ADVERTISEMENT

പണ്ടൊക്കെ അധ്യാപകർ വിദ്യാർഥികളെ തല്ലുന്നതും അതു ചോദിക്കാൻ രക്ഷിതാക്കൾ സ്കൂളിലേക്ക് ചെല്ലുന്നതും തർക്കം പൊലീസ് കേസിലേക്കെത്തുന്നതും ഒക്കെ പതിവായിരുന്നു. ചിലതൊക്കെ വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ കാലം മാറുകയാണ്‌ ഇപ്പോള്‍ കുട്ടികള്‍ അധ്യാപകരെ തിരിച്ചുതല്ലാന്‍ തുടങ്ങിയിരിക്കുന്നു. എന്താണ് ക്ലാസ് മുറികളില്‍ സംഭവിക്കുന്നത്? അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും ഇടയിലുള്ള ഊഷ്മള ബന്ധം എങ്ങനെയാണ് വഷളായത്? കുട്ടികളുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. അധ്യാപനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും പഠനരീതികളുമെല്ലാം മാറിയിട്ടുണ്ട്. എങ്കിലും ഇനിയും മാറാന്‍ തയാറല്ലാത്ത ചില അധ്യാപകരും ഇവിടെയുണ്ട്. എന്താണ് ക്ലാസ് മുറികളില്‍ നടക്കുന്നത് ?

ചില അധ്യാപകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു. 

arshad
ഡോ. അർഷാദ്

ഡോ. അർഷാദ് അഹമ്മദ് എ. 

ഇംഗ്ലിഷ് അധ്യാപകൻ

എംഎസ്എം കോളജ്, കായംകുളം.

കോവിഡ് കാല അടച്ചിരിക്കലിന് ശേഷം സ്കൂൾ, കോളജ് വിദ്യാർഥികളുടെ സ്വഭാവരീതികളിൽ വലിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. കൃത്യമായ പഠനവും ഗവേഷണവും ആവശ്യമായ ഒരു വിഷയമാണിത്. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുമ്പോൾ, ഗൂഗിളും ചാറ്റ്ജിപിറ്റിയുമൊക്കെ ജ്ഞാനോൽപാദന പ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കുന്നു എന്ന് വിദ്യാർഥികൾ കരുതുമ്പോൾ, അധ്യാപകരും വിദ്യാർഥികളും തമ്മിൽ മുൻപുണ്ടായിരുന്ന, അറിവ് നൽകുന്ന ഗുരുവും അറിവ് ഏറ്റുവാങ്ങുന്ന ശിഷ്യനും എന്ന ബന്ധം നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കില്ല. അധ്യാപകരെക്കാൾ പല കാര്യങ്ങളിലും അറിവ് ഇന്ന് വിദ്യാർഥികൾക്കുണ്ട്. അത് മനസ്സിലാക്കി മാത്രമേ അവരോട് ഇടപെടാൻ സാധിക്കൂ. 

വിദ്യാർഥി കേന്ദ്രീകൃതമായി വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുമ്പോഴും അവ നടപ്പിൽ വരുത്തുന്നതിലെ പിഴവുകൾ ഇത്തരം സംഭവങ്ങളിലേക്ക് നയിക്കാൻ കാരണമാവും. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കും കൗമാരത്തിൽനിന്ന് യൗവനത്തിലേക്കും കടക്കുന്ന സമയത്തെ വിദ്യാർഥികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് ഇടപെടലുകൾ നടത്താനും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കഴിയണം. ഓരോ പ്രായത്തിലും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ കൂടെ നിൽക്കാനും കഴിയണം. സർവോപരി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൈക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാക്കണം. 

