ADVERTISEMENT

വിശാലവും വിപുലവുമാണ് കംപ്യൂട്ടർ എൻജിനീയറിങ് മേഖല എന്നതിനാൽ ശരിയായ അഭിരുചിയോടെ പഠനം തിരഞ്ഞെടുക്കുന്നവർക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ല. ഉയർന്ന ശമ്പളവും പദവിയും ലഭിക്കുന്നതിനൊപ്പം മികച്ച ജീവിതസാഹചര്യത്തിൽ സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അവസരവുമുണ്ട്. തൊഴിൽ സുരക്ഷിതത്വമാണ് മറ്റൊരു പ്രത്യേകത. പുതിയ പ്രവണതകൾക്കൊപ്പം മുന്നേറാനും മാറ്റങ്ങൾ മനസ്സിലാക്കാനും കഴിയുന്നതിനൊപ്പം വെല്ലുവിളികൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള അവസരവുമുണ്ട്. 

Read Also : നൂറിലധികം സ്പെഷലൈസേഷൻസ്, പ്രായഭേദമന്യെ പഠിക്കാം

ഉയർന്ന ശമ്പളം 

 

കംപ്യൂട്ടർ എൻജനീയറിങ്, ഇൻഫർമേഷൻ ട‌െക്നോളജി എന്ന വിവര സാങ്കേതിക വിദ്യ എന്നിവയാണ് പുതിയ കാലത്ത് ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്ന രണ്ട‌ു തൊഴിൽ മേഖലകൾ. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് വിലയിരുത്തൽ പ്രകാരം ദേശീയ ശരാശരിയേക്കാൾ ഇരട്ടി ശമ്പളം ഈ രണ്ടു മേഖലയിലും പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നു. വെബ് ഡവലപ്മെന്റ്, കംപ്യൂട്ടർ സപ്പോർട്ട് ടെക്നീഷ്യൻസ് എന്നീ ജോലികൾക്ക് ബിരുദം വേണ്ടെങ്കിലും ഉയർന്ന ശമ്പളം ലഭിക്കും. ബിരുദം നേടി നെറ്റ്‌വർക്ക് ആർക്കിടെക്റ്റ്, പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്‌വെയർ ഡവലപ്പർ, ഹാർഡ്‌വെയർ എൻജിനീയർ എന്നീ ജോലികൾ ചെയ്യുന്നവർക്ക് ശരാശരി ശമ്പളമാണു ലഭിക്കുന്നത്. ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ മാത്രം ജോലി ചെയ്യാവുന്ന കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ റിസർച് അനലിസ്റ്റുകൾക്ക് താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കാറുണ്ട്. 

 

തൊഴിൽ സുരക്ഷിതത്വം

 

മറ്റേതൊരു മേഖലയെക്കാളും തൊഴിൽ സുരക്ഷിതത്വം കൂടുതലുണ്ട് കംപ്യൂട്ടർ എൻജിനീയറിങ് പഠന മേഖലയിൽ. അടുത്ത 20 വർഷത്തേക്ക് ഈ ജോലിക്കാർക്ക് ആവശ്യം കൂടുകയേയുള്ളൂ എന്നാണ് ഈ രംഗത്തു പഠനം നടത്തിയ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടുന്നത്. യുഎസിൽ മറ്റെല്ലാ തൊഴിൽ മേഖലയും 5 ശതമാനം എന്ന കണക്കിലാണ് വളരുന്നതെങ്കിൽ സോഫ്റ്റ് ‌വെയർ ഡെവലപർ എന്ന ജോലിയുടെ വളർച്ച 24 ശതമാനമാണ്.  ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് എന്ന ജോലിയുടെ വളർച്ച 28 ശതമാനവും. എല്ലാ കംപ്യൂട്ടർ എൻജിനീയറിങ് ജോലികളും ഒരേ ഗതിയിൽ വളരുന്നില്ല. കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, നെറ്റ്‌വർക്ക് ആർക്കിടെക്റ്റ് എന്നീ രംഗങ്ങളിലെ വളർച്ച 5 ശതമാനം മാത്രമാണ്. 

 

യാത്രാ സ്വാതന്ത്ര്യം 

 

കംപ്യൂട്ടർ എൻജിനീയറായി ജോലി ചെയ്യുന്ന വ്യക്തിക്ക് ലോകത്തിന്റെ ഏതു ഭാഗത്തും പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കാവുന്നതാണ്. യുഎസ് ജീവിതരീതികൾ ഇഷ്ടപ്പെടുന്നവർക്ക് ആദ്യത്തെ ചോയ്സ് ആയി സിലിക്കൺ വാലി തന്നെ തിരഞ്ഞെടുക്കാം. എല്ലാ രാജ്യങ്ങളിലും സിലിക്കൺ വാലിക്കു സമാനമായി പ്രധാന നഗരങ്ങളിൽ കംപ്യൂട്ടർ എൻജിനീയർമാർക്ക് ജോലി ചെയ്യാവുന്ന തൊഴിലിടങ്ങളുണ്ട്. ഇലക്ട്രിക്കൽ കാർ, അവയുടെ ഭാഗങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനികൾക്ക് എല്ലാക്കാലത്തും കംപ്യൂട്ടർ എൻജിനീയർമാരെ ആവശ്യമുണ്ട്. കംപ്യൂട്ടർ നെറ്റ്‌വർക്കുള്ള ഏതു വലിയ സ്ഥാപനത്തിനും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരെ ആവശ്യമുണ്ട്. 

Read Also : വ്യത്യസ്ത വിഷയങ്ങളിലെ ബിരുദം ജോലി സാധ്യത കൂട്ടുമോ?...


യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ കംപ്യൂട്ടർ കൺസൽറ്റന്റ് എന്ന ജോലിക്കു വേണ്ടിയും ശ്രമിക്കാവുന്നതാണ്. ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ വിപുലമായ അറിവ് വേണമെന്നു മാത്രം. സൈബർ ആക്രമണങ്ങളിൽ നിന്ന് സ്ഥാപനങ്ങളുടെ ഡേറ്റ സംരക്ഷിക്കുന്നതും ഇവരുടെ ചുമതലയാണ്. ഒരു സ്ഥാപനത്തിന്റെ പ്രോജക്ട് പൂർത്തിയാക്കി, മറ്റൊരു സ്ഥാപനത്തിന്റെ പ്രോജക്ട് ഏറ്റെടുക്കുന്ന രീതിയിലൂടെ ലോകത്തെ വിവിധ കമ്പനികളിൽ സ്ഥലവും സാഹചര്യവും മാറി ജോലി ചെയ്യാനുള്ള അവസരവുമുണ്ട്. 

 

‌പുതുമയ്ക്കൊപ്പം സഞ്ചരിക്കാം

 

കംപ്യൂട്ടർ അധിഷ്ഠിത പ്രവർത്തനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഈ രംഗത്തു പ്രവർത്തിക്കുന്നവർ ഓരോ നിമിഷവും ഏറ്റവും പുതിയ കാര്യങ്ങൾക്കൊപ്പമാണ് ഇടപെടുന്നത്. തങ്ങൾ ആർജിച്ച കഴിവുകൾ കാലാഹരണപ്പെടുന്നില്ലെന്നും ഏറ്റവും പുതിയ വിവരങ്ങളും അറിയാമെന്നും ഉറപ്പാക്കേണ്ടതുണ്ട്. സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്യുന്ന വ്യക്തി സൈബർ ആക്രമണത്തെ തടയാൻ പഠിച്ചത് 5 വർഷം മുമ്പായിരിക്കും. അന്നത്തെ അറിവു വച്ച് 5 വർഷത്തിനു ശേഷമുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനാവില്ല. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ രംഗത്തെ എല്ലാ മാറ്റങ്ങളും അറിഞ്ഞിരിക്കണം. മാനസികമായി മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നവർക്കു മാത്രമേ ഈ രംഗത്തെ ജോലികളിൽ പിടിച്ചുനിൽക്കാൻ കഴിയൂ. 

 

എല്ലാവർക്കുമല്ല എല്ലാ മേഖലയും 

 

‌മികച്ച മറ്റ് ഏതു പ്രഫഷനെയും പോലെ എല്ലാവർക്കും യോജിക്കുന്നതല്ല കംപ്യൂട്ടർ എൻജിനീയറിങ് മേഖലയിലെ ജോലികൾ. നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുന്നത് ഇഷ്ടപ്പെടുന്നവർക്കു മാത്രമേ ഈ മേഖലയിലെ ജോലി ആസ്വദിക്കാനാവൂ. കഴിവുകളും അറിവുകളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യങ്ങളും ഉണ്ടാവും. എന്നാൽ ഇവയൊക്കെ അതിജീവിക്കാൻ കഴിയുന്ന വെല്ലുവിളികളായി കരുതുന്നവർക്ക് ഉയർന്ന  ശമ്പളത്തിൽ, സുരക്ഷിതമായി വർഷങ്ങളോളം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. 

 

Content Summary : 5 advantages of becoming a computer engineer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com