ADVERTISEMENT

‘‘ഞാൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആ സ്വപ്നം എന്റെ മക്കളിലൂടെ സഫലമാക്കണം’’ എന്ന ക്ലീഷേ ഡയലോഗ് ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്ത മാതാപിതാക്കൾ മുൻ തലമുറയിൽ വിരളമായിരിക്കും. പക്ഷേ പുതിയ തലമുറയിലെ അച്ഛനമ്മമാർ ഇക്കാര്യത്തിൽ വ്യത്യസ്തരാണ്. മക്കൾക്ക് ആഗ്രഹമുള്ള വഴിയേ അവർ സഞ്ചരിക്കട്ടെയെന്ന പക്ഷക്കാരാണ് അധികവും. പക്ഷേ അങ്ങനെ പറയുമ്പോഴും മക്കൾ തിരഞ്ഞെടുക്കുന്ന വഴി ശരിയാണോയെന്ന് അവരിൽ ചിലർക്കെങ്കിലും സംശയമുണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി കുട്ടികളുടെ അഭിരുചി കണ്ടെത്താൻ അവരിൽ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. എന്താണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്? ഏതു പ്രായത്തിലാണ് അതു ചെയ്യേണ്ടത്? അറിയാം.

Read Also : ബോണ്ടിൽ ഒപ്പിട്ടോളൂ, പക്ഷേ ‘പണി’ കിട്ടാതെ സൂക്ഷിക്കണം

ആപ്റ്റിറ്റ്യൂഡ് മാറാൻ സാധ്യതയുണ്ടോ?

 

Representative image. Photo Credit : StockImageFactory.com
Representative image. Photo Credit : StockImageFactory.com

പ്ലസ്ടുവിനു ശേഷം മക്കളെ ഏതു കോഴ്സാണ് പഠിപ്പിക്കേണ്ടത്?, അവരുടെ സ്വഭാവത്തിനും കഴിവിനും ഇണങ്ങുന്ന ജോലി എങ്ങനെ കണ്ടെത്തും തുടങ്ങിയ ആശയക്കുഴപ്പങ്ങൾ വരുമ്പോഴാണ് പല മാതാപിതാക്കളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനെക്കുറിച്ച് ആലോചിക്കുന്നത്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഏതു പ്രായത്തിൽ ചെയ്യണം എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കുട്ടികൾ മുതിരുന്നതിനനുസരിച്ച് അവരുടെ അഭിരുചിയും മാറാനിടയില്ലേയെന്നും അപ്പോൾ വളരെ ചെറുപ്പത്തിലേ നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ കൊണ്ട് പ്രയോജനമുണ്ടാകുമോ എന്നുമാണ് മറ്റു ചിലരുടെ സംശയം. ആപ്റ്റിറ്റ്യൂഡിനെക്കുറിച്ചുള്ള തിരിച്ചറിവ് അത്തരം സംശയങ്ങളുടെ മുനയൊടിക്കും. 

 

2271133285
Representative image. Photo Credit : StockImageFactory.com

ആപ്റ്റിറ്റ്യൂഡ് എത്ര തരം?

 

545305708
Representative image. Photo Credit : stoatphoto/Shutterstock

വ്യക്തികൾ വ്യത്യസ്തരായിരിക്കുന്നതു പോലെ തന്നെ ആപ്റ്റിറ്റ്യൂഡിലും വ്യത്യാസമുണ്ടാകും. ചിലയാളുകൾക്ക് ആകർഷകമായി സംസാരിക്കാനുള്ള കഴിവുണ്ടായിരിക്കും അത്തരക്കാർക്കുള്ളത് ലിംഗ്വിസ്റ്റിക് ആപ്റ്റിറ്റ്യൂഡാണ്. തലപോകുന്ന പ്രശ്നം വന്നാലും അതിനെ നിസ്സാരമായി പരിഹരിക്കുന്ന ചിലരുണ്ട്. അത്തർക്കാർക്കുള്ളത് ലോജിക്കൽ ആപ്റ്റിറ്റ്യൂഡാണ്. മറ്റു ചിലയാളുകൾക്ക് നന്നായി പടം വരയ്ക്കാനും രൂപകൽപന ചെയ്യാനുമുള്ള കഴിവുകളായിരിക്കുമുള്ളത്. അത്തരക്കാർ ക്രിയേറ്റീവ് ആപ്റ്റിറ്റ്യൂഡുള്ളവരായിരിക്കും. ഓടിനടന്ന് കാര്യങ്ങൾ നിർവഹിക്കാനായിരിക്കും മറ്റു ചിലർക്ക് താൽപര്യം. അത്തരക്കാർക്ക് ഓർഗനൈസേഷനൽ ആപ്റ്റിറ്റ്യൂഡാണുള്ളത്. ഇത്തരം താൽപര്യങ്ങളും നൈപുണ്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ഉചിതമായ മേഖല തിരഞ്ഞെടുക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. 

 

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ചെയ്യാനുള്ള ഉചിതമായ പ്രായമേതാണ്?

 

ഒൻപതാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠിക്കുന്ന സമയമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താൻ ഏറ്റവും അനുയോജ്യമായ പ്രായം. കാരണം 10–ാം ക്ലാസിനു ശേഷം പ്ലസ്‌വണ്ണിൽ തിരഞ്ഞെടുക്കേണ്ടത് സ്പെഷലൈസ്ഡ് കോഴ്സ് ആണ്. ഏതു വിഷയം തിരഞ്ഞെടുക്കുന്നതാണ് ഭാവിയിൽ ഗുണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ദിശയിൽ മുന്നോട്ടു പോകാൻ ആ സമയത്ത് നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉപകരിക്കും. 

 

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനെ മാത്രം ആശ്രയിച്ച് തീരുമാനങ്ങളെടുക്കണോ?

 

ഒരു വ്യക്തിയുടെ ആപ്റ്റിറ്റ്യൂഡിനോടൊപ്പം തന്നെ പ്രധാനമാണ് അയാളുടെ താൽപര്യവും. ഒരു വ്യക്തി വളരുന്ന ചുറ്റുപാടുകൾ, ലഭിക്കുന്ന പരിശീലനം തുടങ്ങിയ സാഹചര്യങ്ങളനുസരിച്ച് താൽപര്യങ്ങളിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്. പക്ഷേ അപ്പോഴും ജന്മനാലുള്ള അഭിരുചി അവിടെത്തന്നെ ഉണ്ടാകും. അത് പ്രയോഗിക്കണോ വേണ്ടയോ എന്നുള്ളത് താൽപര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ജന്മനാലുള്ള അഭിരുചിയോടൊപ്പം തന്നെ അക്വേഡ് ആപ്റ്റിറ്റ്യൂഡും (accured aptitude) ഒരു കുട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനെ മാത്രം ആശ്രയിച്ച് തീരുമാനമെടുക്കാതെ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകി തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം. 

 

Content Summary : Discover the Importance of Aptitude Test and At What Age it Should be Done

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com