ഐഎസ്ആർഒയിൽ ജോലി വേണോ?; ഈ കോഴ്സുകൾ പഠിക്കാം
Mail This Article
ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യരാശി കൈവരിച്ച ഏറ്റവും വലിയ ശേഷിയാണ് ബഹിരാകാശസാങ്കേതികവിദ്യ. ആദ്യകാലത്ത് രാജ്യങ്ങൾ തങ്ങളുടെ ശാസ്ത്രസാങ്കേതികശേഷിയുടെ ശക്തിപ്രകടനമായാണ് ബഹിരാകാശത്തു കാട്ടാൻ ശ്രമിച്ചിരുന്നതെങ്കിൽ എന്നാൽ ഇന്ന് തികച്ചും പ്രയോഗസാധ്യതയുള്ള ഒരു മേഖലയായി ഇതു മാറിക്കഴിഞ്ഞു. ചന്ദ്രയാൻ 3 വിജയവും വരാൻ പോകുന്ന ‘ആദിത്യ’ ദൗത്യവുമൊക്കെയായി ഇന്ത്യ ഈ രംഗത്ത് മികവിന്റെ കയ്യൊപ്പു ചാർത്തുകയും ചെയ്തിരിക്കുന്നു. സ്‌പേസ് സയൻസ് (Space Science) എന്നു കേൾക്കുമ്പോൾ റോക്കറ്റും ഉപഗ്രഹങ്ങളുമായിരിക്കും പലരുടെയും മനസ്സിൽ വരുന്നത്. അതിനുമപ്പുറം അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ക്ലൈമറ്റ് സയൻസ്, എയ്‌റോണമി, എർത്ത് സയൻസ്, സ്‌പേസ് ലോ, സ്‌പേസ് മെഡിസിൻ തുടങ്ങി ഒട്ടേറെ ശാഖകളുള്ള വലിയ മേഖലയാണ് ഇന്നു സ്‌പേസ് സയൻസ്.
ഐഐഎസ്ടി എന്ന ലോഞ്ച്പാഡ്
ഐഎസ്ആർഒയിൽ ഒരു കരിയറാണു ലക്ഷ്യമെങ്കിൽ അതിന് ഏറ്റവും പറ്റിയ വിക്ഷേപണത്തറയാണ് തിരുവനനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി). ഇന്ത്യയിൽ ബഹിരാകാശ മേഖലയുമായി നേരിട്ട് അക്കാദമിക് ബന്ധമുള്ള ഇവിടെ എയ്‌റോസ്‌പേസ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ ബിടെക്കുണ്ട്. ഇരു പ്രോഗ്രാമുകളിലും 75 വീതം സീറ്റ്. എൻജിനീയറിങ് ഫിസിക്‌സിൽ 5 വർഷത്തെ ബിടെക്-എംഎസ് / എംടെക് ഡ്യുവൽ പ്രോഗ്രാമുമുണ്ട് (24 സീറ്റ്). ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് വഴിയാണ് ഐഐഎസ്ടിയിലേക്കുള്ള പ്രവേശനവും. പഠനവും താമസവും സൗജന്യം. ആദ്യം ഫീസ് വാങ്ങിയാലും തിരികെത്തരും. നിശ്ചിത സിജിപിഎ സ്‌കോർ നിലനിർത്തണമെന്നു മാത്രം. 7.5 സിജിപിഎ സ്‌കോർ ഉള്ളവർക്കേ ഐഎസ്ആർഒയുടെ ഓഫർ ലെറ്റർ ലഭിക്കുകയുമുള്ളൂ. എയ്‌റോഡൈനമിക്‌സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്‌സ്, തെർമൽ ആൻഡ് പ്രൊപ്പൽഷൻ, കൺട്രോൾ സിസ്റ്റംസ്, ജിയോഇൻഫർമാറ്റിക്‌സ്, മെഷീൻ ലേണിങ് ആൻഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കൽ എൻജിനീയറിങ് തുടങ്ങി 15 എംടെക് പ്രോഗ്രാമുകളും ഐഐഎസ്ടിയിലുണ്ട്. ഗേറ്റ്, ജെസ്റ്റ് (ജോയിന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ്) സ്‌കോറുകളാകും അഡ്മിഷനു പരിഗണിക്കുക. ഇതിൽ നിശ്ചിത സീറ്റുകൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കു മാറ്റിവച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: iist.ac.in
ബെംഗളൂരു ഐഐഎസ്‌സി, ഐഐടികൾ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്, പുണെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി & അസ്‌ട്രോഫിസിക്‌സ്, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് എന്നിവിടങ്ങളിലും ബഹിരാകാശ പഠന പ്രോഗ്രാമുകളുണ്ട്. വിദേശത്തും ധാരാളം അവസരങ്ങൾ ഈ മേഖലയിലുണ്ട്.
