ADVERTISEMENT

ഒരു വ്യക്തിയുടെ കരിയർ എല്ലായ്‌പ്പോഴും സ്വന്തം അഭിരുചികളുടെയും ഇഷ്ടങ്ങളുടെയും പൂർത്തീകരണമാക ണമെന്നില്ല. ജീവിതത്തിലെ പലവിധ സമ്മർദങ്ങളുടെയും സാമ്പത്തിക ബാധ്യതകളുടെയുമൊക്കെ ഫലമായി ഇഷ്ടത്തിനു വിരുദ്ധമായി കരിയർ തിരഞ്ഞെടുക്കേണ്ടിവരുന്നവരുണ്ട്. ലോകത്തെവിടെ നോക്കിയാലും ലക്ഷക്കണക്കിനുപേരാണ് ഇഷ്ടമില്ലാത്ത ജോലി ജീവിതകാലം മുഴുവൻ തുടരുന്നതും അതിന്റെ പേരിലുള്ള മാനസിക സമ്മർദവും അസംതൃപ്തിയും അനുഭവിക്കുന്നതും. ഇവരിൽ പലരും അവരുടെ ജോലി മാറാൻ തയാറാണ്; കുറച്ചുകൂടി മികച്ച മറ്റൊരു അവസരം ലഭിച്ചാൽ. ഒരു ജീവിതകാലത്തുതന്നെ ശരാശരി മൂന്നു തവണയെങ്കിലും ജോലി മാറുന്നവരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവിടെയാണ് പ്രതിസന്ധിയിൽ നിന്നു മാറി, മനസ്സിന്റെ ഇഷ്ടത്തെ പിന്തുടരുന്ന ജോലിയിലേക്കു മാറാൻ പ്രചോദിപ്പിക്കുന്നവരുടെ പ്രസക്തി. ലക്ഷ്യം പിന്തുടരാൻ നിരന്തരമായി ഉപദേശിക്കുകയും നിർദേശിക്കുകയും കൂടെനിൽക്കുകയും ചെയ്യുന്നവരുടെ പ്രാധാന്യം. ഇനിയൊരു അവസരമില്ലെന്നു കരുതുന്നവർക്കുപോലും പറക്കാൻ ചിറക് നൽകുകയാണ് ഇവർ. തോൽവിയുടെ പടുകുഴിയിൽ നിന്ന് വിജയത്തിന്റെ ആകാശത്തിലേക്ക് പറക്കാൻ പ്രേരിപ്പിക്കുകയാണ്. 

Read Also : സൂപ്പർവൈസറാകാൻ ആഗ്രഹിക്കുന്നവർ ചെയ്യാൻ പാടില്ലാത്തത്

1. പ്രചോദിപ്പിക്കുക 

 

പ്രതീക്ഷയുടെ സന്ദേശം പകരുന്നവരാണ് മോട്ടിവേഷനൽ സ്പീക്കർമാർ. സഹായവും പിന്തുണയും വേണ്ടവർക്ക് ഇവർ അനുയോജ്യ വഴി കാട്ടിക്കൊടുക്കുന്നു.  ജീവിതത്തിൽ വലിയ മാറ്റം വരുത്താൻ പല നിർദേശങ്ങളും സഹായകരമാകാറുണ്ട്. മോട്ടിവേഷനൽ സ്പീക്കർമാർ തന്നെ പല വിഭാഗത്തിലുള്ളവരുണ്ട്. ഫിനാൻഷ്യൽ മാനേജ്മെന്റ് അഥവാ സാമ്പത്തിക ആസൂത്രണത്തിൽ സ്പെഷലൈസ് ചെയ്യുന്നവർ. സംരംഭക മാർഗങ്ങളിലേക്കു നയിക്കുന്നവർ. വിവാഹ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർ, ലഹരി ഉൾപ്പെടെയുള്ള ആസക്തികളിൽ നിന്നു മുക്തരാവാൻ സഹായിക്കുന്നവർ എന്നിങ്ങനെ. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ വലയുന്നവർക്ക് ഇവർ ദൈവദൂതൻമാരെപ്പോലെയാണ്. നിലവിലെ ജീവിതദുരന്തത്തിൽ നിന്ന് കരകയറാൻ ആഗ്രഹിക്കുന്നവർക്ക് ഇവർ രക്ഷയുടെ കരങ്ങൾ നീട്ടുന്നു. നന്നായി കഥകൾ പറയാൻ അറിയുന്നവരാണ് സ്പീക്കർമാരായി മാറുന്നത്. തങ്ങൾ പറയുന്നത് ശ്രദ്ധിച്ചിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ഇവർക്കു കഴിയും. സ്വന്തം മേഖലയിൽ കഴിവ് തെളിയിച്ചവരാണ് പിന്നീട് മോട്ടിവേഷനൽ സ്പീക്കർമാരായി മാറുന്നത്. ബിസിനസിൽ വിജയിച്ച ഒരാൾക്കു മാത്രമേ സംരംഭക മാർഗങ്ങൾ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാൻ കഴിയൂ. പുസ്തകങ്ങളിലൂടെയും വിഡിയോകളിലൂടെയും തങ്ങൾക്ക് പറയാനുള്ളത് മറ്റുള്ളവർക്ക് പകരുന്ന സ്പീക്കർമാരുമുണ്ട്. 

 

2. പരിശീലകർ കായികരംഗത്തു മാത്രമല്ല

 

ഏതു കായികവിനോദമെടുത്താലും എല്ലാ ടീമുകൾക്കും പരിശീലകരുണ്ടായിരിക്കും. എന്നാൽ എല്ലാ വ്യക്തികൾക്കും ലൈഫ് കോച്ചിന്റെ സഹായം ലഭിക്കാറില്ല. പലർക്കും ആവശ്യം വരാറുമില്ല. എന്നാൽ, ആവശ്യം വന്നാൽ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ കോച്ചിന്റെ സഹായം തേടുന്നതിൽ ഒരു തെറ്റുമില്ല. പ്രഫഷനൽ സമീപനമുള്ളവരാണ് ലൈഫ് കോച്ചുമാരായി മാറുന്നത്. സ്വന്തം കഴിവുകളും സാധ്യതകളും മനസ്സിലാക്കി പ്രതിസന്ധികളിൽ നിന്ന് കരകയറ്റുകയാണ് ഇവർ ചെയ്യുന്നത്. ഒരു തവണയല്ല, ആഴ്ചയിൽ തന്നെ പലവട്ടം, ചിലപ്പോൾ മാസങ്ങളോളം നിരന്തരമായി പരിശീലിപ്പിച്ചാണ് ഇവർ വ്യക്തികളെ സഹായിക്കുന്നത്. 

വ്യക്തിയെ അവർ പറയുന്നതിൽനിന്നും അധികമായി ചോദ്യങ്ങൾ ചോദിച്ചും പൂർണമായി മനസ്സിലാക്കുകയാണ് ആദ്യപടി. അതിനുശേഷം നിലവിലെ പ്രശ്നം എന്താണെന്നു മനസ്സിലാക്കി പരിഹരിക്കുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കും ലൈഫ് കോച്ചുമാർ. എന്നാൽ, വിദ്യാഭ്യാസ യോഗ്യത കൊണ്ടുമാത്രം ആർക്കും മോട്ടിവേഷനൽ സ്പീക്കറാകാൻ കഴിയില്ല. സ്വയം സമ്പാദിച്ച അറിവിന്റെയും അനുഭവത്തിന്റെയും അവതരണത്തിലെ കഴിവും കൂടിയുണ്ടെങ്കിലേ സ്വന്തം മേഖലയിൽ മികച്ചവർ എന്ന പേര് സമ്പാദിക്കാൻ കഴിയൂ.

 

3. ഉപദേശം കരിയറിലും 

 

പ്രതിസന്ധികൾ പരിഹരിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് കൗൺസലർമാരുടെ ദൗത്യം. കൗൺസലർ എന്നത് ജോലിയായിത്തന്നെ സ്വീകരിച്ചവരും സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുമുണ്ട്. ദാമ്പത്യ പ്രശ്നങ്ങൾ, കരിയറിലെ സംതൃപ്തി ഇല്ലായ്മ, ലഹരിയോടുള്ള ആസക്തി എന്നിങ്ങനെ വ്യത്യസ്ത പ്രശ്നങ്ങളായിരിക്കും പലർക്കും നേരിടാനുണ്ടാകുക. ശിശുക്ഷേമവുമായി ബന്ധപ്പെട്ട സങ്കീർണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്നവരുമുണ്ട്. കൗൺസലേഴ്സ് എന്ന പേരിലും ഫാമിലി, മാര്യേജ് തെറപിസ്റ്റുകൾ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. ബിരുദാനന്തര ബിരുദമുള്ളവർ ലൈസൻസ് കൂടി നേടി ലാഭം നേടാനും സ്വതന്ത്രമായും പ്രവർത്തിക്കുന്നുണ്ട്. 

 

4. പഠിപ്പിക്കുക എന്ന കല

 

അധ്യാപകരും ഒരർഥത്തിൽ കൗൺസലർമാർ തന്നെയാണ്. അറിവ് പകർന്നുകൊടുക്കുന്നതിനൊപ്പം നേർവഴിക്കു നയിക്കുക എന്ന ദൗത്യവും അവർക്കു പൂർത്തീകരിക്കാനുണ്ട്. ക്ലാസ്സ് റൂം നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടേറിയ കല തന്നെയാണ്. പിന്തുണയുടെ പ്രതീകമാണ് പലർക്കും അധ്യാപകർ. പല പ്രശ്നങ്ങളും അധ്യാപകർക്കു പരിഹരിക്കേണ്ടിയും വരും. ഉയർന്ന ധാർമിക ബോധത്തിന്റെ അടിസ്ഥാനത്തിൽ സ്വയം മാതൃകയാവുക എന്നതും സമൂഹം അവരിൽ നിന്ന് ആവശ്യപ്പെടുന്നു. ബിരുദത്തിനു പുറമേ അധ്യാപനത്തിൽ യോഗ്യതയും ഓരോ രാജ്യങ്ങളും സംസ്ഥാനങ്ങളും നടത്തുന്ന യോഗ്യതാ പരീക്ഷയും വിജയിച്ചവർക്കാണ് അധ്യാപക ജോലി ലഭിക്കുന്നത്. ബിരുദാനന്തര ബിരുദത്തിനു ശേഷം ഗവേഷണ ബിരുദം നേടുന്നവരും പുതിയ അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നവരുമുണ്ട്.

 

Content Summary : 4 Best Jobs that Help People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com