ADVERTISEMENT

സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി പുസ്‌തകം തുറന്നുവച്ച് പരീക്ഷ എഴുതുവാനുള്ള ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ്. ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്. തുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്കു ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകി. ഇംഗ്ലിഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള ചർച്ചകൾ പുരോഗമിച്ചു വരുന്നു. തുടക്കത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ ചില സ്കൂളുകളിൽ നടപ്പിലാക്കാനാണുദ്ദേശി ക്കുന്നത്. ഇതിലൂടെ, പരീക്ഷയ്ക്ക് വേണ്ടിവരുന്ന സമയം, നിലവിലുള്ള മൂല്യനിർണയ രീതിക്ക് യോജിച്ചതാണോ യെന്നുള്ള വിലയിരുത്തൽ, വിദ്യാർഥികളുടെയും അധ്യാപകരുടെയും കാഴ്ചപ്പാട് വിലയിരുത്തൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പൈലറ്റ് പദ്ധതി. 2024 ജൂണോടെ ഇതിനുള്ള സമയക്രമം നിശ്ചയിക്കും. ഇതോടൊപ്പം, നടപ്പിലാക്കേണ്ട രീതി, അവലോകനം എന്നിവ പൂർത്തിയാക്കി നവംബർ -ഡിസംബർ മാസങ്ങളിൽ സ്കൂളുകളിൽ ഓപ്പൺ ബുക്ക് രീതി പൈലറ്റ് ടെസ്റ്റ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓപ്പൺ ബുക്ക് പരീക്ഷയിലൂടെ സിബിഎസ്ഇ ലക്ഷ്യമിടുന്നത് വിദ്യാർഥികളുടെ നൈപുണ്യശേഷി, വസ്തുതാപരമായ വിശകലനശേഷി, പ്രശ്ന പരിഹാരശേഷി, വിമർശനാത്മകവും സമ്പുഷ്ടവുമായ ചിന്താരീതി എന്നിവ വളർത്തിയെടു ക്കുകയാണ്. ഇതിനായി അധ്യാപക പരിശീലനത്തിൽ ‘എങ്ങനെ ഫലപ്രദമായി ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാം?’ എന്ന വിഷയം ഉൾപ്പെടുത്തും. സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വൽ കണ്ടന്റ്, കേസ് സ്റ്റഡി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. 

ഒറ്റനോട്ടത്തിൽ, പുസ്തകം തുറന്നു വച്ചുള്ള ഓപ്പൺ ബുക്ക് രീതി വിദ്യാർഥികൾക്ക് ഗുണകരമാണെന്ന് തോന്നുമെങ്കിലും ഈ രീതി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. നന്നായി പഠിക്കുന്ന വിദ്യാർഥികൾക്കിത് ഗുണകരമാകുമെങ്കിലും അധ്യാപകർക്കും ഭൂരിഭാഗം വിദ്യാർഥികൾക്കും ഈ രീതിയുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും. കാണാപ്പാഠം പഠിച്ച് ഓപ്പൺ ബുക്ക് പരീക്ഷ എഴുതാൻ സാധ്യമല്ല. ചോദ്യങ്ങൾ പരോക്ഷമായ, ഏറെ ആലോചിച്ചു വിശകലനം നടത്തേണ്ടവയായിരിക്കും. തുടക്കത്തിൽ, ചോദ്യങ്ങൾ തയാറാക്കുക എന്നത് അധ്യാപകർക്ക് ഏറെ ശ്രമകരമായിരിക്കും. മുഴുവൻ പാഠഭാഗങ്ങളും നന്നായി വായിച്ചു മനസ്സിലാക്കി, മനസ്സിൽ മികച്ച ആശയം ഉരുത്തിരിച്ചെടുത്ത വിദ്യാർഥിക്കു മാത്രമേ അനായാസം ഉത്തരമെഴുതാൻ സാധിക്കൂ. ഓപ്പൺബുക്ക് രീതി വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തിരഞ്ഞെടുത്ത കേന്ദ്ര സർവകലാശാലയിലുമുണ്ട്. അടുത്ത വർഷം മുതൽ കേരളത്തിൽ എംജി സർവകലാശാല ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.

