ഇന്ത്യയിലും വിദേശത്തും വെൽനസ് കോച്ച് ആകാം; പഠിക്കാം ആരോഗ്യ ടൂറിസത്തിന് സാധ്യതയുള്ള പുതുതലമുറ കോഴ്സ്

HIGHLIGHTS
  • മൂന്നുമാസത്തെ ഇന്റേൺഷിപ് കാലയളവിൽ താമസവും ഭക്ഷണവും സ്റ്റൈപൻഡും ലഭിക്കും.
  • ആയുർവേദവും ഫിസിയോതെറപ്പിയും സ്പാ സൗകര്യങ്ങളും സംയോജിപ്പിച്ചുള്ള കോഴ്സ്.
active-ageing
Representative Image. Photo Credit : Ridofranz/iStock
SHARE

പ്രായമായി, നാട്ടിൽ ഒറ്റയ്ക്കായിപ്പോയ അച്ഛനെ ശുശ്രൂഷിക്കാൻ റോബട്ടിനെ ഏർപ്പാടാക്കിയ മകനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’. ആ അച്ഛന്റെ സാഹചര്യം നമുക്കെല്ലാം മനസ്സിലാകും. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണമേറുന്നു. അവരുടെ കരുതൽ ഇനിയുള്ള കാലത്ത് കൂടുതൽ ശ്രദ്ധയർഹിക്കുന്ന വിഷയമാണ്. കാലത്തിന്റെ ഈ ചുവരെഴുത്ത് വ്യക്തമാക്കുന്ന കോഴ്സാണ് കാലടി സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രം പുതുതായി തുടങ്ങുന്ന പിജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിങ് ആൻഡ് വെൽനെസ് റീഹാബിലിറ്റേഷൻ. 

Read Also : പേടിയല്ല, ആവേശമായിരുന്നു അഭിമുഖം

ഫിസിയോതെറപ്പി ബിരുദധാരികൾക്കും (ബിപിടി) നാച്യുറോപ്പതി ആൻഡ് യോഗിക് സയൻസ് ബിരുദധാരികൾക്കും (ബിഎൻവൈഎസ്) ചേരാവുന്ന പുതുതലമുറ പ്രോഗ്രാം. 2025ൽ ലോകത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം 120 കോടിയായിരിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ വേൾഡ് സോഷ്യൽ റിപ്പോർട്ട് പ്രകാരം 2050ൽ ഇത് 200 കോടിയാകും. ഇതിൽ 80 ശതമാനം ആളുകളും വികസിത രാജ്യങ്ങളിലായിരിക്കും. 

പ്രായമാകുന്നവരുടെ മാനസിക, ശാരീരിക ആരോഗ്യവും സുസ്ഥിതിയും മെച്ചപ്പെടുത്തി സമൂഹത്തിന് കൂടുതൽ സംഭാവനകൾ നേടിയെടുക്കാൻ ലക്ഷ്യമിട്ട് 2020 മുതലുള്ള പത്തുവർഷം Decade of healthy ageing ആയി യുഎൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. പല രാജ്യങ്ങളും ഇതിനകം തന്നെ മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരമുയർത്താൻ ആരോഗ്യമേഖലയിൽ കാര്യമായ പരിഷ്കാരങ്ങൾ നടപ്പാക്കിക്കഴിഞ്ഞു. ആരോഗ്യ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള കേരളത്തിൽ ആയുർവേദവും ഫിസിയോതെറപ്പിയും സ്പാ സൗകര്യങ്ങളും സംയോജിപ്പിച്ചുള്ള പുതുതലമുറ പാഠ്യപദ്ധതിയാണ് കാലടി സർവകലാശാല അവതരിപ്പിച്ചിരിക്കുന്നത്.

ഇൻഡസ്ട്രിയൽ ഫോക്കസ്

രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷം നീളുന്ന കോഴ്സിൽ വെൽനെസ്, തെറപ്പി സെന്ററുകളിൽ പ്രായോഗിക പരിശീലനവും പ്രൊജക്ട് വർക്കുമുണ്ട്. മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, വ്യക്തിത്വ വികസന പരിശീലനവും കോഴ്സിന്റെ ഭാഗമാണ്. മൊത്തം 85,000 രൂപയാണ് ഫീസ്. മൂന്നുമാസത്തെ ഇന്റേൺഷിപ് കാലയളവിൽ താമസവും ഭക്ഷണവും സ്റ്റൈപൻഡും ലഭിക്കും.

പഠനശേഷം ഇന്ത്യയിലും വിദേശത്തും കെയർ ഹോമുകൾ, റിട്ടയർമെന്റ് ഹോമുകൾ, പ്രകൃതി ചികിത്സാ കേന്ദ്രങ്ങൾ, യോഗ സെന്ററുകൾ, ആയുർവേദ റിസോർട്ടുകൾ, ക്ലിനിക്കുകൾ തുടങ്ങിയിടങ്ങളിലായി ഇന്റഗ്രേറ്റഡ് സ്പാ തെറപ്പിസ്റ്റ്, സ്പാ മാനേജർ, ഇന്റഗ്രേറ്റഡ് കെയർ മാനേജർ, വെൽനെസ് കോച്ച്, വെൽനെസ് കൺസൽറ്റന്റ് എന്നിങ്ങനെയുള്ള തൊഴിലവസരങ്ങൾ ലഭ്യമാകും.

ആകെ 12 സീറ്റുകൾ

ബിപിടി, ബിഎൻവൈഎസ് എന്നിവയിൽ ലഭിച്ച മാർക്ക്, ഗ്രൂപ്പ് ഡിസ്കഷനിലെയും ഇന്റർവ്യൂവിലെയും പ്രകടനം, ശാരീരികക്ഷമത എന്നിവ കണക്കിലെടുത്താണു പ്രവേശനം. ആകെയുള്ള 12 സീറ്റുകളിൽ മൂന്നെണ്ണം കേരളത്തിനു പുറത്തുള്ളവർക്കാണ്. പ്രായപരിധി 35 വയസ്സ്. ജൂൺ 5 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ് www.ssus.ac.in. സംശയങ്ങൾക്ക് 94470 36008 (ക്യാംപസ് ഡയറക്ടർ).

Content Summary : Apply for the PG diploma in active ageing and wellness rehabilitation at Sanskrit University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS