ADVERTISEMENT

മറ്റുള്ളവരെ ഉപദേശിക്കാൻ എല്ലാവർക്കും വളരയേറെയിഷ്ടമാണ്. പ്രത്യേകിച്ചും കുട്ടികളെ. പക്ഷേ പല കാര്യങ്ങളിലും മുതിർന്നവരേക്കാൾ വകതിരിവും ഉത്തരവാദിത്തബോധവും കുട്ടികൾ കാണിക്കാറുണ്ട്. അത്തരമൊരു കുട്ടിയുടെ കഥയാണ് ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ ഇക്കുറി പ്രസിദ്ധീകരിക്കുന്നത്.

കുട്ടിയുടെ കുടുംബത്തിലെ മോശം അവസ്ഥ മനസ്സിലാക്കിയ അധ്യാപകൻ അവനെ സഹായിക്കാനായി ചെയ്തൊരു കാര്യം വിനയായി മാറിയ അനുഭവ കഥ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത് അനീഷ്‌ ബാബു എന്ന അധ്യാപകനാണ്.

കൊറോണക്കാലവും കഴിഞ്ഞു സ്കൂൾ തുറന്ന് വരുന്ന സമയം. പല കുഞ്ഞുങ്ങളെയും ഓൺലൈൻ ക്ലാസ്സിൽ കണ്ടിട്ടേ ഉള്ളു. പതിവായി ലാസ്റ്റ് ബെഞ്ചിൽ തല ചയ്ച്ചു കിടക്കുന്ന ഒരു കുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. രാവിലെ രണ്ടാം പീരിയഡ് തന്നെ ഡെസ്കിൽ തലചായ്ച്ചുറങ്ങണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ. സ്നേഹത്തോടെ അടുത്ത് വിളിച്ചു ആവർത്തിച്ചു ചോദിച്ചപ്പോൾ  രാവിലെ ഭക്ഷണം കിട്ടാക്കനിയാണ് ആ കുട്ടിക്കെന്നു മനസിലായി. വീട്ടിലെ അവസ്‌ഥ പരമ ദയനീയം. മദ്യപാനിയായ അച്ഛന് കൂലിപ്പണിയാണ്. അമ്മ തല്ലു കൊണ്ട് ഒരു പരുവമായിരിക്കുന്നു. മൂന്നു മക്കളാണവർക്ക്. അവന്റെ വീടിനടുത്തു താമസിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾ പറഞ്ഞതനുസരിച്ച് അമ്മയുടെ മനോനില അത്ര സുഖകരമല്ലെന്നും എനിക്ക് മനസിലായി.

അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അവനോടുള്ള അനുകമ്പ കൂടി ഒരു നന്മ മരമാകണം എന്ന് എനിക്ക് തോന്നി. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ നിന്ന് കൊടുക്കുന്ന അരി അവൻ വാങ്ങിയിട്ടില്ലെന്ന് മനസ്സിലായി. എന്നിലെ മാതൃകാധ്യാപകൻ ഉണർന്നു. അവനെ നിർബന്ധിച്ചു അരി വാങ്ങിപ്പിച്ചു രണ്ട് ഡയലോഗ് കാച്ചി   ‘‘പിള്ളേരായാൽ ഇത്തിരി ഉത്തരവാദിത്തം വേണം അവനവന്റെ വീടിന്റെ സാഹചര്യം ഓർക്കണ്ടായോ’’. ഇത്രേം ദിവസം അരി വാങ്ങാൻ വൈകിയതിന് അവനോട് ഞാൻ നന്നേ ദേഷ്യപ്പെട്ടു. എന്റെ കലിപ്പ് അടങ്ങിയപ്പോൾ ആ ആറാം ക്ലാസുകാരൻ എന്റെ അടുക്കലേക്ക് ചേർന്നു നിന്നു പറഞ്ഞു . 

‘‘പൊന്നു സാറെ അരി മനഃപൂർവം വാങ്ങാഞ്ഞതാ. അരി വാങ്ങി വീട്ടിൽ കൊണ്ട് ചെന്നാൽ അപ്പൻ അത് ബംഗാളികൾക്ക് മറിച് വിൽക്കും ആ കാശിനു കള്ള് കുടിച്ച് അമ്മയെ തല്ലും. അമ്മയ്ക്ക് തല്ലു വാങ്ങി കൊടുക്കണ്ടാന്ന് വെച്ചാ സാറെ’’.
ദൈവമേ പെട്ടു! അരി വാങ്ങിയും പോയി.

അവനവന്റെ വീടിന്റെ  സാഹചര്യം ഇത്രമേൽ നന്നായി മനസിലാക്കുവാൻ  ഒരു ആറാം ക്ലാസുകാരന് കഴിയുന്നു എന്നത് എത്രയോ നല്ല കാര്യം. നിസാര കാര്യങ്ങൾക്കു വഴക്കടിച്ചു വീട് വിട്ട് ഇറങ്ങുന്നവരും ഫോണിനും ബൈക്കിനും വാശിപിടിക്കുന്നവർ‌ക്കും പ്രേമം തകർന്ന് ആത്മഹത്യ ചെയ്യുന്നവർക്കും എന്റെ കുഞ്ഞിനോളം വളരുവാൻ സാധിച്ചിട്ടില്ലല്ലോ എന്നോർത്ത്  അഭിമാനം തോന്നി.

Content Summary:

The Inspiring Story of a Child's Wisdom in Adversity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com