ഇംഗ്ലിഷിൽ കാലിടറാതെ ഇനി യുകെയിൽ നഴ്സിങ് കരിയർ സ്വപ്നം കാണാം; ഇളവുകളിങ്ങനെ

HIGHLIGHTS
  • അക്കാദമിക് യുകെ വിഐ, ജനറൽ ഐഇഎൽടിഎസ് എന്നിവയ്ക്ക് പുതിയ ഇളവുകൾ ബാധകമല്ല.
  • സീനിയർ കെയർ ഗിവറായി പ്രവർത്തിക്കാൻ സ്കോർ 6 വേണം.
nurse-uk-001
Representative Image. Photo Credit: michaeljung/ Shutterstock
SHARE

യുകെയിൽ നഴ്സിങ് കരിയർ സ്വപ്നം കാണുന്നവർക്ക് ആശ്വാസകരമായ ചില ഇളവുകൾ ഈമാസം എട്ടിനു നിലവിൽ വന്നു. ഇംഗ്ലിഷ് ഭാഷാശേഷിയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഇളവുകളാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്.

Read Also : ഇന്റഗ്രേറ്റഡ് ബിഎഡ്: അറിയേണ്ടതെല്ലാം

കൂടുതൽ സാവകാശം

nurse-003
Representative Image. Photo Credit : triloks/iStock

ഒഇടി / ഐഇഎൽടിഎസ് യോഗ്യതകൾ ക്ലബ് ചെയ്യാൻ അനുവദിച്ചിരുന്ന കാലയളവ് ആറു മാസമായിരുന്നത് 12 മാസമായി ഉയർത്തി. അതേസമയം ഇരു പരീക്ഷകളിലും വേണ്ട മിനിമം യോഗ്യതകളിൽ മാറ്റം വരുത്തിയിട്ടില്ല.

നിലവിൽ ഐഇഎൽടിഎസിന് 7 സ്കോർ ഉള്ളവർക്കാണ് യുകെയിൽ എൻഎംസിയിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ അവസരമുള്ളത്. ലിസണിങ്, സ്പീക്കിങ്, റീഡിങ് എന്നിവയ്ക്കു പ്രത്യേകം 7 സ്കോറും റൈറ്റിങ്ങിന് 6.5 സ്കോറും വേണം. ഒഇടിയിൽ ‘ബി’ ഗ്രേഡ് വേണമെന്നാണു വ്യവസ്ഥ. ഈ പരീക്ഷകളിൽ ഏതെങ്കിലും രണ്ടു വിഭാഗങ്ങളിൽ സ്കോർ കുറവാണെങ്കിൽ 6 മാസത്തിനകം മറ്റൊരു പരീക്ഷയെഴുതി വേണ്ട സ്കോർ നേടാനും ഇവ രണ്ടും ക്ലബ് ചെയ്യാനും നിലവിൽ അവസരമുണ്ട്. ഇതാണ് 12 മാസമായി ഉയർത്തിയിരിക്കുന്നത്. കൂടുതൽ സാവകാശം ലഭിക്കുന്നത് ഉദ്യോഗാർഥികൾക്കു നേട്ടമാണ്.

ഒഇടി / ഐഇഎൽടിഎസ് ഇല്ലാതെയും സ്റ്റാഫ് നഴ്സ്

nurse-002
Representative Image. Photo Credit: VGstockstudio/ Shutterstock.com

ഇംഗ്ലിഷിൽ നഴ്സിങ് കോഴ്സ് പഠിച്ച്, യുകെ ആരോഗ്യമേഖലയിൽ ഒരു വർഷമെങ്കിലും വിവിധ തസ്തികകളിൽ ജോലി ചെയ്തവർക്ക് കുറഞ്ഞ ഐഇഎൽടിഎസ്, ഒഇടി സ്കോറോടെ എൻഎംസിയിൽ ഔദ്യോഗിക നഴ്സുമാരായി  ജോലി ചെയ്യാം. ഒഇടി, ഐഇഎൽടിഎസ് പരീക്ഷകളിൽ ആവശ്യമായ സ്കോർ ഇല്ലാതെ യുകെയിലെത്തി സീനിയർ കെയർ ഗിവർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഉൾപ്പെടെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർ ഏറെയുണ്ട്. ഇവരുടെ ഇംഗ്ലിഷ് മികച്ചതാണെന്നു തൊഴിൽദാതാവ് സാക്ഷ്യപ്പെടുത്തിയാൽ എൻഎംസി റജിസ്ട്രേഷൻ അനുവദിക്കാമെന്നതാണു നേട്ടം. അതേസമയം തൽക്കാലം ഇതിനും വ്യവസ്ഥ വച്ചിട്ടുണ്ട്. ഐഇഎൽടിഎസ് സ്കോർ 0.5 പോയിന്റോ ഒഇടിയിൽ അര ഗ്രേഡോ ആണു കുറവെങ്കിൽ മാത്രമാണ് ഇത്തരത്തിൽ ഇളവു ലഭിക്കുക. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് അക്കാദമിക് ഐഇഎൽടിഎസ്  പരീക്ഷയെഴുതിയവർക്കു മാത്രമാണ് ഈ ഇളവുകൾ വന്നിരിക്കുന്നതെന്നതാണ്. അക്കാദമിക് യുകെ വിഐ, ജനറൽ ഐഇഎൽടിഎസ് എന്നിവയ്ക്ക് പുതിയ ഇളവുകൾ ബാധകമല്ല. 

