പത്താം ക്ലാസ് കഴിഞ്ഞ് ഗണിതശാസ്ത്രാധിഷ്ഠിത വിഷയങ്ങൾ പഠിച്ചാലോ? അവസരങ്ങൾ ഒരുപാട്; ലക്ഷ്യവും ഇഷ്ടവും ഉണ്ടാകണമെന്നു മാത്രം

HIGHLIGHTS
  • മാർക്ക്, കരിയർ ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കി പതിനൊന്നാം ക്ലാസിൽ ഒരു സ്ട്രീം തിരഞ്ഞെടുക്കാം.
  • ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കണം.
how-to-choose-math-based-subject-after-10th
Representative image. Photo Credits: Ground Picture/ Shutterstock.com
SHARE

സയൻസോ കൊമേഴ്സോ ഹ്യുമാനിറ്റീസോ? പതിനൊന്നാം ക്ലാസിൽ ഏത് സ്ട്രീം തിരഞ്ഞെടുക്കണം? പത്താം ക്ലാസ് പാസായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരിക്കും. തീർച്ചയായും പത്താം ക്ലാസ് എല്ലാ വിദ്യാർഥികളുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ്. എന്തെന്നാൽ, ഒരു കുട്ടി അതുവരെ ജനറൽ വിഷയങ്ങൾ എല്ലാം പഠിച്ച് അടുത്ത തലത്തിൽ ഒരു സ്പെസിഫിക് സ്ട്രീം തിരഞ്ഞെടുത്ത് പഠിക്കാൻ പോകുന്ന സമയമാണ് പതിനൊന്നാം ക്ലാസിലേക്കു ചുവടു വയ്ക്കുന്ന കാലഘട്ടം.

ഈ സമയത്ത് ചില കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ എന്താണു വേണ്ടതെന്നു വ്യക്തത ഉണ്ടായിരിക്കും. എന്നാൽ മറ്റു ചിലർക്ക് അത് പൂർണമായും കണ്ടെത്താൻ സാധിച്ചു എന്നുവരില്ല. അതുകൊണ്ട് പതിനൊന്നാം ക്ലാസിൽ ഒരു സ്ട്രീം തിരഞ്ഞെടുക്കുന്നതിനു മുൻപ് ആശയക്കുഴപ്പമൊഴിവാക്കാൻ ചില പ്രധാന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

വിവിധ മേഖലകളിലും വിഷയങ്ങളിലും ധാരാളം അവസരങ്ങളുള്ള കാലഘട്ടമാണിത്. അഭിരുചി, പത്താം ക്ലാസിൽ  നേടിയ മാർക്ക്, കരിയർ ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കി പതിനൊന്നാം ക്ലാസിൽ ഒരു സ്ട്രീം തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ തീരുമാനം തെറ്റിപ്പോയെന്ന് ഭാവിയിൽ തോന്നാനിടയുണ്ട്. അതുകൊണ്ട് ഒരു സ്ട്രീം തിരഞ്ഞെടുക്കുന്നതിന് മുൻപ് ആത്മപരിശോധന നടത്തുക. അതോടൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും കരിയർ വിദഗ്ധരുടെയും നിർദേശങ്ങൾ കൂടി കേൾക്കണം.

Science
Representative Image. Photo Credit : :yacobchuk/iStock

നമ്മുടെ നാട്ടിൽ കണക്കും ഫിസിക്സും കെമിസ്ട്രിയും ബയോളജിയും കംപ്യൂട്ടറും ഉൾപ്പെടുന്ന ശാസ്ത്രാധിഷ്ഠിത വിഷയങ്ങൾക്കാണ് കുട്ടികൾ മുൻഗണന കൊടുക്കുന്നത്. ഏറ്റവും കൂടുതൽ വഴികൾ വിദ്യാർഥികൾക്കു തുറന്നിടുന്നത് ശാസ്ത്രാധിഷ്ഠിത വിഷയങ്ങളാണെന്ന പൊതു ധാരണ കൊണ്ടാവാമത്. പിസിഎമ്മും (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പിസിബിയും (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) യും ആണ് ശാസ്ത്ര മേഖലയിലെ രണ്ട് പ്രധാനപ്പെട്ട സ്ട്രീമുകൾ. പിസിഎമ്മിൽ കംപ്യൂട്ടർ സയൻസിനും പ്രാധാന്യം ലഭിക്കുന്നു. രണ്ട് സ്ട്രീമുകളിലും ഇംഗ്ലിഷ് പോലുള്ള നിർബന്ധിത ഭാഷാ വിഷയവും ഉണ്ടായിരിക്കും. ലബോറട്ടറികളിൽ പ്രായോഗിക പരിശീലനവും ഉണ്ട്.

