വായിപ്പിക്കാൻ വാശി വേണ്ട, മറ്റുള്ളവരോട്‌ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കാം; നല്ല ശീലങ്ങൾ തുടങ്ങാൻ ഇതു നല്ല നേരം

HIGHLIGHTS
  • പുതിയ കാര്യങ്ങൾക്ക് എങ്ങനെ തുടക്കമിടാം, സമയം എങ്ങനെ ഫലപ്രദമായി ചെലവിടാം?
  • നല്ല ഉറക്കത്തിനു ശേഷം നല്ല ഉന്മേഷം അനുഭവപ്പെടും. അതു പഠനത്തിനു വളരെ അത്യാവശ്യമാണ്.
1309686172
Representative Image. Photo Credit : it:Irina Belova/iStock
SHARE

പുതിയ അധ്യയനവർഷം പുതിയ, നല്ല തുടക്കങ്ങൾക്കു പറ്റിയ സമയമാണ്. നല്ല ശീലങ്ങൾ തുടരാനും ശീലക്കേടുകൾ മാറ്റിയെടുക്കാനും ശ്രമിക്കാം. പഠനക്രമീകരണം, സ്വഭാവരൂപീകരണം, കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വൈദഗ്ധ്യം നേടൽ, കായിക പ്രവർത്തനങ്ങളിലൂടെ അതിജീവനശേഷി നേടൽ എന്നിവയ്ക്കു പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണു ചെയ്യേണ്ടത്. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും ഇവയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ്.

∙സമയം ചെലവിടാനൊരു സൂത്രവിദ്യ

പണം കൊടുത്തു നേടാനാകാത്തതും പിടിച്ചു നിർത്താൻ കഴിയാത്തതുമായ ഏക റിസോഴ്സ് സമയമാണ്. കാലത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണത്. 60 സെക്കൻഡുകൾ ചേർന്ന് ഒരു മിനിറ്റും അങ്ങനെ അറുപതു മിനിറ്റ് ചേർന്ന് ഒരു മണിക്കൂറും ഉണ്ടാകുന്നു. അങ്ങനെയുള്ള 24 മണിക്കൂറുകൾ ചേരുന്നതാണല്ലോ ഒരുദിനം.  അങ്ങനെ കണക്കാക്കുമ്പോൾ വർഷത്തിന്റെ ഏറ്റവും െചറിയ അംശമാണ് സെക്കൻഡ്. അതു ഫലപ്രദമായി വിനിയോഗിക്കാൻ കഴിയണം. 

priority
Representative Image. Photo Credit : Artem-Peretiatko/iStock

വർത്തമാനകാലം മാത്രമാണു കയ്യിലുള്ളത്.  നല്ലവണ്ണം ഉപയോഗിക്കുന്ന വർത്തമാനകാലം നല്ല ഭൂതകാലമാകുന്നു. അതാണു നല്ല ഭാവിയുടെ അടിസ്ഥാനമാകുന്നതും. സമയത്തെ വരുതിയിലാക്കാൻ ഒരു വിദ്യയുണ്ട്. കടലാസിൽ ഒരു വലിയ അധിക ചിഹ്നം വരയ്ക്കുക. നാലു ഭാഗങ്ങൾ കിട്ടും. ആദ്യ ഭാഗത്ത് അത്യാവശ്യമുള്ളത്, അതീവപ്രാധാന്യ മുള്ളത് എന്നു രേഖപ്പെടുത്തുക. രണ്ടാം ഭാഗത്ത് അത്യാവശ്യമുള്ളത് എന്നാൽ അതീവ പ്രാധാന്യമില്ലാത്തത് എന്ന് എഴുതുക. മൂന്നാം ഭാഗത്ത് അതീവ പ്രാധാന്യമുള്ളത് എന്നാൽ അത്യാവശ്യമല്ലാത്തത് എന്നും നാലാം ഭാഗത്ത് അതീവ പ്രാധാന്യമില്ലാത്തതും അത്യാവശ്യമില്ലാത്തതും എന്നും രേഖപ്പെടുത്താം. 

studying
Photo Credit: Mangesha/ Istockphoto

ചെയ്യേണ്ട എല്ലാ കാര്യങ്ങളെയും ഈ നാലു ഭാഗങ്ങളിൽ എഴുതിയതു വായിക്കാം. ആദ്യ ഭാഗത്തു വരുന്നതും രണ്ടാം ഭാഗത്തു വരുന്നതും അപ്പോൾത്തന്നെ ചെയ്യേണ്ടവയാണ്. മൂന്നാം ഭാഗത്തുള്ള കാര്യങ്ങൾക്ക് ദിവസവും കുറച്ചു സമയം മാറ്റിവയ്ക്കാം. നാലാം ഭാഗത്തു വരുന്നവ ഒന്നും ചെയ്യാനേ പാടില്ലാത്തവയാണ്. അവ നിങ്ങളുടെ സമയം നശിപ്പിക്കു ന്നവയാണ്. പഠനം, വ്യായാമം, കലാ-കായിക വിനോദങ്ങൾ എന്നിവയ്ക്കെല്ലാം സമയം കണ്ടെത്താം. ടൈം ടേബിൾ ആ രീതിയിൽ ക്രമീകരിക്കാം. വീടിന്റെ സാഹചര്യവും പ്രായോഗിക പ്രശ്നങ്ങളും അനുസരിച്ച് ഇതു തയാറാക്കണം എന്നു മാത്രം.

∙നല്ല ഉറക്കം= നല്ല ഉന്മേഷം

ആറു മുതൽ എട്ടുമണിക്കൂർ ഉറക്കം അത്യാവശ്യം. കിടക്കയിൽ കിടക്കുന്ന സമയമല്ല നല്ല ഉറക്കത്തിന്റെ മാനദണ്ഡം. ശരിക്കും ഉറങ്ങുന്ന നേരമാണു കണക്കാക്കേണ്ടത്. സ്ലീപ് ഹൈജീൻ എന്നതു നന്നായി പാലിക്കേണ്ട കാര്യമാണ്. നാലു മണിക്കൂർ വീതമുള്ള രണ്ടു ഘട്ടമായാണ് ഉറക്കം എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ബ്രെയിൻ വേവ്സ് ഉണ്ടാക്കുന്നതിൽ പ്രധാനങ്ങളായ ഡെൽറ്റാ കോംപ്ലക്സുകൾ, കെ-കോംപ്ലക്സുകൾ എന്നിവയുടെ രൂപീകരണത്തിൽ ഉറക്കത്തിനു വളരെ പ്രാധാന്യമുണ്ട്. 

912588394
Representative Image. Photo Credit : Vasyl Dolmatov/iStock

നല്ല ഉറക്കത്തിനു ശേഷം നല്ല ഉന്മേഷം അനുഭവപ്പെടും. അതു പഠനത്തിനു വളരെ അത്യാവശ്യമാണ്. കിടക്കയിലുള്ള മൊബൈൽ ഫോൺ-ലാപ്ടോപ് ഉപയോഗങ്ങൾ ഒഴിവാക്കുന്നത് സ്ലീപ് ഹൈജീനിൽ പ്രധാനമാണ്. നല്ല ഓർമശക്തിക്കും ഉറക്കം പ്രധാനമാണ്. ദീർഘനേരം ഉറങ്ങുന്ന ശീലമുള്ളവരും (ലോങ് സ്ലീപ്പേഴ്സ്), ഇടവിട്ട് കുറച്ചു മാത്രം ഉറങ്ങുന്നവരും (ഷോർട് സ്ലീപ്പേഴ്സ്) ഉണ്ട്. പഠനം അതിന് അനുസരിച്ച് ക്രമീകരിക്കാം. ചിലർ രാത്രി ദീർഘനേരം ഇരുന്നു പഠിക്കുന്നവരാകാം. അവർ പുലർച്ചെ എഴുന്നേറ്റ് വീണ്ടും പഠിക്കണം എന്ന് മാതാപിതാക്കൾ വാശിപിടിക്കരുത്. 

ഉറക്കച്ചടവോടെ പഠിച്ചാൽ അത് ഓർമയിൽ കൃത്യമായി രേഖപ്പെടുത്തണമെന്നില്ല, ഏകാഗ്രതയും കിട്ടില്ല. എഴുതിപ്പഠിക്കുന്നതാണ് അത്യുത്തമം. വെറുതേ വായിച്ചു പഠിക്കുന്നതിനേക്കാൾ ദീർഘകാലം ഓർമയിൽ നിൽക്കുക എഴുതിപ്പഠിച്ചവയാണ്.

∙വ്യായാമം നല്ല പഠനം

മറ്റു കുട്ടികളുമൊത്തു കളിച്ചു വളരുന്ന കുട്ടികളാണു മറ്റുള്ളവരേക്കാൾ ലൈഫ് സ്കിൽസ് എളുപ്പം നേടുന്നവരെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മറ്റുള്ളവരോട് ഇടപഴകാനും നല്ല രീതിയിൽ പെരുമാറാനും പഠിക്കേണ്ടത് അത്യാവശ്യ മാണ്. ജയം മാത്രമല്ല, തോൽവിയെയും വേണ്ടവിധം കൈകാര്യം ചെയ്യാൻ പഠിക്കുന്നതാണു യഥാർഥ പഠനം. 

838151676
Representative Image. Photo Credit : Milatas/iStock

പഠനത്തിൽ അതിസമർഥരാകാത്തവർ പോലും സമൂഹത്തിൽ നല്ല ഉയരങ്ങളിൽ എത്താൻ വേണ്ട സാമൂഹിക നൈപുണ്യങ്ങൾ കളികളിലൂടെ നേടിയെടുക്കുന്നു. നല്ല കേൾവിക്കാരാകാനും പരിശീലിപ്പിക്കാം. ഇതിനു മാതാപിതാ ക്കൾക്കും വലിയ പങ്കുണ്ട്. അവരും നല്ല കേൾവിക്കാരായി മാതൃക കാട്ടണം. നല്ല കേൾവിക്കാരായ കുട്ടികൾ നല്ല ഏകാഗ്രതയുള്ളവരാണ്. ചെറിയ ശ്വസനക്രിയകൾ, യോഗ തുടങ്ങിയവയെല്ലാം ഉറക്കം, ഏകാഗ്രത എന്നിവയെല്ലാം ലഭിക്കാൻ സഹായകമാണ്.

∙വായിപ്പിക്കാൻ വാശി വേണ്ട

കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളോട് വായിക്കൂ, എന്നു ശാഠ്യം പിടിക്കുന്നതാണു കുട്ടികൾ പുസ്തകങ്ങളിൽ നിന്ന് അകലാൻ കാരണമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. കാരണം ശാസിച്ച് ഒരാളെ വായനക്കാരനാക്കാൻ പ്രയാസമാണ്. അതേസമയം, മാതാപിതാക്കൾ വായിക്കുന്നത് കണ്ടു വളരാൻ സാഹചര്യം ഒരുക്കിയാൽ കുട്ടികൾ വായനയിലേക്ക് എത്തും. അവർക്കു കൂടി താൽപര്യമുള്ള കാര്യങ്ങളടങ്ങിയ പുസ്തകങ്ങളും പത്രങ്ങളും വാങ്ങി നൽകി അവരെ ക്രമേണ വായനയിലേക്കു കൊണ്ടുവരാം.  ലളിതമായ ഉള്ളടക്കവും രസകരമായവയും ഉള്ളവ യാത്രാവേളകളിൽ വായിക്കാം. വീട്ടിൽ സ്വസ്ഥമായിരിക്കുമ്പോൾ മാത്രം ഗഹനമായവ വായിക്കാം. 

വിവരങ്ങൾക്ക് കടപ്പാട്

ഡോ.ടോണി തോമസ്

സൈക്യാട്രിസ്റ്റ് ജനറൽ ഹോസ്പിറ്റൽ

കോട്ടയം, 

ജില്ലാ മാനസികാരോഗ്യ പദ്ധതി 

നോഡൽ ഓഫിസ‍ർ.

Content Summary : How to Develop Good Habits in Children for a Better Future

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS