ADVERTISEMENT

കരിയറിലെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചെഴുതി റെസ്യൂമെ ഗംഭീരമാക്കുക എന്നത് നല്ല ആശയം തന്നെയാണ്. എന്നാൽ എവിടെ തുടങ്ങണം എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ലക്ഷ്യങ്ങൾ തൊഴിൽദാതാവിന്റെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുക എന്ന പ്രശ്നവുമുണ്ട്. തൊഴിലുടമ പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്ന യോഗ്യതകളും വ്യവസ്ഥകളുമായി ഉദ്യോഗാർ‌ഥിയുടെ ലക്ഷ്യങ്ങളും യോജിക്കുമ്പോൾ മാത്രമാണ് മികച്ച തിരഞ്ഞെടുപ്പ് ഉണ്ടാകുന്നതും കരിയർ സ്വപ്നങ്ങൾ പൂവണിയുന്നതും. ഒരു ജോലിക്കു തന്നെ ഒന്നിലധികം റെസ്യൂമെ തയാറാക്കുക എന്നതാണ് ഒരു പരിഹാരം. പല വട്ടം പരിശോധിച്ച് ഏതു റെസ്യൂമെ ആണ് തൊഴിലുടമയുടെ താൽപര്യങ്ങളുമായി വൈരുധ്യമുണ്ടാക്കത്തതെന്നു കണ്ടെത്തി അയയ്ക്കുന്നതായിരിക്കും പ്രായോഗിക പരിഹാരം. റെസ്യൂമെ വെറുമൊരു പേപ്പറോ അപേക്ഷയോ മാത്രമല്ല, ഉദ്യോഗാർഥിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന സജീവരേഖയാണ്. 

Read Also : സഹപ്രവർത്തകരെ വിശ്വസിക്കാമോ

യോഗ്യതകൾ ശ്രദ്ധിക്കുക

 

പരസ്യത്തിലെ അല്ലെങ്കിൽ തൊഴിൽ അറിയിപ്പിലെ ചില പ്രത്യേക യോഗ്യതകളായിരിക്കും ഉദ്യോഗാർഥിയുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടാകുക. ആവശ്യമുള്ള യോഗ്യതകളിൽ പ്രത്യേകം ശ്രദ്ധ ആകർഷിച്ചവ അടിവരയിട്ടു പരിശോധിക്കുക. കഴിവുറ്റ, മികച്ച, ആശയവിനിമയശേഷിയുള്ള എന്നിങ്ങനെ ചില പ്രത്യേക വാക്കുകൾ കൊണ്ടായിരിക്കും പല ജോലിയെയും വിശേഷിപ്പിക്കുക. ജോലി ആഗ്രഹിക്കുന്നത് എന്തുകൊണ്ട് എന്ന് സ്വയം വിലയിരുത്തുക. ആശയ വിനിമയശേഷിയുണ്ടെന്ന് സ്വയം ബോധ്യമുണ്ടെങ്കിൽ അക്കാര്യം റെസ്യൂമെയിൽ വ്യക്തമാക്കാം. ഒപ്പം കരിയർ സ്വീകരിക്കുന്നതോടെകൂടി എന്തൊക്കെ ലക്ഷ്യങ്ങളാണ് മനസ്സിലുള്ളതെന്നും ജോലിയിലൂടെ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ എന്തൊക്കെയെന്നും രണ്ടോ മൂന്നോ വാചകങ്ങളിൽ വ്യക്തമാക്കുകയുമാവാം. 

