ADVERTISEMENT

ജോലിയിൽനിന്നു റിട്ടയർ ചെയ്താലും രസകരമായ അനുഭവങ്ങൾ മറക്കാനാവുമോ? കാലം എത്ര കഴിഞ്ഞാലും ചിരിക്ക് വക നൽകി അവ ഇടയ്ക്കിടെ ഒാർമയിൽ വരും, അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് മൃഗസംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. ജയിംസ് മാത്യു.

 

വടശ്ശേരിക്കര വെറ്ററിനറി ഹോസ്പിറ്റലിൽ സീനിയർ വെറ്ററിനറി സർജനായി ജോലി ചെയ്യുന്ന കാലം. ജൂലൈ പ്രഭാതം മുതൽ തോരാതെ മഴ പെയ്യുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതിയുടെ ഗുണഭോക്താക്കൾ, മൃഗങ്ങൾക്കു മരുന്നു വാങ്ങാൻ എത്തിയവർ തുടങ്ങി ധാരാളം ജനങ്ങൾ സൗകര്യങ്ങൾ അപര്യാപ്തമായ ആശുപത്രിയിൽ തിക്കിത്തിരക്കി നിൽക്കുന്നു. രാവിലെ ഒൻപതു മണിക്ക് എത്തിയ ഞാൻ വിശ്രമം ഇല്ലാതെ ഓരോരുത്തരുടെയും ആവശ്യങ്ങൾ സാധിച്ചു പറഞ്ഞു വിട്ടുകൊണ്ടിരുന്നു. പുറത്ത് മഴ തിമർത്തു പെയ്യുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഒരു ഫയർ എൻജിൻ സൈറൺ മുഴക്കിക്കൊണ്ട് ആശുപത്രിയുടെ മുന്നിലെ റോഡിൽ കൂടി കടന്നുപോയി. ഫയർഫോഴ്സ് ഈ പെരുമഴയത്ത് എവിടെ പോകുന്നെന്ന് അറിയാൻ അറ്റൻഡറോട് തിരക്കി.

 

മഴക്കാലത്ത് രണ്ടു സാധ്യതകൾ അറ്റൻഡർ പറഞ്ഞു: ‘‘ആരെങ്കിലും ഒഴുക്കിൽപെട്ടു കാണും അല്ലെങ്കിൽ കിണറ്റിൽ വീണു കാണും.’’

ആശുപത്രിയിലെ തിരക്ക് കഴിഞ്ഞപ്പോൾ സമയം 2.30. ഇത്രയും വൈകിയ നേരത്ത് ഉച്ച ഭക്ഷണം ലഭിക്കുമോ എന്നുറപ്പില്ലെങ്കിലും പുറത്തു പോയി നോക്കാമെന്ന് കരുതി അറ്റൻഡറുടെ കയ്യിൽനിന്നു കുടയും വാങ്ങി പുറത്തേക്കിറങ്ങി. റോഡിലെത്തിയപ്പോൾ ഒരു ഓട്ടോറിക്ഷ മുന്നിൽ വന്നു നിർത്തി. ഓട്ടോയിൽനിന്നു ഹമീദ് അണ്ണൻ ചാടിയിറങ്ങി. ഇറങ്ങിയ പാടെ അണ്ണൻ പറഞ്ഞു: ‘‘ഡോക്ടർ എന്റെ കൂടെ ഉടനെ വരണം, എന്റെ അയൽവാസിയുടെ പശു വീണു പോയി. എഴുന്നേൽക്കുന്നില്ല.’’

 

ഒരു ചായ കുടിക്കാൻ സമയം ചോദിച്ചെങ്കിലും ഹമീദ് അണ്ണൻ വിടുന്ന മട്ടില്ല.

 

‘‘അതൊന്നും പറ്റില്ല. ഫയർഫോഴ്സുകാർ വന്നിട്ടുണ്ട്. അവർ നോക്കിയിട്ട് പശുവിനെ എണീപ്പിച്ചു നിർത്താൻ പറ്റുന്നില്ല. പശുവിന് അവശത ആണെന്നാണ് അവർ പറഞ്ഞത്. ഡോക്ടർ ഉടനെ വരണം...’’: അണ്ണൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. 

 

ഇത് കേട്ടതും ഞാൻ മനസ്സിൽ പറഞ്ഞു  – പശുവിന് എന്തെങ്കിലും സംഭവിച്ചാൽ എനിക്കെതിരെ ആരോപണ പ്രവാഹം ആയിരിക്കും. ഫയർ ഫോഴ്സിനെ വരുത്തി സമയം കളഞ്ഞതിനെക്കുറിച്ച് ആരും പറയില്ല. പശു മരണപ്പെട്ടാൽ കുറ്റം ഡോക്ടർക്കും !