agatha-kurian
അഗത കുരിയൻ

അഗത കുരിയൻ 

അധ്യാപിക, എഡിറ്റർ 

വളരെ അടുത്താണ് ഞാനൊരു അധ്യപികയായത്. എന്നെക്കാള്‍ വലിയ പ്രായ വ്യത്യാസമൊന്നും ഞാന്‍ പഠിപ്പിക്കുന്ന പ്ലസ് ടു കുട്ടികള്‍ക്ക് ഇല്ലതാനും. അധ്യാപകരും കുട്ടികളും തമ്മില്‍ സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തേണ്ടതുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. പണ്ട് അതൊരു അധികാര പ്രയോഗത്തിന്റെ ഭാഗമായിരുന്നു. കുട്ടികളെക്കാള്‍ മുതിര്‍ന്ന, അധികാരമുള്ള, അധികാരം ഉപയോഗിക്കാന്‍ കഴിയുന്ന ഒരാള്‍ ആണെന്ന ഭാവമുണ്ട്. കുട്ടികള്‍ താഴെയാണ് എന്ന് വിചാരിക്കുന്ന, അവര്‍ക്ക് മുകളില്‍ ഈഗോ വച്ച് പുലര്‍ത്തുന്ന ഒരുപാട് അധ്യാപകരുണ്ട്. അവരില്‍ പലര്‍ക്കും ഇപ്പോള്‍ കുട്ടികളില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടതായും വരുന്നുണ്ട്. അത്തരത്തിലുള്ള അധ്യാപകര്‍ക്ക് നിലനില്‍പില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നത്. ഇപ്പോള്‍ അധ്യാപകര്‍ ഇല്ലാതെ തന്നെ കുട്ടികള്‍ പഠിക്കാന്‍ തുടങ്ങുന്ന ഒരു കാലമാണ്. അധ്യാപകരുടെ ജോലി തന്നെ ഇപ്പോള്‍ ചോദ്യ ചിഹ്നവുമാണ്. 

കുട്ടികളുമായി അധ്യാപകര്‍ക്ക് പരസ്പരം ബഹുമാനത്തിനുള്ള ഇടമുണ്ടായിരിക്കണം. ഇപ്പോള്‍ ഏതൊരാളോട് ചോദിച്ചാലും അവരെ പഠിപ്പിച്ച ഏതെങ്കിലും ഒരു അധ്യാപകനെ ‘ഒന്നു പൊട്ടിക്കണം’ എന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെ അല്ലാത്ത അധ്യാപകരെയാണ് നമുക്കിനി ആവശ്യം. 

സമൂഹത്തിന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. അതിപ്പോള്‍ അധ്യാപകന്‍ ആയാലും വിദ്യാര്‍ഥികള്‍ ആയാലും സംഭവിക്കുന്നുണ്ട്. പണ്ടത്തെപ്പോലെ അടിച്ചു വളർത്തേണ്ട ഒരു സാഹചര്യമല്ല ഇന്ന് സ്കൂളുകളില്‍. അടിച്ചു നന്നാക്കുക എന്നത് ഏറ്റവും ടോക്സിക് ആയ ഒന്നാണ്. എല്ലാ ബന്ധങ്ങളിലും ഈ തോന്നലിന്റെ വിവിധ ഭാഗങ്ങള്‍ ഉണ്ട്. അത് ഇല്ലാതാകുന്നത് ഇനിയുള്ള കാലങ്ങളില്‍ നല്ലതാണ്. ഇപ്പോഴത്തെ കുട്ടികള്‍ അധ്യാപകരേക്കാള്‍ അപ്ഡേറ്റഡാണ്. നമ്മളേക്കാള്‍ അവര്‍ക്ക് അറിവുമുണ്ടാകാം, അപ്പോൾ അങ്ങനെയുള്ളവരുമായി സൗഹൃദത്തില്‍ ഇടപെട്ടു മാത്രമേ അവരെ ഗൈഡ് ചെയ്യാനാകൂ. അതിനപ്പുറത്ത് വലിയ റോള്‍ ഒന്നുമില്ല. എന്റെ കുട്ടികള്‍ എന്നോട് പറയുന്നത്, ടീച്ചര്‍ ഞങ്ങളുടെ ബഡ്‌ഡി ആണെന്നാണ്‌. അങ്ങനെയൊരു സൗഹൃദം പരസ്പരം ഉണ്ടാകണം എന്നാണു എനിക്ക് തോന്നുന്നത്. പരസ്പരം ട്രോമ കൊടുക്കാത്ത അധ്യാപക-വിദ്യാര്‍ഥികള്‍ ഉണ്ടാകട്ടെ. 

