ADVERTISEMENT

ജോലിയുടെ ഗ്ലാമർ കണ്ട് ഒരുപാട് പേർ സിവിൽ സർവീസ് തിരഞ്ഞെടുക്കാറുണ്ട്. സിനിമകളിൽ നെടു നീളൻ മാസ് ഡയലോഗുകൾ പറഞ്ഞ് കയ്യടി വാങ്ങിയ, കത്തുന്ന നോട്ടം കൊണ്ട് രാഷ്ട്രീയ നേതാക്കളെ വിറപ്പിച്ച ഐഎഎസ്, ‌ഐപിഎസ് കഥാപാത്രങ്ങളാൽ സ്വാധീനിക്കപ്പെട്ടു സിവിൽ സർവീസ് തിരഞ്ഞെടുത്തവരും കുറവല്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ഒരു കലക്ടറുടെ ഉത്തരവാദിത്തങ്ങളെന്തൊക്കെയാണ്? സിനിമയിൽ കാണുന്നത്ര ഗ്ലാമർ ഈ ജോലിക്കുണ്ടോ? അങ്ങനെ നിരവധി ചോദ്യങ്ങൾ സിവിൽ സർവീസ് മൽസരാർഥികളുടെ മനസ്സിലുണ്ടാകും. സാധാരണക്കാർക്കും ഇത്തരം സംശയങ്ങൾ ഒരുപാടുണ്ടാകും. അത്തരം സംശയങ്ങൾക്ക് തന്റെ കരിയർ അനുഭവങ്ങളെ മുൻനിർത്തി മറുപടി പറയുകയാണ് ഇടുക്കി സബ് കലക്ടർ ഡോ. അരുൺ എസ്.നായർ ഐഎഎസ്. 

Read Also : സിവിൽ സർവീസ്: ‘കൂടുതൽ മാർക്ക് നേടാൻ ചില തന്ത്രങ്ങളുണ്ട്

∙ ഇടിവെട്ട് ഡയലോഗുകൾ പറയുന്ന, ചുറ്റുമുള്ളവരെ വിറപ്പിക്കുന്ന തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെപ്പോലെ, ഭരത് ചന്ദ്രൻ ഐപിഎസിനെപ്പോലെ ഒരാളുടെ മുഖമാണ് സിവിൽ സർവീസ് ഓഫിസർ എന്നു കേൾക്കുമ്പോൾ മിക്ക മലയാളികൾക്കും ഓർമ വരുക. ശരിക്കും എങ്ങനെയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ?

 

എന്റെ അഭിപ്രായത്തിൽ സിവിൽ സർവീസ് എന്നു പറയുന്നത് മറ്റേതൊരു സർക്കാർ ഉദ്യോഗവും പോലെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്. മറ്റു സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ തന്നെ ഉത്തരവാദിത്തങ്ങളും ചുമതലകളുമുണ്ട്. നിക്ഷിപ്തമായ ചുമതലകൾ കൃത്യമായി ചെയ്യുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന് ഒരു ഓഫിസിന്റെ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെ കൃത്യമായി മാനേജ് ചെയ്യുക എന്നതായിരിക്കും ചുമതല. ജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുകയും ഏറ്റവും കൂടുതൽ അധികാരങ്ങൾ വരുകയും ചെയ്യുന്ന രണ്ടു ചുമതലകളാണ് കലക്ടർ, സബ് കലക്ടർ പദവികൾ. അതുകൊണ്ടാണ് ചിലരെങ്കിലും ഗ്ലാമറുള്ള ജോലിയായി ഇതിനെ കാണുന്നത്. അതിനപ്പുറത്തേക്ക്, ഓഫിസ് മാനേജ്മെന്റ് എന്ന ജോലി തന്നെയാണ് ചെയ്യേണ്ടി വരുന്നത്. ആ ഉത്തരവാദിത്തത്തെ അങ്ങനെതന്നെ എടുത്താൽ മതി എന്ന ചിന്താഗതിക്കാരനാണ് ഞാൻ. 

 

∙ സിവിൽ സർവീസിലേക്ക് ആകർഷിച്ച ഘടകം എന്താണ്?

 

മെഡിക്കൽ പ്രഫഷനിൽനിന്നാണ് സിവിൽ സർവീസിലെത്തിയത്. സമൂഹത്തിന് എന്റേതായ സംഭാവന നൽകാൻ അവസരം ലഭിക്കും എന്നതാണ് ഈ ജോലിയിലേക്ക് വരാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും അതു സഫലമാക്കാനുമുള്ള വേദി ഈ ജോലിയിലൂടെ ലഭിക്കും. ഈ പദവി നൽകുന്ന അധികാരത്തിലൂടെ ആളുകൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. 

 

∙ ഇടുക്കിക്കു വേണ്ടിയുള്ള പദ്ധതികൾ എന്തെല്ലാമാണ് ?

 

ഞാൻ ഇടുക്കിയിൽ വന്നിട്ട് മൂന്നുനാലു മാസമേ ആകുന്നുള്ളൂ. ഇടുക്കിയെക്കുറിച്ച് പഠിച്ചു വരുന്നതേയുള്ളൂ. ജനിച്ചത് കൊല്ലത്ത്, പഠിച്ചത് തിരുവനന്തപുരത്ത്. അവിടെ നിന്നൊക്കെ വളരെ വിഭിന്നമായൊരു സ്ഥലത്താണ് ഇപ്പോൾ ജീവിക്കുന്നത്. ഇടുക്കിയെക്കുറിച്ചു കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടുക്കിയിലെ കർഷകരുടെ ദുരിതങ്ങളെപ്പറ്റിയും 2018 ലെ പ്രളയത്തെപ്പറ്റിയുമൊക്കെയുള്ള കുറേ കാര്യങ്ങള്‍ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടുക്കിക്കാർക്കു വേണ്ടി വലിയ തോതിലുള്ള പ്രത്യേക പദ്ധതികളെക്കുറിച്ച് പറയാൻ മാത്രം ഒരു സബ് കലക്ടർക്ക് റോളുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. നിലവിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഒരു സബ് കലക്ടർ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്തങ്ങൾക്കാണ്. ടൂറിസത്തിന് നല്ല സാധ്യതയുള്ള  ഉള്ള സ്ഥലമാണ് ഇടുക്കി.

 

∙ താങ്കളുടെ ഒരു ദിവസം എങ്ങനെയാണ് ?

 

ഓഫിസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. തിരക്കുള്ള ദിവസങ്ങളില്‍ അത് ആറു മണി വരെ പോകാറുണ്ട്. സബ് കലക്ടർ പദവി എന്നത് ഒരു ഫീൽഡ് പോസ്റ്റും കൂടിയാണ്. അപ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾക്കു വേണ്ടി നമുക്ക് ഫീൽഡിലേക്ക് പോകേണ്ടി വരും. അതിനു സമയം നീക്കി വയ്ക്കേണ്ടി വരും. ഇടുക്കിയിലെ ഭൂപ്രകൃതി വ്യത്യസ്തമാണ്. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകണമെങ്കിൽ ഒരുപാടു സഞ്ചരിക്കണം. എന്റെ സബ്ഡിവിഷനകത്ത് മൂന്നു താലൂക്കുകളാണ് വരുന്നത്– തൊടുപുഴ, ഇടുക്കി, പീരുമേട്. തൊടുപുഴയിൽനിന്ന് പീരുമേടു വരെ എത്തണമെങ്കിൽ 3, 4 മണിക്കൂർ വേണം. യാത്രയുടെ ബുദ്ധിമുട്ട് ഇടുക്കിയെ സംബന്ധിച്ചോളം ഉണ്ട്. അതല്ലാതെ സബ് കലക്ടർ എന്ന റോളിൽ പ്രധാനമായും ലാൻഡ് റവന്യൂ റിലേറ്റഡ് ആയിട്ടുള്ള ജോലികളാണ് വരുന്നത്. ഇടുക്കിയെ സംബന്ധിച്ചിടത്തോളം വനം പ്രധാനപ്പെട്ട ഒരു വിഷയമായതു കൊണ്ട് വനാവകാശത്തിനു വേണ്ടി സബ്ഡിവിഷനൽ ലെവൽ കമ്മിറ്റി ഹെഡ് ചെയ്യുന്നത് ഞാനാണ്. അങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്യണം. അതല്ലാതെ വരുന്നത് ലോ ആൻഡ് ഓർഡർ ഇഷ്യൂസ് ആണ്. സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയാണ് സബ് കലക്ടർ. ഇതൊക്കെയാണ് പ്രധാനപ്പെട്ട ജോലികൾ.

 

∙ തിരക്കിനിടയിലും സൗഹൃദങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയാണ് ?.

 

വർക്ക് ലൈഫ് ബാലൻസ് എന്നു പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. എത്ര തിരക്കാണെന്നു പറഞ്ഞാലും നമ്മുടെ സ്വകാര്യ ജീവിതത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. നമ്മൾ ഒരുപാട് ജോലി ചെയ്യുന്നു, പക്ഷേ നമ്മുടെ സ്വകാര്യ ജീവിതം ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ ജോലി കൊണ്ട് സന്തോഷം ലഭിക്കില്ല. രണ്ടും ബാലൻസ് ചെയ്തു കൊണ്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. കിട്ടുന്ന സമയം പറ്റുന്നത്ര ആഘോഷിക്കും. ദിവസവും സുഹൃത്തുക്കളെ കാണാനോ സമയം ചെലവഴിക്കാനോ പറ്റണമെന്നില്ല. ചിലപ്പോൾ ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കലാവും കാണുന്നത്. ഞാൻ വീട്ടിലേക്കു പോകുന്നതു പോലും ഒന്നു രണ്ടു മാസം കൂടുമ്പോഴാണ്. പക്ഷേ ആ സമയം നന്നായി പ്രയോജനപ്പെടുത്താറുണ്ട്. ആസ്വദിക്കേണ്ട സമയം ആസ്വദിക്കുക, ജോലി ചെയ്യുന്ന സമയം നന്നായി ജോലി ചെയ്യുക. ഈ സമയത്ത് ഏത് ജോലിയാണോ ചെയ്തുകൊണ്ടിരിക്കുന്നത് നൂറു ശതമാനം സമർപ്പണത്തോടെ അതു ചെയ്യാൻ ശ്രമിക്കാറുണ്ട്.

 

∙ കരിയറിലെ ഹൃദയ സ്പർശിയായ അനുഭവങ്ങളെക്കുറിച്ച് പറയാമോ?

 

ഒരാൾ ഒരു പ്രശ്നവുമായി നമ്മുടെ പക്കൽ വരുമ്പോൾ അതിനൊരു പരിഹാരം കിട്ടുമെന്ന പ്രതീക്ഷയുണ്ടാകും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റണമെന്നില്ല. ഇടുക്കിയെ സംബന്ധിച്ച് ഭൂമി, വഴി മുതലായവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദുരന്തമേഖലയിലുള്ള ആളുകളുടെ പ്രശ്നങ്ങൾ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ‌‌അവരുടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലുത്. അവരുടെ പ്രശ്നം കേട്ട് അതിനൊരു പരിഹാരം കണ്ടെത്തുമ്പോൾ അവർക്ക് ലഭിക്കുന്ന സന്തോഷമാണ് ഈ ജോലിയിലെ ഏറ്റവും വലിയ സംതൃപ്തി.

കുറച്ചു കാര്യങ്ങൾ പഠിച്ച് സിവിൽ സർവീസ് നേടാം - വിഡിയോ കാണാം 

മുതിർന്ന പൗരൻമാരുടെയും മാതാപിതാക്കളുെടയും ക്ഷേമത്തിന് ഒരു ട്രൈബ്യൂണൽ ഉണ്ട്. അതിന്റെ പ്രിസൈഡിങ് ഓഫിസർ സബ് കലക്ടറാണ്.  മക്കൾ നോക്കുന്നില്ല എന്ന പരാതികളൊക്കെ ധാരാളമെത്താറുണ്ട്. കഴി‍ഞ്ഞ ദിവസം ഒരു അച്ഛൻ മകനെതിരെ പരാതി നൽകി. ആ വയോധികന് നേരേനിൽക്കാനുള്ള ആരോഗ്യം പോലുമില്ല. ശ്വാസംമുട്ടൽ മൂലം അദ്ദേഹം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ഡോക്ടർ കൂടിയായതു കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പീരുമേട്ടിൽ നിന്നാണ് അദ്ദേഹം വന്നത്. മകനെതിരെ കലക്ടറേറ്റിൽ പരാതി കൊടുക്കാൻ വേണ്ടിയാണ് ഇത്രയും ദൂരം സഞ്ചരിച്ച് വന്നത്. തിരിച്ചു പോകാൻ കാശുണ്ടോ എന്നന്വേഷിച്ചപ്പോൾ ഇല്ല എന്നു മറുപടി കിട്ടി. അദ്ദേഹത്തിന്റെ കൈയിൽ 50 രൂപയേ ഉള്ളൂ. ആ തുക മടക്കയാത്രയ്ക്ക് തികയില്ല. 50 രൂപ കൂടി കിട്ടായാൽ കൊള്ളാം എന്നദ്ദേഹത്തിനുണ്ട്. പക്ഷേ ചോദിക്കാൻ അദ്ദേഹത്തിന്റെ ആത്മാഭിമാനം സമ്മതിച്ചില്ല. പിന്നീട് ഞങ്ങൾ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്കു മാറ്റി. അദ്ദേഹം നന്ദി പറഞ്ഞു. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പക്ഷേ നമ്മുടെ കൈയിലുള്ള അധികാരമോ പദവിയോ കൊണ്ട്  ഒരാളുടെ ജീവിതത്തിലെങ്കിലും ഗുണപരമായ വ്യത്യാസം വരുത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തി. 

 

∙ ആതുരശുശ്രൂഷാരംഗത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടോ ?

 

മെഡിക്കൽ പ്രഫഷൻ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ആശുപത്രികളിൽ സന്ദർശനത്തിനായി പോകുമ്പോഴും ഇടുക്കി മെഡിക്കൽ കോളജുമായി ബന്ധപ്പെടുമ്പോഴുമൊക്കെ ആ ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. പക്ഷേ ഇതുവരെ തിരിച്ച് ആ പ്രഫഷനിലേക്ക് പോകണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല. കൊല്ലത്തും മസൂറിയിലും ഒക്കെ നടത്തിയ മെഡിക്കൽ ക്യാംപുകളിൽ എന്റെ മെഡിക്കൽ അറിവുകൾ പ്രയോജനപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. ആ പ്രഫഷനെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ ഇത് ഉപേക്ഷിച്ചു പോകാൻ ആലോചിക്കുന്നില്ല. 

 

∙ ഒരുപാട് കുട്ടികൾ കേരളത്തിനു പുറത്തു പോയി പഠിക്കുന്നതിനെപ്പറ്റി?

 

ഇടുക്കിയെ സംബന്ധിച്ച് ഒരു കണക്കെടുത്തു നോക്കിയാൽ ഒരുപാട് കുട്ടികള്‍ പ്ലസ്ടു കഴിഞ്ഞോ ഡിഗ്രി കഴിഞ്ഞോ മറ്റു രാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങൾക്കും പഠനത്തിനുമൊക്കെയായി പോകുന്നുണ്ട്. പണ്ടു കാലം തൊട്ടേ ബ്രെയിൻ ഡ്രെയിൻ എന്നൊരു സംഗതി നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്ത് ഈ ആൾക്കാരെയെല്ലാം തിരിച്ചു നമ്മുടെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കുട്ടികൾ ആഗ്രഹിക്കുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇവിടെയുണ്ടോ എന്നറിയണം. കേരളം, ഇന്ത്യ അങ്ങനെയുള്ള അതിർവരമ്പുകൾ സൃഷ്ടിച്ചുകൊണ്ട് സ്വപ്നങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടില്ല. അവരുടെ സ്വപ്നങ്ങൾ മറ്റേതെങ്കിലും രാജ്യത്തു പോയാലാണ് സഫലമാക്കാൻ പറ്റുന്നതെങ്കില്‍ തീർച്ചയായിട്ടും അവരെ അങ്ങോട്ട് അയയ്ക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. പക്ഷേ അതോടൊപ്പം ഇതൊരു പൊതുപ്രവണതയായി മാറുമ്പോൾ അതിനെ നമ്മൾ ശ്രദ്ധയോടുകൂടിത്തന്നെ കാണണം. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും അതുപോലെ തന്നെ തൊഴിലവസരങ്ങളിലും ഇത്തരത്തിലുള്ള ആളുകളെ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ട് അവരെ നാട്ടിലേക്ക് ആക‍‍ർഷിക്കാനോ ഇവിടെത്തന്നെ നിർത്താനോ എന്തൊക്കെ സൗകര്യങ്ങൾ  ഒരുക്കാൻ സാധിക്കുമെന്നു ചിന്തിച്ചു തുടങ്ങാൻ സമയമായി.

 

∙ മാൻ മാനേജ്മെന്റിന്റെ പ്രാധാന്യം? 

 

സിവിൽ സർവീസിൽ മാൻ മാനേജ്െമന്റിന് വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും രണ്ട് ടൈപ്പ് ആളുകൾ ഉണ്ടാകും. ഒന്ന്, നമ്മുടെ അടുത്തേക്ക് എന്തെങ്കിലും ആവശ്യമായി വരുന്നവർ, രണ്ട്, നമ്മുടെ സഹപ്രവർത്തകർ. ആവശ്യങ്ങളുമായി വരുന്ന ആളുകളെ ആദ്യം ശ്രദ്ധാപൂർവം കേൾക്കണം. ലിസണിങ് ബ്യൂറോക്രാറ്റ് എന്ന ഒരു കൺസെപ്റ്റ് തന്നെ ഇവോൾവ് ചെയ്തു വരുന്ന സമയമാണിത്. പരാതി കേൾക്കാൻ തയാറായാൽത്തന്നെ അവരുടെ ഏകദേശ പ്രശ്നങ്ങൾ അവസാനിക്കും. മെഡിക്കൽ പ്രഫഷനിലും ഉണ്ട് ഈയൊരു സംഗതി. അവർക്കു പറയാനുള്ളത് കേട്ടതിനു ശേഷം നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ അതിനു വേണ്ട നടപടികൾ സ്വീകരിക്കാം. ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ എന്താണ് പരിഹാരം എന്ന് നിർദേശിക്കാം. എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ നമ്മളെക്കൊണ്ട് പറ്റില്ല. പക്ഷേ ചെയ്യേണ്ടത് മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റോ അതോറിറ്റിയോ ആണെങ്കിൽ ഗൈഡ് ചെയ്യാൻ സാധിക്കും. 

 

പിന്നീടുള്ളത് നമ്മുടെ സഹപ്രവർത്തകര്‍, ബോസ് ഇവരാണ്. അവരെ മാനേജ് ചെയ്യാനായി അവരുടെ കഴിവുകൾ മനസ്സിലാക്കി അവരെ വിശ്വാസത്തിലെടുക്കുക. ഓരോ ജോലിയും ഓരോരുത്തരെയും ഏൽപിക്കാൻ സാധിക്കും. എല്ലാ ജോലിക്കും എല്ലാവരും അനുയോജ്യരാകണമെന്നില്ല. നമ്മുടെ കീഴ്ജീവനക്കാരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അതുപോലെ നമ്മുടെ ബോസിനെയും. ബോസ് നമ്മുടെ റിപ്പോർട്ടിങ് അതോറിറ്റി ആയതുകൊണ്ടു നമ്മള്‍ ഒരു പ്രവൃത്തി ചെയ്യുമ്പോൾ അദ്ദേഹത്തെക്കൂടി വിശ്വാസത്തിലെടുത്തുവേണം അത് ചെയ്യാൻ എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. ഇങ്ങനെ ഈ രണ്ടു ഗ്രൂപ്പിനെയും മാനേജ് ചെയ്യാം. 

 

Content Summary : Dr.Arun S. Nair, IAS, shares his career experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com