ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ; നാലു കാര്യങ്ങളറിഞ്ഞ് കൂൾ ആയി നേരിടാം

HIGHLIGHTS
  • പൊതുവെ സ്ഥാപനങ്ങളിലും കമ്പനികളിലുമൊക്കെ രണ്ടു തരത്തിലുള്ള ആശയവിനിമയം നടക്കാറുണ്ട്.
  • ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ ഗോസിപ് ശൃംഖലയിലെ കണ്ണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
SHARE

മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാനും ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനും അതിൽ അഭിരമിക്കാനും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്ന ചിലയാളുകൾ എല്ലായിടത്തും കാണും. മിക്ക ഓഫിസുകളിലും അത്തരക്കാർ സിസിടിവി കണ്ണുകളുമായി പതിയിരിക്കുന്നുണ്ടാവും. കാണുന്നതിലെയും കേൾക്കുന്നതിലെയും സത്യാവസ്ഥ തിരയാതെ, കിട്ടിയ വിവരങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കലാണ് അവരുടെ പ്രധാന വിനോദം. അത്തരക്കാരിൽനിന്ന് ഒഴിഞ്ഞു മാറാനും ഓഫിസ് ഗോസിപ്പിന്റെ ഭാഗമാകാതിരിക്കാനും എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

Read Also : ‘പൊളി വൈബ്’ ആരുന്നു, സംഭവം ‘സൂപ്പർ’ അല്ലേ: അഭിമുഖത്തിൽ ഒഴിവാക്കാം ന്യൂജെൻ വാക്കുകൾ

പൊതുവെ സ്ഥാപനങ്ങളിലും കമ്പനികളിലുമൊക്കെ രണ്ടു തരത്തിലുള്ള ആശയവിനിമയം നടക്കാറുണ്ട്.

1. ഫോർമൽ കമ്യൂണിക്കേഷൻ – ഔദ്യോഗിക കാര്യങ്ങൾ വാക്കാലോ രേഖാമൂലമോ കൈമാറുന്നതിനെയാണ് ഫോർമൽ കമ്യൂണിക്കേഷനെന്ന് പറയുന്നത്.

office-gossip-004
Representative image. Photo Credit : pathdoc/Shutterstock

2. ഇൻഫോർമൽ കമ്യൂണിക്കേഷൻ – ഒരു സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുള്ള ഔദ്യോഗികമല്ലാത്ത ആശയവിനിമയമാണ് ഇൻഫോർമൽ കമ്യൂണിക്കേഷൻ. പലപ്പോഴും പരദൂഷണം പോലെയുള്ള നെഗറ്റീവായ കാര്യങ്ങളെ പ്രചരിപ്പിക്കാനുള്ള ഉപാധിയാണ് നെഗറ്റീവ് കമ്യൂണിക്കേഷൻ. ഗ്രേപ്‌വൈൻ കമ്യൂണിക്കേഷനെന്നും ഇത്തരം ആശയവിനിമയ രീതി അറിയപ്പെടാറുണ്ട്.

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ ഗോസിപ് ശൃംഖലയിലെ കണ്ണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ അത്തരം നെഗറ്റീവ് കാര്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കാനും അതിന്റെ ഭാഗമാകാതിരിക്കാനും സാധിക്കും. അതെങ്ങനെയെന്നു നോക്കാം.

01. ജാഗ്രത വേണം

ഔദ്യോഗികമായ കാര്യങ്ങൾ കൃത്യമായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രം മറ്റൊരാളോട് പറയുക. അങ്ങനെ പറയുമ്പോൾ, ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ തന്നെ പറയാൻ ശ്രദ്ധിക്കണം. കൈയിൽ നിന്ന് കൂടുതലായി ഒന്നും ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 02. കേട്ടത് അതേപടി വിശ്വസിച്ച് പ്രചരിപ്പിക്കരുത്

office-gossip-main-image
Representative image. Photo Credit : Creativa Images/Shutterstock

കേട്ടകാര്യങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി, അതു മാത്രമാണ് ശരിയെന്നു വിശ്വസിച്ച് മറ്റുള്ളവരോടു പറയുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. അത്തരക്കാർ ഗോസിപ് ശൃംഖലയിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്തെങ്കിലും നെഗറ്റീവായി കേട്ടാൽ അത് അപ്പാടെ വിശ്വസിക്കാതെ കേട്ടതൊക്കെ ശരിയാണോയെന്ന് അന്വേഷിക്കാം. അതു പറ്റില്ലെങ്കിൽ കേട്ട കാര്യം ശരിയാണെന്ന് ഉറപ്പിക്കുന്നതു വരെ മറ്റാരോടും പങ്കുവയ്ക്കാതിരിക്കാനുള്ള മാന്യത കാട്ടാം. കാലം ചെല്ലുമ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ തീർച്ചയായും വെളിപ്പെടുക തന്നെ ചെയ്യും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കാം.

3. ഇരയാകാതിരിക്കാം

office-gossip-003
Representative image. Photo Credit : Dusan Petkovic/Shutterstock

നല്ല വാർത്തകളേക്കാൾ വേഗത്തിൽ ചീത്ത വാർത്തകൾ പരക്കാറുണ്ട്. കഴിയുന്നതും ഗോസിപ് സംഘങ്ങളിൽനിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കാം. കാരണം പലപ്പോഴും അപവാദപ്രചാരണം തുടങ്ങി വയ്ക്കുന്നത് ആരെങ്കിലും ഒരാളായിരിക്കും. അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് മറ്റൊരാളുമാകും. പക്ഷേ അപവാദം പറയുന്ന ആളിനും കേൾക്കുന്ന ആളിനും ഇടയിൽപ്പെട്ടുപോകുന്നത് ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്ത ആളുകളാകും. അതുകൊണ്ടാണ് അറിഞ്ഞോ അറിയാതെയോ അത്തരം ഗോസിപ് സംഘങ്ങളിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നു പറയുന്നത്.

4. രഹസ്യ സ്വഭാവം സൂക്ഷിക്കാൻ പഠിക്കാം

ജോലി സ്ഥലങ്ങളിൽ ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം ലഭിക്കാറുണ്ട്. വ്യക്തികളെപ്പറ്റിയോ ചില വിഭാഗങ്ങളെപ്പറ്റിയോ പ്രോജക്റ്റിനെപ്പറ്റിയോ സ്ഥാപനത്ത്പറ്റിയോ ഒക്കെയുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മനസ്സിൽത്തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. സൗഹൃദ വലയത്തിലുള്ള ഏറ്റവും അടുത്ത ആളുകളോടു പോലും അത് പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ വിശ്വസിച്ച് സുഹൃത്തിനോട് പറയുന്ന ഒരു കാര്യം അദ്ദേഹം മറ്റൊരാളോടു പറയാനുള്ള സാധ്യതയുണ്ട്. പക്ഷേ നിങ്ങൾ പറഞ്ഞ രീതിയിൽ ആയിരിക്കണമെന്നില്ല അദ്ദേഹം അതു മറ്റൊരാളോട് പങ്കുവയ്ക്കുന്നത്. ഇങ്ങനെ വിവരങ്ങൾ കൈമാറുന്നതിനെ ചൈനീസ് വിസ്പർ എന്നാണ് പറയുന്നത്. ആദ്യത്തെ ആൾ പങ്കുവച്ച കാര്യമായിരിക്കില്ല പത്താമത്തെ ആളിലേക്കെത്തുന്നതും അത് കമ്പനിക്ക് പുറത്തേക്ക്ു പോകുന്നതും. 

റൂമർ ഗ്രേപ് വൈൻ കമ്യൂണിക്കേഷനെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അത്തരം ആശയവിനിമയ രീതിയെപ്പറ്റി വിശദമായി അറിയാം.

