ADVERTISEMENT

സ്നേഹത്തോടെയുള്ള കുശലാന്വേഷണങ്ങൾക്ക് അതേ സ്നേഹത്തോടെ മറുപടി പറയണമെങ്കിൽ  പ്രാദേശിക ഭാഷകൂടി നന്നായറിഞ്ഞിരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് തൃശൂർ സ്വദേശിയായ ലിജോ ജോസഫ്. മലയാളം അറിഞ്ഞതു കൊണ്ടു മാത്രം കേരളത്തിലെ വിവിധ ജില്ലകളിൽ അനായാസം ജോലി ചെയ്യാമെന്നു കരുതരുതെന്നും ഓരോ നാട്ടിലേയും ഭാഷാ പ്രത്യേകതകൾ അറിഞ്ഞിരിക്കുന്നത് ആശയവിനിമയം ഏറെ എളുപ്പമാക്കുമെന്നും അദ്ദേഹം പറയുന്നു. കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന ലിജോ ജോസഫ് ‘മലബാർ ഡയറി’ എന്ന പംക്തിയിലൂടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായി സ്വദേശമായ തൃശൂരിൽനിന്നു കാസർകോട്ട് എത്തിയ എനിക്ക് കന്നഡ, തുളു, കൊങ്കണി, ഉറുദു, മറാഠി, ബ്യാരി എന്നീ ഭാഷകൾ അറിയാത്തതായിരുന്നില്ല പ്രശ്നം. പ്രയാസം നേരിട്ടത് മലയാളത്തിന്റെ തന്നെ വടക്കേ വടക്കൻ വകഭേദങ്ങളായിരുന്നു. തലപ്പാടി മുതൽ തൃക്കരിപ്പൂർ വരെ നീണ്ടുകിടക്കുന്ന ജില്ലയിൽ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്ക് സംസാരിക്കുന്ന മലയാളവും തെക്ക് സംസാരിക്കുന്ന മലയാളവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കർണാടകയോടു ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമങ്ങളിൽ അച്ചടി മലയാളം ഏതാണ്ട് തേഞ്ഞുപോയി.അതേസമയം, ജില്ലയുടെ മലയോര മേഖലയിലുള്ളവരുടെ സംസാരരീതി ഏറെക്കുറെ തെക്കൻ കേരളത്തിലേതുപോലെയാണെന്നും തോന്നാറുണ്ട്. ഏതാണ്ട് 80 വർഷം മുൻപ് മലബാറിലേക്കുണ്ടായ കുടിയേറ്റത്തിന്റെ സ്വാധീനം കാരണമായിരിക്കാം. റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങുമ്പോൾ കണ്ടുമുട്ടുന്ന നാട്ടുകാരോട് സംസാരിച്ചപ്പോൾ അവരിൽ തിരുവിതാംകൂർ ശൈലി പ്രകടമാണ്.

‘ഓൻ, ഓള്, ആട, ഈട’ എന്നീ വാക്കുകൾ അവൻ, അവൾ, അവിടെ, ഇവിടെ തുടങ്ങിയ വാക്കുകളുടെ പ്രാദേശിക പരിവർത്തനമാണെന്ന് ക്രമേണ ഊഹിച്ചെടുക്കാൻ സാധിച്ചെങ്കിലും, അച്ചടി മലയാളത്തിൽനിന്നു വലിയ അന്തരമുള്ള ചില വാക്കുകളുടെ അർഥം തിരിച്ചറിയാൻ ഏറെ കാലമെടുത്തു. ഉച്ചനേരത്തു കണ്ടുമുട്ടുന്നവരെല്ലാം സ്നേഹത്തോടെ ‘ബെയ്ച്വാ’ എന്ന് ചോദിച്ചപ്പോൾ ആദ്യകാലത്ത് ഒന്നും പിടികിട്ടിയില്ല. ഊണ് കഴിച്ചോ എന്നാണ് അവർ അന്വേഷിക്കുന്നതെന്ന് പിന്നീടാണു മനസ്സിലായത്!

ഇനി കാസർകോട് എന്നെ പഠിപ്പിച്ച ചില വാക്കുകൾ പരിചയപ്പെടുത്താം. കൊരട്ട (കശുവണ്ടി), ചക്ലി (മുറുക്ക്), അള്ളി (ഗ്രാമപ്രദേശം), കൊച്ച (കൊക്ക്), പൊണ്ടം (ഇളനീർ), ചെരു (പൊടിമീൻ), എമ്മാപ്പ (അറിയില്ല), ചൊടി (പിണക്കം), കൊട്ട് (എല്ല്), ബേക്കാച്ചി (പഴംപൊരി), പൊയ്യ (പൂഴി), എളേക്ക (കക്കയിറച്ചി), കാട്ടം (ചവറ്), ചൊറ (പ്രശ്നം), പൊഞ്ഞാറ് (ഗൃഹാതുരത്വം). ‌ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാട്ടുഭാഷാവൈവിധ്യത്തിന്റെ സൗന്ദര്യം കാസർകോട് ജില്ലയിലുള്ളത്ര രാജ്യത്ത് മറ്റൊരിടത്തും കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല.

Content Summary:

Lijo Joseph Reveals the Challenges of Working Across Kerala's Linguistic Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com