ADVERTISEMENT

കരിയറിലെ സമ്മർദം എന്നത് ആർക്കോ എന്നോ സംഭവിച്ചതോ സംഭവിക്കാനിരിക്കു ന്നതോ ആയ മാനസികാ വസ്ഥയല്ല. എല്ലാവർക്കും സമ്മർദമുണ്ട്. അത് ഏറിയും കുറഞ്ഞും ഇരിക്കുമെന്നുമാത്രം. സമ്മർദം ഒഴിവാക്കു ന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ തന്നെ കാര്യമില്ലാത്തവിധത്തിൽ ദൈനംദിനം ജീവിതത്തിന്റെ ഭാഗവുമാണത്. സമ്മർദം രണ്ടു തരത്തിലുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ഒന്ന് മികച്ച ഫലപ്രാപ്തിയിലേക്കു നയിക്കുന്നതാണെങ്കിൽ മറ്റൊന്ന് നിഷേധാത്മകമാണെന്നു മാത്രം. ഒരു പ്രത്യേക ചടങ്ങിനു വേണ്ടി കാത്തിരിക്കുക, പ്രസംഗം നന്നായി അവതരിപ്പിക്കാനുള്ള കാത്തിരിപ്പും തയാറെടുപ്പും, മീറ്റിങ്ങിനുവേണ്ടി വിവരങ്ങൾ ശേഖരിച്ച് അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പ് എന്നിങ്ങനെ കരിയറിൽ ഗുണകരമാവുന്ന സമ്മർദ നിമിഷങ്ങളുണ്ട്. എന്നാലിത് നിഷേധാത്മകമാകുമ്പോൾ ജോലിയെ മാത്രമല്ല, ആരോഗ്യത്തെയും സ്വകാര്യജീവിതത്തെയും ബാധിക്കും. 

സമ്മർദത്തിന്റെ കാരണം

ജോലി തന്നെയാണ് സമ്മർദമുണ്ടാക്കുന്ന പ്രധാന ഘടകം. തൊഴിലുടമയിൽ നിന്നുള്ള സമ്മർദം, ഭാരിച്ച ഉത്തരവാദിത്തങ്ങൾ എന്നിങ്ങനെ ഇവയെ വേർതിരിക്കാം. സമ്മർദത്തിന്റെ ഭാരം പുറത്തെ സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല. ചില പ്രത്യേക സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള വ്യക്തികളുടെ കഴിവില്ലായ്മയിൽ നിന്നും കരിയറിൽ പ്രശ്നങ്ങളുണ്ടാകാം. വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കുന്നതിലുള്ള വ്യക്തിയുടെ കഴിവില്ലായ്മയിൽ നിന്നാണ് പലപ്പോഴും ആകാംക്ഷയും ഉൽക്കണ്ഠയും ജനിക്കുന്നത്. സമ്മർദത്തിനു കീഴ്പ്പെടുന്നതോടെ ഏകാഗ്രതയോടെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെപോകുന്നു. ഉൽപാദനക്ഷമതയെ ബാധിക്കുന്നു. ഏതു സാഹചര്യം കൊണ്ടാണ് ഉണ്ടാകുന്നതെങ്കിലും സമ്മർദം തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയുന്നത് അത് അനുഭവിക്കുന്ന വ്യക്തികൾക്കു തന്നെയാണ്. 

എന്താണ് ചെയ്യേണ്ടത് 

സമ്മർദത്തിന്റെ ദോഷവശങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചകളുണ്ടായിട്ടുണ്ട്. പരിഹാരങ്ങളും അറിയാം. എന്നാൽ, അവ പ്രയോഗത്തിൽ വരുത്തുന്നത് എങ്ങനെയെന്ന് അറിയില്ലെന്നു മാത്രം. മാനസികാരോഗ്യം നിലനിർത്തുകയാണ് പ്രധാനം. ശരീരത്തെ സമ്മർദം ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. വ്യക്തികളുടെ വികാര വിചാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അവയാണ് പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത്. ഓരോ വ്യക്തിക്കും അവരവരെക്കുറിച്ചുള്ള ബോധ്യവും പ്രധാനമാണ്. 

റിലാക്സേഷൻ 

ജോലിസ്ഥലത്തിനു പുറത്തു ചെലവഴിക്കാൻ സമയം കണ്ടെത്തണം. സമ്മർദവും ആകാംക്ഷയും ഇല്ലാതെ കുറച്ചു സമയമെങ്കിലും എല്ലാ ദിവസവും കണ്ടെത്തിയാൽ ജീവിതത്തിൽ ഗുണപരമായ മാറ്റം സംഭവിക്കും. അര മണിക്കൂർ നടത്തം, ധ്യാനം ഉൾപ്പെടെ ജോലി സ്ഥലത്തെ സമ്മർദം പൂർണമായി ഇല്ലാത്ത നിമിഷങ്ങളാണു വേണ്ടത്. ഈ സമയത്ത്, ഓരോ ദിവസവും മനസ്സിലൂടെ കടന്നുപോയ വികാര വിചാരങ്ങൾ വിലയിരുത്തുകയുമാവാം. എന്തൊക്കെ കാര്യങ്ങളാണു സമ്മർദം ഉണ്ടാക്കിയതെന്നു കണ്ടെത്തണം. അവയ്ക്ക് ഏതു തരത്തിലുള്ള പരിഹാരങ്ങളാണ് വേണ്ടതെന്നു കൂടി മനസ്സിലാക്കിയാൽ നിഷേധ ചിന്തകൾ ആവർത്തിക്കുന്നത് തടയാം. ഓരോ വ്യക്തിയുടെയും സമ്മർദങ്ങൾ എന്താണെന്നും അവയുടെ കാരണങ്ങളും അവരവർക്കു മാത്രമേ അറിയാൻ കഴിയൂ. പ്രശ്നം എന്നതുപോലെ പ്രശ്നപരിഹാരവും മനസ്സിലുണ്ട്. 

ആസൂത്രണം 

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ആസൂത്രണം നടത്തുകയാണെങ്കിൽ ഒരുപരിധി വരെ സമ്മർദത്തെ അകറ്റിനിർത്താൻ കഴിയും. മുൻഗണനാ ക്രമത്തിൽ പൂർത്തിയാക്കേണ്ട പദ്ധതികളുടെ പട്ടികയുണ്ടാക്കുക. ഇത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കരിയറും സ്വകാര്യ ജീവിതവും തമ്മിൽ ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്. രണ്ടും തമ്മിൽ വ്യക്തമായ അതിർവരമ്പ് വേണം. ഉത്തരവാദിത്തങ്ങളെക്കുറിച്ചോർത്ത് ഭയപ്പെടേണ്ടതില്ല. മുൻഗണനയുടെ അടിസ്ഥാനത്തിൽ ഒന്നൊന്നായി അവ പൂർത്തിയാക്കുകയാണു വേണ്ടത്. 

ഹോബികൾ

ജീവിതനിലവാരം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഹോബികൾ. ഇത് ഓരോ വ്യക്തിയുടെയും സൃഷ്ടിപരമായ കഴിവുകളെയും സ്വാധീനിക്കുന്നുണ്ട്. ജീവിതത്തിൽ ശുഭചിന്തകൾ വളർത്തുന്ന ഹോബികൾ എല്ലാവർക്കും വേണം. ഇത് സമ്മർദം അകറ്റാൻ മികച്ച മാർഗമാണ്. തിരക്കേറിയ ഷെഡ്യൂളും യാത്രകളുമൊക്കെ പലരുടെയും ജീവിതത്തിലെ മുഴുവൻ സമയവും അപഹരിക്കാറുണ്ട്. എന്നാൽ ഹോബികൾ ഒഴിവാക്കുന്നതിന് ഇത് മതിയായ ന്യായീകരണമല്ല. സ്ഥാനക്കയറ്റവും ചമുതലകളും കൂടുന്നതനുസരിച്ച് ഉത്തരവാദിത്തവും കൂടും. ജോലികൾ ചെയ്തുതീർക്കാൻ കൂടുതൽ സമയം വേണ്ടിവരും. എന്നാലും എല്ലാദിവസവും ഏതെങ്കിലുമൊരു ഹോബിക്കുവേണ്ടി കുറച്ചു സമയമെങ്കിലും മാറ്റിവയ്ക്കണം. മനസ്സിൽ പുതിയ ആശയങ്ങൾ ഉണ്ടാകണമെങ്കിൽ ശരിയായ വിശ്രമം വേണം. നിരന്തരം കഠിനാധ്വാനം ചെയ്യുന്ന വ്യക്തി ജോലി നന്നായി ചെയ്യുമെങ്കിലും പുതിയ കാര്യങ്ങളെക്കുറിച്ച് അജ്ഞനായി തുടർന്നേക്കാം. ജോലി ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയിൽ നിന്ന് മാറിനിന്ന് നവോൻമേഷത്തോടുകൂടി ചിന്തിക്കുന്നതും. 

ശുഭപ്രതീക്ഷ

ഒരേ മുഖഭാവത്തോടെ എപ്പോഴും പുഞ്ചിരിക്കുന്നതാണ് ശുഭപ്രതീക്ഷയുടെ ലക്ഷണം എന്നൊരു തെറ്റിധാരണയുണ്ട്. സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ജീവിതത്തിലുണ്ടാകും. ദുഃഖത്തെ തള്ളിക്കളഞ്ഞ് സന്തോഷത്തെ സ്വീകരിക്കുന്നതിനു പകരം ഓരോ സാഹചര്യത്തെയും അംഗീകരിക്കുകയും അവയിൽ നിന്ന് പുറത്തുകടന്ന് മുന്നോട്ടുപോകുന്നതുമാണ് യഥാർഥ പ്രായോഗികത. എല്ലാക്കാര്യങ്ങളും പ്രതീക്ഷിച്ചതുപോലെ മാത്രമായിരിക്കില്ല സംഭവിക്കുന്നത്. തിരിച്ചടികളും പരാജയവുമൊക്കെ സ്വാഭാവികമാണ്. എന്നാൽ, വിജയവും സന്തോഷകരമായ നിമിഷങ്ങളും കൂടി ഉൾപ്പെടുന്നതാണു ജീവിതം. തിരിച്ചടികളിൽ പതറാതെ മുന്നോട്ടുപോയാൽ മാത്രമേ വിജയം വരിക്കാനാവൂ. ഇതിനെയാണ് ശുഭപ്രതീക്ഷ എന്നതുകൊണ്ട് അർഥമാക്കുന്നത്. 

ശാരീരിക വ്യായായമങ്ങൾ

ശാരീരിക വ്യായാമവും അധ്വാനവും സമ്മർദം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. ശരീരം തളരുമ്പോൾ മനസ്സും സ്വാഭാവികമായും വിശ്രമിക്കാനുള്ള പ്രവണതയിലായിരിക്കും. രാവിലെയോ വൈകിട്ടോ ഓട്ടം അല്ലെങ്കിൽ നടത്തം ഉൾപ്പെടെയുള്ളവ കരിയറിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കും. 

Content Summary:

Five stress-relief strategies to boost your career success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com