1.ഗോസിപ്

ഒരു വ്യക്തിയെക്കുറിച്ച് മറ്റൊരു വ്യക്തി അല്ലെങ്കിൽ ഒന്നിലധികം വ്യക്തികൾ പറയുന്ന പരദൂഷണത്തെയാണ് ഗോസിപ് എന്നു പറയുന്നത്. ഇഷ്ടമില്ലാത്തയാളുകളെക്കുറിച്ചോ അസൂയ തോന്നുന്ന ആളുകളെക്കുറിച്ചോ ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തും. ഒന്നോ രണ്ടോ വ്യക്തികൾ ഇതിനായി മിനക്കെട്ടിറങ്ങും. പരമാവധി ആളുകളിലേക്ക് ഇവർ തന്നെ നേരിട്ട് വിവരങ്ങൾ കൈമാറും. കഥകൾ മെനഞ്ഞെടുത്ത് അത് പരമാവധിയാളുകളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം ഇക്കൂട്ടർ ഏറ്റെടുക്കും.

2. സിംഗിൾ സ്ട്രാൻഡ് കമ്യൂണിക്കേഷൻ 

office-gossip-005
Representative image. Photo Credit : Antonio Guillem/Shutterstock

സിംഗിൾ സ്ട്രാൻഡ് കമ്യൂണിക്കേഷനിൽ ഒരു വ്യക്തി തന്നെയല്ല എല്ലാവരോടും പരദൂഷണം പറഞ്ഞു പരത്തുന്നത്. എ എന്ന വ്യക്തി ബി എന്ന വ്യക്തിയോടു പറയുന്ന കാര്യങ്ങൾ ബി എന്ന വ്യക്തി സി എന്ന വ്യക്തിയോട് പറയും അയാൾ അടുത്തയാളോട് പറയും. അങ്ങനെയങ്ങനെ ആ പരദൂഷണം കറങ്ങിത്തിരിഞ്ഞ് ഓഫിസ് മുഴുവൻ പരക്കും.

ഒരേ സമയം ഒരു വ്യക്തി വേറൊരു വ്യക്തിയോടു മാത്രമേ  പറയൂ എന്നുള്ളതാണ്  ഈ കമ്യൂണിക്കേഷന്റെ പ്രത്യേകത. ഇത്തരം കമ്യൂണിക്കേഷൻ സിംഗിൾ സ്ട്രാൻഡ് റൂമർ അല്ലെങ്കിൽ നെഗറ്റീവ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ ഗ്രേപ് വൈൻ കമ്യൂണിക്കേഷൻ എന്നൊക്കെയാണ് അറിയപ്പെടുന്നത്.

3. സ്ട്രാറ്റ് / ക്ലിക്ക് കമ്യൂണിക്കേഷൻ 

office-gossip-001
Representative image. Photo Credit: Antonio Guillem/Shutterstock

ചില സ്ഥാപനങ്ങളിൽ സമാന ചിന്താഗതിയുള്ള ജീവനക്കാർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കും. രണ്ടോ അതിലധികമോ ആളുകൾ ചേർന്നുണ്ടാക്കുന്ന ഈ ഗ്രൂപ്പിലുള്ള ആളുകൾ മിക്കവാറും ഓഫിസിൽ വരുന്നതും പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ചാകും. ഈ അവസരങ്ങളിലാകും അവർ ഗോസിപ്പുകൾ പരസ്പരം കൈമാറുക. ഈ ഗ്രൂപ്പിലെ വ്യക്തി ചിലപ്പോൾ മറ്റൊരു ഗ്രൂപ്പിലെ വ്യക്തിയുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ടാകും. ഈ ഗ്രൂപ്പിൽനിന്നു കിട്ടുന്ന വിവരങ്ങൾ ആ വ്യക്തി അടുത്ത ഗ്രൂപ്പിലേക്ക് കൈമാറും. അങ്ങനെ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് വ്യാപിക്കുന്ന പരദൂഷണത്തെ സ്ട്രാറ്റ് അല്ലെങ്കിൽ ക്ലിക്ക് കമ്യൂണിക്കേഷനെന്ന് പറയുന്നത്.

ഒരു ഓഫിസിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താതിരിക്കാൻ സാധിക്കില്ല. ആശയവിനിമയങ്ങൾ വഴിമാറി ഗോസിപ്പിലേക്ക് പോകാതിരിക്കാൻ മനപ്പൂർവം കരുതലെടുക്കുക എന്നതാണ് ഏക പോം വഴി.

Content Summary : Avoiding Office Gossip: How to Stay Clear of Negative Rumors and Interference

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS