ADVERTISEMENT

ബാങ്ക് ക്ലാർക്ക് നിയമനത്തിനുള്ള പുതിയ ഐബിപിഎസ് ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്‌ഷൻ) വിജ്ഞാപനത്തിൽ ഒരു വ്യവസ്ഥ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട് - ഉദ്യോഗാർഥികൾക്കു മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കണം. വായ്പ തിരിച്ചടവിൽ കൃത്യത പാലിക്കുന്നവരാകണം എന്നർഥം. ഇന്ത്യയിൽ ഇതു വിലയിരു ത്താനുള്ള മാനദണ്ഡമായ സിബിൽ സ്കോർ 900ൽ 650 എങ്കിലും ഉള്ളവരാകണം അപേക്ഷകർ. ബാങ്കിൽ ജോലി ലഭിച്ചാൽ ജോയിനിങ് ഡേറ്റിനു മുൻപായി സിബിൽ സ്കോർ നൽകണം. ഇത് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർ വായ്പ എടുത്തിരുന്ന ബാങ്കിൽനിന്നുള്ള എൻഒസി (എതിർപ്പില്ലാരേഖ) ഹാജരാക്കണം. നിശ്ചിത തീയതിക്കു മുൻപ് ഇതു ചെയ്തില്ലെങ്കിൽ ഓഫർ ലെറ്റർ റദ്ദാക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഉദ്യോഗാർഥികൾക്കു നിബന്ധന ബാധകമല്ല. 

 

 

Represntative Image. Photo Credit : ABHISHEK KUMAR SAH/iStock
Represntative Image. Photo Credit : ABHISHEK KUMAR SAH/iStock

എന്തുകൊണ്ട് 

 

സാമ്പത്തിക അച്ചടക്കമില്ലാത്തവർ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ജോലിക്കു വരേണ്ടതില്ലെന്നാണു ബാങ്കുകൾ പറഞ്ഞുവയ്ക്കുന്നത്. നിയമനത്തിനു മുൻപ് ഉദ്യോഗാർഥിയുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്ന രീതി ബാങ്കിങ് രംഗത്തു മുൻപേ ആരംഭിച്ചതാണെങ്കിലും ഐബിപിഎസ് വിജ്ഞാപനത്തിൽ ഇതു കർശന വ്യവസ്ഥയായി ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയാകാൻ കാരണം. എസ്ബിഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകളിൽ നിയമനം ഐബിപിഎസ് വഴിയാണ്.

 

സിബിലിനെ അറിയുമോ?

s-adikeshavan
എസ്. ആദികേശവൻ

 

നാം ബാങ്കുകളിൽനിന്നോ മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുക്കുന്ന വായ്പകളുടെയും അവയുടെ തിരിച്ചടവിന്റെയും വിവരങ്ങൾ ഉൾപ്പെടുന്ന സാമ്പത്തിക റിപ്പോർട്ടാണ് സിബിലിന്റേത് (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്). തിരിച്ചടവു രീതി, തിരിച്ചടവു ശേഷി, നിലവിലെ സാമ്പത്തിക സ്ഥിതി തുടങ്ങിയവയെല്ലാം അപഗ്രഥിച്ചാണ് ഓരോ വ്യക്തിക്കും സ്കോർ നൽകുന്നത്. പരമാവധി 900. സ്കോർ 750നു മുകളിലെങ്കിൽ ‘എക്സലന്റ്’. 650-750 റേഞ്ചിലെങ്കിൽ ‘ഗുഡ്’.  

 

എന്തു ചെയ്യാം 

 

ഉദ്യോഗാർഥികളുടെ കാര്യത്തിൽ പലപ്പോഴും വില്ലനാകുക വിദ്യാഭ്യാസ വായ്പയാണ്. ഇതിന്റെ തിരിച്ചടവു കൃത്യമെന്ന് ഉറപ്പു വരുത്തുക. ജോലി കിട്ടാൻ വൈകുന്നതാണു പ്രശ്നമെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് കാലാവധി നീട്ടിയെടുക്കാൻ ശ്രമിക്കാം. ഇല്ലെങ്കിൽ രക്ഷിതാക്കളുടെ സഹായത്തോടെ തിരിച്ചടവു തുടങ്ങുക. ഒന്നോ രണ്ടോ തവണകൾ വൈകിയാലും സ്കോർ 650ൽ താഴെപ്പോകില്ല. തുടർച്ചയായി തിരിച്ചടവു മുടക്കുകയോ വൈകിക്കുകയോ ചെയ്യുമ്പോഴാണു പ്രശ്നം.

 

ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പ അവസാനിപ്പിച്ചാലും സ്കോർ കുറയാം. പല ബാങ്കുകളിൽനിന്നായി വായ്പ എടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സ്കോർ ഇടിയാൻ സാധ്യതയുണ്ട്. പഠനം പൂർത്തിയാകുന്നതുവരെ തിരിച്ചടവ് ആരംഭിക്കേണ്ടതില്ലെന്നു വിദ്യാർഥികൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഇതു പലിശരഹിത കാലയളവല്ല, മൊറട്ടോറിയം കാലയളവാണെന്ന് ഓർക്കുക. ചെറിയ തുകകൾ സമ്പാദിച്ച് ഈ സമയത്തുതന്നെ തിരിച്ചടവു തുടങ്ങാനായാൽ നല്ലതാണ്. 

 

ആവശ്യത്തിന് മാത്രം കടമെടുക്കുക. എടുക്കുന്ന കടം കൃത്യമായി വീടുക. എന്തെങ്കിലും കാരണത്താൽ തിരിച്ചടവു മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ബാങ്കിനെ സമീപിച്ച് പുന:ക്രമീകരണ സാധ്യതകൾ തേടുക. ഗ്രേസ് പീരിഡിനായി ശ്രമിക്കുക.

 

എസ്. ആദികേശവൻ

ബാങ്കിങ് വിദഗ്ധൻ

 

Content Summary : How does CIBIL score affect your student Education Loan Eligibility?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com