ADVERTISEMENT

കൊച്ചി ∙ കോവിഡ് സൃഷ്ടിച്ച ‘വർക് ഫ്രം ഹോം’ തൊഴിൽ രീതിയിൽ നിന്നു പൂർണമായി വിട്ടുമാറാതെ കേരള ഐടി ലോകം. 20% കമ്പനികൾ ഇപ്പോഴും പൂർണമായും വർക് ഫ്രം ഹോം രീതിയാണ് അനുവർത്തിക്കുന്നത്. 42% കമ്പനികൾ പക്ഷേ, പൂർണമായും ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചു. 38% കമ്പനികൾ ഹൈബ്രിഡ് (ഓഫിസിലും വീട്ടിലുമായി ജോലിചെയ്യുന്ന രീതി) രീതിയിലുള്ള പ്രവർത്തന രീതിയാണ് അവലംബിക്കുന്നത്. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് നടത്തിയ സർവേയിലാണു ഈ വിവരങ്ങൾ. 

 

സംസ്ഥാനത്തെ പ്രധാന ഐടി പാർക്കുകളായ ടെക്‌നോപാർക്, ഇൻഫോപാർക്, സൈബർപാർക് എന്നിവിടങ്ങളിലും അനുബന്ധ സാറ്റലൈറ്റ് പാർക്കുകളിലുമുള്ള 165 കമ്പനികളും ജീവനക്കാരുമാണു സർവേയിൽ പങ്കെടുത്തത്. ഓഫിസ് പ്രവർത്തനം പുനരാരംഭിക്കുന്നതിനു മുന്നോടിയായി കലാ,സാംസ്‌കാരിക കായിക പരിപാടികളും ആഘോഷ പരിപാടികളും ഓഫിസ് ഔട്ടിങ് അടക്കം ജീവനക്കാർക്ക് ഇടപഴകാനുള്ള അവസരമൊരുക്കുകയും ചെയ്തതായി സർവേയിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ കൂടുതൽ കമ്പനികൾ ഓഫിസ് പ്രവർത്തനം പൂർണമായും പുനരാരംഭിക്കാനും പദ്ധതിയിടുന്നു.

 

കോവിഡ് കാലത്തു വർക്ക് ഫ്രം ഹോം രീതിയിലേക്കു ചുരുങ്ങേണ്ടി വന്ന കമ്പനികൾ ഗുണവും ദോഷവും തിരിച്ചറിഞ്ഞതോടെയാണ് മഹാമാരിക്കു ശേഷം ഇത്തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ തീരുമാനിച്ചത്. കോവിഡിനു ശേഷം ഓഫിസ് പ്രവർത്തനം പൂർണമായും പുനരാരംഭിക്കാൻ ശ്രമിച്ച പല കമ്പനികളിലെയും ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നതായും ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നാണു കൂടുതൽ കമ്പനികൾ ഹൈബ്രിഡ് രീതിയിലേക്കു പ്രവർത്തനം ക്രമീകരിച്ചത്. കോവിഡിന് ശേഷം ജീവനക്കാർക്കും കമ്പനികൾക്കും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണു മുന്നോട്ടുപോകുന്നതെന്നു ജി ടെക് സെക്രട്ടറി വി. ശ്രീകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com