ഐഇഎൽടിഎസ് സ്കോർ 5 എങ്കിലുമുണ്ടെങ്കിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി പ്രവർത്തിക്കാമെന്നാണു വ്യവസ്ഥ. സീനിയർ കെയർ ഗിവറായി പ്രവർത്തിക്കാൻ സ്കോർ 6 വേണം. എൻഎംസിയിൽ അംഗീകൃതമായി പ്രവർത്തിക്കാൻ മതിയായ സ്കോർ ലഭിക്കാത്ത പലരും ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം പുതിയ മാനദണ്ഡം നേട്ടമാകും. 

ജീവിതച്ചെലവ് കൂടുതലാണെങ്കിലും...

dr-roy-k-george
ഡോ. റോയ് കെ.ജോർജ്

ശമ്പളവർധന ആവശ്യപ്പെട്ടു യുകെയിൽ നഴ്സുമാർ സമരത്തിലാണ്. ഏറുന്ന ജീവിതച്ചെലവും ജോലിഭാരവും ഇവർ ചൂണ്ടിക്കാട്ടുന്നു. ‘ഒഇഡിഡി ഹെൽത്ത് അറ്റ് എ ഗ്ലാൻസ്: യൂറോപ്പ്’ റിപ്പോർട്ട് അനുസരിച്ച് യുകെയിലെ വാർഷിക ശമ്പളം 30,880 പൗണ്ടാണ് (ഏകദേശം 30 ലക്ഷം രൂപ). യൂറോപ്പിലെ ശരാശരി ശമ്പളം ഇതിലും കൂടുതലാണ്– 31,600 പൗണ്ട്. ലക്സംബർഗിൽ 59,790 പൗണ്ടും ബൽജിയത്തിൽ 55,700 പൗണ്ടും നെതർലൻഡ്സിൽ 45,290 പൗണ്ടും കിട്ടും. ഇതൊക്കെയാണെങ്കിലും യുകെയിൽ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എൻഎച്ച്എസ് (നാഷനൽ ഹെൽത്ത് സർവീസ്) ഇംഗ്ലണ്ടിനു കീഴിൽ 47,000 നഴ്സിങ് ഒഴിവുകൾ നിലവിലുണ്ടെന്നാണു റോയൽ കോളജ് ഓഫ് നഴ്സിങ് ഈയിടെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. നഴ്സായി യുകെയിൽ ജോലിയിൽ പ്രവേശിക്കുന്നവരിൽ ഒരുവിഭാഗം മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നുണ്ട്. 2018– 2022 കാലയളവിൽ ഏകദേശം 43,000 നഴ്സുമാർ ഇങ്ങനെ കുടിയേറി. ഇവരിൽ മൂന്നിൽ രണ്ടും 45 വയസ്സിൽ താഴെയുള്ളവരാണ്.

ഐഇഎൽടിഎസിലും ഒഇടിയിലും റൈറ്റിങ്ങിലാണ് മലയാളികൾ പിന്നിലാകുന്നത്. ഇനി ഇതിന്റെ സ്കോർ മെച്ചപ്പെടുത്തി ക്ലബ് ചെയ്തു യുകെയിലേക്കു പോകാം. യുകെയിൽ നഴ്സുമാർക്കുള്ള അവസരങ്ങൾ ഏറെ വർധിച്ചിട്ടുമുണ്ട്. വീസ കിട്ടാനും കുടുംബത്തെ കൊണ്ടുപോകാനുള്ള എളുപ്പം, യോഗ്യതാ മാനദണ്ഡങ്ങളിലെ ഇളവ്, വേഗത്തിലുള്ള അപ്പോയ്ന്റ്മെന്റ് എന്നിവയെല്ലാം മെച്ചമാണ്.

ഡോ. റോയ് കെ.ജോർജ് (ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ്ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ്)

Content Summary : IELTS, OET score relief opens UK's door for more nurses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS