ADVERTISEMENT

∙ ഇത്തവണ കേരള എൻട്രൻസ് പരീക്ഷയിൽ കാൽക്കുലേറ്റർ അനുവദിക്കും, ഓപ്ഷൻ സമർപ്പിക്കാൻ പണമടയ്ക്കണം എന്നെല്ലാം കേൾക്കുന്നുണ്ടല്ലോ

Read Also : സൂപ്പർ വുമൺ എന്ന അബദ്ധ ധാരണയിൽ കരിയർ നശിപ്പിക്കല്ലേ

കാൽക്കുലേറ്റർ അനുവദിക്കില്ല. ഈ വർഷം ഓപ്ഷൻ റജിസ്ട്രേഷൻ ഫീയുണ്ട്. പ്രവേശനമുള്ളവരുടെ ആദ്യഗഡു ഫീസിൽ ആ തുക വകവയ്ക്കും. സിലക്‌ഷനില്ലാത്തവർക്കു മടക്കിത്തരും. ഇതു സംബന്ധിച്ച വിശദവിജ്ഞാപനം ഓപ്ഷൻ സമർപ്പണവേളയിൽ വരും.

 

∙ ഭിന്നശേഷി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. 40 ശതമാനത്തിലേറെ വൈകല്യമുണ്ട്. എനിക്ക് അവസരം നഷ്ടപ്പെടുമോ?

 

നഷ്ടപ്പെടില്ല. ഇതിന്റെ സർട്ടിഫിക്കറ്റോ മറ്റു രേഖയോ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട. അപേക്ഷയിൽ സൂചിപ്പിച്ചാൽ മതി. വിവരങ്ങൾ പ്രോസ്പെക്ടസിലെ 29-30, 207-213 പുറങ്ങളിലുണ്ട്.

 

∙ ഞാൻ നായർ സമുദായത്തിലും ഭാര്യ ഈഴവ സമുദായത്തിലും പെട്ടവരാണ്. ഞങ്ങളുടെ മകൾക്ക് പിന്നാക്കസംവരണം കിട്ടുമോ?

 

കിട്ടും. ദമ്പതികളിലൊരാളെങ്കിലും പിന്നാക്ക ജാതിയിൽപ്പെട്ടാൽ സംവരണാനുകൂല്യമുണ്ട്. 

 

∙ ഞാനും ഭാര്യയും തമിഴ്നാട്ടിലെ പിന്നാക്കജാതിക്കാരാണ്. ഞാൻ കേന്ദ്രസർക്കാർ സർവീസിൽ 3 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്നു. മകൻ പത്താം ക്ലാസുമുതൽ പഠിച്ചതിവിടെയാണ്. അവനു കേരള മെഡിക്കൽ പ്രവേശനം കിട്ടുമോ?

 

കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കൾ 11, 12 ക്ലാസുകൾ കേരളത്തിൽ പഠിച്ചിരുന്നാൽ മതി. പക്ഷേ സംവരണമോ ഫീസിളവോ കിട്ടില്ല. പ്രോസ്പെക്ടസിലെ 6.1. 6.2 ഖണ്ഡികകൾ നോക്കാം

 

∙എന്റെ മകന് അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി വിഷയങ്ങൾ പഠിക്കാനാണു താൽപര്യം. പ്ലസ്ടുവിൽ ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണമെന്നറിയാം. പക്ഷേ നീറ്റിൽ എത്ര പെർസെന്റൈൽ വേണം?

 

അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ അനുബന്ധവിഷയങ്ങളിലെ പ്രവേശനത്തിന് നീറ്റിൽ എത്രാമത്തെ പെർസെന്റൈൽ സ്കോർ വേണമെന്നു വ്യവസ്ഥയില്ല. നീറ്റിലെ 720ൽ 20 മാർക് എങ്കിലും നേടിയാൽ മതി. പട്ടികവിഭാഗങ്ങൾക്ക് ഈ മിനിമം മാർക്കും വേണ്ട. 

 

∙എൻട്രൻസ് പരീക്ഷയിലെ ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?

 

എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 89 – 106 പുറങ്ങളിലുണ്ട്. പക്ഷേ, മത്സരപ്പരീക്ഷയാകയാൽ ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങളും, പ്രയുക്തശൈലിയിലുള്ള (applied style) ചോദ്യങ്ങളും പ്രതീക്ഷിക്കണം. എൻസിഇആർടിയുടെ പുസ്തകങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കില്ല. ഇപ്പറഞ്ഞത് കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന എൻജിനീയറിങ്/ ഫാർമസി പ്രവേശനപ്പരീക്ഷയുടെ കാര്യമാണ്. മെഡിക്കൽ–അനുബന്ധവിഷയങ്ങളിലെ പ്രവേശനം നീറ്റ് റാങ്ക് നോക്കിയാകയാൽ അവയ്ക്കുള്ള തയാറെടുപ്പ് നീറ്റ്–2023 ഇൻഫർമേഷൻ ബുള്ളറ്റിനിലെ മൂന്നാം അനുബന്ധത്തിലുള്ള സിലബസ് അടിസ്ഥാനമാക്കി വേണം. വെബ്: https://neet.nta.nic.in

 

∙ഞാൻ ഇംഗ്ലിഷിനു മോശമാണ്. വെറ്ററിനറിക്കു പോകണമെന്നാണ് ആഗ്രഹം. പ്ലസ്ടു ഇംഗ്ലിഷിനു 50% മാർക് വേണമെന്നു കൂട്ടുകാർ പറയുന്നു.

 

ഇംഗ്ലിഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്ക് ആകെ 50% മാർക്ക് മതി. 

 

∙ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ കാര്യം എൻട്രൻസ് പ്രോസ്പെക്ടസിൽ കണ്ടില്ല. വിട്ടുപോയതാണോ?

 

അല്ല. കേരളത്തിൽ നഴ്സിങ്, ബാച്‌ലർ ബിരുദപ്രവേശനം പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിലാണ്. എൻട്രൻസ് പരീക്ഷയില്ല. 

 

∙ എൻട്രൻസ് അപേക്ഷ തയാറാക്കി അയയ്ക്കാൻ 2000 രൂപ വേണമെന്നു സൈബർ കഫേക്കാർ പറയുന്നു. ഇത്രയും ഫീസ് അടയ്ക്കണോ?

 

വേണ്ട. നിങ്ങൾ കുട്ടിയുമായി അടുത്തുള്ള ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലോ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലോ ചെന്നാൽ അധ്യാപകർ സൗജന്യമായി സഹായിക്കും. സർക്കാരിലേക്കുള്ള അപേക്ഷാഫീ മാത്രം അടച്ചാൽ മതി.

 

∙ മെഡിക്കലിനു കേരള എൻട്രൻസ് ആയിരുന്നെങ്കിൽ എന്റെ മകനു മുസ്‌ലിം വിഭാഗത്തിനുള്ള 8% സംവരണം കിട്ടുമായിരുന്നു. ദേശീയതലത്തിലുള്ള നീറ്റ് ആയതുകൊണ്ട് ഇതു നഷ്ടമാകുമോ?

 

ഇല്ല. ദേശീയ നീറ്റ് റാങ്ക്‌ലിസ്റ്റിൽ നിന്നു കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ പേരുകൾ തിരഞ്ഞെടുത്ത് കേരളത്തിലെ തനതു റാങ്ക്‌ലിസ്റ്റ്‌ തയാറാക്കി, ഇവിടത്തെ സംവരണക്രമം പാലിച്ചാണ് ഇവിടെ െമഡിക്കൽ പ്രവേശനം നടത്തുന്നത്.

 

∙ ഞാൻ സിവിൽ എൻജി ഡിപ്ലോമ 83% മാർക്കോടെ ജയിച്ചിട്ടുണ്ട്. ബിടെക് സിവിലിനു പ്രവേശനം കിട്ടുമോ?

 

നിങ്ങൾക്ക് എൻട്രൻസ്‌ വഴി ബിടെക്കിന് അപേക്ഷിക്കാൻ അർഹതയില്ല. പക്ഷേ 5–വർഷ ആർക്കിടെക്ചർ ബിരുദത്തിന് അപേക്ഷിക്കാം. ‘നാറ്റ’ എന്ന അഭിരുചിപരീക്ഷയിൽ യോഗ്യത നേടണം (www.nata.in). 4–വർഷ ബിടെക് പ്രോഗ്രാമിന്റെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ക്ലാസിൽ പ്രവേശിച്ച് 3 വർഷംകൊണ്ട് ബിരുദം നേടാൻ ലാറ്ററൽ എൻട്രിയെന്ന വഴിയുണ്ട്. 

 

∙ഞാനും ഭാര്യയും 20 വർഷമായി ബെംഗളൂരുവിലാണ്. മകൾ ജനിച്ചുവളർന്നതും പഠിച്ചതും കർണാടകയിൽത്തന്നെ. അവൾക്ക് കേരളത്തിലെ മെഡിക്കൽ / എൻജിനീയറിങ് ബിരുദപ്രവേശനത്തിന് അർഹതയുണ്ടോ?

 

അർഹതയുണ്ട്. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതായിരിക്കണമെന്നേയുള്ളൂ. വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസിലെ 36-39 പുറങ്ങൾ നോക്കാം.

English Summary : Kerala Entrance exam queries and answers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com