bhadra-mullappally
ഭദ്ര മുല്ലപ്പള്ളി

ഭദ്ര മുല്ലപ്പള്ളി 

അധ്യാപിക, എഴുത്തുകാരി 

ഇത്തരം സംഭവങ്ങൾക്ക് ഏകീകൃതമായ ഒരു പരിഹാരമോ നിരീക്ഷണങ്ങളോ പ്രായോഗികമല്ല. അധ്യാപകവിദ്യാർഥി ബന്ധം നിയമങ്ങൾ കൊണ്ടോ രൂപരേഖകൾ കൊണ്ടോ ക്ലിഷ്ടമായി പറഞ്ഞു വയ്ക്കുവാൻ കഴിയുന്നതുമല്ല. രണ്ട് തലമുറകളുടെ ശരിതെറ്റുകൾക്കിടയിലൂടെയുള്ള ഞാണിൻമേൽ കളിയാണത്. വിമർശനങ്ങളും ശകാരങ്ങളും ശീലമില്ലാത്ത ഒരു തലമുറയാണ് വിദ്യാർഥികളായി വളർന്നു വരുന്നത്. വിമർശനങ്ങളിലൂടെയും ശകാരങ്ങളിലൂടെയും വളർന്നു വന്ന തലമുറയാണ് അധ്യാപകരുടേത്. എങ്കിലും ഈ തലമുറയുടെ അസഹിഷ്ണുത വല്ലാതെ ഭയപ്പെടുത്തുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശകാരങ്ങൾ അവരെ അക്ഷമരാക്കുന്നുവെങ്കിൽ?, അക്രമാസക്തരാക്കുന്നുവെങ്കിൽ? ശരിയാണ്, കെട്ടകാലമാണ്. പക്ഷേ കാലമെന്നത് നാം തന്നെയല്ലേ..?

karthika
കാർത്തിക

കാര്‍ത്തിക 

അധ്യാപിക 

വിദ്യാലയം എന്നത് കുട്ടികളുടെ രണ്ടാമത്തെ വീടാണ്. പല വീടുകളില്‍നിന്നാണ് കുട്ടികള്‍ വരുന്നത്. അവര്‍ക്കൊക്കെയും പല മാനസികാവസ്ഥകള്‍ ആയിരിക്കും. അവര്‍ ജീവിക്കുന്ന ജീവിതം അനുസരിച്ച് സ്വഭാവം വരെ മാറിയിരിക്കും. അധ്യാപകർ അവരെ ഓരോരുത്തരെയും ഇത്തരത്തില്‍ മനസ്സിലാക്കി മാത്രമേ ഇടപെടലുകള്‍ നടത്താവൂ. കുട്ടികളും അധ്യാപകരുമൊക്കെ ഇന്നു പലവിധ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. സമൂഹമാധ്യമങ്ങൾ, കുടുംബം ഇവിടെ നിന്നെല്ലാം പ്രശ്നങ്ങളുണ്ട്. 

ഏഴ്, എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ എത്തുമ്പോള്‍ പൊതുവേ കുട്ടികളുടെ സ്വഭാവം മാറി വരും. കൗൺസിലിങ് സൗകര്യം പല സ്കൂളുകളിലും നടപ്പിലാക്കി വരുന്നുണ്ട്. പക്ഷേ മിക്കപ്പോഴും ഈ പ്രായത്തിലുള്ള കുട്ടികളെ അധ്യാപകര്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഉപദേശങ്ങള്‍ സ്വീകരിക്കാനും കുട്ടികള്‍ താൽപര്യം കാണിക്കില്ല. അപ്പോള്‍ അവരുടെ പശ്ചാത്തലം മനസ്സിലാക്കി പെരുമാറാന്‍ അധ്യാപകര്‍ക്ക് കഴിയണം. കുട്ടികള്‍ മുതിരുന്തോരും അവരുടെ സ്വഭാവം ഉറയ്ക്കും. അത് അങ്ങനെ ആകുന്നതിനു മുൻപു തന്നെ അവരെ കണ്ടെത്തി വിദ്യയിലൂടെ, സ്നേഹത്തിലൂടെ അറിവ് അവര്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ക്ക് ആകണം. 

Content Summary:

Changing Dynamics: Students Hitting Back at Teachers - What's Happening in Classrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com