ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം; അറിഞ്ഞു വയ്ക്കാം കരിയർ കുഷ്യനിങ്ങിനെക്കുറിച്ച്

HIGHLIGHTS
  • ജോലിനഷ്ടം തന്നെ ജോലി തേടാനുള്ള വഴിയുമാക്കിമാറ്റാം.
  • പുതിയ ട്രെൻഡാണ് കരിയർ കുഷ്യനിങ്.
career-cushioning
Representative Image. Photo Credit : Deepak Sethi/iStock
SHARE

173 കമ്പനികൾ, 56,000 പേർ. പുതുവർഷത്തിൽ ലോകമാകെ ഇതുവരെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളുടെയും ജോലി പോയവരുടെയും കണക്കാണിത്. കഴിഞ്ഞകൊല്ലം 1035 ഐടി കമ്പനികൾ മൊത്തം പിരിച്ചുവിട്ടത് 1.59 ലക്ഷം പേരെയാണ്; ഇക്കൊല്ലം ആദ്യമാസം തന്നെ അതിന്റെ മൂന്നിലൊന്നോളം പേർക്കു ജോലി പോയിരിക്കുന്നു. ഈ വർഷം പിരിച്ചുവിടൽ കൂടുതൽ രൂക്ഷമായിരിക്കുമെന്നു ലോക സാമ്പത്തിക ഫോറം ഉൾപ്പെടെയുള്ള വേദികൾ സൂചന നൽകുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹെൽത്ത്‍ടെക്കും ഒഴികെ മിക്ക ഐടി മേഖലകളും കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. റോബട്ടുകൾ നമ്മുടെ ജോലികൾ പിടിച്ചടക്കുമെന്ന ഭീതി യാഥാർഥ്യമായിട്ടില്ലെങ്കിലും ഓട്ടമേഷൻ പല രംഗങ്ങളിലും മനുഷ്യജീവനക്കാരെ അപ്രസക്തരാക്കുന്നു. കമ്പനികൾ   ഓഫിസുകളുടെ എണ്ണവും വലുപ്പവും കുറയ്‍ക്കുന്നത് ഉടനൊരു മാറ്റത്തിനു സാധ്യതയില്ല എന്നതിന്റെ സൂചനയാണ്.

ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ് 12,000 പേരെ പിരിച്ചുവിട്ടതാണ് ഐടി രംഗത്തുനിന്നുള്ള ഏറ്റവുമൊടുവിലത്തെ ഷോക്ക്. ഇത്തരം ഷോക്കുകളിൽനിന്നു രക്ഷ നേടാൻ ഷോക്ക് അബ്‍സോർബർ കൂടിയേ തീരൂ. അങ്ങനെ രൂപപ്പെടുന്ന പുതിയ ട്രെൻഡാണ് കരിയർ കുഷ്യനിങ്. ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാനുള്ള മുൻകരുതൽ.

കുഷ്യനിങ്: പ്രണയം മുതൽ കരിയർ വരെ

‘കുഷ്യനിങ്’ എന്ന ആശയത്തിന്റെ തുടക്കം ഡേറ്റിങ്ങിലാണ്. ഒരാളുമായി പ്രണയത്തിലായിരിക്കെ ബ്രേക്കപ്പ് സാധ്യത മുൻകൂട്ടി കണ്ട് വേറെ ഒന്നു രണ്ടു പേരെക്കൂടി അടുപ്പിച്ചുനിർത്തുന്നതിനെയാണ് ഡേറ്റിങ്ങിൽ കുഷ്യനിങ് എന്നു വിശേഷിപ്പിക്കുന്നത്. അഥവാ ബ്രേക്കപ്പായാലും അടുത്ത ഓപ്ഷൻ റെഡി. ഇതിന്റെ തൊഴിൽപരമായ വേർഷനാണ് കരിയർ കുഷ്യനിങ്. നിലവിലെ ജോലി തുടരവെ തന്നെ മറ്റു ചില ജോലികൾക്കു വേണ്ട നൈപുണ്യങ്ങൾ (സ്കിൽ) കൂടി നേടുക, തൊഴിൽരംഗത്ത് മികച്ച ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക തുടങ്ങിയവ കരിയർ കുഷ്യനിങ്ങിൽ പ്രധാനം.

കരിയർ കുഷ്യനിങ് എങ്ങനെ ?

തൊഴിലന്വേഷണം തുടരുക

സ്വന്തം റെസ്യൂമെയോ ലിങ്ക്ഡ്ഇൻ പ്രൊഫൈലോ അപ്ഡേറ്റ് ചെയ്തിട്ട് എത്രകാലമായി ? നിങ്ങളെ റഫർ ചെയ്യാനിടയുള്ള, നിങ്ങൾക്കു സഹായം തേടാവുന്നവരിലേക്കുള്ള നെറ്റ്‌വർക്കിങ് എത്രത്തോളം ശക്തമാണ് ? പുതിയ ഓഫറുകൾ കിട്ടണമെങ്കിൽ, അതും മികച്ചവ കിട്ടണമെങ്കിൽ, ഇതെല്ലാം കൂടിയേ തീരൂ.

