സർവേകളുടെ പരമ്പര: പഠിപ്പിക്കാൻ സമയം കിട്ടാതെ വലഞ്ഞ് അധ്യാപകർ
Mail This Article
തിരുവനന്തപുരം∙ ഒന്നിനു പുറകേ ഒന്നായി വിപുലമായ സർവേകൾ കൂടി നടത്തേണ്ടി വരുന്നതോടെ പാഠ്യ പ്രവർത്തനങ്ങൾക്കു പോലും സമയം തികയാതെ വലയുകയാണു സംസ്ഥാനത്തെ സ്കൂൾ അധ്യാപകർ.
കേന്ദ്ര പോർട്ടലായ യുഡയസിലേക്ക് പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ഓരോ വിദ്യാർഥിയുടെയും മുൻ വർഷം പഠിച്ച വിദ്യാർഥികളുടെയും 54 ഇന വിവരങ്ങൾ ശേഖരിച്ച് നൽകേണ്ട വലിയ യജ്ഞം രണ്ട് മാസത്തിലേറെ യെടുത്താണ് അധ്യാപകർ പൂർത്തിയാക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടത്തുന്ന ജീവിതശൈലീരോഗ സർവേക്കായി രണ്ടു ഡസനിലേറെ വിവരങ്ങൾ ശേഖരിച്ചു നൽകേണ്ടത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ രക്തസമ്മർദവും ഉയരവും ഭാരവുമെല്ലാം പരിശോധിക്കുകയും വേണം. ഇതിനൊപ്പം സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ–ഭിന്നശേഷി വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ‘പ്രശസ്ത്’ സർവേയും ഉടൻ സ്കൂളുകളിൽ ആരംഭിക്കും. അതിലും വിപുലമായ വിവരങ്ങളാണ് അധ്യാപകർ ശേഖരിച്ചു നൽകേണ്ടത്.
പഠനത്തിനൊപ്പം സ്കൂൾ മേളകൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങളുടെയും തിരക്കിനിടെയാണ് ആരോഗ്യ വിവരങ്ങൾ പോലും സാക്ഷ്യപ്പെടുത്തേണ്ട സർവേകളും ഏറ്റെടുക്കേണ്ടി വരുന്നത്. ആദ്യമായാണ് ഇത്രയും വിപുലമായ മൂന്നു സർവേകൾ അധ്യാപകർക്ക് സ്കൂളുകളിൽ ചെയ്യേണ്ടി വരുന്നത്. സർവേകളെല്ലാം ഓൺലൈനാണ്. രാത്രികാലത്ത് ഉറക്കം പോലും കളഞ്ഞാണ് അധ്യാപകർ ഇത് പൂർത്തിയാക്കുന്നത്. ജോലിഭാരമേറെയുള്ള അധ്യാപകരെ ഇത്തരം സർവേകളിൽ നിന്ന് ഒഴിവാക്കി പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.