ADVERTISEMENT

വ്യക്തിജീവിതത്തിലും കരിയറിലും ദിവസേന ഒട്ടേറെ പ്രശ്നങ്ങളെ നേരിട്ടാണ് ഓരോ വ്യക്തിയും മുന്നോട്ടു പോകുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് പലരും  കൂടുതൽ സമയം ചെലവഴിക്കുന്നതും. ചിലതിന് അഭിനന്ദനാർഹമായ പരിഹാരം കാണുന്നതിൽ വിജയിച്ചാലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇതു മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കും.


ജീവിക്കാനുള്ള താൽപര്യം നഷ്ടപ്പെടുന്നതിനൊപ്പം സന്തോഷവും ഇല്ലാതാക്കും. വലിയ അധ്വാനമില്ലാതെ തുടക്കത്തിൽ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഓർമിക്കാത്തവരില്ല. പ്രശ്നപരിഹാരം കഴിവും കലയുമാണ്. എല്ലാവർക്കും ഇതിനുള്ള കഴിവുണ്ടാകണമെന്നില്ല. എന്നാൽ, ശ്രദ്ധിച്ചാൽ ഈ കഴിവ് വളർത്തി യെടുക്കാവുന്നതാണ്. ജീവിതത്തിൽ സമാധാനം ലഭിക്കും എന്നതിനു പുറമേ കരിയറിൽ ഉയർച്ചയുണ്ടാകാനും ഇത് ഉപകരിക്കും. പ്രശ്ന പരിഹാരത്തിനുള്ള കഴിവ് വളർത്തിയെടുക്കാതെ മാനേജർ ലെവലിലുള്ള ജോലി വിജയകരമായി ചെയ്യാനാവില്ല. നേതൃപദവിയിലുള്ള വ്യക്തിക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഈ കഴിവാണ്. അടിക്കടി ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക നാൾ ഒരു ജോലിയിലും തുടരാൻ കഴിയില്ല.


1. മനസ്സിലാക്കുക
യഥാർഥത്തിൽ പ്രശ്നം എന്താണന്നു മനസ്സിലാക്കുന്നതാണ് പരിഹാരത്തിനുള്ള ആദ്യ നടപടി. എന്താണെന്നറിയാതെ പരിഹാരം കണ്ടെത്തുന്നതിൽ ഒരടി പോലും മുന്നോട്ടു പോകാനാവില്ല. ഒരാൾ ഒറ്റയ്ക്കായിരിക്കില്ല ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. സഹപ്രവർത്തകർക്ക് മനസ്സിലാകാൻ വേണ്ടി സാഹചര്യം, നിലവിലെ പ്രശ്നം, പരിഹരിച്ചാലുള്ള ഗുണം, ഇല്ലെങ്കിലുള്ള ദോഷങ്ങൾ എന്നിവ പറ‌‍ഞ്ഞു മനസ്സിലാക്കാൻ കഴിയണം. വലിച്ചുനീട്ടി പറയുന്നത് ഒഴിവാക്കി ഏറ്റവും കുറഞ്ഞ വാക്കുകളിൽ കൃത്യമായി അവതരിപ്പിക്കണം. പലരും ഒരേ പ്രശ്നത്തെ പല രീതിയിലായിരിക്കും സമീപിക്കുന്നതും പരിഹരിക്കാൻ ശ്രമിക്കുന്നതും. എന്നാലും പൊതുവായ സമീപനം ആവശ്യമാണ്.

2. വിശദമായി പരിശോധിക്കുക
പ്രതിസന്ധി മനസ്സിലാക്കിയാൽ അടുത്ത നടപടി വിശദമായി പരിശോധിക്കുകയാണ്. ഇതിലൂടെ പരിഹാര മാർഗങ്ങൾ കണ്ടെത്താം. പ്രശ്നം ചെറുതോ വലുതോ ആയാലും ചില ചോദ്യങ്ങളിലുടെ പരിഹാരത്തിലേക്ക് എത്താം. നേരിടുന്ന വിഷമകരമായ സാഹചര്യത്തിന്റെ ഗൗരവം, എന്തുകൊണ്ടാണ് പരിഹരിക്കേണ്ടത് അത്യാവശ്യമായത്, എന്തൊക്കെ യാണ് തടസ്സങ്ങൾ, പ്രതിവിധികൾ, പരിഹരിച്ചാലുള്ള ഗുണങ്ങൾ, പരിഹരിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്ന കോട്ടങ്ങൾ എന്നിങ്ങനെ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതിലൂടെ പരിഹാരത്തിലേക്ക് എത്താം. ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും കണ്ടുപിടിക്കുക. മനസ്സിൽ നടത്തുന്ന വിശകലനത്തിലൂടെ പ്രശ്നത്തിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കാം. പരിഹാരം കണ്ടുപിടിക്കാനും ഇതു സഹായിക്കും.

3. വേണം, ഒന്നിലധികം പരിഹാരങ്ങൾ
എത്ര വലിയ പ്രതിസന്ധിക്കും ഒന്നിലധികം പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. ഒരൊറ്റ പരിഹാരം മാത്രം കണ്ടെത്തുന്നതു കൂടുതൽ പ്രശ്നങ്ങളിലേക്കു മാത്രമേ നയിക്കൂ എന്നതിനാൽ ഒന്നിലധികം പരിഹാരങ്ങൾ തന്നെ കണ്ടെത്തണം. സാധ്യതകൾ തുറന്നു വരുന്നതിലൂടെ ഏറ്റവും മികച്ച മാർഗം കണ്ടെത്താൻ കഴിയും. ഓരോന്നിന്റെയും ഗുണവും ദോഷവും പരിശോധിക്കുന്നതിലൂടെ ഇത് വേഗത്തിൽ ചെയ്യാനും കഴിയും. സ്വയം വിധികർത്താവ് ആകാൻ ശ്രമിക്കരുത്. ചില പ്രതിസന്ധികൾ എളുപ്പത്തിൽ പരിഹരിക്കാനോ കണ്ടെത്തിയ മാർഗങ്ങൾ മികച്ചതോ ആയിരി ക്കണമെന്നില്ല. ഇതിന്റെ പേരിൽ സ്വയം വിലകുറച്ചു കാണേണ്ടതില്ല. ഓരോന്നിനെയും വിശദമായി പരിശോധിക്കു ന്നതിലൂടെ ഏറ്റവും നല്ല മാർഗം കണ്ടെത്താം.

4. വിലയിരുത്തലും അത്യാവശ്യം
പരിഹാരത്തിനുള്ള പല മാർഗങ്ങൾ കണ്ടെത്തിയാൽ, അടുത്ത നടപടി ഓരോന്നിനെയും വിലയിരുത്തുകയാണ്. ഏറ്റവും ഫലപ്രദവും അനുയോജ്യവുമായ പരിഹാരമാണു വേണ്ടതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായ മുണ്ടാകില്ല. നേരത്തേ ചെയ്തതുപോലെ ചോദ്യങ്ങൾ ചോദിക്കുകയാണ് വിലയിരുത്താനും നല്ല മാർഗം. പരിഹാരം വേഗത്തിൽ സാധ്യമാണോ ? എത്ര വലിയ പരിശ്രമം വേണ്ടിവരും ? സ്ഥാപനത്തിന്റെ നിലവിലെ സാഹചര്യം അനുകൂലമാണോ ? ഫലം എങ്ങനെയാകും ? സാമ്പത്തിക സ്ഥിതി അനുയോജ്യമാണോ ? ഓരോ ചോദ്യവും ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തുക. പ്രായോഗികമല്ലാത്തതും അനുയോജ്യമല്ലാത്തവയും ആദ്യം തന്നെ ഒഴിവാക്കുക.

5. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക
പ്രായോഗികമല്ലാത്ത പരിഹാര നിർദേശങ്ങൾ ഒഴിവാക്കുന്നത് പ്രശ്ന പരിഹാരം എന്ന ജോലി കൂടുതൽ എളുപ്പമു ള്ളതാക്കും. നിലവിലുള്ള മാർഗങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയാണ് അടുത്ത നടപടി. ജോലി പരിചയം, അനുഭവങ്ങൾ, ധൈര്യം, ഇഛാശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ സ്വയം കണ്ടെത്തുന്ന പരിഹാര മാർഗം തന്നെയായിരിക്കും അനുയോജ്യമാവുക. എന്നാൽ, സഹായിക്കാൻ സന്നദ്ധതയുള്ള സഹപ്രവർത്തകരോട് അഭിപ്രായങ്ങൾ ചോദിക്കാൻ മടിക്കരുത്. സ്വയം ചിന്തിച്ചിട്ടില്ലാത്ത വഴികളെക്കുറിച്ചും വ്യത്യസ്തമായ മാർഗങ്ങളെക്കുറിച്ചും മറ്റുള്ളവർക്ക് വിലപ്പെട്ട നിർദേശങ്ങൾ നൽകാനുണ്ടാകും. ഇത് പ്രശ്നങ്ങളെ വേഗത്തിലും അനായാസമായും പരിഹരിക്കാൻ സഹായിക്കും.

6. നടപ്പാക്കൽ ഘട്ടം
പരിഹാരം കണ്ടെത്തുകയും അധികൃതരുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ നടപ്പാക്കുക എന്ന ഘട്ടമാണ് ബാക്കിയുള്ളത്. ആദ്യം തന്നെ വിശദമായ ആൿഷൻ പ്ലാൻ തയാറാക്കുക. നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് സഹപ്രവർത്തകർക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. ഓരോരുത്തരുടെയും ഉത്തരവാദിത്തം ബോധ്യപ്പെടുത്തുക. ഇതിന് വ്യക്തമായ ആശയ വിനിമയം വേണം. പദ്ധതിയെക്കുറിച്ച് എല്ലാവർക്കും കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അന്തിമ ഘട്ടത്തിലേക്കു കടക്കാവൂ. പ്ലാൻ എ നടപ്പാക്കുമ്പോൾ തന്നെ പ്ലാൻ ബിയും മനസ്സിലുണ്ടാകണം. ഇത് വ്യക്തവും വിശദവുമായ പദ്ധതി ആകണമെന്നില്ല. ഏകദേശ ധാരണ ഉണ്ടായാലും മതി.


7. ഫലം നിരീക്ഷിക്കുക
പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുന്നതോടെ കടമ തീരുന്നില്ല. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടെന്നും പദ്ധതി ശരിയായ രീതിയിൽ മുന്നേറുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കരിയറിൽ വിജയിച്ച പ്രമുഖരെല്ലാം തങ്ങൾ നടപ്പാക്കിയ പദ്ധതികൾ അവസാനം വരെ നിരീക്ഷിച്ചവരും വിജയം ഉറപ്പാക്കിയവരുമാണ്. ഏതു പ്ലാൻ നടപ്പാക്കിയാലും കൃത്യമായ ഫോളോ അപ് വേണം. അനന്തര ഫലങ്ങൾ വിലയിരുത്തണം. ഭാവിയിലെ പ്രതിസന്ധികൾ നേരിടാനും വെല്ലുവിളികളെ അതിജീവിക്കാനും ഫോളോ അപ് നടപടികൾ സഹായിക്കും. അധികാരികൾക്കു മുന്നിൽ തെളിവുകൾ നിരത്തി വിജയം ബോധ്യപ്പെടുത്താനും ഇതു തന്നെയാണ് മികച്ച മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com