പത്താം ക്ലാസിനു ശേഷം ശാസ്ത്രാധിഷ്ഠിത വിഷയങ്ങൾ പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥി ആണെങ്കിൽ വ്യക്തമായ ലക്ഷ്യം ഉണ്ടാവുകയും ആ ലക്ഷ്യം നിലനിർത്താൻ സാധിക്കുകയും വേണം. അതിനായി ശാസ്ത്ര വിഷയങ്ങളിൽ  ഉന്നതമാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾ പങ്കുവെച്ച ചില നുറുങ്ങുകളെക്കുറിച്ച് വായിക്കാം. :- 

Course
Representative Image. Photo Credit : StockImageFactory.com/Shutterstock

1. നിങ്ങളുടെ ദീർഘകാല, ഹ്രസ്വകാല ലക്ഷ്യങ്ങൾ തീരുമാനിക്കുക. ഓരോ ഹ്രസ്വ കാല ലക്ഷ്യവും കൈവരിക്കുമ്പോൾ അതിൽനിന്ന് ഊർജം ഉൾക്കൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുക.

2. ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കണം. എൻജിനീയറിങ്, അലൈഡ് കോഴ്സുകൾ, ഗവേഷണ മേഖല എന്നിവ എങ്ങനെ തൊഴിൽപാതകൾ തുറക്കുമെന്ന് അറിയാനായി ശ്രമിക്കുക. അതിനായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരോടും കരിയർ ഗൈഡുമാരോടും സംസാരിക്കാം.

3. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം നിങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവാകാൻ സാധ്യതയുള്ളതിനാൽ അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങൾ, വ്യക്തിഗത ജീവിതം എന്നിവ സന്തുലിതമായി കൊണ്ടുപോകാവുന്ന ഒരു പഠന ഷെഡ്യൂളും സമയക്രമവും വികസിപ്പിക്കുക, പിന്തുടരുക.

4. നിങ്ങളുടെ പഠന സാമഗ്രികൾ, കുറിപ്പുകൾ, അസൈൻമെന്റുകൾ എന്നിവ എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ സൗകര്യമുള്ള രീതിയിൽ സൂക്ഷിക്കുക. എൻട്രൻസ് പരീക്ഷകൾ ബോർഡ് പഠനത്തോടൊപ്പം കൊണ്ടുപോകാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം ലാഭിക്കാനും  സമ്മർദ്ദം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.

Gulf Higher Secondary Examination
Representative Image. Photo Credit : Chinnapong / iStockPhoto.com

5. പ്രവേശന പരീക്ഷകൾ: മാത്തമാറ്റിക്സ് പ്ലസ്ടുവിന് മുഖ്യ വിഷയമായി പഠിക്കുന്നവർ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശന പരീക്ഷകൾ എഴുതേണ്ടതുണ്ട്. JEE (Main, Advanced - ഐഐടി, എൻ ഐ ടി), NATA (ആർക്കിടെക്ചർ), KEAM (കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്സാം), IISER അഭിരുചി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്), KVPY നാഷനൽ സയൻസ് സ്കോളർഷിപ്പ് (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന) എന്നിങ്ങനെയുള്ള എൻട്രൻസ്, സ്കോളർഷിപ് പരീക്ഷകളെ പറ്റി മനസ്സിലാക്കുകയും ഒരുങ്ങുകയും ചെയ്യുക.

6. ചെറിയ പരാജയങ്ങൾ, വിമർശനങ്ങൾ, വെല്ലുവിളികൾ എന്നിവയിൽ അടിപതറാതെ പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തുകയും അവനവന്റെ കഴിവുകളിൽ വിശ്വസിക്കുകയും ചെയ്യുക. ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ നേട്ടങ്ങൾ ശക്തമായി മുന്നോട്ടു തുടരാനുള്ള ഇന്ധനമായി ഉപയോഗിക്കുക.

