ADVERTISEMENT

2023 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ‘പുതിയ വിദ്യാഭ്യാസ നയം 2020’ ൽ പ്രതിപാദിക്കുന്ന നാലു വർഷത്തെ ബിരുദ കോഴ്‌സുകളാണ്. പരമ്പരാഗത ത്രിവത്സര ബിരുദ പ്രോഗ്രാമുകളിൽനിന്ന് നാലു വർഷത്തെ കോഴ്സുകളിലേക്കുള്ള മാറ്റത്തിൽ ഉത്സാഹവും പ്രതീക്ഷയും ആശങ്കയും സംശയവും സമൂഹം പ്രകടിപ്പിക്കുന്നത് നാം കണ്ടു. 2024 ലേക്ക് കടക്കുമ്പോൾ, നാല് വർഷത്തെ ഡിഗ്രി കോഴ്‌സുകൾ നടപ്പിലാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയെന്നു നോക്കാം.

സാധ്യതകൾ
1) വിശാലമായ നൈപുണ്യ വികസനം
(broad skill development): മൾട്ടിപ്പിൾ ക്രോസ് ഫങ്ഷനൽ സ്പെഷലൈസേഷൻ ലഭ്യമാകുന്നതോടുകൂടി നാല് വർഷത്തെ കോഴ്‌സ് വിദ്യാർഥികൾക്ക് അതിർവരമ്പുകൾ ഇല്ലാതെ വ്യത്യസ്ത വിഷയങ്ങളും സ്പെഷാലിറ്റികളും പഠിക്കാനും വിശകലനം ചെയ്യാനും ഇതിനുവേണ്ട കഴിവുകളെ പറ്റി പര്യവേക്ഷണം ചെയ്യാനും അവസരങ്ങൾ ഉണ്ടാക്കുന്നു. അത് അവനവന് ചേരുന്നത് എന്താണെന്ന് മനസ്സിലാക്കി അവരുടെ കരിയർ പാതകളെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ യുവതലമുറയെ പ്രാപ്തരാക്കുന്നു.

2)ഹോളിസ്റ്റിക് ലേണിങ്: കൂടുതൽ സമഗ്രമായ വിദ്യാഭ്യാസം, വിഷയ-നിർദ്ദിഷ്‌ട അറിവിന് പുറമേ സോഫ്റ്റ് സ്കിൽസ്, ക്രിട്ടിക്കൽ തിങ്കിങ്, പ്രോബ്ലം സോൾവിങ്, ടീം വർക്ക് എന്നിങ്ങനെയുള്ള നൈപുണ്യങ്ങളെ  വളർത്തിയെടുത്ത് അർഥവത്തായ വ്യക്തിത്വ വികസനത്തിന് അവസരം നൽകുന്നു.

3)ഇന്റർനാഷനൽ കോംപാറ്റിബിലിറ്റി:  ലോകത്തിലെ പ്രമുഖ രാജ്യങ്ങളെല്ലാം നാല് വർഷത്തെ ബിരുദ മാതൃക പിന്തുടരുന്നു. നാലു വർഷ രീതി ആകുന്നതോടെ ഇന്ത്യൻ ബിരുദങ്ങൾ രാജ്യാന്തര നിലവാരവുമായി ചേർന്നു നിൽക്കും. ഇത് ആഗോള സഹകരണത്തിനും തൊഴിലവസരത്തിനുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു.

4) ഗവേഷണ അവസരങ്ങൾ: ഇൻഡസ്ട്രിക്ക് അനുയോജ്യമായ അപ്ലൈഡ് ഗവേഷണ സംസ്കാരത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ആഴത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർഥികൾക്ക് മികച്ച അടിത്തറ നൽകുന്നു, പ്രാക്ടിക്കൽ ഗവേഷണ-അധിഷ്ഠിത രീതികൾ ഇൻഡസ്ട്രി– അക്കാദമി ഗ്യാപ്പ് കുറയ്ക്കുന്നതിന് സഹായിക്കും എന്ന പ്രതീക്ഷയും നൽകുന്നു.

5)വ്യാവസായിക പ്രസക്തി: വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ ആവശ്യങ്ങൾക്ക് മുൻഗണന നൽകി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായങ്ങൾക്കൊപ്പം കൂടുതൽ കാലികമായ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാലു വർഷത്തെ കോഴ്സ് മൂലം സാധിക്കുന്നു. നിലവിലെ വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റാൻ ബിരുദധാരികൾ മികച്ച രീതിയിൽ സജ്ജരാണെന്ന് ഇത് ഉറപ്പാക്കുന്നു. കരിക്കുലം സിലബസ് ഡവലപ്മെന്റ്, നൈപുണ്യ പരിശീലനം, ഗവേഷണ മേൽനോട്ടം എന്നിവയിൽ അപ്ലൈഡ് ഇൻഡസ്ട്രി പ്രാക്ടീഷനേഴ്സിനെ ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കിയാൽ ദീർഘകാല ഗുണം സൃഷ്ടിക്കുന്ന ഫലം ഉണ്ടാക്കിയേക്കാം.

