ADVERTISEMENT

ബോർഡ് പരീക്ഷയെഴുതുന്ന മക്കൾക്കു കൂട്ടിരിക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ഇന്ത്യയൊന്നാകെ കണ്ണുനട്ടു നോക്കിയിരുന്നത് ‘ചെസ് ബോർഡ് എക്സാം’ എഴുതുന്ന ഒരു പതിനെട്ടുകാരനെയും കൂട്ടിരിക്കുന്ന അമ്മയെയുമാണ്. അസർബൈജാനിലെ ബാക്കുവി‍ൽ ചെസ് ലോകകപ്പ് ഫൈനലിൽ കളിച്ച ചെന്നൈക്കാരൻ പയ്യൻ ആർ.പ്രഗ്നാനന്ദയും അമ്മ നാഗലക്ഷ്മിയുമാണ് ആ താരങ്ങൾ. ഓരോ മത്സരവിജയത്തിനു ശേഷവും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന പ്രഗ്ഗയെ അഭിമാനത്തോടെ നോക്കിനിൽക്കുന്ന നാഗലക്ഷ്മിയെ കണ്ടപ്പോൾ ‘മക്കളെ ചെസ് പഠിപ്പിച്ചാലോ’ എന്നു തോന്നിയ മാതാപിതാക്കളുണ്ടാകും. കളി എന്നതിനപ്പുറം ചെസ് ‘കരിയർ ഓപ്ഷൻ’ കൂടിയാകുന്ന കാലമാണിത്. 

Read Also : ‘പൊളി വൈബ്’ ആരുന്നു, സംഭവം ‘സൂപ്പർ’ അല്ലേ: അഭിമുഖത്തിൽ ഒഴിവാക്കാം ന്യൂജെൻ വാക്കുകൾ

അധ്വാനമാണ് നിക്ഷേപം 

ചെസ് ലോകകപ്പ് ഫൈനലിൽ മാഗ്നസ് കാൾസനെതിരെ തോറ്റെങ്കിലും പ്രഗ്ഗ പോക്കറ്റിലാക്കിയത് 66 ലക്ഷം രൂപയാണ്. വർഷങ്ങൾ നീണ്ട സമർപ്പണവും സ്ഥിരോത്സാഹവും ഈ തുക കൊണ്ട് അളക്കാനാകില്ലെങ്കിലും ചെസ് കരിയറാക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന വിവരമാണിത്. കരിയറെന്ന നിലയിൽ ചെസ് ആകർഷകമാകാൻ രണ്ടു കാരണങ്ങളുണ്ട്. 

1) മറ്റു കായിക ഇനങ്ങളിൽനിന്നു വ്യത്യസ്തമായി വളരെ ചെറുപ്പത്തിൽത്തന്നെ ലോകനിലവാരത്തിലെത്താം. 12–ാം വയസ്സിലാണ് പ്രഗ്നാനന്ദയും ഡി.ഗുകേഷുമെല്ലാം ഗ്രാൻഡ് മാസ്റ്റർമാരായത്. 

2) കളിയിൽ പയറ്റിത്തെളിയാൻ വിലപിടിപ്പുള്ള ഉപകരണങ്ങളൊന്നും വേണ്ട. ഒരു ചെസ് ബോർഡിന് 50 രൂപയിൽ താഴെ മതി. 

 

ഇതിനൊരു മറുവശമുണ്ട്. മറ്റു കുട്ടികൾ വീട്ടിലും സ്കൂളിലും കളിച്ചുനടക്കുന്ന പ്രായത്തിൽത്തന്നെ ചെസ് ബോർഡിനു മുന്നി‍ൽ സമർപ്പിച്ചവരാണ് ലോകോത്തര താരങ്ങളെല്ലാം. മണിക്കൂറുകളോളം തലപുകഞ്ഞിരിക്കാനുള്ള മനസ്സും ആരോഗ്യവുമാണ് മികച്ച  താരമാകാനുള്ള യഥാർഥ നിക്ഷേപം. 

 

പ്രഫഷനലായി കളിക്കണം 

rajesh-nattakom
രാജേഷ് നാട്ടകം

ലോകമൊട്ടാകെ 60 കോടി പേർ ദിവസവും ചെസ് കളിക്കുന്നുണ്ടെന്നാണു കണക്ക്. എന്നാൽ ചെസ് ഗ്രാൻഡ് മാസ്റ്റർമാരായി രണ്ടായിരത്തോളം പേരേ ലോകത്തുള്ളൂ. ചെസ് വിനോദത്തിനുവേണ്ടി കളിക്കുന്നതും പ്രഫഷനലായി കളിക്കുന്നതും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണിത്. തുടക്കത്തിൽ താൽപര്യം ജനിപ്പിക്കാൻ വീട്ടിലും നാട്ടിലും സ്കൂളിലുമെല്ലാം കളിച്ചാൽ മതിയെങ്കിലും മുന്നോട്ടുപോകാൻ മികച്ച പരിശീലനം കൂടിയേ തീരൂ. അതോടൊപ്പം നിരന്തരം മത്സരങ്ങളിൽ പങ്കെടുത്ത് റേറ്റിങ് കൂട്ടുകയും വേണം. ഇന്റർനാഷനൽ മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ നിലവാരത്തിലേക്കുയരാൻ വിദേശ ടൂർണമെന്റുകളിൽ പങ്കെടുക്കണം. ഇതോടെ ചെലവു കൂടും. എന്നാൽ കഴിവു തെളിയിച്ചാൽ സ്പോൺസർമാരെക്കിട്ടും.

തമിഴ്നാട്ടിലും ഗുജറാത്തിലും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ് ചെസ്. കേരളത്തിലും അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ഓൺലൈനായും കളിക്കാമെന്നതിനാൽ കോവിഡ് കാലത്തു ചെസിനു പ്രചാരമേറി.

 

ചെസ് അക്കാദമികളാണ് കളരി 

2012ൽ മോസ്കോയിൽ നടന്ന ലോക  ചാംപ്യൻഷിപ്പിൽ ജേതാവായ   വിശ്വനാഥൻ ആനന്ദിനും എതിരാളി ഇസ്രയേലിന്റെ ബോറിസ് ഗെൽഫൻഡിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വിരുന്നു നൽകി. സോവിയറ്റ് യൂണിയന്റെ സഹകരണത്തോടെ ചെന്നൈയിൽ സ്ഥാപിച്ച താൽ ചെസ് ക്ലബ്ബിലാണ് താൻ കളിച്ചുതുടങ്ങിയതെന്ന് ആനന്ദ് പുട്ടിനോടു പറഞ്ഞു. റഷ്യൻ പ്രസിഡന്റിന്റെ മറുപടിയിങ്ങനെ: ‘ഓഹോ, ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിയെ ഞങ്ങൾ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലേ..!’ 

 

ചെസ് കരിയറായി എടുക്കുന്നവർക്കു പറ്റിയ കളരികളാണ് ചെസ് അക്കാദമികൾ. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചെസ് അക്കാദമികളുണ്ട്. കുട്ടികൾക്കു നാലര വയസ്സു മുതൽ പരിശീലനം തുടങ്ങാമെന്നു പറയുന്നു ചെസ് അസോസിയേഷൻ കേരള പ്രസിഡന്റ് രാജേഷ് നാട്ടകം.  പഠനത്തോടൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓൺബോർഡ് പരിശീലനം, അല്ലാത്തപ്പോൾ ഓൺലൈൻ പരിശീലനം എന്നിങ്ങനെയാണു പൊതുവായ രീതി. മണിക്കൂറിന് 250 രൂപ മുതലാണ് ഫീ. എന്നാൽ ഗ്രാൻഡ് മാസ്റ്റർമാർ ഉൾപ്പെടെയുള്ളവരുടെ ക്ലാസുകൾക്കു റേറ്റ് കൂടും.

 

അണ്ടർ 7 വിഭാഗം മുതലാണ് ചെസ് അസോസിയേഷൻ കേരളയുടെ ജില്ലാ, സംസ്ഥാനതല മത്സരങ്ങൾ തുടങ്ങുന്നത്.  സ്വകാര്യ അക്കാദമികളുടെ മത്സരങ്ങളിലും പങ്കെടുക്കാം. ഇന്റർനാഷനൽ മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ തലങ്ങളിലേക്ക് ഉയരണമെങ്കിൽ ഫിഡെ റേറ്റ‍ഡ് ചാംപ്യൻഷിപ്പുകളിലും ശ്രദ്ധിക്കണം. കേരളത്തിൽ ഒരു വർഷം പത്തിലേറെ ഫിഡെ റേറ്റ‍ഡ് ഇവന്റുകൾ നടക്കുന്നുണ്ട്. മത്സരക്കളം വിട്ടശേഷം പരിശീലകർ, സംഘാടകർ, മത്സരങ്ങൾ നിയന്ത്രിക്കുന്ന ആർബിറ്റർമാർ എന്നീ നിലയിലും കരിയർ സാധ്യതകളുണ്ട്. 

 

Content Summary : From Board Exams to Chess Board Exams: The Surprising Rise of Chess as a Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com