം എന്നിങ്ങനെ പലതരം വികാരങ്ങൾക്കു വശംവദരാവുക മനുഷ്യസ്വഭാവമാണ്. പക്ഷേ, ഒരു വികാരവും ശാശ്വതമല്ല. വികാരങ്ങൾ ഉണ്ടാകുന്നതല്ല കുഴപ്പം, അവയെ യഥാകാലം മനസ്സിൽ നിന്ന് ഇറക്കിവിടാത്തതാണ്. താൽക്കാലികമായി അനുഭവിക്കുന്ന വികാരങ്ങൾക്കപ്പുറം ഓരോ വ്യക്തിയിലും സ്ഥായിയായ ഒരു വൈകാരിക അവസ്ഥയുണ്ട്. ആ അവസ്ഥയെ വികാരവിക്ഷോഭങ്ങൾ ഉലയ്ക്കുമ്പോഴാണു സംഗതി ഗൗരവമാകുന്നത്. 

 

നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥായിഭാവം. ചിലർ പ്രതിസന്ധികളെ നർമബോധത്തോടെ നേരിടുന്നതു കണ്ടിട്ടില്ലേ? ചിലർ ആഹ്ലാദത്തിനിടയിലും ആശങ്ക അനുഭവിക്കും. മറ്റു ചിലർക്കു ഭയമായിരിക്കും സ്ഥായീഭാവം. ഈ അടിസ്ഥാനഭാവം നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതു തീരുമാനങ്ങളും ബന്ധങ്ങളും വിജയപരാജയങ്ങളും നിർണയിക്കുന്നു. നമ്മുടെ പെരുമാറ്റത്തിലെ സന്തോഷവും വിശ്വാസവും മറ്റുള്ളവരിൽ മതിപ്പുളവാക്കും. അവരെ പ്രചോദിപ്പിക്കും. എന്നാൽ, ‘ഒന്നും നേരെയാവില്ല’ എന്ന വിചാരത്തോടെയും അശുഭവിശ്വാസത്തോടെയും ജോലി ചെയ്യുന്നയാളോടു സഹകരിക്കാൻ മറ്റുള്ളവർക്കു താൽപര്യമുണ്ടാവില്ല. അവരുടെ ബന്ധങ്ങൾ ചുരുങ്ങും. 

 

ശുഭാപ്തിവിശ്വാസവും മറ്റുള്ളവരിലുള്ള വിശ്വാസവും മനസ്സിനു നൽകുന്ന പ്രശാന്തതയും പ്രസന്നതയും കൃത്യമായ തീരുമാനമെടുക്കാൻ അനുകൂലപശ്ചാത്തലമൊരുക്കുന്നു. വാക്കിലും പ്രവൃത്തിയിലും അതു പ്രതിഫലിക്കുന്നു. സന്തോഷവും വിശ്വാസവുമില്ലാത്തവർ, ജീവിതം തന്നോട് എന്തോ അനീതി കാണിച്ചു എന്ന് അബോധപൂർവം വിചാരിക്കുന്നവരാണ്. വാസ്തവത്തിൽ ജീവിതം ആരോടും അനീതി കാണിക്കുന്നില്ല. ഓരോ സന്ദർഭത്തെയും നീതിയോ അനീതിയോ ആക്കി മാറ്റുന്നതു നമ്മുടെ മനസ്സാണ്. തെറ്റായ മനോഭാവങ്ങൾ സൗഭാഗ്യത്തിലും ദൗർഭാഗ്യം കാണിക്കും. എന്നാൽ, ജീവിതവിശ്വാസം ദൗർഭാഗ്യങ്ങളിലും അനുഗ്രഹം കണ്ടെത്തും. 

 

നിഴലിലോ ഇരുട്ടിലോ വച്ച ചെടി സ്വാഭാവികമായി വെളിച്ചത്തിന്റെ നേർത്ത കിരണം വരുന്ന ദിശയിലേക്കു വളരുന്നതുപോലെ, ജീവിതവിശ്വാസത്തിന്റെ വെളിച്ചം തേടുന്ന മനസ്സാണു സകലവിജയത്തിന്റെയും യഥാർഥ ശിൽപി. ആദ്യപരാജയങ്ങളോടെ, ‘ഞാൻ വിജയിക്കില്ല’ എന്നു വിചാരിക്കുന്നവർ പരാജയത്തെ ക്ഷണിച്ചുവരുത്തുകയാണ്. പരാജയത്തിലും ‘ഞാൻ പരാജയപ്പെടില്ല’ എന്നു വിശ്വസിക്കുന്നവർ വിജയിക്കുക തന്നെ ചെയ്യും. കാരണം, സന്തോഷവും ജീവിതവിശ്വാസവുമാണു വിജയിയുടെ പ്രാണവായു.

 

Content Summary : How to think positive and have an optimistic outlook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com