 

ലക്ഷ്യം വ്യക്തമല്ലെങ്കിൽ ജോലിയുമില്ല 

 

ജോലിക്ക് ചേർന്ന് 5 വർഷത്തിനകം എവിടെയെത്താൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം പലരും ഉദ്യോഗാർഥികളിൽ നിന്നു തേടാറുണ്ട്. ഇതു വ്യക്തമായി പറയുന്നവരെ പലരും ജോലിക്കെടുക്കാറുമുണ്ട്. സ്വയം വ്യക്തമായ കാഴ്ചപ്പാടുള്ളവരെയാണ് തൊഴിലുടമകൾ പൊതുവെ സ്വീകരിക്കുന്നത്. യോഗ്യതകൾക്കൊപ്പം പരിമിതികളും അറിയാവുന്നവർക്ക് ജോലിയിൽ മികച്ച പ്രകടനം നടത്താനാവുമെന്ന് തൊഴിലുടമ പ്രതീക്ഷിക്കുന്നു. ജോലിയെക്കുറിച്ച് ഉദ്യോഗാർഥിക്കുള്ള കൃത്യമായ കാഴ്ചപ്പാട് റെസ്യൂമെയിൽ ഉണ്ടായിരിക്കും. വ്യക്തതയില്ലാതെ റെസ്യൂമെ എഴുതുന്നവരെ ജോലിക്കെടുക്കുന്നതിലൂടെ സ്ഥാപനത്തിന്റെ വിലപ്പെട്ട സമയവും പണവും പാഴാകുന്നു. ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം മറ്റൊരു ജോലി തേടി പോകുന്നതോടെ സ്ഥാപനം പുതിയ ഉദ്യോഗാർഥിക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നു. പ്രത്യേകിച്ചൊരു തൊഴിൽ പരിചയവും നേടാതെ ഉദ്യോഗാർഥി വീണ്ടും പുതിയ ജോലിക്കു വേണ്ടി അന്വേഷണവും തുടങ്ങുന്നു. 

 

പ്രായോഗിക ലക്ഷ്യങ്ങൾ 

 

ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ റെസ്യൂമെയിൽ വ്യക്തമാക്കാവുന്നതാണ്. എന്നാൽ അവ പ്രായോഗിക മാണെന്നും യാഥാർഥ്യത്തിനു നിരക്കുന്നതാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ലക്ഷ്യവും സ്വീകരിക്കാൻ പോകുന്ന ജോലിയുമായും സ്ഥാപനവുമായും പൊരുത്തപ്പെടുന്നതാണെന്ന് തീർച്ചയാക്കണം. ലക്ഷ്യങ്ങൾക്കും സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കും ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ ജോലി സാധ്യത അവസാനിച്ചു എന്നു കരുതാം. വ്യക്തമായ വിവരങ്ങളാണ് റെസ്യൂമെയിൽ എഴുതുന്നതെങ്കിൽ ജോലിക്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സ്ഥാപനത്തിന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയും. ഇത് തൊഴിലിൽ‌ ഗുണപരമായി പ്രതിഫലിക്കും. 

 

കവറിങ് ലെറ്ററോ റെസ്യൂമെയോ 

 

ലക്ഷ്യങ്ങൾ റെസ്യൂമെയിൽ ആണോ കവറിങ് ലെറ്ററിലാണോ എഴുതേണ്ടതെന്ന കാര്യത്തിലും വ്യക്തത വേണം. തൊഴിൽദാതാവ് ആദ്യം വായിക്കുന്നതും ഓടിച്ചുനോക്കുന്നതും റെസ്യൂമെ ആയിരിക്കും. അതിൽ താൽപര്യം തോന്നിയാൽ മാത്രമേ കവറിങ് ലെറ്ററിലേക്ക് കടക്കൂ. സെയിൽസ്, അഡ്വടൈസിങ് എന്നിങ്ങനെ ഏതു വിഭാഗത്തിലാണ് ജോലി വേണ്ടതെന്നും എന്തുകൊണ്ടെന്നും കവറിങ് ലെറ്ററിലാണ് വിശദമായി എഴുതേണ്ടത്. എന്നാൽ ഒരു പ്രത്യേക പോസ്റ്റിൽ മാത്രമാണ് താൽപര്യമെങ്കിൽ അക്കാര്യം റെസ്യൂമെയിൽ തന്നെ എഴുതാവുന്നതാണ്. 

 

Content Summary : How to Write Career Goals & Objectives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com