 

ഉടൻ തിരികെ ആശുപത്രിയിൽ എത്തി. പശുവിന്റെ വിവരങ്ങൾ ഒന്നുകൂടി ചോദിച്ചു മനസ്സിലാക്കി. ഇന്നലെ പ്രസവിച്ച പശുവാണ്, ഒരു ദിവസം 20 ലീറ്റർ പാൽ തരുന്നതാണ്, രാവിലെ ഉടമ തൊഴുത്തിൽ ചെന്നപ്പോൾ എണീക്കുന്നില്ല. 

 

ഞാൻ ചോദിച്ചു: ‘‘ഫയർ ഫോഴ്സിനെ ആരാണ് വിളിച്ചത് ?’’

അണ്ണൻ കൈ മലർത്തി: ‘‘അതെനിക്കറിയില്ല.’’

 

Career Work Experience Series - Dr. James Mathew Memoir

എന്നിൽ ഉയർന്നു വന്ന രോഷം പുറത്ത് കാണിക്കാതെ അത്യാവശ്യം വേണ്ട മരുന്നുകളുമായി അറ്റൻഡറെ കൂട്ടി ഓട്ടോയിൽ പുറപ്പെട്ടു. ആറ് കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്തിയപ്പോൾ ഗേറ്റിനു കുറുകെ ഫയർ എൻജിൻ കിടക്കുന്നു. ആരോ ചൂടിത്തന്ന കുടക്കീഴിൽ തൊഴുത്തിന് അടുത്ത് എത്തി.

 

ചോർന്നൊലിക്കുന്ന തൊഴുത്തിൽ ചാണകവും ചെളിയും നിറഞ്ഞിരിക്കുന്നു. വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന വലിയ വാട്ടർ ഹോസ് രണ്ടെണ്ണം അടിയിലൂടെ ഇട്ട് ആറ് ഫയർമാൻമാർ പശുവിനെ പാതി ഉയർത്തി നിർത്തിയിട്ടുണ്ട്. ഒരാൾ കിടാവിനെ താങ്ങിയെടുത്ത് പശുവിന്റെ തലയ്ക്കൽ നിൽക്കുന്നു. എല്ലാവരുടെയും കാക്കി യൂണിഫോം നിറയെ ചാണകവും ചെളിയും. ‘‘ഞങ്ങൾ രണ്ടു മണിക്കൂറായി ശ്രമിക്കുന്നു.

രക്ഷപ്പെടാൻ ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു ഡോക്ടറെ’’: ഒരു ഫയർമാൻ ദയനീയമായി പറഞ്ഞു. 

 

പശു കോമയിൽ ബോധം നഷ്ടപ്പെട്ടു തല കുമ്പിട്ടു തൂങ്ങി കിടക്കുകയാണ്. പശുവിനെ സാവധാനം തറയിൽ കിടത്താൻ ഞാൻ പറഞ്ഞു. ‘‘ഇത് മിൽക്ക് ഫീവർ (ക്ഷീര സന്നി) എന്ന അവസ്ഥയാണ്. ഇതിന് നിങ്ങളുടെ പ്രയോഗം ഫലിക്കില്ല’’ ഞാൻ പറഞ്ഞു. മിൽക്ക് ഫീവറിന് കൊടുക്കേണ്ട ഇൻജക്‌ഷനുകൾ മുക്കാൽ മണിക്കൂർ സമയം എടുത്തു കുത്തിവച്ചു. ‘‘പതിനഞ്ച് മിനിറ്റ് കാത്തിരിക്കണം. പശു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ചെറിയ രീതിയിൽ താങ്ങി കൊടുത്തേക്കണം.’’ ഇങ്ങനെ പറഞ്ഞിട്ടു ഞാൻ തൊഴുത്തിന് പുറത്തിറങ്ങി വീടിനു മുൻപിൽ വന്നു കൈകൾ കഴുകിക്കൊണ്ടിരിക്കുമ്പോൾ തൊഴുത്തിൽനിന്നു വലിയൊരു ബഹളം കേട്ടു. 

 

വീട്ടുടമസ്ഥ ഓടി വന്നു പറഞ്ഞു: ‘‘പശു എഴുന്നേറ്റു ഡോക്ടറേ.’’ 

 

ഞാൻ തൊഴുത്തിലേക്കു ചെന്നു. ക്ഷീണം ഉണ്ടെങ്കിലും നാലുകാലിൽ ബലം കൊടുത്തു കിടാവിനെ നക്കിക്കൊണ്ട് പശു നിൽക്കുന്നു. ചില മരുന്നുകൾ കൂടി കുറിച്ചു കൊടുത്തിട്ട് ഞാൻ തിരിച്ചു പോന്നു.

 

കാക്കി യൂണിഫോം നിറയെ ചാണകവും ചെളിയുമായി നിൽക്കുന്ന ഓരോ ഫയർമാന്റെയും മുഖം വർഷങ്ങൾക്കു ശേഷവും മനസ്സിൽ തെളിയുന്നു.

വർഷങ്ങൾക്കിപ്പറവും ഒരു ചോദ്യം മനസ്സിൽ നിൽക്കുന്നു – ആരാകും ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തിയത്?

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Work Experience Series - Dr. James Mathew Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com