ADVERTISEMENT

സ്കൂളുകളിലെയും കോളജുകളിലെയും പരീക്ഷകൾ കഴിഞ്ഞ സമയമാണ് ഏപ്രിൽ. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കവുമാണത്. ഒഴിവു കാലം ആസ്വാദ്യമാക്കാൻ പലരും പലവഴികളും പരീക്ഷിക്കാറുണ്ട്. പക്ഷേ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളെ സംബന്ധിച്ച് അവരിൽ പലരും ഏറ്റവും ഭയക്കുന്ന, വെറുക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ട കാലം കൂടിയാണ് ഒഴിവുകാലം.

 

career-choice
Representative Image. Photo Credit : Maridav / Shutterstock.com

‘‘ഇനി എന്താ പരിപാടി?’’ എന്ന ചോദ്യം കേൾക്കുമ്പോൾ ‘ഇനി എന്ത്’ എന്നതിനെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവർ വല്ലാതെ ആകുലരാകും. ഒഴിവുകാലം ആഘോഷിക്കുന്നതിനോടൊപ്പം, ഭാവിയിൽ ചെയ്യാൻ പോകുന്ന കോഴ്സുകളെപ്പറ്റിയും ഇഷ്ടപ്പെട്ട ജോലി സ്വന്തമാക്കാനുള്ള വഴികളെപ്പറ്റിയും കൃത്യമായി ആസൂത്രണവും ഇപ്പോൾ നടത്താം.

 

കരിയർ ആസൂത്രണത്തിന് യഥാർഥത്തിൽ മുൻഗണന നൽകേണ്ടത് എപ്പോഴാണ്? പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഏതു പഠിക്കുമ്പോഴാണ്? അതോ അതിനു ശേഷമോ? പലർക്കും ഇങ്ങനെയൊരു സംശയമുണ്ട്. അതിനുള്ള ഉത്തരം ‘ഇപ്പോൾ’ എന്നാണ്. എത്ര നേരത്തേ കരിയർ ആസൂത്രണം ചെയ്യാൻ തുടങ്ങുന്നോ അത്രയും മികച്ച, സന്തോഷം നിറഞ്ഞ ഭാവിയാകും കാത്തിരിക്കുന്നത്.

 

പത്താം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കരിയർ ആസൂത്രണം ചെയ്യണമെന്ന കാര്യം നൂറുവട്ടം ശരിയാണെന്ന് കരിയർ ഗുരുക്കന്മാർ പറയും. കരിയറിന്റെ ഉയർന്ന തലത്തിലേക്ക് അടിത്തറയിടാനുള്ള ഏറ്റവും നല്ല സമയമാണിത്.

 

സാധാരണയായി, ഇന്ത്യയിൽ, പത്താം ക്ലാസ് വിജയിക്കുമ്പോൾ, നമുക്കു തിരഞ്ഞെടുക്കാൻ വ്യത്യസ്ത വിഷയങ്ങൾ ഉണ്ട്:

 

∙ ഗണിതം, കംപ്യൂട്ടർ സയൻസ്

∙ ബയോളജി, ഗണിതം

∙ ബയോളജി, കംപ്യൂട്ടർ സയൻസ്

Representative Image.Photo Credit: Prostock-studio/Shutterstock
Representative Image.Photo Credit: Prostock-studio/Shutterstock

∙ ഹ്യുമാനിറ്റീസ്

∙ കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ്

∙ കൊമേഴ്സ് വിത്തൗട്ട് മാത്തമാറ്റിക്സ്.

 

പത്താം ക്ലാസ് വിജയിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വേഗം ജോലി ലഭിക്കാൻ ഏതു വിഷയമാണ് അല്ലെങ്കിൽ വിഷയങ്ങളുടെ കോംബിനേഷനാണ് എടുക്കേണ്ടത്, ഗണിതശാസ്ത്രം, സയൻസ്, ഹ്യൂമാനിറ്റീസ് ഇവയിലേതെങ്കിലും മതിയോ?, മനഃശാസ്ത്രം സ്‌പെഷലൈസ് ചെയ്യണോ, ഡിസാസ്റ്റർ മാനേജ്മെന്റ് വേണോ? അങ്ങനെയുള്ള ചിന്തകൾ അവരെ കുഴപ്പിക്കാറുണ്ട്. 

