ഡോക്ടർമാർ ദൈവങ്ങളല്ല, അക്രമണകാരികളെ കായികമായി നേരിടാൻ കഴിയണമെന്നില്ല: ഡോ. നവീൻ റസാഖ്

HIGHLIGHTS
  • ഡ്യൂട്ടി സമയം പല ദിവസങ്ങളും 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നീളാറുണ്ട്.
  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവാറില്ല.
dr-naveen-razak
ഡോ. നവീൻ റസാഖ്.
SHARE

ഒരുപാട് പരിമിതിക്കുള്ളിൽ നിന്ന് രാവും പകലും ഒരു പോലെ ജോലി ചെയ്യുന്നവരാണ് സർക്കാർ ആശുപത്രിയിലെ ഹൗസ് സർജന്മാർ. ഏതു പാതിരാത്രിയിലും മുന്നിലെത്തുന്ന രോഗികളെ ഒരു മടുപ്പും കൂടാതെ ശുശ്രൂഷിക്കുന്ന അവർക്ക് സമൂഹം തിരികെ നൽകുന്നത് അപമാനങ്ങളും ആക്രമണങ്ങളും മാത്രം. കൈയ്യേറ്റവും കയ്യാങ്കളിയും കടന്ന് ഇപ്പോൾ  ഒരു ഹൗസ് സർജന്റെ കൊലപാതകത്തിൽ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് അക്രമിയായ അധ്യാപകൻ കുത്തിക്കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ അധികാരിവർഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും മനോഭാവം മാറേണ്ട കാലം അതിക്രമിച്ചുവെന്ന് പറയുകയാണ് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഹൗസ് സർജൻ നവീൻ റസാഖ്.

വ്യക്തിപരമായി ഇത്തരം ആക്രമണങ്ങൾ നേരിട്ടിട്ടില്ലെങ്കിലും എന്റെ സഹപ്രവർത്തകരിൽ പലരും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി പെരിഫെറൽ പോസ്റ്റിങ്ങുണ്ട്. അതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുൾപ്പടെ ജോലി ചെയ്തിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിയൊക്കെയാണ് കൂടുതലും ചെയ്യേണ്ടി വരുന്നത്. ഇത്തരത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവാറില്ല. കഴിഞ്ഞ ദിവസം ഡോ. വന്ദന ദാസിനു നേരെയുണ്ടായ ആക്രമണം പോലെയൊന്ന് എനിക്കു നേരെയാണ് സംഭവിച്ചിരുന്നതെങ്കിൽപ്പോലും  പ്രതിരോധിക്കാൻ കഴിയുമായിരുന്നുവെന്ന് തോന്നുന്നില്ല. മദ്യപാനികളായ ആളുകളുൾപ്പടെയുള്ളവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരുമ്പോൾ ഹൗസ്‌സർജന്മാരും കുറച്ചു നഴ്സിങ് സ്റ്റാഫുകളും മാത്രമായിരിക്കും അവിടെയുണ്ടാവുക. അവർ അക്രമാസക്തരാകുന്ന സന്ദർഭങ്ങളിൽ ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ല. 

ഡ്യൂട്ടി സമയം പല ദിവസങ്ങളും 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നീളാറുണ്ട്. ജീവനക്കാരുടെ കുറവ് മൂലമാണ് അങ്ങനെ സംഭവിക്കുന്നത്. രോഗികളുടെ എണ്ണവും വർധിച്ചു വരുന്നതിനനുസരിച്ച് മതിയായ ആരോഗ്യപ്രവർത്തകരെ ജോലിക്കായി നിയോഗിക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. വർക്ക്പ്ലേസ് സെക്യൂരിറ്റി എന്നത് വളരെ പ്രധാനമാണ്. മുൻപും ഡോക്ടർമാർക്കെതിരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും അതൊക്കെ കേരളത്തിന് പുറത്താണെന്നും ഇവിടെ അങ്ങനെയൊന്നും സംഭവിക്കില്ലെന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. പക്ഷേ ഇപ്പോൾ അടുത്തിടെയായി കേരളത്തിലും ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മുൻപൊക്കെ ശാരീരിക ആക്രമണങ്ങളിൽ ഒതുങ്ങിയെങ്കിൽ ഇത്തവണ അതൊരു കൊലപാതകമായി കലാശിച്ചു. ഇനിയും ഡോക്ടർമാരുടെ സുരക്ഷയ്ക്കു വേണ്ടി നടപടിയെടുത്തില്ലെങ്കിൽ  ഇതുപോലെ ദുരന്തങ്ങൾ ആവർത്തിച്ചേക്കാം.

അപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തുന്നവരും അവരുടെ കൂട്ടിരിപ്പുകാരും അപ്പോഴത്തെ മാനസികാവസ്ഥയിൽ ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടുമൊക്കെ മോശമായി പെരുമാറാറുണ്ട്. പക്ഷേ അതൊക്കെ ഞങ്ങൾക്ക് മനസ്സിലാകുകയും ഞങ്ങൾ പരമാവധി സഹിഷ്ണതയോടെ അവർക്ക് മതിയായി ചികിൽസ നൽകുകയുമൊക്കെ ചെയ്യാറുണ്ട്. മാനസിക വിഭ്രാന്തിയുള്ള ആളുകളെ കൊണ്ടുവരുമ്പോൾ അക്രമ വാസന കാണിക്കുന്നവരെ അവരുടെയൊപ്പമുള്ളവർ കൈകാലുകളൊക്കെ ബന്ധിച്ചാണ് കൊണ്ടു വരുന്നത്.  ആവശ്യത്തിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അത്തരം സാഹചര്യങ്ങളിൽ ചികിൽസ നൽകാറുള്ളത്. 

വിയ്യൂർ ജയിൽ ഇവിടെ അടുത്തായതിനാൽ തടവുകാരായ രോഗികളെ കൊണ്ടു വരാറുണ്ട്. അത്തരക്കാരെ വിലങ്ങു വച്ചാണ് കൊണ്ടുവരാറുള്ളത്. ആക്രമണ സ്വഭാവമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമാണ് വിലങ്ങണിയിക്കാതെ കൊണ്ടു വരുന്നത്. പക്ഷേ ആളുകളുടെ കാര്യത്തിൽ ആർക്കും അത്ര ഉറപ്പു പറയാനാകാത്ത സാഹചര്യത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയ ശേഷം മാത്രം ചികിൽസയ്ക്കെത്തിക്കുന്നതാണുചിതം. അക്രമികളെ കായികമായി നേരിടാനുള്ള പരിശീലനം നേടിയ ആളുകളല്ല ഞങ്ങൾ ഡോക്ടർമാർ.

സങ്കീർണമായ ശസ്ത്രക്രിയയ്ക്കിടയിലും പ്രസവത്തെത്തുടർന്നും ചില  ആളുകൾ മരണപ്പെടുമ്പോൾ അവരുടെ ബന്ധുക്കൾ ഡോക്ടർമാരെ കൈയേറ്റം ചെയ്യാറുണ്ട്. അവരോട് പറയാനുള്ളതിതാണ്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഓരോ മരുന്നും  ഓരോരുത്തരുടെയും ശരീരത്തിൽ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയ, സങ്കീർണമായ പ്രസവം ഇവയ്ക്കെല്ലാം റിസ്ക്കുകളുണ്ട്. ആ സത്യങ്ങൾ അംഗീകരിക്കാനും മനസ്സിലാക്കാനും ശ്രമിക്കണം. രോഗികളായി എത്തുന്നവരെ കഴിവിന്റെ പരമാവധി ചികിൽസിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമാണ് ഓരോ ഡോക്ടർമാരും ശ്രമിക്കുന്നത്. എന്നിട്ടും മരണങ്ങൾ സംഭവിക്കുമ്പോൾ ഡോക്ടർമാരെ ഉപദ്രവിക്കുന്നവർ ഒാർക്കേണ്ട ഒരു കാര്യമുണ്ട്. ഡോക്ടർമാർ ദൈവങ്ങളല്ല. 

Content Summary : Dr.Naveen Razak talks about problems faced by house surgeons

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS