മനസ്സിൽ തോന്നുതെല്ലാം വിളിച്ചു പറയാറുണ്ടോ?; മാനസികാരോഗ്യത്തിനായി മെച്ചപ്പെടുത്താം ഇന്റർപഴ്സണൽ സ്കിൽ

Mail This Article
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം എല്ലാ വ്യക്തികളും ചെലവഴിക്കുന്നത് പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനുമാണ്. വീട്ടിൽ കുടുംബാംഗങ്ങൾ. ഓഫിസിൽ ബോസും സഹപ്രവർത്തകരും. പുറത്തിറങ്ങിയാൽ പൊതു സമൂഹം. സംസാരിക്കാതെയും പ്രതികരിക്കാതെയും മുന്നോട്ടുപോകാനാവില്ല. പരസ്പര വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും അടിസ്ഥാനം ആശയ വിനിമയമാണ്. നന്നായി സംസാരിക്കുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്താൽ മാത്രമേ ജീവിതത്തിലും കരിയറിലും വിജയിക്കാനാവൂ.
സംസാരത്തിൽ ഒട്ടേറെക്കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്; പ്രത്യേകിച്ചും ഓഫിസിൽ. ഓരോരുത്തരും എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കി സംസാരിച്ചില്ലെങ്കിൽ പ്രതീക്ഷിക്കുന്നതിന് വിപരീത ഫലമാവും ഉണ്ടാവുക. പോസിറ്റീവായി പറയുന്ന കാര്യങ്ങൾ നെഗറ്റീവായും തിരിച്ചും മനസ്സിലാകുന്ന സാഹചര്യവുമുണ്ട്. ഇവയെല്ലാം ഒഴിവാക്കി വേണം പൊതുസ്ഥലത്തെ സംസാരം.

സംസാരിക്കുക എന്നത് ബുദ്ധിമുട്ടില്ലാത്തതും ലളിതവുമായ കാര്യമാണെന്നു തോന്നാം. എന്നാൽ, ആശയ വിനിമയവും ഫലപ്രദമായ ആശയ വിനിമയവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മികച്ച ആശയ വിനിമയ ശേഷിയുള്ളവർ മാത്രമാണ് കരിയറിൽ ഉന്നത നിലയിൽ എത്തുന്നത്. ലോക നേതാക്കളെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നത് അവരുടെ ആശയ വിനിമയ ശേഷിയാണെന്നതും മറക്കരുത്.
ആശയവിനിമയ ശേഷി വളർത്താൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ നോക്കാം:
1.ശ്രദ്ധിക്കണം; ബോഡി ലാംഗ്വേജ്
സംഭാഷണം നടത്തുന്ന വ്യക്തികൾക്കിടയിൽ ഒരിക്കലും ശാരീരിക തടസ്സങ്ങൾ ഉണ്ടാകരുത്. സഹപ്രവർത്തകന് തെറ്റായി വ്യാഖ്യാനിക്കാവുന്ന നിഷേധാത്മക ചലനങ്ങളോ ആംഗ്യങ്ങളോ ഉണ്ടായാൽ ആശയ വിനിമയം ഫലപ്രദമാകില്ല. ശരീര ഭാഷ എപ്പോഴും പോസിറ്റീവായിരിക്കണം. പറയുന്ന കാര്യങ്ങൾ കേട്ടാൽ മാത്രം പോരാ, ശ്രദ്ധിക്കുന്നുണ്ടെന്നും തോന്നണം. ശ്രദ്ധയോടെ കേൾക്കുകയാണെന്ന ഭാവം മുഖത്തു തെളിയണം.

ശാരീരിക ചലനങ്ങളും അത്തരത്തിൽ തന്നെയുള്ളതാകണം. കൂടുതൽ സംസാരിക്കാൻ തോന്നുന്നത് പരസ്പര വിശ്വാസത്തിന്റെ തെളിവാണ്. പകരം, പറയാനുള്ളതു പോലും പൂർണമായി പറയാതെ സഹപ്രവർത്തകൻ മടങ്ങുകയാണെങ്കിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്നാണർഥം.
2. സംസാരം തടസ്സപ്പെടുത്തരുത്
താൽപര്യത്തോടെ സംസാരിക്കുന്ന വ്യക്തിയെ തടസ്സപ്പെടുത്തുന്നത് ക്രൂരമാണ്. ഓഫിസിൽ ഇങ്ങനെ ചെയ്യുന്നത് മര്യാദയില്ലായ്മയായി പരിഗണിക്കാം. അർഹിച്ച സ്ഥാനക്കയറ്റം പോലും തടസ്സപ്പെടാം. പറയുന്ന കാര്യങ്ങൾ വിട്ടുപോകാതെ ശ്രദ്ധയോടെ കേൾക്കുകയാണ് ഏതു വ്യക്തിയുടെയും കടമ. തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ സംസാരത്തെ മാത്രമല്ല, ചിന്തകളെയും ബാധിക്കും. പറയാൻ കാത്തുവച്ചത് എല്ലാം പറയാതിരുന്നാൽ നഷ്ടം കേൾക്കുന്നയാൾക്കു തന്നെയായിരിക്കും. ഇടയ്ക്കു കയറി സംസാരിക്കേണ്ടത് അത്യാവശ്യമാണെങ്കിൽ ആംഗ്യങ്ങളിലൂടെയോ ചലനത്തിലൂടെയോ അക്കാര്യം ബോധ്യപ്പെടുത്തുക. സോറി എന്നു പറഞ്ഞുകൊണ്ട് പറയുന്ന ആൾ അനുവദിക്കുകയാണെങ്കിൽ മാത്രം ഇടയ്ക്കു സംസാരിക്കുന്നതും പരിഗണിക്കാം.
3. ആലോചിച്ചു മാത്രം സംസാരിക്കുക
മനസ്സിൽ തോന്നുന്നതെല്ലാം പറയുക എന്നത് ഓഫിസിൽ അനുകരണീയ രീതിയല്ല. ആരോടാണു സംസാരിക്കുന്നതെന്ന വ്യക്തമായ ബോധം വേണം. എന്താണു സംസാരിക്കുന്നത്, കേൾക്കുന്നയാളെ എങ്ങനെ ബാധിക്കും, എന്തു പ്രതികരണമായിരിക്കും ഉണ്ടാകുക എന്നീ കാര്യങ്ങൾ മുൻകൂട്ടി കാണണം. ആരോടു സംസാരിച്ചാലും അവരെ പൂർണമായി പരിഗണിച്ചും അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചും മാത്രമേ സംസാരിക്കാവൂ. ഇത്തരം പരിഗണനയില്ലെങ്കിൽ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലം ഉണ്ടാകാം. കേൾക്കുന്ന ആളിൽ നിന്ന് പ്രതികൂല പ്രതികരണത്തിനും സാധ്യതയുണ്ട്.

4. പഠിക്കണം; ശ്രദ്ധിക്കാനും
നന്നായി ശ്രദ്ധിക്കുക എന്ന സവിശേഷമായ സ്വഭാവ ഗുണമാണ്. ശ്രദ്ധിച്ചു കേൾക്കുന്ന വ്യക്തിക്കു മാത്രമേ സംസാരിക്കുന്ന വ്യക്തിയോടു മികച്ച ബന്ധം സ്ഥാപിക്കാനാവൂ. നന്നായി ശ്രദ്ധിച്ചാൽ സഹപ്രവർത്തകർ പറയുന്ന വസ്തുതകൾ വ്യക്തമായി മനസ്സിലാകും. മറ്റുള്ളവർ പ്രതീക്ഷിക്കുന്നതിലും നന്നായി പ്രതികരിക്കാനും കഴിയും. നന്നായി പരിഗണിക്കപ്പെടുന്നു എന്ന് സംസാരിക്കുന്ന ആളിനു തോന്നണമെങ്കിലും ശ്രദ്ധിച്ചു കേൾക്കുകയും ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ സൃഷ്ടിക്കുകയും വേണം.
5. ആക്രമിക്കുകയോ പ്രതിരോധിക്കുകയോ വേണ്ട
സംഭാഷണങ്ങൾക്കിടെ ചിലർ പെട്ടെന്ന് ആക്രമണ മൂഡിലേക്കു മാറും. മറ്റു ചിലർക്ക് പ്രതിരോധ സമീപനമായിരിക്കും താൽപര്യം. ഇതു രണ്ടും നല്ലതല്ല. ആവേശം അതിരു വിടുമ്പോഴാണ് ഇതു പലപ്പോഴും സംഭവിക്കുന്നത്. ആവേശം നിയന്ത്രിച്ച് സമനിലയിൽ വേണം സംസാരിക്കേണ്ടത്. ബോസ് ഉൾപ്പെടെയുള്ളവർ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും അതേക്കുറിച്ചു സംസാരിക്കുകയും ചെയ്യാം. ശ്രദ്ധിച്ചു കേട്ട് സൗമ്യമായി സ്വന്തം നിലപാട് വ്യക്തമാക്കണം. പൂർണമായും ശരിയുടെ പക്ഷത്താണെങ്കിലും ചിലപ്പോൾ അതു ബോധ്യപ്പെടുത്താൻ സമയം എടുത്തേക്കാം. ഇത്തരം ഘട്ടങ്ങളിൽ ക്ഷമയോടെ സംസാരിക്കണം.

6. വ്യതിചലിക്കരുത്
സംഭാഷണം ഏതു വിഷയത്തെക്കുറിച്ചാണോ, ആ വിഷയത്തിൽ തന്നെ കേന്ദ്രീകരിച്ചു സംസാരിക്കണം. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംഭാഷണത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കരുത്. പ്രധാന ആശയത്തിൽ നിന്നു വ്യതിചലിച്ചാൽ സംഭാഷണത്തിനു ലക്ഷ്യം നഷ്ടപ്പെടും. വാക്കുകൾ അർഥമില്ലാതെയാകും.
7. ആത്മവിശ്വാസത്തോടെ സംസാരിക്കുക
സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറപ്പുണ്ടായിരിക്കണം. സംശയവും ആശങ്കയും മാറ്റി ആത്മവിശ്വാസത്തോടെ സംസാരിക്കുക. ഉത്തരവാദിത്തത്തോടെ സംസാരിച്ചാൽ മറ്റുള്ളവർക്കു വിശ്വാസം വർധിക്കും.
8. പ്രതികരണങ്ങൾ സ്വാഗതം ചെയ്യുക

ആശയ വിനിമയം എന്ന പ്രക്രിയയിൽ ഒന്നിലധികം പേരുണ്ടാകും. സ്വാഭാവികമായും മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കണം. എല്ലാക്കാര്യങ്ങളും ഒരു പോലെ സന്തോഷം പകരുന്നതായിരിക്കില്ല. എന്നാൽ സംസാരിക്കാനും ആശയങ്ങൾ ഉയർത്താനും എല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന കാര്യം മറക്കരുത്. എല്ലാ പ്രതികരണങ്ങളെയും സ്വാഗതം ചെയ്യുക. ഒരുപക്ഷേ അവയിൽ നിന്ന് പലതും പഠിക്കാനുണ്ടാകും.
9. ശരിയായ മാർഗം തിരഞ്ഞെടുക്കുക
എല്ലാക്കാര്യങ്ങളും എല്ലായിടത്തും സംസാരിക്കാനാവില്ല. വേദി തിരഞ്ഞെടുക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. സംഭാഷണത്തിൽ സ്ഥലം വളരെ പ്രധാനമാണ്. ചില സ്ഥലങ്ങൾ സംഭാഷണത്തെ ഗുണപരമായി സ്വാധീനിക്കും. ക്യാബിൻ, സഹപ്രവർത്തകർക്കു നടുവിൽ, ഉദ്യാനം എന്നിങ്ങനെ കൃത്യസ്ഥലം തിരഞ്ഞെടുത്താൽ ആശയ വിനിമയം മെച്ചപ്പെടും.

10. ഷേക്ക് ഹാൻഡ് ശ്രദ്ധിച്ച്
പരിചയപ്പെടുമ്പോൾ കൈ പിടിക്കാറുണ്ട്. ഉറച്ച കൈകൾ കൊണ്ടു വേണം ഷേക് ഹാൻഡ് കൊടുക്കാൻ. വേദനിക്കുന്നതുപോലെ അമർത്തിപ്പിടിക്കരുത്. എന്നാൽ, തീരെ ദുർബലമാകുകയും അരുത്. ആത്മവിശ്വാസ ത്തോടെയും പരിഗണനയോടെയും കൈ പിടിക്കുക. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടയാളം തിരിച്ചറിയുക.