 

ജോലി സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുന്നവരോടു പറയട്ടെ, ഉപരിപഠനത്തിനുള്ള ഒരു വിഷയമോ സ്പെഷലൈസേഷനോ തിരഞ്ഞെടുക്കുന്നത് വിഷയത്തിന്റെ വ്യാപ്തിയെ മാത്രം അടിസ്ഥാനമാക്കിയാകരുത്. മറിച്ച് വിദ്യാർഥിക്ക് വിഷയത്തിനോടുള്ള താൽപര്യം കൂടി കണിക്കിലെടുത്തായിരിക്കണം. അതായത്, തിരഞ്ഞെടുപ്പ് വ്യക്തി കേന്ദ്രീകൃതമാകണം, വിഷയ കേന്ദ്രീകൃതം മാത്രമായിരിക്കരുത്. 

 

ഈ ഘട്ടത്തിൽ ശ്രദ്ധേയമായ ഒരു ചോദ്യം ഇതാണ്: പത്താം ക്ലാസിനു ശേഷമോ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനു ശേഷമോ ഒരാൾക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്പെഷ്യലൈസേഷൻ എങ്ങനെ തിരിച്ചറിയാം?

2271133285
Representative Image. Photo Credit : Elena_Dig/Shutterstock

 

ഒരു തീരുമാനത്തിൽ എത്തുന്നതിനുമുമ്പ് ഒരു വിദ്യാർഥികളും രക്ഷിതാക്കളും ഇനിപറയുന്ന അഞ്ച് നിർണായക ഘടകങ്ങൾ  വിലയിരുത്തേണ്ടതുണ്ട്:

 

1. അഭിരുചി (Aptitude)

2. താൽപ്പര്യം (Interests)

3. വ്യക്തിത്വ സവിശേഷതകൾ (Personality)

4. കഴിവുകൾ (skills)

5. ചുറ്റുപാടുകൾ/പരിസ്ഥിതി (family, social climate, job trends)

 

1. അഭിരുചി

1987608770
Representative Image. Photo Credit : Just dance/Shutterstock

 

അന്തർലീനമായ കഴിവുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. പഠിക്കാനും പ്രത്യേക മേഖലകളിൽ വേറിട്ടുനിൽക്കാനുമുള്ള സ്വാഭാവിക കഴിവിനെയാണ് അഭിരുചിയെന്നു പറയുന്നത്. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഒരു തീരുമാനമെടുക്കാൻ നിങ്ങൾ സജ്ജമാകുമ്പോൾ, പരിഗണിക്കേണ്ട ആദ്യത്തെ ഘടകം അഭിരുചിയാണ്. അതിന് വ്യത്യസ്‌തമായ അഭിരുചികളെക്കുറിച്ച് അറിയുക എന്നത് പ്രധാനമാണ്. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയാണ്. 

 

• ഭാഷ/ഭാഷാപരമായ അഭിരുചി (Linguistic Aptitude) - ഏത് ഭാഷയിലെയും വാക്കുകളും ശൈലികളും എളുപ്പത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണിത്.

 

• STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്) അഭിരുചി - ഈ വൈദഗ്ധ്യമുണ്ടെങ്കിൽ, ഏതു പുതിയ കണ്ടുപിടുത്തങ്ങളോടും സാങ്കേതികവിദ്യകളോടും നിങ്ങൾക്ക് എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയും. ഗണിതവും ശാസ്ത്രവും പ്രിയപ്പെട്ട വിഷയങ്ങളായിരിക്കും.

566411293
Representative Image. Photo Credit : kenary820/Shutterstock

 

• മെക്കാനിക്കൽ ആപ്റ്റിറ്റ്യൂഡ് - ഈ അഭിരുചി ഉണ്ടെങ്കിൽ മെഷീനുകളുടെ ഭാഗങ്ങളെപ്പറ്റി നന്നായി അറിയാം, അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനും മെഷീൻ ഭാഗങ്ങൾ ഡിസ്അസംബ്ലിങ് ചെയ്ത് അവ വീണ്ടും ശരിയാക്കാനും ആഗ്രഹം തോന്നും. ആത്യന്തികമായി, ഇത്തരക്കാർ മെഷീനുകൾക്കൊപ്പം പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നു.