സ്കിൽ ഡവലപ്‍മെന്റ്

ജോലി നഷ്ടപ്പെട്ടാൽ അപ്പോൾ പുതിയ സ്കിൽ പഠിച്ചെടുക്കാമെന്നു കരുതിയാൽ പോരാ. നിലവിൽ ജോലിയുമായി ബന്ധപ്പെട്ട പുതിയ സ്കില്ലുകൾ നേടുന്നത് അപ്സ്കില്ലിങ്;  അതിനുമപ്പുറം പുതിയ മേഖലകളിലുള്ള സ്കിൽ ഡവലപ്മെന്റ് ആണ് കരിയർ കുഷ്യനിങ്ങിൽ പ്രധാനം.

career-guru-laptop-official-work-professional-executive-peopleImages-istock-photo-com
Representative Image. Photo Credit : PeopleImages/istock

ഉദാഹരണത്തിന് നിങ്ങൾ സോഫ്റ്റ്‍വെയർ ഡവലപ്പർ ആണെങ്കിൽ ഡേറ്റാ സയൻസിനെക്കുറിച്ചും മെഷീൻ ലേണിങ്ങിനെക്കുറിച്ചും പഠിച്ചിരിക്കുക. മാർക്കറ്റിങ് രംഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ സേർച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ്ഇഒ), അനലിറ്റിക്സ് തുടങ്ങി മാർക്കറ്റിങ്ങിലെ പുതിയ മേഖലകളിലും പ്രാഗല്ഭ്യം നേടുക. ഔട്ട്സോഴ്സിങ് കമ്പനികളിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രോജക്ടുകളിൽ അവസരത്തിനായി ആ രാജ്യത്തെ ഭാഷ പഠിക്കുക പ്രധാനമാണ്. പുതിയ സാഹചര്യത്തിൽ ജർമൻ, ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകൾ പഠിച്ചുതുടങ്ങിയവരുണ്ട്. പിരിച്ചുവിടൽസമയത്തും സ്കിൽ വൈവിധ്യം കൈമുതലായുള്ളവരെ കമ്പനികൾ നിലനിർത്തുന്നതായാണ് കണ്ടുവരുന്നത്.

ഫ്രീലാൻസിങ്

നിലവിലുള്ള ജോലിക്കൊപ്പം തന്നെ ഫ്രീലാൻസ് ജോലികൾ തുടരുന്നത് മികച്ച കരിയർ കുഷ്യനിങ് മാർഗമാണ്. തൊഴിൽ മേഖലയിൽ വിപുലമായ ബന്ധങ്ങൾ സൃഷ്ടിക്കാനും അതുവഴി വളരെ പെട്ടെന്ന് അവസരങ്ങൾ ലഭിക്കാനും ഇതു വഴിയൊരുക്കും. ഉദാഹരണത്തിന് നിങ്ങളൊരു ഗ്രാഫിക് ഡിസൈനറാണെങ്കിൽ, നിങ്ങളുടെ മുഴുവൻ സമയ ജോലിക്കു പുറമേ ഫ്രീലാൻസ് ജോലിയും ചെയ്യുന്ന രീതി. ജോലി പോയാലും വരുമാനസാധ്യത നിലനിൽക്കുമെന്നതിനു പുറമേ പുതിയ ഓഫറുകൾക്കു സാധ്യത കൂടുകയും ചെയ്യും.

open-to-work

ആറുമാസത്തിനകം ജോലി നഷ്ടപ്പെട്ട ഐഐടി ബിരുദധാരി എന്തുചെയ്തിരിക്കും ?

ഒരു ലിങ്ക്ഡ്ഇൻ കഥ...

ഐഐടി മണ്ഡിയിൽ ബിടെക് കംപ്യൂട്ടർ സയൻസിനു ശേഷം ഹർഷ് ആറുമാസം മുൻപാണ് ആമസോണിൽ ചേർന്നത്. കഴിഞ്ഞയാഴ്ച ഹർഷിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിന്റെ തുടക്കമിങ്ങനെ - Never wanted to start my 2023 on this. But as a part of amazon layoffs, my job role got terminated recently... പക്ഷേ ഇതല്ല ഹർഷിന്റെ പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. ആറു മാസത്തെ ജോലി തന്നെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സഹായകരമായെന്നു പറഞ്ഞു തുടരുന്ന പോസ്റ്റ് ഒരു തരത്തിൽ ഹർഷിന്റെ അനൗദ്യോഗിക റെസ്യൂമെയും തൊഴിൽ അഭ്യർഥനയും കൂടിയാണ്. സ്വന്തം നൈപുണ്യങ്ങൾ വിശദമായി പറയുന്നു. ഫുൾസ്റ്റാക് / ബാക്ക്എൻഡ് / ഫ്രണ്ട്എൻഡ് ഡവലപ്മെന്റിലാണ് ജോലി ആഗ്രഹിക്കുന്നതെന്നും റീലൊക്കേറ്റ് ചെയ്യാനും ഫെബ്രുവരി ആദ്യം മുതൽ ജോലിക്കു വരാനും സന്നദ്ധനാണെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. ലിങ്ക്ഡ്ഇൻ പോലെയൊരു പ്രഫഷനൽ നെറ്റ്‌വർക്കിൽ ഇതിന്റെ റീച്ച് പറയേണ്ടതില്ലല്ലോ. വാൾമാർട്ട് അടക്കമുള്ള കമ്പനികൾക്കു റഫർ ചെയ്യാമെന്നു പറഞ്ഞ് ഹർഷിന്റെ റെസ്യൂമെ ആവശ്യപ്പെട്ടുള്ള ഒട്ടേറെ മറുപടി പോസ്റ്റുകൾ വന്നു.

ഇതാണു പുതിയ തൊഴിൽലോകം. ജോലിനഷ്ടം തന്നെ ജോലി തേടാനുള്ള വഴിയുമാക്കിമാറ്റാം. Open to work എന്ന ഹാഷ്ടാഗോടെ ഒട്ടേറെ പ്രൊഫൈലുകൾ ലിങ്ക്ഡ്ഇന്നിൽ കാണാം. ഹർഷ് അവരിലൊരാൾ മാത്രം.

Content Summary : How Career Cushioning Can Help You Prepare For A Job Loss

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA