ADVERTISEMENT

പ്ലസ്ടുവിനു ശേഷം മാത്‌സിൽ ഡിഗ്രിക്കു ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരാഗ്രഹം; ഫിസിക്സ് പഠിക്കണം. ആദ്യവർഷം നഷ്ടപ്പെടാതെ പുതിയ വിഷയത്തിലേക്കു മാറ്റം സാധ്യമായിരുന്നെങ്കിലോ ? അത്തരമൊരു അവസരം അടുത്തവർഷം മുതൽ കേരളത്തിലും വരുന്നു; 4 വർഷ ബിരുദ പ്രോഗ്രാമിലൂടെ. ഈ വർഷം തന്നെ പരീക്ഷണാടി സ്ഥാനത്തിൽ ഇതു തുടങ്ങാനുള്ള ഒരുക്കത്തിലാണു കേരള സർവകലാശാല. ദേശീയ വിദ്യാഭ്യാസനയം മുൻനിർത്തിയുള്ള യുജിസിയുടെ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് 4 വർഷ ഡിഗ്രി പഠനത്തിനു മാർഗരേഖ തയാറാക്കിയത്. ഇതു മുൻനിർത്തി സർവകലാശാലകൾക്കും സ്വയംഭരണ കോളജുകൾക്കും പ്രോഗ്രാമുകൾ രൂപപ്പെടുത്താം.

Read Also : ‘നാലുവർഷ ബിരുദം അമേരിക്കൻ സ്വപ്നങ്ങൾക്ക് ഊർജമേകും’ : ഡോ. വിനോയ് തോമസ്

3 വർഷമോ 4 വർഷമോ 

 

അടുത്തവർഷം മുതൽ 4 വർഷ ബിരുദ പ്രോഗ്രാമുകളേയുള്ളൂ. മൂന്നുവർഷത്തിനകം 133 ക്രെഡിറ്റ് ലഭിച്ചാൽ സാധാരണ ബിരുദം പൂർത്തിയാക്കി പുറത്തുപോകാം. ഒരു വർഷം കൂടി പഠിച്ച് 44 ക്രെഡിറ്റ് അധികം നേടിയാൽ ഓണേഴ്സ് ബിരുദം ലഭിക്കും. ഗവേഷണ തൽപരർക്കു നാലാം വർഷം മേജർ വിഷയത്തിൽ ഗവേഷണ പ്രോജക്ടോ ഡിസർ‌ട്ടേഷനോ പൂർത്തിയാക്കി യുജി ഡിഗ്രി (ഓണേഴ്സ് വിത് റിസർച്) നേടാം.

 

കോഴ്സ്‌വർക്കിന്റെ അളവാണ് ക്രെഡിറ്റ്. ഒരു ക്രെഡിറ്റ് ലഭിക്കുന്നതിനു സെമസ്റ്ററിൽ 15 മണിക്കൂർ ട്യൂട്ടോറിയൽ/ ലക്ചർ ക്ലാസിലും 30 മണിക്കൂർ മറ്റു പഠന പ്രവർത്തനങ്ങളിലും പങ്കെടുക്കണം. ലക്ചർ ക്ലാസും പ്രാക്ടിക്കലും മാത്രമല്ല, പ്രോജക്ട്, സെമിനാർ, ഫീൽഡ് വർക്, ഇന്റേൺഷിപ്, തൊഴിൽപരിശീലനം എന്നിവയെല്ലാം ക്രെഡിറ്റിനു പരിഗണിക്കും. എൻഎസ്എസ്, എൻസിസി, കലാ–കായിക പ്രവർത്തനങ്ങൾക്കും ക്രെഡിറ്റുണ്ട്. സെമസ്റ്ററിൽ ചുരുങ്ങിയത് 60 മണിക്കൂറെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഒട്ടേറെ വിദേശ സർവകലാശാലകളിൽ മാസ്റ്റേഴ്സ് പ്രവേശനത്തിനു 4 വർഷ ബിരുദം വേണം. അല്ലെങ്കിൽ ഇവിടെ 2 വർഷ പിജി കൂടി കഴിഞ്ഞാലേ ചില വിദേശ സർവകലാശാലകളിൽ മാസ്റ്റേഴ്സ് പ്രവേശനം ലഭിക്കൂ.

 

ഫൗണ്ടേഷൻ പ്രോഗ്രാമുകൾ

 

ആദ്യ 3 സെമസ്റ്ററുകളിൽ മേജർ, മൈനർ കോഴ്സുകൾക്കു പുറമേ പ്രായോഗിക പരിശീലനം കൂടി ഉൾപ്പെടുത്തി 4 ഫൗണ്ടേഷൻ കോഴ്സുകളുണ്ട്.

 

∙ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സ്: ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകൾ ഉപയോഗിക്കാനുള്ള ശേഷി നേടിയെടുക്കാനാണിത്.

∙ വാല്യു ആഡഡ് കോഴ്സ്: ഭരണഘടന, ഡിജിറ്റൽ എജ്യുക്കേഷൻ, മാത്തമാറ്റിക്കൽ തിങ്കിങ് & കംപ്യൂട്ടേഷനൽ അനാലിസിസ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഫിനാൻഷ്യൽ ലിറ്ററസി എന്നിവ പഠിക്കണം. എൻഎസ്എസ്, എൻസിസി പോലുള്ളവയിലെ പ്രവർത്തനവും ഇതിൽപെടും.

∙ മൾട്ടിഡിസിപ്ലിനറി കോഴ്സ്: പ്രധാനവിഷയങ്ങൾക്കു പുറമേയുള്ള വിഷയങ്ങളിൽ പ്രാഥമിക ധാരണ നൽകാനുള്ള കോഴ്സ്. നാച്വറൽ & ഫിസിക്കൽ സയൻസസ് / മാത്‌സ്, സ്റ്റാറ്റ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ലൈബ്രറി, ഇൻഫർമേഷൻ, മീഡിയ / കൊമേഴ്സ് & മാനേജ്മെന്റ് / ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് തുടങ്ങിയവ.

∙ സ്കിൽ എൻഹാൻസ്മെന്റ് കോഴ്സ്: നൈപുണ്യ വികസന കോഴ്സുകൾ. തൊഴിൽപരിചയത്തിനായി ഇന്റേൺഷിപ്/ അപ്രന്റ്സ്ഷിപ് എന്നിവയും നിർബന്ധം.

 

 

മേജറും മൈനറും

 

ബിരുദത്തിലെ മുഖ്യവിഷയമാണു മേജർ (മുൻപു മെയിൻ എന്നു വിളിച്ചിരുന്നതുതന്നെ); ഉപവിഷയങ്ങൾ മൈനറും (സബ്സിഡിയറി). മുൻപു ബോട്ടണി മുഖ്യവിഷയമായി തിരഞ്ഞെടുക്കുന്ന വിദ്യാർഥിയുടെ ഉപവിഷയങ്ങൾ സുവോളജിയും കെമിസ്ട്രിയുമായിരുന്നെങ്കിൽ ഇനി അത്തരം നിബന്ധനകളില്ല. കോളജിൽ പഠനം സാധ്യമായ ഏതു വിഷയവും മൈനറായി തിര‍ഞ്ഞെടുക്കാം. മേജർ / മൈനർ പഠനത്തിന്റെ തോതനുസരിച്ച് മൂന്നു തരത്തിലുള്ള ബിരുദ പ്രോഗ്രാമുകളുണ്ടാകും.

 

∙ സിംഗിൾ മേജർ: ആകെയുള്ളതിന്റെ പകുതിയെങ്കിലും ക്രെഡിറ്റ് മേജർ വിഷയത്തിൽ നേടണം. 3 വർഷമെങ്കിൽ 68 ക്രെഡിറ്റ്; 4 വർഷമെങ്കിൽ 88.

