ADVERTISEMENT

1990കളിൽ നാട്ടിലാകെ സംസാരവിഷയമായിരുന്നു ‘രാമർ പെട്രോൾ’.   തമിഴ്നാട്ടുകാരനായ രാമർപിള്ള പച്ചിലക്കൂട്ടുകളിൽനിന്നു  പെട്രോളിയം നിർമിക്കാനുള്ള വഴി ‘കണ്ടുപിടിച്ച’ വാർത്തയാണ് കത്തിപ്പടർന്നത്. ശാസ്ത്രലോകത്തെ ഞെട്ടിച്ച ഈ കണ്ടുപിടിത്തം വൻ ചർച്ചയായി. പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതുമായ ഇന്ധനത്തിന്റെ കണ്ടുപിടിത്തം ലോക സമ്പദ്‌വ്യവസ്ഥയാകെ മാറ്റിമറിക്കുമെന്നായിരുന്നു പൊതുബോധം. നിസ്സാരവിലയ്ക്ക് ഡീസലും പെട്രോളും കിട്ടുന്നത് ജനം സ്വപ്നംകണ്ടു. എന്നാൽ ശാസ്ത്രലോകം സംശയത്തോടെയാണു രാമറുടെ അവകാശവാദം വീക്ഷിച്ചത്. 

Read Also : എൻജിനീയറിങ് സർവീസ് എക്സാം: യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

നാട്ടിൽ ഒരു ഓളമുണ്ടാക്കാൻ കഴി‍ഞ്ഞെങ്കിലും ഗവേഷണഫലം  പുനരാവർത്തിക്കാനോ ‘കണ്ടുപിടിത്തത്തിൽ’   വസ്തുനിഷ്ഠതയും സുതാര്യതയും ഉറപ്പാക്കാനോ രാമറിനു കഴിഞ്ഞില്ല. യഥാർഥത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ മിശ്രിതം മാത്രമാണ് രാമറിന്റെ പ്രോട്ടോടൈപ്പ് എന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. 2000ൽ രാമർപിള്ളയെ അറസ്റ്റ് ചെയ്യുകയും മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ശാസ്ത്രീയ ഗവേഷണത്തിലുടനീളം വ്യവസ്ഥാപിതമായ ചില രീതിശാസ്ത്രങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. ഗവേഷണ ചരിത്രത്തിൽ ഇത്തരം ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. 

 

 

ഗവേഷണം ചിട്ടയോടെ

 

വസ്തുനിഷ്ഠത, സുതാര്യത (Objectivity & Transparency): വസ്തുനിഷ്ഠവും പക്ഷപാതരഹിതവുമാകണം ഗവേഷണം. രീതിശാസ്ത്രങ്ങളും ഡേറ്റയും ഫലങ്ങളും വിജ്ഞാനസമൂഹവുമായി  പങ്കിടണം.  മറ്റു ഗവേഷകർക്കും ഏജൻസിക്കും പരിശോധിക്കാൻ കഴിയുന്നതും വിശ്വസനീയവുമായിരിക്കണം ഗവേഷണ ഫലങ്ങൾ.

Representative Image. Photo Credit : GBALLGIGGSPHOTO/istock
Representative Image. Photo Credit : GBALLGIGGSPHOTO/istock

 

അനുഭവപരമായ അടിസ്ഥാനം (Empirical basis): ചിട്ടയായ നിരീക്ഷണങ്ങൾ, പരീക്ഷണങ്ങൾ, അളവുകൾ, സർവേകൾ എന്നിവയിലൂടെ ശേഖരിച്ച അനുഭവപരമായ തെളിവുകളെയാണു ശാസ്ത്രീയ ഗവേഷണം ആശ്രയിക്കുന്നത്. അനുമാനങ്ങളെയും സിദ്ധാന്തങ്ങളെയും പിന്തുണയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ പിൻബലമായി ഡേറ്റ ശേഖരണവും വിശകലനവും നടത്തണം.

 

വ്യാജവൽക്കരണക്ഷമത 

(Falsifiability): മറ്റു ഗവേഷകർക്കോ പരീക്ഷകർക്കോ  വേണമെങ്കിൽ,  അസത്യമെന്ന് തെളിയിക്കാനുള്ള സാധ്യതകൂടി ഉൾക്കൊള്ളുന്നതാവണം  ഉന്നയിക്കുന്ന വാദങ്ങളും സിദ്ധാന്തങ്ങളും. അതായത്,  തെറ്റാണെന്നു തെളിയിക്കാൻ കഴിയാത്ത സിദ്ധാന്തങ്ങൾ (Hypothesis) ഉൾക്കൊള്ളരുതെന്നർത്ഥം.

ഉദാ: 'മായാവിയാണ് ശക്തരിൽ ശക്തൻ' എന്ന  വാദം/സിദ്ധാന്തം വ്യാജനിരാകരണക്ഷമമല്ല;  വ്യവസ്ഥാപിത മാർഗങ്ങളിലൂടെയൊന്നും ഈ പ്രസ്താവന തെളിയ്ക്കാനാവില്ല എന്ന കാരണത്താൽ അത് Unfalsifiable ആണ്.

Representational Image. Photo: iStock/ Daniela Jovanovska-Hristovska
Representational Image. Photo: iStock/ Daniela Jovanovska-Hristovska

 

 

ആവർത്തനക്ഷമത (Repeatability): ഗവേഷണം പുനരാവിഷ്കരിക്കാൻ പറ്റണം. അതായത് വ്യവസ്ഥാപിതമായ അതേ രീതികൾ ഉപയോഗിച്ച് മറ്റു ഗവേഷകർക്ക്  ആവർത്തിക്കാനും സമാനമായ ഫലങ്ങൾ നേടാനും കഴിയണം.

 

 

സാമാന്യവൽക്കരണക്ഷമത (Generalizability): ഒരു വലിയ എണ്ണത്തിലേക്കോ കൂടുതൽ വിശാലമായ തലങ്ങളിലേക്കോ സാമാന്യവൽക്കരിക്കാൻ കഴിയുന്ന ഫലങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയണം.

 

സ്വയം തിരുത്തൽ (Self-correcting:): നിലവിലുള്ള കണ്ടെത്തലുകളെ വെല്ലുവിളിക്കുകയോ തെറ്റാണെന്നു തെളിയിക്കുകയോ ചെയ്യുന്ന പുതിയ ഫലങ്ങൾ എപ്പോഴും കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ  ശാസ്ത്രീയ ഗവേഷണം നിരന്തരം സ്വയം നവീകരിക്കപ്പെടുകയും മെച്ചപ്പെടുകയും ചെയ്യുന്നു എന്നു പറയാം.

 

 

സൂക്ഷ്മപരിശോധന (Peer

review): ശാസ്ത്രീയ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്  അതിന്റെ മേന്മയും സാധുതയും അതതു മേഖലയിലെ വിദഗ്ധർ പിയർ-റിവ്യൂ ചെയ്യണം

 

ധാർമിക പരിഗണനകൾ (Ethical concerns): ശാസ്ത്രീയ ഗവേഷണം നടക്കുന്ന വിഷയങ്ങളിൽ പാലിക്കേണ്ട നൈതിക സമീപനങ്ങൾ, പരീക്ഷണത്തിലുള്ള മനുഷ്യരോട്/ജീവികളോട് ഉള്ള സമീപനം,  സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും സംരക്ഷണം, പരിസ്ഥിതിയോടുള്ള  സമീപനം തുടങ്ങിയ നൈതിക തത്വങ്ങളും മാർഗനിർദ്ദേശങ്ങളും പാലിക്കണം. 

 

ആശയവിനിമയം: പ്രസിദ്ധീകരണങ്ങൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിലൂടെ കണ്ടെത്തലുകളുടെ ഫലപ്രദമായ ആശയവിനിമയം ആവശ്യമാണ്. അറിവ് പങ്കിടുന്നതിനും സഹകരണം സുഗമമാക്കുന്നതിനും ശാസ്ത്ര സമൂഹത്തെ മനസ്സിലാക്കുന്നതിനും വ്യക്തവും കൃത്യവുമായ ആശയവിനിമയം   നിർണായകമാണ്.  

 

പ്രായോഗികത(Pragmatism), സാർവത്രികത (Universality), സൂക്ഷ്മത (Precision), സ്ഥിതിവിവര കൃത്യത (Statistical accuracy), കണ്ടെത്തലുകളുടെ വ്യാഖ്യാനം(Interpretation of findings),  നിഗമനങ്ങളും ശുപാർശകളും (Conclusions and recommendations) തുടങ്ങിയവയും ചിട്ടയായ ഗവേഷണത്തിന് അത്യാവശ്യമാണ്.

കർശനമായ രീതിശാസ്ത്രങ്ങൾ പിന്തുടർന്നുകൊണ്ട്  നിലവിലുള്ള വിജ്ഞാനത്തിന്റെ മെച്ചപ്പെടുത്തൽ, ചുറ്റുമുള്ള ലോകത്തിലെ പ്രശ്നങ്ങളുടെ വിശദീകരണം, നിർധാരണം, പരിഹാരനിർദേശം എന്നിവയാണ് വ്യവസ്ഥാപിത ഗവേഷണം ലക്ഷ്യംവയ്ക്കുന്നത്.  

 

(തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)

 

Content Summary : From Sensation to Scandal: The Untold Story of Ramar Pillai's 'Green Leaves' Petroleum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com