ADVERTISEMENT

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ 3–വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ്പാക്കി പരിഷ്കരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. പാഠ്യക്രമം അതനുസരിച്ചു പരിഷ്കരിച്ചു.

ഓൾ ഇന്ത്യാ കൗൺസിലിന്റെ അംഗീകാരത്തോടെ, കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനുമായി അഫിലിയേറ്റ് ചെയ്ത്, ത്രിവത്സര ഡിപ്ലോമ നടത്തുന്ന എല്ലാ പോളിടെക്നിക് കോളജുകളിലും ഈ സ്കീം നടപ്പിലാക്കും. 4–6 മാസമായിരിക്കും ഇന്റേൺഷിപ്. ജനുവരി 31 മുതൽ ജൂലൈ 31 വരെ ഇതു നീളാം.  വ്യവസായ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ‌ഇന്റേൺഷിപ് വിദ്യാർഥികളെ സഹായിക്കും.

സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യാം. സാങ്കേതികവിദ്യാഭ്യാസവകുപ്പ് ഇന്റേൺഷിപ്പിനുള്ള വ്യവസായസ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് എംപാനൽ ചെയ്യും. കമ്പനികൾ റജിസ്റ്റർ ചെയ്യാനുള്ള ഫോം വെബ്സൈറ്റിലുണ്ട്.

∙ വിദ്യാർഥികൾ ശ്രദ്ധിക്കാൻ
എംപാനൽ ചെയ്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് വിദ്യാർഥികൾ കോളജ്‌വഴി അപേക്ഷിക്കണം. കമേഴ്സ്യൽ പ്രാക്ടിസ്, ടൂൾ & ഡൈ എന്നിവയൊഴികെ ഏതെങ്കിലും ശാഖയിലെ ആറാം സെമസ്റ്റർ റഗുലർ വിദ്യാർഥിയായിരിക്കണം. 

ഒരാൾക്കു 3 സ്ഥാപനങ്ങളിലേക്കുവരെ വെവ്വേറെ അപേക്ഷ നൽകാം. ഇന്റേൺഷിപ്പിന്റെ ചുമതല വഹിക്കുന്ന അധ്യാപികയെ / അധ്യാപകനെ അപേക്ഷ ഏൽപിച്ചാൽ മതി. ഇന്റേൺഷിപ്പിനു തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ബന്ധപ്പെട്ട കമ്പനി / സ്ഥാപനം തീരുമാനിക്കും. ഇന്റേൺഷിപ് സംബന്ധിച്ച നിബന്ധനകളെല്ലാം പാലിക്കാമെന്ന് വിദ്യാർഥി സത്യവാങ്മൂലം നൽകണം. കൂടാതെ 2 കോർ കോഴ്സുകളും 2 ഓഡിറ്റ് കോഴ്സുകളും ഉൾപ്പെടെ നിർദിഷ്ട കോഴ്സുകളുടെ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കാമെന്നു സത്യപ്രസ്താവനയും നൽകണം.

കമ്പനി മാറാൻ അനുവദിക്കില്ല. ഇന്റേൺഷിപ്പും മൂല്യനിർണയവും തൃപ്തികരമല്ലാതെ പോയാൽ, അവ ആവർത്തിക്കില്ല. ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം തേടേണ്ടിവരും.

∙ കോളജുകൾ ശ്രദ്ധിക്കാൻ
എംപാനൽ ചെയ്ത കമ്പനികളുമായി പോളിടെക്നിക് ധാരണാപത്രം ഒപ്പിടണം. പ്രോജക്ടുകൾക്കെന്നപോലെ ഇന്റേൺഷിപ്പിന് അധ്യാപകരെ ചുമതലപ്പെടുത്തണം. പദ്ധതിയുടെ ചാർജുള്ള അധ്യാപിക / അധ്യാപകൻ ആവശ്യാനുസരണം വ്യവസായശാലകൾ സന്ദർശിച്ച് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം. സ്കീം സംബന്ധിച്ച പൂർണവിവരങ്ങൾ www.sitttrkerala.ac.in എന്ന സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് ഫോൺ : 0484-2542355, sitttr@gmail.com.

ഇക്കൊല്ലം നിർബന്ധമില്ല
ആദ്യവർഷമായതിനാൽ ഇത്തവണ ഇന്റേൺഷിപ് നിർബന്ധമല്ല. 
2 വഴി നിർദേശിച്ചിട്ടുണ്ട്. 
∙ സാധാരണ ക്ലാസുകൾവഴി ആറാം സെമസ്റ്ററും പൂർത്തിയാക്കി പരീക്ഷയെഴുതുക.
∙ ആറാം സെമസ്റ്റർ ഇന്റേൺഷിപ് മാത്രമാക്കി കോഴ്സ് പൂർത്തിയാക്കി പരീക്ഷയെഴുതുക.
ഇഷ്ടമുള്ള വഴി വിദ്യാർഥിക്കു തിരഞ്ഞെടുക്കാം.

Content Summary:

Kerala Polytechnic Reforms: New Industrial Internship Notification Enhances Hands-On Learning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com