∙ മൾട്ടിഡിസിപ്ലിനറി മേജർ /

ഡബിൾ മേജർ: ആകെയുള്ളതിന്റെ 40% ക്രെഡിറ്റ് രണ്ടാമത്തെ മേജർ വിഷയത്തിൽ നേടണം. ഉദാഹരണത്തിന്, 133 ക്രെഡിറ്റുള്ള 3 വർഷ ഇക്കണോമിക്സ് ഡിഗ്രി പ്രോഗ്രാമിൽ 68 ക്രെഡിറ്റ് ഇക്കണോമിക്സിലും 53 ക്രെഡിറ്റ് സ്റ്റാറ്റിസ്റ്റിക്സിലും നേടിയാൽ ഇക്കണോമിക്സ്– സ്റ്റാറ്റിസ്റ്റിക്സ് ബിഎ ലഭിക്കും. നാലാം വർഷം തുടർന്നു പഠിക്കുന്നെങ്കിൽ 88 ക്രെഡിറ്റ് ഇക്കണോമിക്സിലും 71 ക്രെഡിറ്റ് സ്റ്റാറ്റിസ്റ്റിക്സിലും നേടിയാൽ ബിഎ (ഓണേഴ്സ്) ഇക്കണോമിക്സ്– സ്റ്റാറ്റിസ്റ്റിക്സ് ബിരുദം ലഭിക്കും.

∙ മേജർ വിത് മൈനർ: മേജർ വിഷയത്തിൽ നേടിയ ക്രെഡിറ്റിന്റെ പകുതിയോളം വേറൊരു വിഷയത്തിൽ നേടിയാൽ അതിൽ മൈനർ ഡിഗ്രി ലഭിക്കും. ഉദാഹരണത്തിന്, 3 വർഷം കൊണ്ടു കെമിസ്ട്രിയിൽ 68 ക്രെഡിറ്റും ഫിസിക്സിൽ 35 ക്രെഡിറ്റും നേടിയെന്നിരിക്കട്ടെ– എങ്കിൽ ഫിസിക്സ് മൈനറോടെ കെമിസ്ട്രി ബിഎസ്‌സി ബിരുദം ലഭിക്കും.

 

 

ഇനി ഈ മാറ്റങ്ങളും

 

∙ പ്രോഗ്രാമിന്റെ ഇടയ്ക്കു വിട്ടുപോകാനുമുള്ള അവസരം. ഇങ്ങനെ വിട്ടുപോന്നാലും നിശ്ചിത സമയപരിധിക്കുള്ളിൽ വീണ്ടും ചേർന്നു പഠനം പൂർത്തിയാക്കാം.

∙ ചേർന്ന കോളജിൽ താൽപര്യമുള്ള വിഷയങ്ങളില്ലെങ്കിൽ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കാം.

∙ ഓഫ്‌ലൈൻ, ഓപ്പൺ & ഡിസ്റ്റൻസ് ലേണിങ്, ഓൺലൈൻ ലേണിങ്, ഹൈബ്രിഡ് എന്നിങ്ങനെ പല തരത്തിൽ പഠിക്കാം.

∙  പ്രാവീണ്യമുള്ള മേഖലയിൽ അധ്യാപകർക്കു സർവകലാശാലയുടെ അനുമതിയോടെ കോഴ്സുകൾ രൂപപ്പെടുത്താം.

∙ 4 വർഷ പ്രോഗ്രാമിനുശേഷം ഒരു വർഷം കൂടി പഠിച്ചാൽ പിജി നേടാൻ സൗകര്യമുണ്ടായേക്കും.

∙ 4 വർഷ ഓണേഴ്സ് വിത് റിസർച് റിസർച് പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനത്തിനുള്ള സൗകര്യവും പ്രതീക്ഷിക്കാം.

 

Content Summary : Advantages of four-year undergraduate courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com