ADVERTISEMENT

ടെലികോം രംഗത്ത് 5ജി തരംഗത്തിലേക്ക് ഉണരുകയാണ് ലോകം. ഡേറ്റ കൈമാറ്റത്തിനുള്ള ‘മിന്നൽ’ സർവീസാണു 5ജി, 4ജിയുടെ പത്തിരട്ടിയിലേറെ വേഗം. എല്ലാമേഖലകളിലും 5ജി കരുത്തുകാട്ടുമെന്നാണു വിദഗ്ധരുടെ പ്രവചനം. ഇന്റർനെറ്റ് ഓഫ് തിങ്സ് മുതൽ വെർച്വൽ റിയാലിറ്റി വരെ നവകാല ഡിസ്റപ്ടീവ് സാങ്കേതികവിദ്യകളെ 5ജി ത്വരിതപ്പെടുത്തും.

 

 തൊഴിൽസാധ്യതകൾ

 

ഏതാനും വർഷങ്ങൾക്കകം 2000 കോടി ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 5ജി തട്ടകം കണ്ടെത്തുമെന്നു അനലിറ്റിക്കൽ ഏജൻസിയായ ഐഎച്ച്എസ് മാർക്കിറ്റ് പറഞ്ഞിരുന്നു. 30 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നാണു പ്രവചനം. പ്ലസ്ടു പഠനം കഴിഞ്ഞ് പുതിയ കരിയർ പദ്ധതി ആവിഷ്കരിക്കുന്നവർ 5ജികൂടി മനസ്സിലോർക്കണം.

 

നിലവിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ ബിരുദതലത്തിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് കമ്യൂണിക്കേഷ നൊപ്പം മൈനർ ബിടെക് എന്ന നിലയിൽ 5ജി കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്. വിദേശത്തുൾപ്പെടെ ഫൈവ് ജി, സിക്സ് ജി സാങ്കേതികവിദ്യകളിൽ മാസ്റ്റേഴ്സ് പഠനവുമുണ്ട്.

 

നിലവിലെ  5ജിയിലേക്കുള്ള മാറ്റത്തിനും തുടർന്നുള്ള സുഗമമായ നടത്തിപ്പിനും മികച്ച ടെലികോം എൻജിനീയർമാരെ ആവശ്യമുണ്ട് – 5ജി റെഡി സ്പെഷലിസ്റ്റുകൾ. എൽടിഇ അഡ്വാൻസ്ഡ് പ്രോ, സോൺ, സി-റാൻ, ഹെറ്റ്നെറ്റ്, മൊബൈൽ എഡ്ജ് കംപ്യൂട്ടിങ്, എൻഎഫ്വി, എസ്ഡിഎൻ, നെറ്റ്വർക് സ്ലൈസിങ്, മെഷ് നെറ്റ്വർക്സ്, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരെയാണ് ആവശ്യം. 

 

സിസ്കോ ഉൾപ്പെടെയുള്ള കമ്പനികളുടെ സർട്ടിഫിക്കേഷനുകൾ ഗുണം ചെയ്യും. 5g-courses.com എന്ന വെബ്സൈറ്റിൽ ഈ രംഗത്തെ വിവിധ കോഴ്സുകളുണ്ട്. ചില വിദേശ സർവകലാശാലകളിൽ 5ജി എംഎസ് കോഴ്സുകളുണ്ട്. വളരെക്കുറച്ചുപേർ മാത്രമുള്ള രംഗമായതിനാൽ രാജ്യാന്തര തലത്തിൽ 5ജി സാങ്കേതികവിദഗ്ധർക്കു മികച്ച ശമ്പളപ്പാക്കേജാണു ലഭിക്കുന്നത്. 

 

നിലവിൽ സ്വന്തം സെർവറുകളിലും കംപ്യൂട്ടറുകളിലും നടത്തുന്ന 90 % പ്രവർത്തനങ്ങളും 5ജി എത്തുന്നതോടെ ക്ലൗഡിലേക്കു മാറും. ഒരു കേന്ദ്രീകൃത സെർവറിലായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ നടക്കുക. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തു ജോലി ചെയ്യുന്നവർക്ക് ആഗോളവ്യാപകമായി ഡിമാൻഡ് ഏറും. ടെസ്റ്റ് ഓട്ടമേഷൻ സ്പെഷലിസ്റ്റുമാർ, പൈഥൺ, ജാവ, ഡോട്ട് നെറ്റ്, സി പ്ലസ്പ്ലസ് ഡവലപ്പേഴ്സ് തുടങ്ങിയവർക്കെല്ലാം സുവർണാവസരങ്ങളായിരിക്കുമെന്നും കരുതപ്പെടുന്നത്.

 

വെർച്വൽ റിയാലിറ്റി ഇപ്പോൾ തന്നെ മൊബൈലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ എത്തിക്കഴിഞ്ഞു. എങ്കിലും ഇപ്പോഴും ഇതു പ്രാരംഭ ദിശയിലാണ്. 5ജി എത്തുന്നതോടെയാകും യഥാർഥ വളർച്ച. വെർച്വൽ റിയാലിറ്റിയിൽ നിലവിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കും  മികച്ച അവസരം കിട്ടും. വികസിതമേഖലയായ സൈബർസുരക്ഷയിലും 5ജി വരുമ്പോൾ പ്രസക്തി പതിന്മടങ്ങു വർധിക്കും. 5ജിയോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയുടെ വളർച്ചയേറും. കോടിക്കണക്കിനു ഉപകരണങ്ങൾ ബന്ധിക്കപ്പെടുന്ന ഇന്റർനെറ്റ് സൂപ്പർ ഹൈവേ വരും. ഏതെങ്കിലും തരത്തിലുള്ള ഒരു സുരക്ഷാപ്പിഴവ് തന്നെ ഐഒടിയെ സാരമായി ബാധിച്ചേക്കാം. അതിനാൽതന്നെ സൈബർ സെക്യൂരിറ്റി മേഖലയിൽ വൻ കുതിച്ചുചാട്ടം വരും. ഫൈവ്ജി മേഖല കരിയറാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇങ്ങനെ പലവിധ സാധ്യതകളാണ് മുന്നിലുള്ളത്.

 

Content Summary : Is it good to choose 5G after plus two?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com