ADVERTISEMENT

കച്ചവടക്കാരൻ കുതിരയുമായി യാത്ര ചെയ്യുന്നതിനിടെ കുതിരയ്ക്കു ദാഹിച്ചു. അയാൾ അടുത്തുകണ്ട കൃഷിയിടത്തിലെത്തി. കർഷകൻ കാളയെ ഉപയോഗിച്ചു പൽചക്രം കറക്കി പാടം നനയ്ക്കുകയായിരുന്നു. കച്ചവടക്കാരൻ തന്റെ കുതിരയെ കിണറിന്റെ അരികിലെത്തിച്ചു. പക്ഷേ, പൽചക്രത്തിന്റെ ശബ്ദം കാരണം കുതിര വെള്ളം കുടിക്കാതെ പിറകോട്ടു മാറി.

Read Also : എല്ലാം വാരിക്കൂട്ടണമെന്നു മാത്രം ചിന്തിക്കുന്നവരോട്

കച്ചവടക്കാരൻ ചോദിച്ചു: പൽചക്രം കറക്കുന്നതു നിർത്താൻ കഴിയുമോ? കുതിരയ്ക്കു ഭയമാണെന്നു തോന്നുന്നു. കൃഷിക്കാരൻ പറഞ്ഞു: കാള ചക്രം കറക്കുന്നതു നിർത്തിയാൽ കിണറ്റിൽനിന്നു വെള്ളം പുറത്തേക്കു വരില്ല. ദാഹം മാറണമെങ്കിൽ പൽചക്രത്തിന്റെ ശബ്ദം സഹിച്ചേ മതിയാകൂ. പാർശ്വഫലങ്ങളോടു പൊരുത്തപ്പെടുന്നില്ലെങ്കിൽ പോരായ്മകളിൽതന്നെ തുടരുക എന്നതാണ് ഏകമാർഗം. 

 

ഏത് ഉൽപന്നത്തിനും അവശിഷ്ടങ്ങളുണ്ടാകും. അവയെ സംസ്കരിക്കാനും ഉപയോഗിക്കാനും പഠിക്കണം. ഏതു പരിശ്രമത്തിലും പരാജയത്തിനുള്ള സാധ്യതയും തുല്യമായി നിലനിൽക്കുന്നുണ്ട്. പ്രതിരോധിക്കാൻ കഴിയണം. അസുഖത്തിനുള്ള മരുന്നുകളിൽപോലും പാർശ്വഫലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും. അതിനും ബദൽമാർഗങ്ങൾ സ്വീകരിക്കണം. പൂർണതയിലും ഉത്കൃഷ്ടതയിലും മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഏതെങ്കിലും കർമമുണ്ടാകുമോ? അസ്വാരസ്യങ്ങളെയൊന്നും അഭിമുഖീകരിക്കാതെ എന്തെങ്കിലും നേടിയെടുത്ത ആരെങ്കിലുമുണ്ടാകുമോ? 

 

ദാഹിച്ചു മരിക്കണോ അസ്വസ്ഥതയോടെ വെള്ളംകുടിച്ച് ജീവിക്കണോ എന്ന തിരഞ്ഞെടുപ്പിൽ ഏതു തീരുമാനമായിരിക്കും ശരി? സുഖാനുഭവത്തിലേക്കുള്ള ഓരോ നടപ്പുവഴിയിലും അതതിന്റെ ദുരനുഭവങ്ങൾ കൂട്ടിനുണ്ടാകും. മലമുകളിൽ ചെന്നെത്തിയാൽ അതിമനോഹരമായ കാഴ്ചയും കുളിർകാറ്റുമാണ്. അവിടെ ചെന്നെത്തണമെങ്കിൽ അതിദൈർഘ്യമുള്ള കഠിനവഴികൾ താണ്ടേണ്ടിവരും. വിയർത്തൊലിക്കുമ്പോൾ മാത്രമേ ഇളംകാറ്റിന്റെ വില മനസ്സിലാകൂ. ശീതീകരിച്ച മുറിയിലിരിക്കുന്നവർക്ക് അത് ഒരനുഭൂതിയും നൽകില്ല. 

 

അപശബ്ദം എന്നൊന്നില്ല. തനതു ശബ്ദങ്ങൾ മാത്രമേയുള്ളൂ. ഓരോന്നിനും അതിന്റേതായ സ്വരശൈലികളുണ്ട്. ചിലതു ശ്രുതിമധുരമാകും, ചിലതു ഗർജനമാകും. പ്രതിധ്വനിക്കുന്നവയുണ്ട്, പുറത്തുവരാത്ത ശബ്ദവുമുണ്ടാകും. എല്ലാറ്റിനെയും അംഗീകരിക്കാനും അവയർഹിക്കുന്ന രീതിയിൽ ബഹുമാനിക്കാനും കഴിയുക എന്നതാണ് പ്രധാനം.

 

Content Summary : How to overcome weakness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com