ADVERTISEMENT

വയോധികനായ അച്ഛനെയും കൂട്ടി മകൻ ഹോട്ടലിലെത്തി. കൈകൾ വിറയ്ക്കുന്നതുകൊണ്ട് ഇടയ്ക്കെല്ലാം അച്ഛന്റെ വസ്ത്രത്തിൽ ഭക്ഷണത്തിന്റെ അംശം വീഴുന്നുണ്ടായിരുന്നു. കുടിച്ചുകൊണ്ടിരുന്ന ചായയും ദേഹത്തു വീണു. മകൻ അതെല്ലാം തുടച്ചു വൃത്തിയാക്കി. കണ്ടിരുന്നവർക്ക് ആ വയോധികന്റെ രീതികൾ അരോചകമായി. ഭക്ഷണശേഷം മകൻ അച്ഛനെയും കൂട്ടി മൂത്രപ്പുരയിലും പോയി തിരിച്ചുവന്നു. ഇടയ്ക്ക് അഴിഞ്ഞുപോകാൻ തുടങ്ങിയ മുണ്ട് മകൻ നേരെയാക്കി. ചുറ്റുമുള്ളവരുടെ മുഖത്ത് അപ്പോഴും അസ്വസ്ഥത. അവിടെനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹോട്ടലുടമ പറഞ്ഞു: നിങ്ങളെന്തോ മറന്നുവച്ചിട്ടുണ്ട്. താൻ എല്ലാം എടുത്തെന്നു പ്രതികരിച്ച മകനോട് അയാൾ പറഞ്ഞു: എല്ലാ മക്കൾക്കും ഒരു പാഠവും എല്ലാ അച്ഛന്മാർക്കും ഒരു പ്രതീക്ഷയും അവശേഷിപ്പിച്ചാണ് നിങ്ങളിറങ്ങുന്നത്. 

ദൗർബല്യങ്ങളോടെയാണ് എല്ലാവരും ജനിച്ചു വീഴുന്നത്; ബലഹീനതയിലാണ് വിടപറയുന്നതും. നാലുകാലിൽനിന്ന് ഇരുകാലിലേക്കു വളർന്നപ്പോഴും ഇരുകാലിൽനിന്നു വീണ്ടും നാലുകാലിലേക്കു തളർന്നപ്പോഴും അസ്വസ്ഥതകളെയും അരുചികളെയും അവഗണിച്ച് ആരൊക്കെയോ കൂടെയുണ്ടായിരുന്നു. തനിയെ നടന്ന്, തനിയെ ഭക്ഷിച്ച്, തനിച്ചു വസ്ത്രം മാറി തനിയെ രൂപാന്തരപ്പെട്ട ആരെങ്കിലുമുണ്ടാകുമോ? പ്രാപ്തിയായെന്നു തോന്നിയ ദുർബല നിമിഷത്തിൽത്തന്നെ തട്ടിവീണ എത്രപേരുണ്ടാകും.


സ്വയംഭൂവാകാനോ സ്വഭീഷ്ടങ്ങളിലൂടെ മാത്രം സഞ്ചരിക്കാനോ ആർക്കും സാധിക്കില്ല. എപ്പോഴും എവിടെയും സാന്നിധ്യവും സഹകരണവുമുണ്ടാകണം. അതു കാറ്റാകാം, കനലാകാം, കൈവിളക്കാകാം.  അശക്തനായിരുന്ന സമയത്തെ സംരക്ഷണത്തിനുള്ള കൃതജ്ഞതയാകണം ആരോഗ്യമുള്ള സമയത്തെ കർമങ്ങൾ. തനിക്കു തിരുത്താനാകാത്ത ദൗർബല്യങ്ങളുടെ പേരിൽ ഒരാളെ എങ്ങനെയാണ് അവഗണിക്കാനും ശിക്ഷിക്കാനുമാകുക. ഇന്നു തളർന്നുവീഴുന്നവരെല്ലാം ഇന്നലെകളിൽ ആരുടെയൊക്കെയോ താങ്ങും തണലുമായിരുന്നു.

മഞ്ഞും മഴയും വെയിലുമേറ്റ് തന്റേടവും ത്രാണിയും നഷ്ടപ്പെട്ടതാണ്. അണയാൻ പോകുന്ന ദീപത്തിനും ഒരു കൈമറയോ ഒരുതുള്ളി തൈലമോ ലഭിച്ചാൽ അതു തന്റെ ജ്വലനശേഷി വീണ്ടെടുക്കും. ഉപേക്ഷിക്കാൻ പറ്റുന്ന കാരണങ്ങളുണ്ടായിട്ടും ചേർത്തുപിടിച്ചവരുണ്ടെങ്കിൽ അവരുടെ ഊർജം എന്തു വിലകൊടുത്തും സംരക്ഷിക്കണം.

English Summary:

Why caring for others matters more than you think

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com