 

• ലോജിക്കൽ ആപ്റ്റിറ്റ്യൂഡ് - ഈ വൈദഗ്ധ്യമുണ്ടെങ്കിൽ പാറ്റേണുകൾ, നമ്പർ സീക്വൻസുകൾ, ആകാരങ്ങൾ തുടങ്ങിയവ തമ്മിലുള്ള ബന്ധങ്ങൾ പെട്ടെന്നു മനസ്സിലാക്കും. വാദമുഖങ്ങൾ ഒരുമിച്ച് കൊണ്ടുവരാനും യുക്തിസഹമായ നിഗമനങ്ങളിൽ എത്തിച്ചേരാനും സാധിക്കും.

 

• സ്പേഷ്യൽ ആപ്റ്റിറ്റ്യൂഡ് (Spatial) - സമയവും സ്ഥലവും ഉൾപ്പെടെയുള്ള ത്രിമാന രൂപങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള കഴിവാണിത്. ഈ കഴിവുണ്ടെങ്കിൽ, കാര്യങ്ങൾ ദൃശ്യവൽക്കരിക്കുന്നതിൽ നിങ്ങൾക്കു മിടുക്കുണ്ടാവും.

 

• ഓർഗനൈസേഷനൽ ആപ്റ്റിറ്റ്യൂഡ് - ആസൂത്രണം, സംവിധാനം, ഇവന്റുകൾ ഏകോപിപ്പിക്കുക, ടീമുകളെ നയിക്കുക  എന്നിവ ഈ അഭിരുചി ഉണ്ടെങ്കിൽ ഭംഗിയായി ചെയ്യാൻ സാധിക്കും.

545305708
Representative Image. Photo Credit : stoatphoto/Shutterstock

 

• കലാപരമായ അഭിരുചി (Creative) - ഈ അഭിരുചി ഉണ്ടെങ്കിൽ ഏതു കാര്യത്തിലും മികച്ച, വ്യത്യസ്തമായ സൃഷ്ടികൾ സാക്ഷാത്കരിക്കാൻ ഉള്ള പ്രവണത കാണിക്കുന്നു. അതായത്, ആർട്ട് വർക്ക്, പെയിന്റിങ്, ഡ്രോയിങ്, സിനിമാ നിർമ്മാണം, സംഗീത രചന എന്നിങ്ങനെ.

 

271765016
Representative Image. Photo Credit : hidesy/Shutterstock

ഒരു വ്യക്തിക്ക് നേടിയെടുക്കാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിരുചി പരീക്ഷകളിലൂടെ പ്രവചിക്കാൻ സാധിക്കും. ചിലർക്ക് ഒന്നിലധികം അഭിരുചികൾ ഉണ്ടാകാം. അത് പഠന വിഷയത്തിലും, ജോലിയിലും പ്രയോഗിച്ച് ഈ കാലഘട്ടത്തിനാവശ്യമായ മൾട്ടിസ്‌കിൽഡ് പ്രഫഷനൽ ആകാൻ അവർക്കു സാധിക്കും. ഇത് അറിയുന്നതിന് ശാസ്ത്രീയമായ കരിയർ അസസ്മെന്റ് ടെസ്റ്റുകളെ ആശ്രയിക്കാവുന്നതാണ്

 

2. താൽപര്യം

 

അഭിരുചിക്ക് പുറമേ, ഒരു വ്യക്തിയുടെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും കരിയറിനെപ്പറ്റിയും തീരുമാനമെടുക്കുമ്പോൾ ആ വിഷയത്തിനോടും ആ ജോലിയോടുമുള്ള തീവ്രമായ താൽപര്യവും വളരെ പ്രധാനമാണ്. ചിലർക്ക് ഒരു വിഷയം പഠിക്കാനോ ഒരു പ്രത്യേക ജോലി ചെയ്യാനോ വളരെ ഉയർന്ന അഭിരുചി ഉണ്ടായിരിക്കാം, പക്ഷേ അത് ചെയ്യാൻ താൽപര്യമില്ലായിരിക്കാം. ഉയർന്ന അഭിരുചിയുള്ള ഒരു വ്യക്തി താൽപര്യമില്ലാതെ ഒരു ജോലി ചെയ്താൽ അത് തീർത്തും പരാജയമായിരിക്കും. വർഷങ്ങൾ ജോലി ചെയ്തതിനുശേഷം ചിലർ പറയാറുണ്ട്, എനിക്ക് ഇത് പറ്റിയതല്ല.. ഒരു താൽപര്യവും ഇല്ലാതെയാണ് ഞാൻ ഒരു യന്ത്രത്തെപ്പോലെ ഇത്രയും കാലം ജോലി ചെയ്തത് എന്നൊക്കെ. 

 

ഇത് വ്യക്തമാക്കുന്ന ഒരു അനുഭവമിങ്ങനെ: ‘‘ കണക്കിലും ജീവശാസ്ത്രത്തിലും ആ പെൺകുട്ടിക്ക് മികച്ച അഭിരുചിയുണ്ട്. പ്ലസ്ടുവിൽ രണ്ട് വിഷയങ്ങൾക്കും ഉയർന്ന മാർക്ക് നേടിയ അവൾ ഒരു എൻജിനീയർ ആകാനാണ് ആഗ്രഹിച്ചത്. അവളുടെ തീരുമാനത്തെ അംഗീകരിക്കാൻ  മാതാപിതാക്കൾ വിസമ്മതിച്ചു. എംബിബിഎസ് ചെയ്യണമെന്ന് നിർബന്ധിച്ചു. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ബയോളജിയിൽ അവളുടെ ഉയർന്ന മാർക്ക്. രണ്ട്, അവരുടെ കുടുംബത്തിൽ ഡോക്ടർമാരില്ലായിരുന്നു.

 

അവൾ കണക്കും സയൻസും പഠിച്ചു. നീറ്റും ജെഇഇയും എഴുതി. അവൾ രണ്ടിനും യോഗ്യത നേടി. ജെഇഇയിൽ താരതമ്യേന ഉയർന്ന റാങ്ക് നേടി. പക്ഷേ, ഐഐടിയിൽ ചേരാനുള്ള യോഗ്യത നേടിയിട്ടും അവിടെ പഠിക്കാനുള്ള അനുവാദം മാതാപിതാക്കൾ നൽകിയില്ല. പകരം അവരുടെ ആഗ്രഹ പ്രകാരം അവളെ അർധ സർക്കാർ മെഡിക്കൽ കോളജിൽ ചേർത്തു.

 

മാനസികമായി തകർന്നു പോയ അവൾ രണ്ടാം വർഷം എംബിബിഎസ് ഉപേക്ഷിച്ചു. അവൾക്ക് വിഷാദ രോഗം സ്ഥിരീകരിച്ചു. ആ പെൺകുട്ടിക്ക് യഥാർഥ ലക്ഷ്യബോധം നഷ്ടപ്പെടുകയും ചെയ്തു. ഒരിക്കലും അവളുടെ താൽപര്യം മാതാപിതാക്കൾ മനസ്സിലാക്കിയില്ല. അവൾക്ക് വിലപ്പെട്ട രണ്ടു വർഷങ്ങൾ നഷ്ടപ്പെട്ടു. ഉയർന്ന അഭിരുചിയുണ്ടെങ്കിലും ഒരു കോഴ്സിലോ ജോലിയിലോ താൽപര്യമില്ലെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അത് യോജിക്കില്ല എന്ന് ഈ അനുഭവത്തിൽനിന്ന് മനസ്സിലാക്കാം. 

 

 3. വ്യക്തിത്വം

 

വ്യക്തിത്വം എന്നതിന് നിഘണ്ടുവിലുള്ള നിർവചനമിങ്ങനെ: ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്ന സ്വഭാവസവിശേഷതകളുടെയോ ഗുണങ്ങളുടെയോ സംയോജനം.

 

• എക്‌സ്‌ട്രോവർട്ട് - സാമൂഹിക കാഴ്ചപ്പാടുള്ള, ആരോടും ഇടപെടാൻ സാധിക്കുന്നരാണ് ബഹിർമുഖർ. മുൻകൈയെടുക്കാൻ മടിയില്ലാത്തവരാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മിടുക്കരാണ്. 

