ADVERTISEMENT

ഈ വർഷം മുതൽ ആയുർവേദം, യൂനാനി, സിദ്ധ എന്നിവയെ പൊതു നീറ്റിൽനിന്ന് ഒഴിവാക്കും. ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനായി നടത്തിയിരുന്ന NEET(UG) (നീറ്റ്: നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേജു്വേറ്റ്) പൊതുപരീക്ഷയാണു പരിഷ്കരിക്കുന്നത്. 

ആയുർവേദം, യൂനാനി, സിദ്ധ വിഷയങ്ങളിലെ അണ്ടർ ഗ്രാജ്വേറ്റ്  പ്രവേശനത്തിന് തനത് നീറ്റ് നടത്തും. പരീക്ഷയുടെ ചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിയെയോ (www.nta.ac.in) മറ്റ് സ്ഥാപനത്തെയോ ഏൽപിക്കും. 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പരമ്പരാഗത ടിബറ്റൻ വൈദ്യസമ്പ്രദായമായ സോവാ–രിഗ്പയ്ക്കു (Sowa-Rigpa) മാത്രമായി മറ്റൊരു യുജി നീറ്റും നടത്തും.

കഴിഞ്ഞ ഡിസംബർ 20 ലെ കേന്ദ്ര സർക്കാരിന്റെ അസാധാരണ ഗസറ്റിലൂടെ, ‘നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ’ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജ്ഞാപനം ചെയ്തു. ആയുഷ് നീറ്റ്–യുജി എഴുതാനുള്ള മിനിമം യോഗ്യത, നാഷനൽ കമ്മിഷൻ തീരുമാനിക്കും. പരീക്ഷയ്ക്ക് കടലാസും പേനയും ഉപയോഗിക്കുന്ന ഓഫ്‌ലൈൻ രീതിയായിരിക്കും.

കേന്ദ്ര/ സംസ്ഥാന കൗൺസലിങ് അധികാരി വഴിയായിരിക്കും വിദേശികളൊഴികെ എല്ലാ വിദ്യാർഥികളെയും തിരഞ്ഞെടുത്ത് കോളജിൽ പ്രവേശിപ്പിക്കുക. പ്രവേശനം തീർന്ന് 30 ദിവസത്തിനകം കോഴ്സിൽ ചേർന്നവർക്ക് ആയുഷ് ഐഡന്റിറ്റി രേഖ നൽകും. എല്ലാ ഘട്ടങ്ങളിലും ആയുർവേദ / യൂനാനി/  സിദ്ധ ബോർഡുകളുടെ നിബന്ധനകൾ പാലിക്കും.

ദേശീയ എക്സിറ്റ് ടെസ്റ്റ്
ആയുർവേദം, യൂനാനി, സിദ്ധ വിഷയങ്ങളിൽ വർഷംതോറും ദേശീയ എക്സിറ്റ് ടെസ്റ്റ് നടത്തും. ഇതിന്റെ ചുമതല മികച്ച ഏജൻസിയെ ഏൽപിക്കും. ഒരു വർഷത്തെ ഇന്റ‌േൺഷിപ്പിനു ശേഷം മെഡിക്കൽ പ്രാക്ടിഷണർ ലൈസൻസ് നൽകുന്നതിനും സംസ്ഥാന / കേന്ദ്ര റജിസ്റ്ററിൽ ‘റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടിഷണർ’ ആയുള്ള എൻറോൾമെന്റ് അനുവദിക്കുന്നതിനും എക്സിറ്റ് ടെസ്റ്റ് ഫലം ഉപയോഗിക്കും. ടെസ്റ്റിൽ യോഗ്യത നേടാൻ 50% മാർക്കു മതി. യോഗ്യത നേടിയവരുടെ ലിസ്റ്റ് കമ്മിഷന്റെ വെബ് സൈറ്റിൽ വരും.

സാധാരണഗതിയിൽ ഫെബ്രുവരിയിലും ഓഗസ്റ്റിലും ഈ ടെസ്റ്റ് നടത്തും. ആയുർവേദ / യൂനാനി / സിദ്ധ ക്ലിനിക്കൽ പ്രവർത്തനങ്ങൾക്കുള്ള പ്രാവീണ്യം, മെഡിക്കൽ രംഗത്തെ ധാർമികമൂല്യങ്ങൾ, മെഡിക്കോ–ലീഗൽ കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയിലെ പ്രശ്നാധിഷ്ഠിത ചോദ്യങ്ങളാവും ടെസ്റ്റിലുള്ളത്. 

                  

ഇനിപ്പറയുന്ന 3 വിഭാഗക്കാർക്കും ടെസ്റ്റെഴുതാം:
∙ ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയ ആയുർവേദ / യൂനാനി / സിദ്ധ ബിരുദധാരികൾ
∙ ടെസ്റ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 270 ദിവസത്തെയെങ്കിലും ഇന്റേൺഷിപ് പൂർത്തിയാക്കിയവർ
∙ ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ യോഗ്യതയുള്ള വിദേശികൾ


ഈ ടെസ്റ്റിൽ യോഗ്യത നേടാത്തവരെ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷ്ണറായി എൻറോൾ ചെയ്യാൻ അനുവദിക്കില്ല. എത്ര തവണ വേണമെങ്കിലും ടെസ്റ്റെഴുതാം. എക്സിറ്റ് ടെസ്റ്റിൽ യോഗ്യത നേടാൻ കഴിയാത്തവർക്ക് മെഡിക്കൽ റജിസ്ട്രേഷൻ നിർബന്ധമല്ലാത്ത ജോലികളിലോ പഠനകോഴ്സുകളിലോ ചേരാം.

∙ ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റ്
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ ഓരോ ശാഖയിലും അഭിരുചി പരിശോധനയടക്കമുള്ള ആയുഷ് പോസ്റ്റ്– ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്  നടത്തും. സാധാരണഗതിയിൽ ഏപ്രിൽ മാസത്തിലായിരിക്കും ടെസ്റ്റ്. ബാച്‌ലർ ബിരുദം നേടി ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്കു ടെസ്റ്റെഴുതാം. നിർദിഷ്ട ഏജൻസിക്കായിരിക്കും ടെസ്റ്റിന്റെ ചുമതല. പ്രവേശനസമയത്ത് വിദ്യാർഥിക്കു മെഡിക്കൽ റജിസ്ട്രേഷനുണ്ടായിരിക്കണം.

∙ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ ഓരോ ശാഖയിലും അധ്യാപകയോഗ്യതാ പരീക്ഷ നടത്തും. നിർദിഷ്ട ഏജൻസി വഴിയായിരിക്കും കമ്മിഷൻ പരീക്ഷ നടത്തുന്നത്. സാധാരണഗതിയിൽ മേയ് മാസത്തിലാവും ടെസ്റ്റ്.  ബന്ധപ്പെട്ട ശാഖയിലെ പിജി ബിരുദം നേടി, അധ്യാപകജോലിയിൽ താൽപര്യമുള്ളവർക്കു ടെസ്റ്റെഴുതാം. ആദ്യനിമയനത്തിനുള്ള പ്രായപരിധിയും പാലിക്കണം. പിജി പ്രോഗ്രാമിൽ 30 മാസമെങ്കിലും തികച്ചവർക്കും അപേക്ഷിക്കാം.

അധ്യാപന അഭിരുചി, അധ്യാപന തത്വങ്ങൾ, ക്ലാസ്റൂം മാനേജ്മെന്റ്, ആശയവിനി മയശേഷി, ബന്ധപ്പെട്ട സാങ്കേതികവിഷയങ്ങളിലെ പരിശീലനത്തിനും വിലയിരുത്തലിനുമുള്ള പ്രാഗല്ഭ്യം, വിദ്യാർഥി മനഃശാസ്ത്രം, വയോജന വിദ്യാഭ്യാസത്തിലെ സങ്കേതങ്ങൾ മുതലായവയിൽനിന്നു ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

യോഗ്യതയ്ക്ക് 50% എങ്കിലും മാർക്കു നേടിയാൽ മതി. ഈ ടെസ്റ്റ്‌വഴി ലഭിക്കുന്ന യോഗ്യതയ്ക്കു 10 വർഷത്തെ സാധുതയുണ്ട്. മെ‍ഡിക്കൽ ഓഫിസർമാരോ ഗവേഷകരോ മറ്റോ ആയി ജോലി ചെയ്യുന്നവർക്ക് അധ്യാപകജോലിയിലേക്കു ചുവടു മാറ്റണമെങ്കിൽ ‍ഈ ടെസ്റ്റിൽ യോഗ്യത നേടണം.

∙ പ്രീ–ആയുർവേദ നീറ്റ്
പത്താം ക്ലാസ് / തുല്യയോഗ്യതയുള്ളവർക്ക് എഴുതാവുന്ന ഈ പരീക്ഷ സാധാരണഗതിയിൽ മെയ്–ജൂൺ സമയത്തു നടത്തും. ഇതിൽ യോഗ്യത നേടുന്നവരുടെ പഠനക്രമമിങ്ങനെ:

·പ്രീ–ആയുർവേദ – 2 വർഷം
·ബിഎഎംഎസ് – നാലര വർഷം
·ഇന്റേൺഷിപ് – ഒരു വർഷം

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഈ നീറ്റ്, ഓൺലൈനായോ ഓഫ്‌ലൈനായോ വിവിധ കേന്ദ്രങ്ങളിൽ നടത്തും. പ്രീ–ആയുർവേദ കോഴ്സ് പ്രവേശനത്തിനു ടെസ്റ്റിൽ 50% മാർക്ക് മതി. യോഗ്യത നേടുന്ന വർഷത്തെ പ്രവേശനത്തിനു മാത്രമേ ഇത് പരിഗണിക്കൂ. 

അഖിലേന്ത്യാതലത്തിൽ മെറിറ്റ് നോക്കി, കൗൺസലിങ്ങും സീറ്റ് അലൊക്കേഷനും കമ്മിഷൻ നടത്തും. യൂനാനി പഠനത്തിന് പ്രീ–ടിബ് പരീക്ഷയാണ് ഏർപ്പെടുത്തുക. പ്രീ–ടിബ് കോഴ്സ് ദൈർഘ്യം ഒരു വർഷം മാത്രമാണ്. പക്ഷേ, പ്രവേശനത്തിന് പ്ലസ്ടുവിനു തുല്യമായ അംഗീകൃത ഓറിയെന്റൽ യോഗ്യതയും പ്രീ–ടിബ് നീറ്റിൽ 50% എങ്കിലും മാർക്കും വേണം.

Content Summary:

NEET Exclusions Announced for Ayurveda, Unani, and Siddha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com