ADVERTISEMENT

പത്താം ക്ലാസിന്റെയും, പ്ലസ്ടുവിന്റെയും ഫലം  വരുന്ന സമയങ്ങളിൽ ഓർമകൾ ഇരച്ചെത്താറുണ്ട്. 'ഡിലീറ്റ്' ആകാത്ത ഓർമകൾ ഇങ്ങനെ നീണ്ടു കിടക്കുകയാണല്ലോ. അതിൽ അവഗണനയുടെ വേദനയും അധ്യാപികയുടെ സ്നേഹത്തിന്റെയും ആശ്ലേഷത്തിന്റെയും ചൂടുമുണ്ട്.  പ്ലസ്ടുവിലെ അവസാന പരീക്ഷയുടെ തലേ ദിവസം, ഉൗക്കോടെ വന്ന വയറുവേദന ഒറ്റ രാത്രികൊണ്ട് ജീവിതം മാറ്റിമറിച്ചു. വൈകിട്ട് തുടങ്ങിയ വേദന രാത്രിയായിട്ടും കുറയുന്നില്ല. ഒപ്പം നിർത്താതെ ഛർദിയും. ആശുപത്രിയിൽ എത്തി ഡ്രിപ്പ് ഇട്ടു, ഇഞ്ചക്ഷൻ എടുത്തു. നേരം പുലർന്നപ്പോൾ അൽപം ആശ്വാസമുണ്ട്. വേദനയും ഒപ്പം ഉണ്ടായ ഛർദിയും എന്നെ തളർത്തി. പരീക്ഷ എഴുതേണ്ട ഞാൻ അതിനുള്ള ആരോഗ്യമില്ലാതെ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി. 

 

പരീക്ഷ കഴിഞ്ഞെത്തിയ കൂട്ടുകാരികളിൽ പലരും കാണാനെത്തി. പരീക്ഷ എഴുതാനാകാത്തതിന്റെ ദുഃഖവും ഭാവിയെക്കുറിച്ചുള്ള ചിന്തയും എന്നെ മാത്രമല്ല അമ്മയെയും ആകെ തളർത്തിയിരുന്നു. അന്ന് ഒരു വിഷയത്തിന് തോറ്റവർക്ക് സേ പരീക്ഷ എഴുതാം. എന്നാൽ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. ഞാൻ പരീഷ എഴുതിയിട്ടില്ല. പരീക്ഷ എഴുതാത്തവർക്ക് സേ പരീക്ഷ എഴുതാൻ കഴിയില്ലെന്നുള്ള പറച്ചിലുക‍ൾ അങ്ങിങ് കേൾക്കാം. പരീക്ഷയും മാർക്കുമല്ല  ജീവിതം നിർണയിക്കുന്നതെന്ന ബോധ്യം അന്നില്ല. തുടർ പഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിന്റെ മുറിവ് വലുതായി വന്നു. പഠനം വഴിമുട്ടിയെന്ന് ഞാൻ കരുതി. ആ നാളുകളിൽ അനുഭവിച്ച മാനസിക വേദനയുടെ തീവ്രതയും തീക്ഷ്ണതയും വിവരിക്കാൻ കഴിയില്ല.

 

മേയ് അവസാനിക്കാറായപ്പോഴെക്കും ഫലം വന്നു. എഴുതിയ പരീക്ഷയെല്ലാം ജയിച്ചിരുന്നു. ഫലം വന്ന ദിവസം സ്കൂളിന്റെ പ്രിൻസിപ്പലും ഞങ്ങളുടെ പൊളിറ്റിക്സ്  അധ്യാപികയുമായ മിനി (യഥാർഥ പേരല്ല) ടീച്ചറെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. സേ പരീക്ഷയെ കുറിച്ച് അന്വേഷിക്കണം. മഴയുണ്ട്. ഞാനും അമ്മയും മനസ്സിന്റെ കനം പുറത്തു കാണിക്കാതെ നടന്നു. വീടെത്തി, ടീച്ചറെ കാണാനാണ് വന്നതെന്നു പറഞ്ഞു.  

 

കാറു മൂടിയ വൈകുന്നേരം തോരാതെ പെയ്യുന്ന മഴയത്ത് ഞങ്ങൾ ആ വീടിന്റെ മുറ്റത്ത് കാത്തുനിന്നു. എത്ര നേരം നിന്നു എന്നറിയില്ല. എനിക്കും അമ്മയ്ക്കും പരസ്പരം മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. ‌‌ടീച്ചർ കാണിച്ച അവഗണനയുടെ വേദന ഏതു മഴയിലാണലിഞ്ഞു പോകുക? രണ്ടു വർഷം എന്നെ പഠിപ്പിച്ച അധ്യാപികയാണ്, പ്രൻസിപ്പലാണ്, മൂന്നു മക്കളുടെ അമ്മയാണ്. പരീക്ഷ എഴുതാന്‍ സാധിക്കാത്തതിലും വലിയ വേദനയായി പോയി ഈ തിരസ്കാരം. 

 

ടീച്ചർ പുറത്തേക്കു വന്നു. ദൈന്യത നിറഞ്ഞ രണ്ടു മുഖങ്ങൾ അവർ കണ്ടില്ല. സ്നേഹത്തിന്റെ ഭാഷയും അധ്യാപികയുടെ പെരുമാറ്റവും ഇല്ല. 

