ADVERTISEMENT

ജോലിയും ജീവിതവും ഉൻമേഷഭരിതമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ജോലിസ്ഥലത്തെ സൗഹൃദങ്ങൾ. സന്തോഷത്തോടെ ജോലി ചെയ്യാനും ഉൽപാദന ക്ഷമത കൂട്ടാനും വ്യക്തിജീവിതത്തിൽ സംഘർഷങ്ങളില്ലാതാ ക്കുന്നതിലും സൗഹൃദങ്ങൾക്കു വലിയ പങ്കുണ്ട്. തെറ്റായി വിധിക്കുമോ എന്ന പേടിയില്ലാതെ സഹായങ്ങൾ ചോദിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണു വേണ്ടത്. പ്രത്യാഘാതങ്ങളെക്കുറിച്ചു പേടിയില്ലാത്ത മനസ്സും ആത്മ വിശ്വാസവുമാണ് നന്നായി ജോലി ചെയ്യാൻ ഏതൊരാൾക്കും വേണ്ടത്. സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇതൊരിക്കലും സാധ്യമാകില്ല. ഓഫിസ് അന്തരീക്ഷത്തിൽ സ്നേഹവും സൗഹൃദവുമുണ്ടെങ്കിൽ സംഘർഷമില്ലാത്ത മനസ്സോടെ ജോലി ചെയ്യാൻ കഴിയും. സൗഹൃദം വളർത്താനും നിലനിർത്താനും സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങൾ പരിചയപ്പെടാം. 

1. സ്വയം പരിചയപ്പെടുത്തുക 
സൗഹൃദം വളർത്താൻ ആദ്യം ചെയ്യേണ്ടത് സ്വയം പരിചയപ്പെടുത്തുകയാണ്. സഹപ്രവർത്തകർക്ക് സ്നേഹം തോന്നാൻ ഇത് അത്യാവശ്യമാണ്. സ്വയം പരിചയപ്പെടുത്തുന്നവരുമായി സൗഹൃദം പങ്കുവയ്ക്കാൻ മറ്റുള്ളവരും തയാറാകും. സ്വന്തം ഡിപ്പാർട്മെന്റിൽ മാത്രമായി ബന്ധങ്ങൾ ഒതുക്കേണ്ടതില്ല. ഓഫിസിലെ മറ്റു ഡിപ്പാർട്ടു മെന്റുകളിലുള്ളവരുമായി സൗഹൃദബന്ധങ്ങൾ വളർത്തിയെടുക്കണം. സമാന അഭിരുചികളും താൽപര്യങ്ങളുമുള്ള ഒന്നിലധികം പേരെ കണ്ടെത്താൻ ഇത് സഹായിക്കും. 

2. പേര് വിളിക്കുക 
സഹപ്രവർക്കരുടെ പേര് പഠിക്കുകയും പേര് വിളിച്ച് പരിചയപ്പെടുകയും വേണം. പേര് മനസ്സിലാക്കുകയും വിളിക്കുകയും ചെയ്യുന്നതോടെ അവരിൽ താൽപര്യമുണ്ടെന്ന് അറിയിക്കുകയാണ്. പേര് ഓർക്കുമ്പോൾ തന്നെ മുഖവും ഓർക്കുന്നതിലൂടെ മനസ്സിൽ ആ വ്യക്തികൾ പതിയുകയാണെന്നും മറക്കരുത്. 

3. അഭിവാദനങ്ങൾ മറക്കരുത് 
ജോലിക്കു വരുമ്പോൾ ഹലോ എന്നും പോകുമ്പോൾ ഗുഡ്ബൈ പറയാനും മറക്കരുത്. ഹോബികൾ, ആഴ്ചാവസാ നത്തിലെ യാത്രാപരിപാടികൾ എന്നിവയെക്കുറിച്ച് തിരക്കാനും വിശദമായി സംസാരിക്കാനും മറക്കരുത്. സ്വാഭാവികമായ സംസാരമാണ് സൗഹൃദത്തിന്റെ കരുത്ത്. 

4. ബി പോസിറ്റീവ് 
സ്വഭാവത്തിൽ പോസിറ്റീവ് മനോഭാവം നിലനിർത്താൻ ശ്രമിക്കണം. പോസിറ്റീവ് മനോഭാവമുള്ളവർക്കൊപ്പം മറ്റുള്ളവരും ചേരാൻ തയാറാകും. ഒരേ താൽപര്യമുള്ളവർ ഒരുമിച്ചുകൂടി ആശയങ്ങളും പദ്ധതികളും ചർച്ച ചെയ്യാനും നടപ്പിലാക്കാനും ഇതു വഴിയൊരുക്കും. ഒരാളുടെ പോസിറ്റീവ് മനോഭാവം മറ്റുള്ളവർക്കും പ്രചോദനമാണെന്നു മറക്കരുത്. സൗഹൃദം വളർത്തുന്നതിൽ ശരീര ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ചിരിച്ചുകൊണ്ടു സംസാരിക്കുന്നത് ഇതിൽ പ്രധാനമാണ്. മറ്റുള്ളവരിൽ താൽപര്യമുള്ളതിന്റെ ലക്ഷണം കൂടിയാണ് ചിരി. കൈകൾ സ്വതന്ത്രമായി ചലിപ്പിച്ചു സംസാരിക്കാനും ശ്രദ്ധിക്കണം. 

5. തൊഴിലിടം വിരസമാവരുത് 
ചിത്രങ്ങൾ, കൗതുക വസ്തുക്കൾ എന്നിവകൊണ്ട് തൊഴിലിടം അലങ്കരിക്കാൻ മറക്കരുത്. ഇത് ഓരോ വ്യക്തികളുടെയും ഹോബികളെക്കുറിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കും. കുടുംബചിത്രങ്ങൾ, താൽപര്യങ്ങൾ, അഭിരുചികൾ എന്നിവയിലിലേക്കുള്ള ക്ഷണമാണ് തൊഴിലിടത്തിലെ അലങ്കാരങ്ങൾ. ഇവയിലൂടെ അതേ താൽപര്യമുള്ളവർ മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടും. 

6. ഭക്ഷണം പങ്കുവയ്ക്കുക 
കോഫി, പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവ ഓഫിസിൽ കൊണ്ടുവരികയും ഇടവേളകളിൽ സഹപ്രവർത്തകർക്കൊപ്പം പങ്കിടുകയും വേണം. മറ്റുള്ളവരും ഇത് അനുകരിക്കുന്നതോടെ, ഓഫിസിലെ മൊത്തം അന്തരീക്ഷം മെച്ചപ്പെടും. 

7. ഉച്ചഭക്ഷണം സഹപ്രവർത്തകർക്കൊപ്പം 
സ്വന്തം ടേബിളിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടെങ്കിലും പകരം ഓഫിസിലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. ഭക്ഷണം കഴിക്കാൻ പോകുമ്പോൾ സഹപ്രവർത്തകരെയും ക്ഷണിക്കണം. ഇത്തരം വേളകളിൽ ഉള്ളുതുറന്ന സംഭാഷണമുണ്ടാകുകയും അത് ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. 

8. പൊതുഇട‌ങ്ങൾ സൃഷ്ടിക്കുക
ഓഫിസിൽ ജോലി ചെയ്യുന്ന എല്ലാവർക്കുമായി ഒത്തുകൂടാൻ കഴിയുന്ന ഇടങ്ങളുണ്ടെങ്കിൽ അവിടം എല്ലാവരും ചേർന്ന് ആഹ്ലാദവേളകൾ സൃഷ്ടിക്കണം. ജീവനക്കാർ തമ്മിൽ അടുത്ത ബന്ധമുണ്ടാകാനും മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കും. 

9. സഹായിക്കാൻ മടിക്കരുത്
സഹപ്രവർത്തകരിൽ സഹായം ചോദിക്കുന്നവരും ഇല്ലാത്തവരും ഉണ്ടാകും. എന്നാൽ, ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെന്ന് ബോധ്യമായാൽ സന്നദ്ധത ഏറ്റെടുക്കുക. ചെറിയ സഹായങ്ങൾ മുതൽ പ്രോജക്ട് പൂർത്തിയാക്കാൻ വരെ സഹായിക്കുന്നതിലൂടെ ഒരിക്കലും മറക്കാത്ത ബന്ധങ്ങൾ സൃഷ്ടിക്കാം. 

10. ജോലി ഇതര പ്രവർത്തനങ്ങളിലും സഹകരിക്കുക 
നന്നായി ജോലി ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ്, ജോലി ഇതര പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതും. ജോലി ചെയ്യുന്ന ഓഫിസിൽ ഇതിനുവേണ്ടി പ്രത്യേക കമ്മിറ്റികളുണ്ടെങ്കിൽ അവയിൽ പങ്കെടുത്ത് സ്പെഷൽ ചടങ്ങുകൾ സംഘടിപ്പിക്കുക. ഇത്തരം ആഘോഷവേളകളിലെ പങ്കാളിത്തം, മൊത്തം ഉൽപാദനക്ഷമതയെ കാര്യമായി സഹായിക്കും. 

11. അംഗീകരിക്കുക, അഭിനന്ദിക്കുക 
സഹപ്രവർത്തകരുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നതിനൊപ്പം അഭിനന്ദിക്കാനും മറക്കരുത്. മനസ്സുതുറന്നുള്ള അഭിനന്ദനം നല്ല സൗഹൃദത്തിലേക്കും ബന്ധത്തിലേക്കുമുള്ള ക്ഷണം കൂടിയാണ്. അംഗീകരിക്കുന്നതിലൂടെ പരപ്സര ബഹുമാനം കൂടിയാണ് പ്രകടിപ്പിക്കുന്നത്. 

12. സമാന ഹൃദയങ്ങളുടെ ഒത്തൊരുമ
ഓരോരുത്തരും വ്യത്യസ്ത താൽപര്യക്കാരാണെങ്കിലും ഒരേ താൽപര്യങ്ങളുള്ളവരുടെ കൂട്ടായ്മകൾക്കുള്ള സാധ്യതയുണ്ട്. പുസ്തകം വായിക്കുന്നവർ, സിനിമ ഇഷ്ടപ്പെടുന്നവർ, കായിക വിനോദങ്ങളിൽ താൽപര്യമുള്ളവർ, പാചക പരീക്ഷണം നടത്തുന്നവർ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താവുന്നതാണ്. 

13. വിനോദയാത്രകളുടെ ആനന്ദം 
ജോലിക്കു പുറമേ, സ്ഥാപനം തന്നെ വിനോദ യാത്രകളോ മറ്റ് ഉല്ലാസ പരിപാടികളോ നടപ്പാക്കുന്നുണ്ടെങ്കിൽ അവയിൽ തീർച്ചയായും പങ്കെടുക്കണം. ജീവനക്കാർക്ക് സ്വന്തം നിലയിലും ഇത്തരം യാത്രകൾ സംഘ‌ടിപ്പിക്കാവുന്നതാണ്. 

14. സൗഹൃദത്തിനും ചാറ്റ് റൂം 
ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സംശയങ്ങൾ ദൂരീകരിക്കാനും ഓഫിസിൽ സ്ഥിരം സംവിധാനങ്ങൾ ഉണ്ടായിരിക്കും. ഇതിനു സമാനമായി, സൗഹൃദം പങ്കുവയ്ക്കാനും ചാറ്റ് റൂമുകൾ സംഘടിപ്പിക്കണം. എന്നാൽ കമ്പനി നിയമങ്ങൾ വ്യക്തമായി പരിശോധിച്ച് സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാകുന്നില്ലെന്നു കൂടി ഉറപ്പാക്കണം. ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതാകരുത് ഇത്തരം കൂട്ടായ്മകളും ചർച്ചകളും. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷത്തിനും ഉൽപാനദ ക്ഷമത കൂട്ടാനും വേണ്ടിയാണ് മറ്റെല്ലാമെന്നും മറക്കരുത്.

Content Summary:

14 Simple Ways to Forge Meaningful Friendships at Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com