കുട്ടികളുടെ എണ്ണത്തിലല്ല, പകർന്നു കൊടുക്കുന്ന അറിവിലാണ് കാര്യമെന്ന് പഠിപ്പിച്ച അധ്യാപകൻ

Mail This Article
ജീവിതത്തിലേക്ക് എത്തുന്ന ഓരോ ഗുരുവിനും ഓരോ നിയോഗങ്ങളുണ്ടാകും. നല്ല അധ്യാപകർ എങ്ങനെ വേണമെന്ന് ചിലർ ജീവിതം കൊണ്ടു കാട്ടിത്തരും. മറ്റു ചിലർ ക്രൂരമായ പെരുമാറ്റം കൊണ്ട് എങ്ങനെയുള്ള അധ്യാപകർ ആകരുതെന്ന് കാട്ടിത്തരും. പോസിറ്റീവായ ഓർമകൾ കോറിയിട്ടു മടങ്ങുന്ന അധ്യാപകരെ ജീവനുള്ളിടത്തോളം കാലം ശിഷ്യർ മറക്കില്ല. തന്റെ മുന്നിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലല്ല മറിച്ച് അവർക്കു നൽകുന്ന അറിവിലാണ് കാര്യമെന്ന് തിരിച്ചറിഞ്ഞ ഒരു ഗുരുവിനെക്കുറിച്ചുള്ള അനുഭവക്കുറിപ്പാണ് ഗുരുസ്മൃതിയിൽ പ്രസിദ്ധീകരിക്കുന്നത്.
ഒരു നല്ല അധ്യാപകൻ എങ്ങനെയായിരിക്കണമെന്നു തന്നെ പഠിപ്പിച്ച ഇംഗ്ലിഷ് അധ്യാപകനെക്കുറിച്ചുള്ള ഓർമകളാണ് ചിഞ്ചു ലക്ഷ്മി എന്ന അധ്യാപിക ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്.
ഞാൻ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത് പത്തനംതിട്ട ജില്ലയിലെ ഒരു അൺ എയ്ഡഡ് സ്കൂളിൽ ആണ്. ഇവിടെ 10–ാം ക്ലാസ്സുകാർക്ക് എന്നും രാവിലെ ഇംഗ്ലീഷ് ഗ്രാമറിന്റെ പ്രത്യേക ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് തുടങ്ങിയ സമയത്ത് എല്ലാവരും ആവേശത്തോടെ ക്ലാസ്സിൽ എത്തിയിരുന്നു. പിന്നീട് ക്ലാസ്സിലെ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.ദിവസങ്ങൾ മുന്നോട്ട് പോയി. മാസങ്ങൾ മുന്നോട്ടു പോയി. കുട്ടികളുടെ എണ്ണം പറയാൻ കഴിയാത്ത തരത്തിൽ കുറഞ്ഞു. എന്നാലും സാർ എന്നും ഗ്രാമർ ക്ലാസ്സ് എടുക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടും സാർ ഒരു ദിവസം പോലും താൽപര്യം ഇല്ലായ്മ കാണിച്ചില്ല. ആദ്യത്തെ ദിവസത്തെ ആവേശത്തോടെയും ഉന്മേഷത്തോടെയും സാർ ഒടുവിലെത്തെ ദിവസം വരെയും ഗ്രാമർ ക്ലാസ് എടുത്തത്.
10–ാം ക്ലാസ് കഴിഞ്ഞ് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചു. ഗണിത ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തു. പിന്നീട് ബിഎഡും എംഎഡും പഠിച്ച് ഞാൻ അധ്യാപിക ആയി. ഞാൻ അധ്യാപിക ആയതിൽ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. നന്ദി ആരോട് ഞാൻ…. എന്നൊരു ചലച്ചിത്ര ഗാനം ഉണ്ടല്ലോ. ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചാൽ ഒരുപാട് പേരുടെ പേരുകൾ എനിയ്ക്കു പറയാൻ ഉണ്ടാകും. ഈ ലിസ്റ്റിൽ പ്രധാനപ്പെട്ട ഒരാൾ ഇദ്ദേഹം ആണ്. ഗ്രാമർ പഠിപ്പിച്ചതിനോടൊപ്പം ഒരു നല്ല ടീച്ചർ എങ്ങനെ ആയിരിക്കണം എന്നു ജീവിതം കൊണ്ട് കാണിച്ച് തന്നു. അതിന് നന്ദി… നന്ദി… നന്ദി..