 

• അന്തർമുഖർ - വളരെ ജിജ്ഞാസയുള്ള ആളാണെങ്കിലും ആരുമായും എളുപ്പത്തിൽ ഇടപെഴകാറില്ല. ശുദ്ധവും ചിട്ടയുള്ളതുമായ സർഗ്ഗാത്മക ചിന്താ പ്രക്രിയയുണ്ട്.

 

• ആംബിവെർട്ട് - ബഹിർമുഖ സ്വഭാവവും അന്തർമുഖ സ്വഭാവവും കാണിക്കാൻ സാധ്യതയുണ്ട്. നല്ല കേൾവിക്കാരൻ, നല്ല മധ്യസ്ഥൻ, വളരെയധികം സഹാനുഭൂതി കാണിക്കുന്നയാൾ എന്നൊക്കെ അറിയപ്പെട്ടേക്കാം.

 

നിങ്ങൾ തിരഞ്ഞെടുത്ത കരിയറിൽ മികവ് പുലർത്താൻ ജോലിക്ക് അനുയോജ്യമായ സ്വഭാവസവിശേഷതകളുമായി നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ പൊരുത്തപ്പെടണം എന്ന കാര്യം പ്രത്യേകമോർക്കണം. 

 

ഉദാഹരണമായി, ഒരു അന്തർമുഖൻ പബ്ലിക് റിലേഷൻസ് (പിആർ) ജോലി ചെയ്യുന്നത് തീർത്തും പരാജയമായേക്കാം.

 

    

4. കഴിവുകൾ (Skills)

 

ഉന്നത വിദ്യാഭാസത്തിനും കരിയറിനും ഏറ്റവും അനിവാര്യമായ ഘടകമാണ് കഴിവുകൾ. നമുക്ക് അതിനെ ഹാർഡ് സ്കിൽസ്, സോഫ്റ്റ് സ്കിൽസ് എന്നിങ്ങനെ തരം തിരിക്കാം.

 

എഴുത്ത്, വായന, വിപണനം, ഡിസൈനിങ്, ആശാരിപ്പണി, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിങ്ങനെ തൊഴിൽപരമായ സവിശേഷതകളാണ് ഹാർഡ് സ്കിൽസ്. ആശയവിനിമയം, ടീം വർക്ക്, പ്രശ്നപരിഹാരം, വ്യക്തിബന്ധങ്ങൾ നിലനിർത്തുക, നേതൃത്വം എന്നിങ്ങനെ ഉള്ളതാണ് സോഫ്റ്റ് സ്കിൽസ്.

 

ഉദാഹരണത്തിന്, മോശം ആശയവിനിമയക്കാരനായ വ്യക്തി അധ്യാപന ജോലിക്ക് അനുയോജ്യനല്ല. ഹാർഡ് സ്‌കില്ലുകളും സോഫ്റ്റ് സ്‌കില്ലുകളും ഫലപ്രദമായി ചേർന്നെങ്കിൽ മാത്രമേ ജോലിയിൽ വിജയിക്കാൻ സാധിക്കൂ. ശരിയായ സോഫ്റ്റ് സ്‌കില്ലുകളും ശരിയായ ഹാർഡ് സ്‌കില്ലുകളും ഉള്ള ഒരു തൊഴിലന്വേഷകന് കരിയർ അസസ്‌മെന്റ് പ്രക്രിയ മുൻഗണന നൽകും.

 

 

 5.  ചുറ്റുപാട്/പരിസ്ഥിതി

 

