വൈദ്യുതമേഖലയിൽ സാങ്കേതികത്തികവുള്ള മാനേജ്മെന്റ് വിദഗ്‌ധരെ വാർത്തെടുക്കാൻ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫരീദാബാദിലെ നാഷനൽ പവർ ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട്.
ഇവിടത്തെ എംബിഎ പവർ മാനേജ്മെന്റ് പ്രോഗ്രാമിലേക്കു 31 വരെ അപേക്ഷ സ്വീകരിക്കും. വെബ് : https://npti.gov.in. ഫരീദാബാദിലെ ജെസി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ടെക്നോളജിയാണു ബിരുദം നൽകുന്നത്. പ്രോഗ്രാമിന് എഐസിടിഇ അംഗീകാരമുണ്ട്. മുൻ ബാച്ചുകാർക്കു മികച്ച നിയമനം ലഭിച്ചിട്ടുണ്ട്.
ആകെ 120 സീറ്റ്. സംവരണമുണ്ട്. 15 സീറ്റ് സ്പോൺസേഡ് വിഭാഗത്തിൽ.
ഏതെങ്കിലും ബിടെക് അഥവാ തുല്യയോഗ്യത വേണം. അവസാന പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജൂൺ 11ലെ എൻപിടിഐ അഡ്മിഷൻ ടെസ്റ്റിലോ (NAT-2023), CAT/ MAT/ XAT/ CMAT ഇവയൊന്നിലോ സ്കോർ നേടിയിരിക്കണം. ജൂലൈ 4നു ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവുമുണ്ട്. മാനേജ്മെന്റ് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയ്ക്കു യഥാക്രമം 70, 20, 10 മാർക്കു നൽകി റാങ്ക് നിശ്ചയിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ ഊർജ കമ്പനികൾ, വൈദ്യുതി ബോർഡുകൾ, എൻജിനീയറിങ് കോളജുകൾ മുതലായവ സ്പോൺസർ ചെയ്തെത്തുന്നവർക്കു മാനേജ്മെന്റ് ടെസ്റ്റിലെ സ്കോർ വേണമെന്നില്ല. ബിടെക്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, സേവനപരിചയം എന്നിവയ്ക്കു യഥാക്രമം 60, 20, 10, 10 മാർക്കു നൽകി ഇവരുടെ റാങ്ക് നിശ്ചയിക്കും.
ജൂലൈ 7നു സിലക്‌ഷൻ ലിസ്റ്റിട്ട് 17നു കൗൺസലിങ് നടത്തും. അപേക്ഷാഫീ 500 രൂപ. വാർഷിക ഫീ 4 ലക്ഷം രൂപ. സ്പോൺസേഡ് വിഭാഗത്തിന് 6 ലക്ഷം രൂപ. ഹോസ്റ്റൽ വാടക 48,000 രൂപയും ജിഎസ്ടിയും. മറ്റു ഫീസ് പുറമേ.
Content Summary : Study MBA power management at National Power Training Institute