ഭൂഗോളത്തിന്റെ സ്പന്ദനം ഇക്കണോമിക്സിലാണെന്നു വിശ്വസിച്ച് എംഎ വരെ പഠിച്ചു സുരേഷ്കുമാർ. തുടർന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എന്യൂമറേറ്ററായി ഒന്നര വർഷം ജോലി. അപ്പോഴാണ് ലോകത്തിന്റെ സ്പന്ദനം തേടി മലയാളി നഴ്സുമാർ വിദേശത്തേക്കു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. എങ്കിൽ എന്തുകൊണ്ട് നഴ്സായിക്കൂടാ ? പ്രീഡിഗ്രി തേഡ് ഗ്രൂപ്പ് ആയിരുന്നതിനാൽ ബിഎസ്‍സി നഴ്സിങ് അപ്രാപ്യം. സുരേഷ് അങ്ങനെ ബെംഗളൂരുവിൽ ജനറൽ നഴ്സിങ് പഠിച്ചു. 2007ൽ കോഴ്സ് പൂർത്തിയാക്കി. ബെംഗളൂരു എച്ച്സിജി ഹോസ്പിറ്റലിൽ (അന്ന് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി) പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗത്തിൽ നഴ്സായി ഒന്നര വർഷം കഴിഞ്ഞപ്പോഴാണ് പത്രപ്പരസ്യത്തിന്റെ രൂപത്തിൽ അടുത്ത വഴിത്തിരിവ്. ബഹുരാഷ്‍ട്ര ഐടി കമ്പനിയായ ആക്സഞ്ചറിന്റെ മെഡിക്കൽ പ്രോജക്ടിലേക്ക് നഴ്സുമാരെ ക്ഷണിക്കുന്നു. ഐടി കമ്പനിയിൽ നഴ്സിന്റെ ജോലി ചെയ്യാനുള്ള അപൂർവ അവസരം.
∙ നഴ്സിന്റെ ഐടി ജോലി
സുരേഷ് ഉൾപ്പെടെ നൂറോളം നഴ്സുമാരെ ആക്സഞ്ചർ അന്നു ജോലിക്കെടുത്തു. പ്രോസസ് ഫ്ലോ അനലിസ്റ്റ് എന്ന തസ്തികയിൽ ആദ്യ പ്രോജക്ട്. ക്ലിനിക്കൽ റിവ്യൂ ആയിരുന്നു ജോലി. യുഎസ് ആശുപത്രികളിലെ ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിച്ചു വിലയിരുത്തണം. ക്ലെയിമുകളോടൊപ്പമുള്ള ചികിത്സാരേഖകളും ഡോക്ടർ റിപ്പോർട്ടുകളും പരിശോധിച്ച് ഇൻഷുറൻസ് കമ്പനിയെ ക്ലെയിം സെറ്റിൽമെന്റിനു സഹായിക്കണം. ഇതിനായി യുഎസിലെ ആരോഗ്യരംഗത്തെപ്പറ്റി പഠിച്ചു; ഇൻഷുറൻസ് നിയമങ്ങൾ മനസ്സിലാക്കി. ഡേറ്റാ അനാലിസിസ് ആയതിനാൽ പണ്ടു പഠിച്ച ഇക്കണോമിക്സും സ്റ്റാറ്റിസ്റ്റിക്സും പ്രയോജനപ്പെടുകയും ചെയ്തു.
∙ പിന്നെ ഡേറ്റാ അനാലിസിസ്
എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിത ഡേറ്റാ അനാലിസിസ് പ്രോജക്ടായിരുന്നു അടുത്തത്. ഇതിനായി പൈതൺ പ്രോഗ്രാമിങ് ഭാഷയും മെഡിക്കൽ കോഡിങ്ങും (ഡോക്ടർമാർ ഉപയോഗിക്കുന്ന വൈദ്യഭാഷയെ ഇൻഷുറൻസ് കമ്പനികൾ ഉപയോഗിക്കുന്ന സാങ്കേതികഭാഷയിലേക്കു മാറ്റുന്ന ജോലി) പഠിച്ചു. ഇപ്പോൾ ആക്സഞ്ചറിൽ തന്നെ, യുകെയിലെ വെറ്ററിനറി ആശുപത്രികളിൽ ഓമനമൃഗങ്ങളുടെ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിച്ചു സെറ്റിൽമെന്റ് നടത്തുന്ന പ്രോജക്ടിലാണ് സുരേഷ് ജോലി ചെയ്യുന്നത്; ക്ലെയിം ഹാൻഡ്‌ലർ എന്ന തസ്തിക.
∙ വെറൈറ്റി അല്ലേ ?
ഒരു ജോലിയിൽ പ്രവേശിച്ചാൽ റിട്ടയർമെന്റ് വരെ അതിൽ ഉറച്ചുനിൽക്കുന്ന രീതി ഇനിയുണ്ടാകില്ലെന്നു പലരും മുന്നറിയിപ്പു തരുന്ന കാലമാണിത്. സുരേഷ് ആകട്ടെ കാലത്തിനു മുന്നേ സഞ്ചരിക്കുന്നു. ഇനിയും പരീക്ഷണങ്ങൾക്കു തയാർ ! കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് സുരേഷ്. ഭാര്യ ജയമോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.
Content Summary : Suresh's Career Expiriment