‘പരീക്ഷ എഴുതാൻ പറ്റുമോ എന്ന് എനിക്കറിയില്ല. അന്ന് എങ്ങനെയും വന്ന് പരീക്ഷ എഴുതാൻ പറഞ്ഞതല്ലേ’. 

അവഗണനയുടെ വേദനയും പേറി ഞങ്ങളാ വീടിന്റെ പടി കടന്നു. 

 

എഴുതാൻ കഴിയുമെന്ന ഉറപ്പില്ലാതെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ തീരുമാനിച്ചു. ട്രഷറിയിൽ പണമടച്ചു. അപേക്ഷ വാങ്ങി. അതില്‍ സ്കൂളിന്റെ സീൽ വേണമായിരുന്നു എന്നാണ് ഓർമ. അപേക്ഷയുമായി സ്കൂളിൽ എത്തി. അപമാന ഭാരത്താലാണ് വരവ്. ആശ ടീച്ചറെ കണ്ടു കാര്യം പറഞ്ഞു. സിൻസി ടീച്ചർ രണ്ടാം വർഷക്കാരെ പഠിപ്പിക്കുകയാണ്. ടീച്ചർ ക്ലാസിനു വെളിയിലേക്കു വന്നു. ടീച്ചറിനോട് വന്ന കാര്യം പറഞ്ഞ ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഇരു കൈകൾകൊണ്ടെന്നെ കെട്ടിപ്പിടിച്ച് ടീച്ചറും കരഞ്ഞു. ആ സ്നേഹത്തിന്റെ ഭാഷയും ഹൃദയത്തിന്റെ ചൂടും ഞാനറിഞ്ഞു. യഥാർഥ ഗുരുശിഷ്യബന്ധത്തിന്റെ ആഴവും. പരീക്ഷ എഴുതാൻ പറ്റുമോ എന്ന്  ഉറപ്പില്ലെന്നു പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു. ‘ആരാണതു പറഞ്ഞത്. രശ്മിക്ക് പരീക്ഷ എഴുതാം. ആ നിർണായകസന്ദർഭ‌ത്തിൽ ടീച്ചറെനിക്ക് ധൈര്യമേകി.  മോളെ നീ ജയിക്കും’. ആ വാക്കുകൾ സത്യമായി.  

 

പിന്നീട് ഞാൻ ജേണലിസത്തിന് പഠിക്കുമ്പോഴാണ് ടീച്ചറെ കാണുന്നത്. ഞങ്ങളൊരുമിച്ച് കോട്ടയത്തേക്ക് യാത്ര ചെയ്തു. ടീച്ചറെഴുതിയ ഒരു കഥ അച്ചടിച്ചു വന്ന പ്രസിദ്ധീകരണം എനിക്ക് തന്നു. 

 

ജേണലിസം പഠനം അവസാനിക്കാറായി. പ്രൊജക്ടും പരീക്ഷയുമാണ് ബാക്കി. പതിവു പോലെ ക്ലാസിൽ വരാനായി രാവിലെ തോട്ടുവക്കത്ത് ബസ് ഇറങ്ങി. മേയ് അവസാനമാണ്, മഴയുണ്ട്. നടക്കാൻ തുടങ്ങിയ ഞാൻ സ്തബ്ധയായി. ടീച്ചറിന്റെ ചിത്രം. ചരമ അറിയിപ്പാണ്. വഴിയരികിൽ കണ്ട ആളോട് തിരക്കി. ‘ഇന്നലെയായിരുന്നു മരണം. മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു. വൈകുന്നേരം സ്കൂളിൽ പൊതുദർശനം ഉണ്ട്.’ എന്നെ നേഞ്ചോട് ചേർത്ത നിർണായക സന്ദർഭത്തിൽ ധൈര്യം നൽകിയ ആ സ്നേഹം ഇനിയില്ല. മഴ തുടരുന്ന വൈകുന്നേരം സ്കൂളിലേക്ക് നടക്കുമ്പോൾ ടീച്ചറെ അവസാനമായി കണ്ടവർ മടങ്ങി പോകുന്നു. ഞാൻ വൈകിപ്പോയി. ആ സ്നേഹത്തിന്റെ ചൂട് എത്രയെന്ന് അറിഞ്ഞവളാണ് ഞാൻ. തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ സ്കൂള്‍ മുറ്റത്ത് ടീച്ചർ കണ്ണടച്ചുറങ്ങുമ്പോൾ കാണാതെ പോയത് നന്നായെന്നു തോന്നി. 

 

എനിക്ക് മാത്രമല്ല വിദ്യാർഥികൾക്ക് എല്ലാം നന്മകളുടെ മാത്രം ടീച്ചറായിരുന്നു സിൻസി ടീച്ചർ. മേയ് 30 ന് ടീച്ചർ വിടപറഞ്ഞിട്ട് പത്തു വർഷം തികയുന്നു. ആ സ്നേഹം, വാത്സല്യം എല്ലാം ഇന്നും അവശേഷിക്കുന്നുണ്ട്. ചെറുപ്പത്തിൽ അമ്മയെന്ന സ്നേഹത്തണൽ നഷ്ടപ്പെട്ട മൂന്നു മക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com