ഐഎസ്ആർഒയിൽ ചേരാം
എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്ക് ഐഎസ്ആർഒ നടത്തുന്ന സെൻട്രലൈസ്ഡ് റിക്രൂട്‌മെന്റ് ബോർഡ് എക്‌സാം മികച്ച അവസരമാണ്. നിശ്ചിത സിജിപിഎയും പഠനനിലവാരവും വേണം. നിശ്ചിത ഇടവേളകളിൽ ഇത്തരം പരീക്ഷകൾക്കായി ഐഎസ്ആർഒ വിജ്ഞാപനം പുറത്തിറക്കും. പരീക്ഷയ്ക്കുശേഷം ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂവുമുണ്ടാകും. യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ‘നാസ’യിലും ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ‘നാസ’യിലെ അവസരങ്ങളും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ അവിടെ ജോലി ചെയ്യുന്നവർ യുഎസ് പൗരത്വം നേടണമെന്ന നിബന്ധനയുണ്ട്. സ്‌പേസ്എക്‌സ്, ബ്ലൂഒറിജിൻ തുടങ്ങി ബഹിരാകാശ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ സ്വകാര്യ കമ്പനികളും തങ്ങളുടെ വെബ്‌സൈറ്റുകളിൽ കരിയർ നോട്ടിഫിക്കേഷനുകളും വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.
Read Also : കൈനിറയെ ശമ്പളത്തോടെ ഇഷ്ടജോലി ചെയ്യാം; ഒപ്പം സ്വന്തമാക്കാം ആരോഗ്യമുള്ള മനസ്സും ശരീരവും
യങ് സയന്റിസ്റ്റ് പ്രോഗ്രാം
മിടുക്കരായ സ്‌കൂൾ വിദ്യാർഥികൾക്കായി ഐഎസ്ആർഒ യങ് സയന്റിസ്റ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. ‘യുവിക’ എന്ന ഈ പ്രോഗ്രാമിൽ ഒരു സംസ്ഥാനത്തുനിന്നു 3 പേർക്കാണ് അവസരം. വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പങ്കെടുക്കാൻ അവസരമൊരുക്കുന്ന പ്രോഗ്രാമാണിത്. എട്ടാം ക്ലാസിലെ മാർക്കും പാഠ്യേതര മികവും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസ–യാത്രച്ചെലവുകൾ ഐഎസ്ആർഒ വഹിക്കും. ഐഎസ്ആർഒയിൽ ഒരു കരിയർ ഇതുവഴി ലഭിക്കില്ലെങ്കിലും ബഹിരാകാശമേഖലയെക്കുറിച്ച് കൂടുതൽ അറിയാനും ഉന്നത ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പരിചയപ്പെടാനുമൊക്കെ ഈ പ്രോഗ്രാം മികച്ച അവസരമാണ്.
ചന്ദ്രയാൻ 3 യുട്യൂബിലും 'ഫസ്റ്റ്’ – വിഡിയോ കാണാം
Content Summary : Space careers : A universe of options