ADVERTISEMENT

കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോയമ്പത്തൂരിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എഐസിടിഇ അംഗീകാരവും നാക് അക്രഡിറ്റേഷനും ഉള്ള ഈ സ്ഥാപനത്തിൽ നിന്നു യോഗ്യത നേടുന്നവർക്ക് മികച്ച ജോലിസാധ്യതയുണ്ട്. വിലാസം: Sardar Vallabhbhai Patel International School of Textiles & Management, Avinashi Road, Peelamedu, Coimbatore - 641 004. സംശയപരിഹാരത്തിനു ഫോൺ: 98438 14145; admission@svpitm.ac.in; വെബ്: http://svpistm.ac.in.

കോഴ്സുകൾ
(എ) സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ്:

1. ബിഎസ്‌സി ടെക്സ്റ്റൈൽസ്, 3 വർഷം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു 50% എങ്കിലും മാർക്കോടെ വേണം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.

2.ബിഎസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്, 3 വർഷം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു 45% എങ്കിലും മാർക്കോടെ വേണം. സംവരണവിഭാഗക്കാർക്ക് 40% മതി.

3.ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്, 3 വർഷം. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയങ്ങളടങ്ങിയ പ്ലസ്ടു. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.

4.ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ*, 3/4 വർഷം. പ്രവേശനയോഗ്യത മൂന്നാമത്തെ കോഴ്സിന്റേതു (ബിബിഎ) തന്നെ.

ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, 3 വർഷം
ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, (ഓണേഴ്സ് / റിസർച്), 4 വർഷം
(*3 വർഷത്തിനു ശേഷം ആവശ്യമുള്ളവർക്ക് സാധാരണ ബിഎസ്‌സി ബിരുദം നേടി വിട്ടുപോരാം)

(ബി) സ്കൂൾ ഓഫ് മാനേജ്മെന്റ്:
എംബിഎ ടെക്‌സ്‌റ്റൈൽ / അപ്പാരൽ / റീട്ടെയ്ൽ / ടെക്നിക്കൽ ടെക്സ്റ്റൈൽസ് മാനേജ്മെന്റ്; എംബിഎ ടെക്‌സ്‌റ്റൈൽ ബിസിനസ് അനലിറ്റിക്സ്. 5 പ്രോഗ്രാമുകൾക്കും 2 വർഷം വീതം. ആഗോളതലത്തിൽ മാനേജ്മെന്റ് കൃത്യങ്ങൾ സമർഥമായി നിർവഹിക്കാനാവശ്യമായ ശേഷികൾ പകരുന്ന പ്രോഗ്രാമുകൾ. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം വേണം. പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്കു 45%, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മതി.

എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ പ്രവേശനസമയത്ത് യോഗ്യതാപരീക്ഷ എഴുതിയിരുന്നാലും മതി. പക്ഷേ, 2024 സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കണം.

സിലക്‌ഷൻ എങ്ങനെ?
യുജി പ്രോഗ്രാമുകൾ : പ്ലസ്ടു മാർക്കും CUET, അഥവാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ എൻട്രൻസ് ടെസ്റ്റിലെ (SVPET) മാർക്കും പരിഗണിച്ചു സിലക്‌ഷൻ നടത്തും. പിജി പ്രോഗ്രാമുകൾ : CUET /SVPET / ഏതെങ്കിലും മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റിലെ സ്കോർ നോക്കി സിലക്‌‌ഷൻ നടത്തും.

SVPET ഒരു മണിക്കൂർ ഓൺലൈൻ ടെസ്റ്റാണ്. മൾട്ടിപ്പിൾ–ചോയ്സ് രീതിയിലുള്ള 50 ചോദ്യങ്ങൾ. യുജി, പിജി ടെസ്റ്റുകൾ രണ്ടിലും ഇതേ രീതി. ടെസ്റ്റ്–സിലബസ് സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

അപേക്ഷ
2024–’25 വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മാർച്ച് 30 വരെ. അപേക്ഷാഫോം സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, പിഡിഎഫ് ഫോർമാറ്റിലാക്കി, നിർദിഷ്ട സർട്ടിഫിക്കറ്റുകളും ചേർത്ത്, admission@svpitm.ac.in എന്ന ഐഡിയിലേക്ക് ഇ–മെയിൽ ചെയ്യണം.

അപേക്ഷാഫീ 500 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പീളമേട് (കോയമ്പത്തൂർ) ശാഖയിലേക്കു നിർദിഷ്ട രീതിയിൽ ഓൺലൈനായി അടയ്ക്കാം. ഒരു ഫോമിൽ ഒരു പ്രോഗ്രാമിനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫീയടയ്ക്കേണ്ട. കൈത്തറി നെയ്ത്തുകാരുടെ മക്കൾക്ക് സ്കോളർഷിപ്പുണ്ട്. പട്ടികവിഭാഗക്കാർക്കു പോസ്റ്റ്–മട്രിക് സ്കോളർഷിപ് കിട്ടും.

ഹ്രസ്വകാല ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ
ബിരുദധാരികൾക്കു പ്രവേശനമുള്ള മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ് (30 മണിക്കൂർ) / നോൺ–വോവൺ ടെക്‌സ്‌റ്റൈൽസ് മാനേജ്‌മെന്റ് (30 മണിക്കൂർ) / ബ്ലോക് ചെയിൻ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി (15 മണിക്കൂർ) പ്രോഗ്രാമുകളും നടത്തിവരുന്നു. വിവരങ്ങൾക്കു പ്രോസ്പെക്ടസിൽ കാണിച്ചിട്ടുള്ള ഫോൺ നമ്പറുകളുമായി ബന്ധപ്പെടാം.

Content Summary:

Unlock Future Success in Textiles: Join Coimbatore's Premier Institute Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com