പത്താം ക്ലാസിനു ശേഷം വിദ്യാർഥികൾ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങൾ പഠിച്ചാൽ  നിരവധി തൊഴിൽ ഓപ്ഷനുകളിൽ ലഭ്യമാണ്. ചിലത് ചുവടെ ചേർക്കുന്നു.

engineer
Representative Image. Photo Credit: saravutpics/Shutterstock

1. പരമ്പരാഗത എൻജിനീയറിങ്:- ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, മെക്കാനിക്കൽ എന്നിവ പരമ്പരാഗതവും എന്നാൽ പുതിയ കാലഘട്ടത്തിന് അനിവാര്യവുമായ മേഖലകളാണ്. കംപ്യൂട്ടർ സയൻസ് ഇതിൽ പെടുമെങ്കിലും നിലവിൽ അതിനെ പല ഉപ മേഖലകളായി തിരിച്ചുള്ള സ്പെഷലൈസേഷൻസ് എൻജിനീയറിങ് തലത്തിലും ഡിഗ്രിതലത്തിലും ലഭ്യമാണ്.

architecture
Representative Image. Photo Credit : t:TommasoT/istock

 2. ആർക്കിടെക്ചർ:- ശാസ്ത്രത്തിലും ഡിസൈനിലും താൽപര്യമുള്ള വിദ്യാർഥികൾക്ക് ആർക്കിടെക്ചർ വിഷയങ്ങൾ തിരഞ്ഞെടുക്കാം. കെട്ടിടങ്ങളുടെ ഘടനയിലും രൂപകൽപനയിലും നിർമാണത്തിലും ശാസ്ത്രീയ തത്വങ്ങളുടെ പ്രയോഗം ഇതിൽ ഉൾപ്പെടുന്നു.

 3.  അഡ്വാൻസ് സയൻസ്,: എൻജിനീയറിങ് പഠനത്തിന് പോകാൻ താൽപര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പോലുള്ള ശാസ്ത്ര വിഷയങ്ങളും അവയിലെ നിർദ്ദിഷ്ട വിഷയ കോഴ്സുകളും ഡിഗ്രി പഠനത്തിന് തിരഞ്ഞെടുക്കാം. അതിനുശേഷമുള്ള ഉന്നത പഠനം വഴി അധ്യാപനം, ഗവേഷണ അവസരങ്ങൾ, ശാസ്ത്രീയ ലബോറട്ടറി ഉത്തരവാദിത്തങ്ങൾ, കോർപറേറ്റ് മേഖലയിലെ ജോലികൾ  എന്നിവയിലേക്ക് നയിച്ചേക്കാം. 

course
Representative Image. Photo Credit : Metamorworks / iStockPhoto.com

ഉദാ: ആക്ച്വറിയൽ സയൻസ്-ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിൽ ഡാറ്റ വിശകലനം ചെയ്യുന്നതിനും മരണനിരക്ക്, അപകടങ്ങളുടെ ആവൃത്തി, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ പോലുള്ള ഭാവി സംഭവങ്ങളെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നതിനും ആക്ച്വറികൾ ഗണിതശാസ്ത്രപരവും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിക്കുന്നു.  

പ്രീമിയങ്ങൾ നിർണ്ണയിക്കുന്നതിനും നിക്ഷേപ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും, പെൻഷൻ ഫണ്ടുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഈ പ്രവചനങ്ങൾ നിർണായകമാണ്. ഗണിതം, സ്ഥിതിവിവരക്കണക്ക്, ധനകാര്യം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ തങ്ങളുടെ വൈദഗ്ധ്യം പ്രയോഗിക്കുന്ന പ്രഫഷനലുകളാണ് ആക്ച്വറികൾ.

 4. പുതു യുഗ എമേർജിങ് ടെക്നോളോജികളും കോഴ്സുകളും:-

A) ബയോമെഡിക്കൽ/ബയോ ടെക്നോളജി: ഈ ഇന്റർ ഡിസിപ്ലിനറി ഫീൽഡ് വിദ്യാർഥികൾക്ക് എൻജിനീയറിങ് സ്പെഷലൈസേഷൻ ആയിട്ടും അല്ലെങ്കിൽ ഡിഗ്രി സയൻസിന്റെ ഭാഗമായിട്ടും എടുത്തു പഠിക്കാവുന്നതാണ്. നൂതന ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളും മെഡിക്കൽ ഉപകരണങ്ങളും രൂപകൽപന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി മാത്തമാറ്റിക്സ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയുടെ തത്വങ്ങൾ സംയോജിപ്പിച്ച് പഠിക്കുന്ന മേഖലയാണ് ബയോ മെഡിക്കൽ ഫീൽഡ്.

robot-artificial-intelligence-data-science-nanostockk-istockphoto-com
Representative Image. Photo Credit : NanoStockk / iStockPhoto.com

B. റോബട്ടിക്സ്/ ഓട്ടമേഷൻ: റോബട്ടുകളുടെയും, ഓട്ടമാറ്റിക് സിസ്റ്റങ്ങളുടെയും രൂപകൽപന, നിർമാണം, പ്രോഗ്രാമിങ് എന്നിവ ഉൾപ്പെടുന്നു. ഇൻഡസ്ട്രിയൽ ഓട്ടമേഷൻ മെഡിക്കൽ ഡിറ്റക്‌ഷൻ സർജറി, ബഹിരാകാശ ഗവേഷണം എന്നിങ്ങനെ നിരവധി മേഖലകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ റോബട്ടിക്സ് എൻജിനീയർമാർ വികസിപ്പിക്കുന്നു ഡിജിറ്റൽ യുഗത്തിലും ഇൻഡസ്ട്രി 5.0 യിലും നിരവധി തൊഴിലവസരങ്ങളാണ് വന്നുചേരാൻ പോകുന്നത്.

