ADVERTISEMENT

ഒരിക്കൽ വീണാൽ പിന്നൊരിക്കലും തിരിച്ചുകയറാനാകാത്ത ഗർത്തം ഏതെന്ന രാജാവിന്റെ ചോദ്യത്തിന് ഉത്തരമന്വേഷിച്ചു നടക്കുകയാണ് മന്ത്രി. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരം നൽകിയില്ലെങ്കിൽ സ്ഥാനം തെറിക്കും. പലരോടും ചോദിച്ച് ഉത്തരം കിട്ടാതെ കാട്ടിലെത്തിയപ്പോൾ അവിടെ കണ്ടുമുട്ടിയ ആട്ടിടയനോടും ചോദ്യം ആവർത്തിച്ചു. അവൻ പറഞ്ഞു: അങ്ങു പേടിക്കേണ്ട. എന്റെ കയ്യിൽ ഒരു മാന്ത്രികക്കല്ലുണ്ട്. അതുപയോഗിച്ച് എത്ര സ്വർണം വേണമെങ്കിലും നേടാം. മന്ത്രിസ്ഥാനം പോയാലും പ്രശ്നമില്ല. 

Read Also : ഒപ്പമുള്ളവരുടെ വിലയറിയാതെ താഴ്ത്തിക്കെട്ടുന്നവരോട്; ജീവിതം ഗതിപിടിക്കില്ലെന്ന് പരാതി പറയരുത്

പ്രസന്നഭാവത്തിൽനിന്ന മന്ത്രിയോട് ഇടയൻ പറഞ്ഞു: പക്ഷേ, താങ്കളെന്റെ ശിഷ്യനാകണം. അഭിമാനപ്രശ്നം ആദ്യം തോന്നിയെങ്കിലും മന്ത്രി സമ്മതിച്ചു. അപ്പോൾ അയാൾ ആട്ടിൻപാൽ കുടിക്കണമെന്ന നിബന്ധനവച്ചു. ഒരിക്കലും പാൽ കുടിച്ചിട്ടില്ലെങ്കിലും മന്ത്രി അതിനും വഴങ്ങി. അതുകഴിഞ്ഞപ്പോൾ അവസാന വ്യവസ്ഥയും വന്നു. തന്റെ നായ്ക്കുട്ടിക്കു കൊടുക്കുന്ന പാത്രത്തിൽ ഒഴിച്ചുതരുന്ന പാലും കുടിക്കണം. നിവൃത്തികേടുകൊണ്ട് മന്ത്രി അതിനും സമ്മതിച്ചു. ഇടയൻ പറഞ്ഞു: രാജാവിന്റെ ചോദ്യത്തിന് ഉത്തരമായി. ദുരാഗ്രഹത്തിന്റെ കുഴിയിൽനിന്നാണ് മനുഷ്യനു രക്ഷപ്പെടാൻ കഴിയാത്തത്.

 

അഭിനിവേശമാണ് അഭിവൃദ്ധിയുടെയും അധഃപതനത്തിന്റെയും അടിത്തറ. എന്തിനോടാണോ ബന്ധപ്പെട്ടിരിക്കുന്നത് അതിനെ ചുറ്റിപ്പറ്റിയായിരിക്കും എല്ലാവരുടെയും ദിനചര്യകൾ. ആ ഭ്രമണപഥത്തിനു പുറത്തുവരാൻ അത്ര എളുപ്പമല്ല. ആസക്തി പലതിനോടാകാം. ആളുകളോട്, തൊഴിലിനോട്, സ്വത്തിനോട്, നേട്ടങ്ങളോട്. എന്തിനെയും പ്രണയിക്കുന്ന തിലും പരിപാലിക്കുന്നതിലും തെറ്റില്ല. അവ സ്വന്തം സ്വാതന്ത്ര്യത്തെയും ചലനത്തെയും നിഷേധിക്കുന്നുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. കണക്കുകൾക്കു മാത്രമല്ല സ്വഭാവത്തിനും കൂടി ഓഡിറ്റിങ് നടത്തണം; എവിടെങ്കിലും സ്വയം തളച്ചിട്ടിട്ടുണ്ടോ എന്നറിയാൻ. 

Read Also : ആളുകൾ ഓർത്തിരിക്കാൻ രണ്ടു വഴികൾ; ആത്മാർഥമായി ജോലി ചെയ്തിട്ടും അംഗീകാരം ലഭിച്ചില്ലെന്ന് ഇനി പരാതിപ്പെടല്ലേ

ഒഴിവാക്കാനാകാത്ത ദുശ്ശീലങ്ങളെന്തൊക്കെയാണ്, അപകടമാണെന്നറിഞ്ഞിട്ടും അകലം പാലിക്കാനാകാത്ത ബന്ധങ്ങളേതൊക്കെയാണ്, എത്ര ചെയ്താലും തീരാത്ത പണികളുണ്ടോ, എത്ര സമ്പാദിച്ചാലും പണം തികയാതെ വരുന്നുണ്ടോ, എങ്ങനെയും ബഹുമതികൾ നേടിയെടുക്കാനുള്ള ശ്രമമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ അമിതാസക്തിയെ അളന്നെടുക്കും. കയത്തിലകപ്പെട്ടാൽ പിന്നെ രക്ഷപ്പെടണമെന്ന ആഗ്രഹമുണ്ടായിട്ടും നീന്തലറിഞ്ഞിട്ടും കാര്യമില്ല. കാലുകുഴഞ്ഞ് ആഴത്തിൽ അവസാനിക്കുകയേയുള്ളൂ. അപകടം മുൻകൂട്ടി കണ്ട് ഒഴിഞ്ഞുമാറുക മാത്രമാണ് മാർഗം.

 

Content Summary : How to overcome addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com