6)കുറഞ്ഞ സമ്മർദ്ദം: കോഴ്സ് മൂന്നു വർഷത്തിനു പകരം നാലു വർഷമാക്കുന്നത് വിദ്യാർഥികളിലെ സമ്മർദ്ദം കുറയ്ക്കും, ഇത് കൂടുതൽ സന്തുലിതവും സമ്മർദ്ദരഹിതവുമായ പഠനാനുഭവം നൽകുന്നു.

7) നാലുവർഷ ബിരുദത്തിലെ നിർബന്ധിത മെന്ററിങ് സ്കീം:  ഒരു വിദ്യാർഥിയുടെ സമഗ്ര വികസനത്തിനായുള്ള ഘടനാപരമായതും കേന്ദ്രീകൃതവുമായ ഇടപെടലാണ് മെന്ററിങ് സ്കീമിലൂടെ ഉദ്ദേശിക്കുന്നത്. അവിടെ ഒരു വിദഗ്ധൻ (മെന്റർ ആയ അധ്യാപകൻ) കുട്ടിക്ക് വ്യക്തിഗതമായ മാർഗ്ഗനിർദേശം, പിന്തുണ, ഉപദേശം മുതലായവ നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിൽ അനുകൂലമായ ഔപചാരിക/ അനൗപചാരിക പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വൈകാരികവും  ഉപകാരപ്രദവുമായ പിന്തുണയും ഭാവി കരിയറിലേക്കുള്ള മാർഗനിർദേശവും നൽകി ഫാക്കൽറ്റി അംഗങ്ങളും വിദ്യാർഥികളും തമ്മിലുള്ള വിടവ് നികത്തുന്നതിനും അവർ തമ്മിൽ ആരോഗ്യകരമായ ബന്ധം വർധിപ്പിക്കുന്നതിനും മെന്ററിങ് സ്കീം വലിയൊരു പങ്കു വഹിച്ചേക്കാം.

8) സ്റ്റുഡൻറ് ലേണിങ് അസസ്മെന്റ്: നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിദ്യാർഥിയുടെ പെർഫോമൻസും അഭിരുചിയും വിശകലനം ചെയ്ത് വ്യക്തമായ മാർഗനിർദേശം നൽകുന്ന രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റുഡൻസ് ലേണിങ് അസസ്മെന്റുകൾ  ഗുണനിലവാരം ഉള്ള റിസൽറ്റ് സൃഷ്ടിച്ചേക്കാം. ചില സംസ്ഥാനങ്ങളിൽ വിദ്യാർഥികളുടെ പ്രകടനം മാനദണ്ഡമാക്കാതെ എല്ലാവർക്കും ഉയർന്ന ഗ്രേഡ് നൽകുന്നു എന്ന പരാതി കുറയ്ക്കാനും കുട്ടികൾക്ക് പഠിക്കാനുള്ള ആന്തരിക പ്രചോദനം വർധിപ്പിക്കാനും ഇത് സഹായിച്ചേക്കാം.

വെല്ലുവിളികൾ
1)അധിക സാമ്പത്തിക/ മനുഷ്യ വിഭവശേഷി/ അടിസ്ഥാന സൗകര്യ വികസനം ബാധ്യതയായേക്കാം: ഒരു അധിക വർഷത്തെ പഠനത്തിന് ഉയർന്ന ട്യൂഷൻ ഫീസും ജീവിതച്ചെലവുകളും ഉണ്ടാകാം. ഇത് വിദ്യാർഥികൾക്കും കുടുംബത്തിനും സാമ്പത്തിക ബാധ്യത ഉണ്ടാക്കാം. അതു പോലെ നാല് വർഷത്തെ കോഴ്‌സുകൾ നടപ്പിലാക്കുന്നതിന് നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാവീണ്യമുള്ള ഫാക്കൽറ്റിമാർ, ക്ലാസ് മുറികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പോലുള്ള വിഭവങ്ങൾ ഒരുക്കുന്നതും അതിനാവശ്യമായിട്ടുള്ള ഫണ്ടുകൾ സമാഹരിക്കുന്നതും ഒരു വെല്ലുവിളി തന്നെയാണ്. നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കിയ ചില യൂണിവേഴ്സിറ്റികളും യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളും ഇത്തരം വെല്ലുവിളികൾ ഇപ്പോൾ നേരിടുന്നുണ്ട്.

2)മാറ്റത്തിനെതിരായ പ്രതിരോധം: പരിവർത്തന വെല്ലുവിളികൾ പല രൂപത്തിൽ വന്നേക്കാം. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ഭിന്നത, കേന്ദ്ര ഏജൻസികളും യൂണിവേഴ്സിറ്റികളും ഡിപ്പാർട്ട്മെന്റുകളും അനുബന്ധ കോളജുകളും തമ്മിൽ വന്നേക്കാവുന്ന ആശയവിനിമയത്തിലെ പോരായ്മകൾ, വിദ്യാർഥികൾ- അധ്യാപകർ - രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള പ്രതിരോധം എന്നിവയൊക്കെ മൂന്ന് വർഷത്തിൽനിന്ന് നാലു വർഷത്തെ സമ്പ്രദായത്തിലേക്ക് മാറുന്ന സമയത്ത് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ഇത് പുതിയ മോഡലിന്റെ ഫലപ്രാപ്തിയെ ബാധിക്കും.

3) അനിശ്ചിതമായ തൊഴിൽ നൈപുണ്യവും നേട്ടങ്ങളും:  കൂടുതൽ പഠന കാലയളവ് അക്കാദമിക് അറിവ് വർധിപ്പിക്കുമെങ്കിലും ബിരുദധാരികൾ ഇൻഡസ്ട്രിക്ക് അനുയോജ്യമായ തൊഴിൽ നൈപുണ്യവും സന്നദ്ധതയും നേടിയെടുത്ത് ജോലിക്ക് തയാറാകും എന്ന് പൂർണ്ണമായും ഉറപ്പാക്കാൻ പറ്റില്ല. പ്രായോഗിക കഴിവുകളും വ്യവസായ പ്രസക്തിയും ഉൾപ്പെടുത്തി നിർദ്ദിഷ്ട പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതും ഫലപ്രാപ്തിയോടെ അത് നടപ്പാക്കുന്നതും കുട്ടികൾ തൊഴിൽ നിപുണത കൈവരിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചേക്കാം.

4)നാലുവർഷം ബിരുദത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വാല്യുബേസ്ഡ്, സ്കിൽ ബേസ്ഡ് കോഴ്സുകൾ നടത്തുന്നതിനുള്ള മാൻപവർ റിസോഴ്സുകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പോരായ്മകൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചേക്കാം. സ്കില്ലിന് കൂടുതൽ പ്രാധാന്യം നൽകുന്നത് ഗവേഷണത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും നിരവധി അധ്യാപകർ ആശങ്കപ്പെടുന്നുണ്ട്.

5) നിലവിൽ തിയറി ബേസ്ഡ് ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതും പരമ്പരാഗത വിഷയങ്ങളിലെ ടീച്ചർമാർക്ക് ഇൻഡസ്ട്രി കൺസൽറ്റിങ്ങിലുള്ള പരിചയക്കുറവും പ്രായോഗിക രീതിയിലുള്ള മാറ്റങ്ങൾ നടപ്പിലാക്കാൻ തടസ്സമാകാൻ സാധ്യതയുണ്ട്. അതിനാൽ ടീച്ചർമാർക്ക് പ്രായോഗിക ഗവേഷണത്തിലും തൊഴിൽ നൈപുണ്യ കോഴ്സുകളിലും കൂടുതൽ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ, രാജ്യാന്തര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും വിദ്യാർഥികൾക്കും ഉയരാൻ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ സഹായിക്കും എന്നതിൽ സംശയമില്ല. പക്ഷേ പോളിസി, പ്ലാനുകൾ എന്നിവ എത്തരത്തിൽ നടപ്പിലാക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ വിജയം. നിലവിൽ, നിശ്ചിത മണിക്കൂറുകൾക്കുള്ളിൽ സിലബസ് തീർക്കാൻ അധ്യാപകർ നെട്ടോട്ടമോടുന്നതു പലപ്പോഴും ഉദ്ദേശിച്ച ഫലം നൽകുന്നില്ല. പരമ്പരാഗത അധ്യാപന - പഠന രീതികളിൽ നിന്നും എക്സ്പീരിയൻഷ്യൽ ലേണിങ്, സെൽഫ് ലേണിങ്, ഇന്റേൺഷിപ്, പ്രോജക്ടുകൾ എന്നിവ സമയദൈർഘ്യം ഉള്ള പുതിയ രീതിയിൽ ഫലവത്തായി ഉപയോഗിക്കാൻ അധ്യാപകരും വിദ്യാർഥികളും ഭരണകർത്താക്കളും രക്ഷിതാക്കളും തൊഴിൽ ദാതാക്കളും അടങ്ങിയ ഇക്കോ സിസ്റ്റം കൂട്ടായി തുറന്നു മനസ്സോടെ തയാറാകേണ്ടതുണ്ട്. നാലു വർഷ ബിരുദ പ്രോഗ്രാമുകൾ  2023 ൽ നടപ്പാക്കിയ യൂണിവേഴ്സിറ്റികളുടെയും കോളജുകളുടെയും അനുഭവങ്ങളും പ്രതികരണവും മുൻപോട്ട് ഇത് നടപ്പിലാക്കുമ്പോൾ തീർച്ചയായും കണക്കിലെടുക്കണം

അതുകൊണ്ട് നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ വിജയത്തിനെ കുറിച്ചോ ആഘാതത്തിനെ കുറിച്ചോ നിർണായക അഭിപ്രായം  രേഖപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. 2024 ൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പിലൂടെ  വൻ മാറ്റത്തിലേക്ക് നമ്മുടെ രാജ്യം കുതിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

Content Summary:

Is India Ready for the 4-Year Degree Transition? Opportunities and Challenges Explored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com