C. നാനോ ടെക്നോളജി:- ഇലക്ട്രോണിക്സ്, എനർജി, മെറ്റീരിയൽ സയൻസ്, മെഡിസിൻ എന്നീ മേഖലകളെല്ലാം സംയോജിപ്പിച്ച് പ്രവർത്തനങ്ങളും ആപ്ലിക്കേഷനുകളും സൃഷ്ടിക്കുന്നതിന് മെറ്റീരിയലുകളും ഘടനകളും രൂപകല്പന ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും നാനോ ടെക്നോളജി വിദഗ്ധർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

course
Representative Image. Photo Credit : michaeljung/Shutterstock

D.അസ്ട്രോ ഫിസിക്സ്/ അസ്ട്രോണമി:- ബഹിരാകാശത്തെയും ആകാശ ഗോളങ്ങളെയും കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് അസ്ട്രോ ഫിസിക്സിലോ അസ്ട്രോണമിയിലോ ഉന്നത വിദ്യാഭ്യാസം നേടി കരിയർ തിരഞ്ഞെടുക്കാം. ഭൗതിക ശാസ്ത്രത്തിലും കണക്കിലും ഉള്ള തത്വങ്ങൾ ഉപയോഗിച്ച് പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നു.

E. ഡേറ്റ സയൻസ്:- ഡേറ്റ അധിഷ്ഠിതമായി തീരുമാനമെടുക്കുന്ന ഈ കാലഘട്ടത്തിൽ ഡേറ്റാ സയൻസിന്റെ പ്രാധാന്യം വളരെയധികം മുമ്പിലാണ്. ഗണിതത്തിലും വിശകലന രീതികളിലുമുള്ള താൽപര്യവും പശ്ചാത്തലവും ഇതിനാവശ്യമാണ്. ഡേറ്റ സയന്റിസ്റ്റായും ഡേറ്റ അനലിസ്റ്റായും ബിസിനസ് അനാലിസിസ് സ്ട്രാറ്റജിസ്റ്റ് ആയുമൊക്കെ കരിയർ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടും.

data-science
Representative Image. Photo Credit : Thinkhubstudio / iStockPhoto.com

F. സുസ്ഥിര വികസന / പരിസ്ഥിതി ടെക്നോളജി കോഴ്സുകൾ:- സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ലോകം മുഴുവനും ഊന്നൽ നൽകുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി മാനേജ്മെന്റ്,  ഊർജ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ജലസംരക്ഷണ സാങ്കേതിവിദ്യകൾ എന്നിവ  രൂപകൽപന ചെയ്യുന്നതിനും നടത്തുന്നതിനും ഈ വിഷയം പഠിച്ചവർക്ക് നിരവധി തൊഴിൽ അവസരങ്ങളാണ് വന്നുചേരാൻ പോകുന്നത്.

G. സൈബർ സുരക്ഷ: ഈ വിഷയത്തിൽ എൻജിനീയറിങ് സ്പെഷലൈസേഷനായോ ബിരുദമായോ പഠിക്കാവുന്നതാണ്. വർധിച്ചു വരുന്നസൈബർ ആക്രമണ ഭീഷണിയും ഡിജിറ്റൽ സംവിധാനങ്ങൾ സംരക്ഷിക്കേണ്ട പ്രാധാന്യവും കാരണം ഈ മേഖലയ്ക്ക് ഗണ്യമായ പ്രാധാന്യമാണ് ലഭിക്കുന്നത്.

cyber-security
Repraprastave Image. Photo credit : 13_Phunkod / Shutterstock.com

H. അഗ്രികൾച്ചർ ടെക്നോളജി: കാർഷിക കാര്യക്ഷമത, ഉൽപാദനക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തവും ഉപയോഗവും ആണ് അഗ്രികൾച്ചറൽ ടെക്നോളജി രംഗത്തിന്റെ മുഖ്യ ഊന്നൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ കൃഷിയിലേക്ക് സംയോജിപ്പിക്കുന്നത് വ്യവസായ രംഗം വളർത്താനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും സഹായിക്കുന്നു.

