ADVERTISEMENT

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ്/എൻജിനീയറിങ്/ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ 30 വരെ ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാം. വിവരങ്ങൾക്ക്: www.barcocesexam.in.

സ്കീമുകൾ
1.OCES: ബിടെക് അല്ലെങ്കിൽ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ (2024–25) ഓറിയന്റേഷൻ കോഴ്സ്. 5 ബാർക് ട്രെയ്നിങ് സ്കൂളുകളിൽ പരിശീലന സൗകര്യം. 50% എങ്കിലും മൊത്തം മാർക്കു നേടി, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ അണുശക്തി വകുപ്പിലെ 12 കേന്ദ്രങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയമനം ലഭിക്കും. പരിശീലനത്തിൽ നിർദിഷ്ട നിലവാരം പുലർത്തുന്നവർക്ക് പിജി ഡിപ്ലോമ ലഭിക്കും. കൂടുതൽ മികവുള്ള ബിടെക്കുകാർക്ക് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് പഠനത്തിന് അവസരം.

2.DGFS: സിലക്‌ഷൻ–ഇന്റർവ്യൂവിൽ മികവു പുലർത്തുന്ന ബിടെക്കുകാർക്ക് 2 വർഷത്തെ (2024–26) ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിൽ / പ്രോഗ്രാമുകളിൽ എംടെക് പ്രവേശനം േനടിയിരിക്കണം. ഇവർക്ക് 2 വർഷത്തേക്ക് ട്യൂഷൻഫീ, പ്രതിമാസ സ്റ്റൈപ‌ൻഡ് 55,000 രൂപ, വാർഷിക ഗ്രാന്റ് 4,00000 രൂപ, അണുശക്തിവകുപ്പ് നിർദേശിക്കുന്ന പ്രോജക്ടിന് 4 ലക്ഷം രൂപ വിശേഷസഹായം എന്നിവ കിട്ടും.  കോഴ്സ് പൂർത്തിയാക്കുമ്പോൾ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും. ട്രെയ്നിങ് കാലത്ത് ഇരുവിഭാഗക്കാർക്കും 55,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡുണ്ട്. ഒസിഇഎസുകാർക്ക് 18,000 രൂപ ബുക് അലവൻസും ലഭിക്കും.

പ്രവേശനയോഗ്യത:  8 എൻജിനീയറിങ് ശാഖകളിലൊന്നിൽ 60% എങ്കിലും മൊത്തം മാർക്കോടെ ബിടെക് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംടെക് വേണം. ഫിസിക്സ് ഉൾപ്പെടെ നിർദിഷ്ട സയൻസ് വിഷയങ്ങളിൽ എംഎസ്‌സി, അല്ലെങ്കിൽ തുല്യ ടെക്നിക്കൽ യോഗ്യതയുള്ളവർക്കും അവസരമുണ്ട്. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി സിലക്‌ഷൻ ആഗ്രഹിക്കുന്നവർക്ക് യോഗ്യതാ പരീക്ഷയിലെ വിഷയത്തിൽത്തന്നെ 2022 / 2023 /2024ലെ സ്കോർ വേണം.

സിലക്‌ഷൻ എങ്ങനെ?
2 വിഭാഗത്തിലെയും തിരഞ്ഞെടുപ്പു രീതി ഒന്നുതന്നെ. ഇതിൽ 2 ഘട്ടങ്ങളുണ്ട്.
1) പ്രസക്തവിഷയത്തിലെ ഗേറ്റ് 2022 / 2023 /2024, അല്ലെങ്കിൽ മാർച്ച് 16, 17 തീയതികളിൽ ബാർക് നടത്തുന്ന ടെസ്റ്റ് ഇവയിലെ സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ. 
2) ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മേയ്–ജൂൺ സമയത്ത് ഇന്റർവ്യൂ ചെയ്യും. ഇന്റർവ്യൂ പ്രകടനം മാത്രം നോക്കിയാണ് അന്തിമ സിലക‌്ഷൻ.

പരിശീലനകാലത്ത് അണുശക്തിവകുപ്പിന്റെ ഹോസ്റ്റലിൽ താമസിക്കണം. 20,000 രൂപ പ്രാരംഭവേതനവും മറ്റ് ആനുകൂല്യവുമുള്ള ഗ്രൂപ്പ് എ സയന്റിഫിക് ഓഫിസറായാണു നിയമനം.  എല്ലാവരും തുടക്കത്തിൽത്തന്നെ 3 വർഷത്തെ സേവനക്കരാറൊപ്പിടണം.

നിർദിഷ്ടനിലവാരത്തിൽ പരിശീലനം പൂർത്തിയാക്കുന്ന ബിടെക്കുകാർക്ക് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക്കിനു പഠിക്കാം. സയൻസ് ശാഖക്കാർക്കു പിജി ഡിപ്ലോമയ്ക്കും. സയന്റിഫിക് ഓഫിസർമാർക്കു പിഎച്ച്ഡി പഠനത്തിനും സൗകര്യമുണ്ട്. ഈ സ്കീമിലെ അപേക്ഷകരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിലെ നേരിട്ടുള്ള നിയമനത്തിനു പരിഗണിക്കുന്നതിനും വ്യവസ്ഥയുണ്ട്. 

ടിഐഎഫ്ആറി‌ൽ പിഎച്ച്ഡി
സെൽ ബയോളജി ആൻഡ് ന്യൂറോജനറ്റിക്സിലെ പിഎച്ച്ഡി സിലക്‌ഷന് 20 വരെ ടിഐഎഫ്ആർ അപേക്ഷ സ്വീകരിക്കും. CSIR-UGC NET/DBT-BET/ICMR ജെആർഎഫ്, അല്ലെങ്കിൽ ബയോളജി / കെമിസ്ട്രി /ഫാർമസി ഗേറ്റിൽ ഏറ്റവും ഉയർന്ന 5 പെർസന്റൈൽ വേണം. https://tinyurl.com/5xtm27f9 എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 5–7 വരെ. പ്രോഗ്രാം ഏപ്രിൽ ഒന്നിനു തുടങ്ങും. വിവരങ്ങൾക്ക്: https://www.tifr.res.in/dbs/Mid-termPhD/Mid-termPhD_2023.html. സംശയപരിഹാരത്തിന് dbsadmissions@tifr.res.in.

Content Summary:

BARC Announces Online Registrations for Aspiring Scientific Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com