ഒരു കരിയർ നേടുന്നതിലോ വളർച്ചയിലോ തകർച്ചയിലോ കുടുംബവും സാഹചര്യങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തുറന്ന പിന്തുണ നൽകുന്ന രക്ഷിതാക്കളും പങ്കാളിയുമുണ്ടെങ്കിൽ കരിയറിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കും. ഉദാഹരണത്തിന്, ഗണിതത്തിലും ഫിസിക്സിലും മികച്ച ഒരു വിദ്യാർഥി പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഫ്ലൈയിങ്ങിൽ ഒരു കോഴ്സ് ചെയ്യാൻ വീടുവിട്ട് മറ്റൊരു സ്ഥലത്ത് പോയി നിൽക്കാനും അതിന്റെ അനുബന്ധ ജോലി ചെയ്യാൻ ലോകത്ത് എവിടെയും യാത്ര ചെയ്യാനുമുള്ള മനസ്സു വേണം. പക്ഷേ സ്വന്തം നാട് വിട്ടു പോകാൻ രക്ഷിതാക്കൾ വിസമ്മതിക്കുകയാണെങ്കിൽ, ഉയർന്ന അഭിരുചിയും താൽപര്യവും ഉണ്ടായിരുന്നിട്ടും സ്വാഭാവികമായും അതുമായി മുന്നോട്ടു പോകാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ അവരുമായി അഭിപ്രായ വ്യതാസത്തിനു മുതിരാതെ രക്ഷിതാക്കളെയും കൂടി ആത്മവിശ്വാസത്തിലെടുക്കാൻ തുറന്ന സംഭാഷണത്തിന് മുൻകൈയെടുക്കണം.

 

അതുപോലെ, ചുറ്റിനുമുള്ള സാമൂഹിക അന്തരീക്ഷത്തിലെ ചോദ്യങ്ങൾ തുറന്ന മനസ്സോടെ നേരിടാനും എടുക്കുന്ന വിഷയത്തിലെ മാർക്കറ്റ് ട്രെൻഡ്‌സ് അറിയാനും ശ്രമിച്ചിട്ടേ അന്തിമ തീരുമാനം എടുക്കാവൂ. മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ച് നിർണായക ഘടകങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ, തെറ്റായ മാർഗത്തിലോ ജോലിയിലോ എത്തിച്ചേരുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു പരിധി വരെ സാധിക്കും. നിർബന്ധത്തിന്റെയോ പ്രേരണയുടെയോ അടിസ്ഥാനത്തിൽ മാത്രം ഉപരി പഠനവും കരിയറും തിരഞ്ഞെടുക്കുന്നവർ അപൂർവമായേ അതിൽ അതിജീവിക്കാറുള്ളൂ.

 

ആഗോളവൽക്കരണം തൊഴിൽ സാധ്യതകളുടെ ഒരു കടൽ തുറന്നിരിക്കുന്നു. 25000ൽ അധികം കരിയർ ഓപ്ഷനുകളും ഒരൊറ്റ ഫീൽഡിലോ സെക്ടറിലോ തന്നെ നൂറുകണക്കിന് കോഴ്‌സുകളും ലഭിച്ചേക്കാം. കരിയർ മോഹിയാണെങ്കിൽ, ഈ ഓപ്ഷനുകളെല്ലാം കാണുമ്പോൾ നിങ്ങൾക്ക് കൊള്ളാമെന്നു തോന്നും. പെട്ടന്നൊരു തീരുമാനമെടുക്കാതെ, താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാം. 

 

1) സ്വയം ഗവേഷണം നടത്തുകയും കരിയർ ഓപ്ഷനുകളെക്കുറിച്ച് പുസ്തകങ്ങളിലോ ഇന്റർനെറ്റിലോ വായിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

 

2) ഓൺലൈൻ വഴിയോ കരിയർ വിദഗ്ധരുടെയോ ടീച്ചർമാരുടെയോ സഹായത്തോടെയോ കരിയർ അസസ്മെൻറ് ടെസ്റ്റുകൾ ചെയ്യുക. 

 

3) മെന്റർമാരുമായും കരിയർ ഗൈഡുകളുമായും ചർച്ച ചെയ്യുകയും ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന്റെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുകയും വേണം.

 

യഥാർഥ കരിയർ ആരംഭിക്കുന്നത് കോളജിലോ ഓഫിസിലോ അല്ല, മനസ്സിൽ ആണ്. അതിനാൽ ആവേശത്തോടെ, ആഗ്രഹത്തോടെ, വ്യക്തമായ ആസൂത്രണം നടത്തി ഉന്നത വിദ്യാഭാസത്തിനും കരിയറിനുമുള്ള വഴി വെട്ടിത്തെളിക്കുക.

 

(മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററുമായ ലേഖകൻ കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com