opne-book-exam-002
Representative image: panitanphoto/Shutterstock

വ്യക്തമായ തയാറെടുപ്പില്ലാതെ ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് രീതി വന്നാൽ എല്ലാം കോപ്പിയടിച്ചു കൂടുതൽ മാർക്ക് നേടാമെന്ന തെറ്റിദ്ധാരണയുണ്ട്. നേരിട്ടുള്ള ചോദ്യങ്ങളല്ല പരീക്ഷയ്ക്കുണ്ടാവുക. പാഠപുസ്തകം വായിച്ചു സമഗ്രമായി വിശകലം നടത്തിയ വിദ്യാർഥിക്കു മാത്രമേ ഉത്തരം സമയബന്ധിതമായി എഴുതിപ്പൂർത്തിയാക്കാൻ സാധിക്കൂ. സയൻസ്, കണക്ക് വിഷയങ്ങളിൽ എല്ലാ സമവാക്യങ്ങളും ഓർത്തിരിക്കേണ്ട കാര്യമില്ല. ഓപ്പൺ ബുക്ക് രീതിയിൽ അവ റഫർ ചെയ്യാൻ അവസരം ലഭിക്കും. ഓപ്പൺ ബുക്ക് രീതിയിൽ ഏതെല്ലാം പുസ്തകങ്ങൾ പരീക്ഷയ്ക്ക് അനുവദിക്കാമെന്നതിൽ നയപരമായ തീരുമാനം ആവശ്യമാണ്. പുതിയ രീതി വിദ്യാർഥികളിൽ അനാവശ്യമായ മാനസിക പിരിമുറുക്കത്തിനിടവരുത്തും. 

open-book-exam-001
Representative image: Star Stock/Shutterstock

ഈ രീതിയെപ്പറ്റി സിബിഎസ്ഇ നിർവാഹക സമിതി അംഗങ്ങളിൽത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അധ്യാപകർ ഈ രീതിയുമായി പൊരുത്തപ്പെട്ടിട്ടു മതി വിദ്യാർഥികളിൽ പരീക്ഷണം എന്ന് പലരും വാദിക്കുന്നു. അടുത്തയിടെ പ്രസിദ്ധീകരിച്ച, പ്രഥം നടത്തിയ വാർഷിക വിദ്യാഭ്യാസ അവലോകന റിപ്പോർട്ടിൽ (ASER 2023) രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തിന്റെ അപര്യാപ്തത എടുത്തുപറഞ്ഞിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലെ 28 ജില്ലകളിൽ നടന്ന പഠനത്തിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള ഡേറ്റയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 -18 വയസ്സിലുള്ള 34745 വിദ്യാർഥികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ 86.8 ശതമാനവും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ്. 55.7 ശതമാനവും ഉന്നതവിദ്യാഭ്യാസം നടത്തുന്നത് ഹ്യൂമാനിറ്റീസ്/ആർട്സ് വിഷയങ്ങളിലാണ്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നിവ പഠിക്കുന്നവർ 31.7 ശതമാനം വരും. ഇവരിൽ പെൺകുട്ടികൾ 28.1 ശതമാനവും ആൺകുട്ടികൾ 36.3 ശതമാനവുമാണ്. 9.4 ശതമാനം കുട്ടികളാണ് കോമേഴ്‌സ് പഠിക്കുന്നത്. 

open-book-exam-003
Representative image: patpitchaya/Shutterstock

അമേരിക്കൻ സർവകലാശാലകളിലെ പ്രവേശനത്തിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലേക്ക് ഓപ്പൺ ബുക്ക് രീതിയിലുള്ള ചോദ്യങ്ങളിൽ നിലവാരം വർധിപ്പിക്കണമെന്നാണ് ഒരു നിർവാഹക സമിതി അംഗം ബോർഡ് മീറ്റിങ്ങിൽ വാദിച്ചത്. ഒമ്പതാം ക്ലാസ്സിലെ വിദ്യാർഥികൾ അഞ്ചാം ക്ലാസ്സിലെ കണക്കു ചെയ്യാനും ഇംഗ്ലിഷ് തെറ്റാതെ വായിക്കാനും ബുദ്ധിമുട്ടുന്നുവെന്ന ASER 23 റിപ്പോർട്ട് വിലയിരുത്തുമ്പോൾ, ഓപ്പൺ ബുക്ക് രീതി വിപുലപ്പെടുത്തുന്നത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടിവരും. കേരളത്തിൽ ഓപ്പൺ ബുക്ക് രീതി അന്യമാണെങ്കിലും ഡൽഹി, പോണ്ടിച്ചേരി, ബിഎച്ച്‌യു, നിയമ സ്കൂളുകൾ, ജാമിയ മിലിയ തുടങ്ങി നിരവധി ഇന്ത്യൻ സർവകലാശാലകളിൽ ഇതു നിലവിലുണ്ട്. വിദേശ സർവകലാശാലകളിൽ ഇത് കാലങ്ങളായി നിലവിലുണ്ട്. സിബിഎസ്ഇ സ്‌കൂൾ തലത്തിൽ മുൻപ് പുസ്തകം തുറന്നുവെച്ചുള്ള രീതി പരീക്ഷിച്ച് ഉപേക്ഷിച്ചതാണ്. 

opne-book-exam-006jpg
Representative image: d_odin/Shutterstock

എന്താണ് ഓപ്പൺ ബുക്ക് രീതി?
ഓപ്പൺ ബുക്ക് രീതിയുടെ മെത്തഡോളജി വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കണം. പുസ്തകം തുറന്നു വച്ച് നേരിട്ട് ഉത്തരം പകർത്തിയെഴുതുന്ന രീതിയല്ല ഇത്. മറിച്ച് ക്ലാസ്മുറിയിൽനിന്നും പുസ്തകത്തിൽനിന്നും പഠിച്ച ഭാഗങ്ങൾ വിശകലനം ചെയ്ത് ഉത്തരമെഴുതേണ്ട രീതിയാണിത്. അതായത്, വിദ്യാർഥി കൈവരിച്ച അറിവിന്റെ അളവുകോലാണിത്. അതിനാൽ ഓപ്പൺ ബുക്ക് രീതിക്ക് പുസ്തകം അരച്ചുകലക്കി കുടിക്കേണ്ടിവരും. കംപ്യൂട്ടർ അധിഷ്ഠിത ഓപ്പൺ ബുക്ക് രീതിയും ഇന്ന് നിലവിലുണ്ട്. വെറുതെ കാണാപ്പാഠം പഠിച്ച് ഉത്തരമെഴുതാമെന്നു തെറ്റിദ്ധരിക്കരുത്.  അറിവിന്റെ അളവുകോലാണിത്. എന്താണ് കേസ് സ്‌റ്റഡി എന്നറിയാത്ത വിദ്യാർഥികൾക്ക് ഇത്തരം ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ ഫലം വിപരീതമാകും. വിദ്യാർഥികൾ മനസ്സിലാക്കിയ ആശയം വ്യത്യസ്തമാണെങ്കിൽ മാർക്ക് നഷ്ടപ്പെടുകയും ചെയ്യും. എമർജൻസി പഠന രീതി അനുവർത്തിക്കുന്ന വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷകൾ വിഷമം പിടിച്ചതാകും. എന്നാൽ പതിവായി പഠിക്കുന്ന ഈസി സ്റ്റഡി രീതി അവലംബിക്കുന്ന വിദ്യാർഥികൾക്കിത് എളുപ്പമായിരിക്കും. അതായത്, മൂന്നിലൊന്നോളം വിദ്യാർഥികൾക്ക് ഗുണകരമാകുമ്പോൾ ശരാശരി വിദ്യാർഥികൾക്ക് ശ്രമകരമാകും. 

opne-book-exam-005jpg
Representative image: Sabphoto/Shutterstock

ഓപ്പൺ ബുക്ക് പരീക്ഷയിൽ നിശ്ചിത സമയത്തിനകം ഉത്തരം എഴുതുക എന്നതും വിദ്യാർത്ഥികളിൽ പ്രതിസന്ധി സൃഷ്ടിക്കും. ചോദ്യം വായിച്ചു മനസ്സിലാക്കാനും ആലോചിച്ച് ഉത്തരമെഴുതാനും സമയമെടുക്കും. അതിനാൽ ടൈം മാനേജ്‌മന്റ് ഏറെ പ്രാധാന്യമർഹിക്കുന്നു. അധ്യാപകർ ഈ രീതി അനുവർത്തിച്ചു പഠിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അധ്യാപകർക്ക് തുടർ പരിശീലനം ആവശ്യമാണ്. സാധാരണ പരീക്ഷകളിൽ ഓർമശക്തി വിലയിരുത്തുമ്പോൾ, ഓപ്പൺ ബുക്ക് പരീക്ഷയിൽ പ്രായോഗിക വിശകലനം, വിലയിരുത്തൽ, ക്രിയാത്മകത, മനസ്സിലാക്കൽ എന്നിവ ഓർമശക്തിയോടൊപ്പം തെളിയിക്കപ്പെടണം. കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയിൽ ഓപ്പൺ ബുക്ക് രീതി കാലങ്ങളായി നിലവിലുണ്ട്. പുസ്തകം തുറന്നു വച്ചെഴുതി തോൽക്കുന്നവരും ധാരാളം.

ശാസ്ത്രീയമായി നടപ്പിലാക്കണം
ഓപ്പൺ ബുക്ക് രീതിയെക്കുറിച്ചു വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും നിലവിലെ പരീക്ഷാരീതി ശാസ്ത്രീയവൽക്കരിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാം. ബിരുദ, ബിരുദാനന്തര തലത്തിൽ ഇതിനു സാധ്യതകളേറെയുണ്ട്. എന്നാൽ ഓപ്പൺ ബുക്ക് രീതിയുമായി പരിചയപ്പെട്ടുവരാൻ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും വ്യക്തമായ തയാറെടുപ്പ് ആവശ്യമാണ്. നിലവിലെ പഠനരീതിയിൽ സ്കൂൾ തലത്തിൽ ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കുമ്പോൾ ഏറെ പ്രായോഗിക വെല്ലുവിളി നേരിടേണ്ടിവരും. ഇതിനുതകുന്ന സ്കിൽ കുട്ടികളിൽ വളർത്തിയെടുക്കണം.. 

Representative Image. Photo Credit : Prostock-Studio / iStockPhoto.com
Representative Image. Photo Credit : Prostock-Studio / iStockPhoto.com

നിരവധി മോക്ക് ടെസ്റ്റുകൾ ഇതിനായി നടത്തേണ്ടിവരും. സിബിഎസ്ഇ അധ്യാപകർക്കുള്ള പരിശീലനം കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾക്കപ്പുറം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ലഭ്യമാക്കണം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മാളവ്യ മിഷൻ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി പരിശീലകർക്കുള്ള പരിശീലന പരിപാടികൾ ആരംഭിക്കണം. ഓപ്പൺ ബുക്ക് പരീക്ഷകൾ വിദ്യാർഥിസൗഹൃദമാക്കാനുള്ള നടപടിക്രമങ്ങൾക്ക് മുൻതൂക്കം നൽകണം. സ്കൂൾ തലത്തിൽ മികച്ച സ്കിൽ കൈവരിച്ചാൽ, വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ രാജ്യത്തിനകത്തും വിദേശത്തും മികച്ച വിജയം കൈവരിക്കും. 

Photo credit : Diego Cervo / Shutterstock
Photo credit : Diego Cervo / Shutterstock

വിവിധ തലങ്ങളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾ ഉയർന്നു വരുന്നു. എന്നാൽ പൈലറ്റ് പദ്ധതി വസ്തുനിഷ്ഠമായി വിലയിരുത്തി മാത്രമേ ഇത് വിപുലപ്പെടുത്താവൂ. സിബിഎസ്‌സി, സംസ്ഥാന ബോർഡുകൾ തമ്മിൽ മാർക്ക് ലഭ്യതയുടെ/ പഠന നിലവാരം വിലയിരുത്തലിന്റെ കാര്യത്തിൽ വ്യത്യസ്ത രീതി അവലംബിക്കുമ്പോൾ ഓപ്പൺ ബുക്ക് രീതിയിലൂടെ സിബിഎസ്ഇ വിദ്യാർഥികൾക്ക് മാർക്ക് കുറയാനിടവരരുത്. പത്താം ക്ലാസ്സിനുശേഷം സിബിഎസ്സി ബോർഡിൽനിന്നും സ്റ്റേറ്റ് ബോർഡിലേക്ക് മാറുന്ന വിദ്യാർഥികളുമുണ്ട്. 

Representative image. Photo Credit : Deepak Sethi/istock
Representative image. Photo Credit : Deepak Sethi/istock

ഗ്ലോബൽസ്‌കിൽസും തൊഴിലും
2023 ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ടിൽ ഡിജിറ്റൽ തൊഴിൽ മേഖലയിൽ സ്കിൽ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് വ്യക്തമാക്കുന്നത്. 100 രാജ്യങ്ങളിൽ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളിൽ നിന്നുള്ള ഡേറ്റ വിലയിരുത്തിയാണ് ഗ്ലോബൽ സ്കിൽസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. തൊഴിൽ മേഖലയിൽ ആവശ്യമായ സ്‌കിൽ, നിലവിലുള്ള സ്കില്ലുകൾ, തൊഴിൽ മേഖലയിൽ ഡിജിറ്റൽ സ്കില്ലിന്റെ ആവശ്യകത എന്നീ കാര്യങ്ങൾക്കാണ്‌ റിപ്പോർട്ട് ഊന്നൽ നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച സ്കിൽ പ്രാവീണ്യത്തെയും ഇന്റർനെറ്റ് സേവനത്തെയും ആശ്രയിച്ചിരിക്കുന്നു. ഡിജിറ്റലൈസേഷനും സർട്ടിഫിക്കേഷനും കൂടുതൽ വിദ്യാർഥികൾ തയാറാകുന്നു. ASER റിപ്പോർട്ടിലും ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

Representative Image. Image Credit: andreswd/istockphoto.com
Representative Image. Image Credit: andreswd/istockphoto.com

വിദേശ പഠന രീതിയുമായി ഒത്തുചേരൽ
രാജ്യത്തുനിന്നു പ്രതിവർഷം എട്ടര ലക്ഷം വിദ്യാർഥികളാണ് വിദേശ സർവകലാശാലകളിലെത്തുന്നത്. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾ അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് പോകുന്ന പ്രവണത വർധിച്ചു വരുന്നു. സ്വന്തം രാജ്യത്ത് നിലവിലില്ലാത്ത പുത്തൻ കോഴ്സുകൾ തേടി വിദ്യാർഥികൾ വിദേശ ക്യാംപസുകളിലെത്തുന്നു. വിദേശീയരുമായി സൗഹൃദം സ്ഥാപിക്കാനും അവരുടെ രാജ്യത്തുള്ള സംസ്കാരം തിരിച്ചറിയുവാനും വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലെത്തുന്നു. ബിരുദപഠനത്തിനു വൈവിധ്യമേറിയ വിഷയങ്ങളുണ്ട്. താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ച് മേജർ വിഷയം (പ്രധാന വിഷയം) തുടർപഠന കാലയളവിൽ തിരഞ്ഞെടുക്കാം. വിദേശ പഠനം വ്യക്തിത്വ വികസനത്തിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ലൈഫ് സ്കില്ലുകൾ കൈവരിക്കുവാനും സഹായിക്കും. വൈവിധ്യങ്ങളായ മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ബേസിക് വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. പാരിസ്ഥിതിക പഠനം, യാത്ര എന്നിവ വിദ്യാർഥികൾക്ക് വ്യത്യസ്‌ത അനുഭവങ്ങൾ  പ്രദാനം ചെയ്യും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുവാനുള്ള ആത്മവിശ്വാസം വിദേശപഠനം ഉറപ്പുവരുത്തും. മികച്ച അധ്യാപകരെയും, ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണ മേഖല കണ്ടെത്തുവാനും വിദേശ പഠനം ഏറെ സഹായിക്കും.

Representative image. Photo Credit : Have a nice day Photo/Shutterstock
Representative image. Photo Credit : Have a nice day Photo/Shutterstock

ഭാവി തൊഴിലുകൾ ലക്ഷ്യമിട്ട ഇന്നവേഷനുകൾ, സ്കിൽ വികസന പ്രോഗ്രാമുകൾ, സാങ്കേതിക വിദ്യ, മികച്ച അക്കാഡമിക്, ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്, പ്ലേസ്മെന്റ്, അസിസ്റ്റന്റ്ഷിപ് പ്രോഗ്രാമുകൾ എന്നിവ ഇവയിൽ ചിലതാണ്. ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം, താൽപര്യത്തിനും അഭിരുചിക്കുമിണങ്ങിയ പുത്തൻ കോഴ്സുകൾ എന്നിവ വിദേശ സർവകലാശാലകളിലുണ്ട്. ഉപരിപഠനത്തിനായി പഠന മേഖലയ്ക്കിണങ്ങിയ രാജ്യം കണ്ടെത്തണം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് കോഴ്സുകൾക്ക് അമേരിക്ക മികച്ച രാജ്യമാണ്, മാനേജ്മെന്റ് പഠനത്തിന് യുകെ, സിംഗപ്പൂർ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവ തിരഞ്ഞെടുക്കാം. എൻജിനീയറിങ്ങിനു ജർമനിയും കാനഡയും മികച്ച രാജ്യങ്ങളാണ്. വിദേശ സർവകലാശാലകളിൽ നിലവിലുള്ള ഓപ്പൺ ബുക്ക് പരീക്ഷാ രീതി ഫലപ്രദമായി നടപ്പിലാക്കിയാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകും. ധൃതി പിടിച്ചുള്ള നടപ്പാക്കലല്ല, മറിച്ച് ഗുണനിലവാരം ഉയർത്താനുതകുന്ന രീതിയിൽ വസ്തുനിഷ്ഠമായ രീതിയിൽ ഇത് നടപ്പിലാക്കണം. ഒരിക്കൽ പരീക്ഷിച്ചു പിറകോട്ടുപോയ തുഗ്ലക് പരിഷ്കരമായി ഇതിനെ വീണ്ടും മാറ്റരുത്.

(വിദ്യാഭ്യാസ വിദഗ്‌ധനും ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രഫസറുമാണ് ലേഖകൻ)

Content Summary:

CBSE Revolutionizes Exam Strategy: Piloting Open Book Exams for Enhanced Learning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com