മേൽപറഞ്ഞ ടെക്നോളജികൾ എൻജിനീയറിങ് സ്പെഷലൈസേഷനായോ ഡിഗ്രി സയൻസിന്റെ ഭാഗമായോ എടുത്തു പഠിക്കാവുന്നതാണ്.

5. ഡിഫൻസ് ആൻഡ് റിസർച്ച്:- മാത്തമാറ്റിക്സ് മുഖ്യ വിഷയമായി പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികൾക്ക് ഡിഫൻസ് ആൻഡ് റിസർച്ച് ഓർഗനൈസേഷനുകൾ, സ്പേസ് റിസർച്ച്, കംബൈൻഡ് ഡിഫൻസ് സർവീസ് എന്നീ മേഖലകളിലെ മത്സര പരീക്ഷകളിലും തുടർ ജോലിയിലും  നന്നായി പെർഫോം ചെയ്യാനും മുന്നേറാനും മുൻതൂക്കം ലഭിക്കുന്നു.

research
Representative Image. Photo Credit : GBALLGIGGSPHOTO/istock

6. സംയോജിത ഇന്റർ ഡിസിപ്ലിനറി ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ: പ്ലസ് ടു കഴിഞ്ഞു മാത്തമാറ്റിക്സ് പഠിച്ച കുട്ടികൾക്ക് മറ്റു സയൻസ് വിഷയങ്ങളോ ഹ്യൂമാനിറ്റീസ് വിഷയങ്ങളോ കോമേഴ്‌സ് വിഷയങ്ങളോ ചേർത്തു സംയോജിത ഇന്റർ ഡിസിപ്ലിനറി ബിരുദ കോഴ്സുകൾ ഇന്ത്യയ്ക്കകത്തും വിദേശ സർവകലാശാലകളിലും ചെയ്യാവുന്നതാണ്. പുതിയ വിദ്യാഭ്യാസ നയം ഇത്തരം കോഴ്സുകളെ  പ്രോൽസാഹിപ്പിക്കുന്നുമുണ്ട്. പുതിയ കാലത്തെ ഗണിതാധിഷ്ഠിതമായ സ്പെഷലൈസേഷനുകളും പരമ്പരാഗതമായി ഇപ്പോഴും പ്രാധാന്യമുള്ള മേഖലകളിലെ ഉദാഹരണങ്ങളും മാത്രമാണ് മുകളിൽ പ്രതിപാദിച്ചത്. സാങ്കേതികവിദ്യ പുരോഗമിക്കുന്നത് അനുസരിച്ച് ഇനിയും നിരവധി മേഖലകൾ ഉയർന്നു വരുന്നതാണ്.

maths-research
Representative Image. Photo Credit: Flamingo Images/Shutterstock

മുകളിൽ പറഞ്ഞ മേഖലകളിൽ ഏതിലും ശോഭിക്കണമെങ്കിൽ കണക്കിനോട് ഇഷ്ടവും ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ ശാസ്ത്ര വിഷയങ്ങളോട് അഭിരുചിയും നൈപുണ്യവും ഉണ്ടായിരിക്കേണ്ടതാണ്. ഏറ്റവും മനോഹരവും ശക്തവുമായ സൃഷ്ടിയാണ് ഗണിതശാസ്ത്രം. ലോകത്തിന്റെ ഓരോ സ്പന്ദനവും കണക്കിലൂടെയാണെന്ന് സ്ഫടികം സിനിമയിലെ ചാക്കോ മാഷ് പറഞ്ഞത് വെറുതെയല്ല. 

കണക്ക് ഇഷ്ടമില്ലാത്തവർ സയൻസ് മേഖല ഉപേക്ഷിച്ച് പോകേണ്ട കാര്യമില്ല. കണക്കിൽനിന്നു രക്ഷപ്പെടാനായി ഹ്യുമാനിറ്റീസും കൊമേഴ്സും ഒരു ധാരണയുമില്ലാതെ തിരഞ്ഞെടുക്കുന്നവരുണ്ട്. അവർക്ക് ഗണിതം ഇല്ലാത്ത ബയോളജി അധിഷ്ഠിതമായ വിഷയങ്ങൾ തിരഞ്ഞെടുക്കാം. അതിനെപ്പറ്റി ലേഖനത്തിന്റെ അടുത്ത ഭാഗത്തിൽ പറയാം. 

(മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ് ലേഖകൻ).

Content Summary : Mentor Spark - Career- Column- Dr.Ajith Sankar talks about how to choose math-based subjects after 10th

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA