ADVERTISEMENT

പ്രസിദ്ധനായ ചിത്രകാരനായിരുന്നു അദ്ദേഹം. ആളുകൾ തന്നെ പ്രശംസിക്കുന്നതിൽ എന്തുമാത്രം യാഥാർഥ്യമുണ്ടെന്നു പരിശോധിക്കാൻ അദ്ദേഹം തീരുമാനിച്ചു. താൻ വരച്ച ചിത്രം പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് അടിക്കുറിപ്പും എഴുതി. ഈ ചിത്രത്തിൽ എന്തെങ്കിലും തെറ്റു കണ്ടെത്തുന്നവർ അവിടെ ഒരടയാളമിടുക. വൈകുന്നേരത്തെ കാഴ്ച നിരാശാജനകമായിരുന്നു. ചിത്രം മുഴുവൻ പാടുകളായിരുന്നു. അയാൾ ചിത്രരചന നിർത്തി. വിവരമറിഞ്ഞ സുഹൃത്ത് പറഞ്ഞു: നീ മറ്റൊരു ചിത്രവുംകൂടി പ്രദർശിപ്പിക്കുക. അടിക്കുറിപ്പും മാറ്റണം. ഈ ചിത്രത്തിൽ എന്തെങ്കിലും തെറ്റു കണ്ടെത്തുന്നവർ അതു തിരുത്തണം. വൈകുന്നേരമായിട്ടും ആ ചിത്രത്തിൽ ഒരടയാളംപോലും വീണില്ല. സുഹൃത്ത് പറഞ്ഞു: തെറ്റു കണ്ടെത്താൻ ഏതു വിഡ്ഢിക്കും കഴിയും. തിരുത്താൻ അറിവുള്ളവർക്കു മാത്രമേ സാധിക്കൂ. ചിത്രകാരൻ വീണ്ടും വരയ്ക്കാൻ തുടങ്ങി. 

Read Also : ആരുമറിയാതെ സൽക്കർമങ്ങൾ ചെയ്യാറുണ്ടോ?; കാത്തിരിക്കുന്നത് ആ സുകൃതം

എല്ലാവരോടും ഉപദേശം ചോദിക്കരുത്. രണ്ടു കാരണങ്ങളുണ്ടതിന്. ഒന്ന്, എല്ലാ കാര്യത്തിലും അഭിപ്രായം പറയാൻ എല്ലാവർക്കും ഇഷ്ടമാണ്. രണ്ട്, അറിവില്ലാത്തവരുടെ വാചകമേളയായിരിക്കും അത്തരം സന്ദർഭങ്ങൾ. അഭിനന്ദനങ്ങൾക്കോ അംഗീകാരത്തിനോ വ്യാപനശേഷിയില്ല. അബദ്ധങ്ങളും അവഹേളനങ്ങളും പകർച്ചവ്യാധിപോലെ പടരും. പരിപൂർണതയുടെ ഉച്ചിയിൽ നിൽക്കുന്ന സൃഷ്ടിയാണെങ്കിലും ഒരാൾ കല്ലെറിയാൻ തുടങ്ങിയാൽപിന്നെ കല്ലുമഴയായിരിക്കും. അവഹേളനകലയിൽ ഗവേഷണം നടത്തുന്ന ആരും ആരെയും പ്രോത്സാഹിപ്പിക്കില്ല. 

 

വിമർശനങ്ങളുന്നയിക്കാൻ മാത്രം ജന്മമെടുത്തവർക്കു ചില പ്രത്യേകതകളുണ്ട്. അവർക്ക് അങ്ങനെയൊരു സൃഷ്ടി ചെയ്യാനറിയില്ല, വിമർശിക്കപ്പെടുന്നവനു പുരോഗതിയുണ്ടാകണമെന്ന് അവർക്കാഗ്രഹമില്ല, വിമർശനമല്ലാതെ മറ്റൊന്നും അവർക്കറിയില്ല. അഭിപ്രായം ചോദിക്കണമെങ്കിൽ അറിവുള്ളവരോടു മാത്രം ചോദിക്കുക. 

Read Also : തോൽവി ഭയന്ന് മൽസരങ്ങളിൽ നിന്ന് പിന്മാറാറുണ്ടോ?

ഓരോ കർമത്തിലും അതു ചെയ്യുന്നവന്റെ അധ്വാനവും ആത്മാവും ഉണ്ടാകും. അതിൽ പോരായ്മകളുമുണ്ടാകും. അധിക്ഷേപിക്കാനെളുപ്പമാണ്. അവഹേളിച്ചുവിട്ടവരെക്കുറിച്ച് ഒരന്വേഷണം നടത്തുന്നത് നല്ലതാണ്. ഒളിസങ്കേതങ്ങളിൽ ഇരുട്ടിൽത്തപ്പിക്കഴിയുന്നുണ്ടാകും പലരും. ഒരൊറ്റ വാക്കിലൂടെയോ നോട്ടത്തിലൂടെയോ ഒരാളെ ഇല്ലാതാക്കാൻ കഴിയും. ഒരായുസ്സുമുഴുവൻ പുനർനിർമാണ പ്രക്രിയ നടത്തിയാലും അയാൾ തിരിച്ചുവരണമെന്നില്ല. ഒരാളുടെയെങ്കിലും പുരോഗതിയുടെ ഭാഗമാകാൻ കഴിഞ്ഞാൽ അതിനെക്കാൾ വലിയ ഭാഗ്യമെന്താണുള്ളത്. 

 

Content Summary : The power of constructive feedback: Lessons from a renowned artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com