ജോലിയിൽ നിരന്തരം സ്ഥാനക്കയറ്റം വേണോ?; പെരുമാറ്റത്തിൽ 4 മാറ്റങ്ങൾ വരുത്താം

HIGHLIGHTS
  • കരിയറിലുടനീളം ഒരേ ജോലിയായിരിക്കില്ല എല്ലാവരും ചെയ്യുന്നത്.
  • ആത്മവിശ്വാസം വിജയത്തിന് അത്യാവശ്യമാണ്.
1209564148
Representative Image. Photo Credit : fizkes/Shutterstock
SHARE

നിരന്തരം ഉയർന്ന്, സ്ഥാനക്കയറ്റം നേടി, ഉന്നതപദവയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കെങ്കിലും വിചിത്രമായി തോന്നിയേക്കാം വിനയത്തോടെ പെരുമാറണം എന്ന നിർദേശം. എന്നാൽ, വിനയം എന്നാൽ, മുൻനിരയിൽ നിന്നു മാറിനിൽക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയുന്നത് ഒരിക്കലും പോരായ്മയല്ല. തെറ്റ് വരുമ്പോൾ തുറന്നു സമ്മതിക്കുന്നതും സഹായമോ നിർദേശമോ സ്വീകരിക്കുന്നതും ദൗർബല്യത്തിന്റെ അടയാളമായി കാണാനുമാവില്ല. വിനയം ശീലമാക്കിയ ഉന്നത ഉദ്യോഗസ്ഥർ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം. അവർക്ക് ഒരു ടീമിനെ പൂർണമായി പ്രചോദിപ്പിക്കാനും ആത്മവിശ്വാസത്തോടെ നയിക്കാനുമാവും. വ്യത്യസ്ത സാഹചര്യങ്ങളിൽ മനഃസാന്നിധ്യം വിടാതെ പെരുമാറാനുമാവും. വിനയം ഒന്നിനും തടസ്സമല്ല, ഉയർച്ചയിലേക്കുള്ള ഇന്ധനം തന്നെയാണെന്ന വിശ്വാസം പഴയതല്ല, പുതിയതും ഒരിക്കലും കാലാഹരണപ്പെടാത്തതുമാണ്. 

Read Also : വലിയ സ്ഥാപനങ്ങളിലെ ജോലിയാണോ ലക്ഷ്യം?

1. ഏതു സാഹചര്യത്തിലും ഒരുമിച്ചുതന്നെ

ഈഗോ അഥവാ സ്വന്തം പ്രാധാന്യത്തെക്കുറുള്ള അമിത വിശ്വാസം ഇല്ലാത്തവർക്കുമാത്രമേ വിനയം ശീലമാക്കാൻ കഴിയൂ. താനുൾപ്പെടുന്ന ടീം വിജയിക്കുമ്പോൾ അതു സ്വന്തം വിജയം കൂടിയായി കാണാൻ കഴിയണം. എല്ലാം അറിയുന്ന, എല്ലായ്പ്പോഴും വിജയിക്കുന്നവർ എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ ശക്തിക്കൊപ്പം ദൗർബല്യങ്ങളുമുണ്ടെന്നും ചില രംഗത്ത് ശോഭിക്കാൻ കഴിവുണ്ടെന്ന തിരിച്ചറിവിലാണ് സ്ഥാപനം ടീമിനെ നയിക്കാൻ ചുമതലപ്പെടുത്തിയതെന്നും വിനയമുള്ളവർ തിരിച്ചറിയുന്നു.

ഈഗോയുള്ളവരെ സമീപിച്ച് ഒരു കാര്യം ബോധ്യപ്പെടുത്തുക എന്നത് എളുപ്പമല്ല. അവർക്ക് അറിവും കഴിവുമുണ്ടായിരിക്കും. എന്നാൽ, സ്വന്തം വിജയം മാത്രമായിരിക്കും അവരുടെ സ്വപ്നം. മറ്റുള്ളവരുടെ വിജയം ആസ്വദിക്കാനും അവർക്കാകില്ല. വിനയമുള്ള വ്യക്തിയാണെങ്കിൽ സഹപ്രവർത്തകർ ഒരുമിച്ചു ജോലി ചെയ്യാൻ ഇഷ്ടപ്പെടും. സഹായം ലഭിക്കും. നിർദേശങ്ങൾ ചോദിക്കും. സഹകരിച്ചും പൊരുത്തപ്പെട്ടും ജോലി ആസ്വദിക്കാം.  സ്വന്തം ഈഗോ മാറ്റിവച്ച് പൊതുവായ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ തയാറാകുന്നു എന്നതാണ് സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡം എന്നും മറക്കാതിരിക്കുക. 

2. തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക 

തെറ്റു പറ്റിയാലും അത് അനുഭവപാഠത്തിലേക്കുള്ള മുതൽക്കൂട്ട് മാത്രമായി കാണാൻ വിനയമുള്ളവർക്കു മാത്രമേ കഴിയൂ. ഏതു തെറ്റിലും ഭാവിയിലേക്കുള്ള പാഠം ഉണ്ടായിരിക്കും. ഇനിയും ആവർത്തിക്കില്ലെന്ന ഉറപ്പ്. തെറ്റു സംഭവിക്കുന്ന സഹപ്രവർത്തകരുടെ ആത്മവിശ്വാസം മങ്ങാതിരിക്കാനും ശ്രദ്ധിക്കണം. സംശയവും ആശങ്കയുമായി ജോലി ചെയ്താൽ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. സന്തോഷവും ആത്മവിശ്വാസവുമാണ് വേണ്ടത്. തെറ്റുകൾ തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ മുന്നോട്ടുപോകാനാവൂ. എത്രയും വേഗം അവ തിരിച്ചറിയുന്നു എന്നതാണ് വിജയത്തിലേക്കുള്ള എളുപ്പവഴി. എവിടെ, എങ്ങനെയാണ് തെറ്റുപറ്റിയതെന്നു മനസ്സിലാക്കിയാൽ തിരുത്താനും ശരിയായ മാർഗത്തിലേക്കു തിരിയാനുമാവും. 

3. കടുംപിടുത്തം ഉപേക്ഷിക്കുക 

വിനയമുണ്ടെങ്കിൽ മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കാൻ തയാറാകും. ഇതിലൂടെ പുതിയ ആശയങ്ങൾ ലഭിക്കും. എതിർക്കുന്നവരെപ്പോലും ഉൾക്കൊള്ളാനും അവരുടെ അഭിപ്രായങ്ങളിൽ നിന്ന് പഠിച്ച് മുന്നോട്ടുപോകാനും കഴിയും. ആര് എന്തു പറഞ്ഞാലും സമചിത്തതയോടെ കേൾക്കുക എന്നതാണ് ടീമിനെ നയിക്കുന്നവർക്കു വേണ്ട ഏറ്റവും വലിയ ഗുണം.

വ്യത്യസ്തമായ രീതിയിൽ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ തർക്കിക്കുന്നത് ഒരു ബോസും ഇഷ്ടപ്പെടില്ല. പകരം, വ്യത്യസ്ത മാർഗങ്ങൾ പരീക്ഷിക്കാൻ തയാറാണെങ്കിൽ അത് തീർച്ചയായും വിലമതിക്കപ്പെടും. ഒരു പുതിയ ആശയം നടപ്പാക്കേണ്ട ഘട്ടത്തിലോ, പുതിയ ചുമതല ആരെ ഏൽപിക്കുമെന്ന സാഹചര്യത്തിലോ തീർച്ചയായും വിനയമുള്ള, കടുംപിടുത്തമില്ലാത്ത വ്യക്തിയെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക. 

4. ഭാവിയിലേക്ക് പുതിയ ജോലി

കരിയറിലുടനീളം ഒരേ ജോലിയായിരിക്കില്ല എല്ലാവരും ചെയ്യുന്നത്. ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ പുതിയൊരു ജോലി, സാഹചര്യം ഒക്കെ വേണ്ടിവരും. മുൻപത്തെ ജോലിയിലെ പ്രകടനമായിരിക്കും പുതിയ പദവിയിലേക്കു തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.

വിനയത്തോടെ ടീമിനെ നയിച്ചയാൾ എന്നത് ഇവിടെ അധികയോഗ്യതയായി മാറും. കടുംപിടുത്തം ഇല്ലാത്തതിനാൽ പുതിയ സാഹചര്യത്തിലും അനായാസമായി ഇണങ്ങിച്ചേരാനും കഴിയും. സ്വന്തം കഴിവുകളും യോഗ്യതകളും എത്ര ഉറക്കെപ്പറഞ്ഞാലും സഹപ്രവർത്തകരെ മറക്കാത്ത, അവരെ ചേർത്തുപിടിക്കുന്ന, കൂട്ടായ്മയുടെ വിജയം ആഘോഷിക്കുന്നവരെയാണ് എല്ലാ സ്ഥാപനങ്ങളും തിരഞ്ഞെടുക്കുക.

കുറ്റപ്പെടുത്താതെ, തെറ്റുകൾ പറഞ്ഞുമനസ്സിലാക്കിക്കുന്ന മേലുദ്യോഗസ്ഥനെ എല്ലാ സഹപ്രവർത്തകരും ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹത്തോടെ ഓർമിക്കുകയും ചെയ്യും. ആത്മവിശ്വാസം വിജയത്തിന് അത്യാവശ്യമാണ്. എന്നാൽ വിനയം കൂടിച്ചേരുമ്പോഴാണ് തിളക്കം കൂടുന്നതും വ്യക്തി എന്ന നിലയിലും ടീം ലീഡർ എന്ന നിലയിലും ബഹുമാനിക്കപ്പെടുന്നതും. 

Content Summary : How To Stay Humble at Work and Achieve More

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS