ADVERTISEMENT

ഒത്തിയൊത്തിരി ചിരിപ്പിച്ചവരെയും ഒരുപാട് വേദനിപ്പിച്ചവരെയും ആരും അത്ര എളുപ്പം മറക്കാറില്ല. സ്കൂൾ കാലത്ത് തന്നെയും ക്ലാസിലെ കൂട്ടുകാരേയും ഏറെ ചിരിപ്പിച്ച അധ്യാപകനെക്കുറിച്ചുള്ള ഓർമകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ്  യുഎസ്എയിൽ ജോലി ചെയ്യുന്ന സണ്ണി കല്ലറയ്ക്കൽ. അടുത്തിടെ അന്തരിച്ച പ്രിയ അധ്യാപകൻ ദേവസ്യയെക്കുറിച്ചുള്ള ഓർമകൾ സണ്ണി പങ്കുവയ്ക്കുന്നു. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കല്ലാനോട് സെന്റ്മേരീസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം. ആദ്യ പീരീഡ് മലയാളം ആയിരുന്നു. ദേവസ്യസാർ തലേന്ന് പഠിപ്പിച്ച ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ ശേഷം ഭാഗം പഠിപ്പിക്കുന്നു. ഈണത്തിൽ പദ്യം ചൊല്ലി അർഥം പറഞ്ഞു പോകുന്നതായിരുന്നു സാറിന്റെ അധ്യാപന രീതി. 

ദാരിദ്ര്യത്തിന്റെ പാരമ്യതയിൽ മക്കളെ നോക്കി വിലപിക്കുന്ന കുചേലപത്നി സുശീല തന്റെ ഭർത്താവിനോട് കേണപേക്ഷിക്കുന്നു. ഗുരുകുലത്തിൽ അങ്ങയുടെ സഹപാഠി ആയിരുന്നല്ലോ വസുദേവകൃഷ്ണൻ. അദ്ദേഹത്തെ ചെന്ന് മുഖം കാണിച്ചാൽ നമുക്ക് സങ്കടനിവൃത്തി തീർച്ചയായും കൈവരും എന്നെനിക്കുറപ്പുണ്ട്. അഭിമാനിയായ കുചേലൻ ഭാര്യയുടെ അഭ്യർഥന പാടെ നിരസിക്കുന്നു. എന്നാൽ തന്റെ പ്രാണപ്രേയസിയുടെ നിരന്തരമായ അപേക്ഷയും മക്കളുടെ ദൈന്യമാർന്ന മുഖങ്ങളും കണ്ട് മനസ്സലിഞ്ഞ കുചേലൻ ദ്വാരകയിലെത്തി കൃഷ്ണനെ കാണാൻ മനസ്സില്ലാമനസ്സോടെ തീരുമാനിക്കുന്നു. 

പിറ്റേന്ന് പുലർകാലെ തന്നെ കുചേലൻ ഭാര്യ തയാറാക്കിയ അവൽപ്പൊതിയുമായി യാത്ര തിരിക്കുന്നു. ദീർഘനേരത്തെ കാൽനടയാത്രയും ക്ഷീണവും കാരണം തളർന്നവശനായി കുചേലൻ കൃഷ്ണന്റെ രാജധാനിയായ ദ്വാരകയെ സമീപിക്കുന്നു. ദ്വാരകയുടെ മട്ടുപ്പാവിൽ നിന്ന് കൃഷ്ണൻ കുചേലനെ ദൂരെ വച്ചേ തിരിച്ചറിയുന്നു. ശേഷം ഭാഗങ്ങൾ ദേവസ്യസാർ പദ്യം ചൊല്ലി വിവരിക്കുന്നു. 

‘‘ഏഴുരണ്ടുലകുലവാഴിയായ തമ്പുരാനെത്രയും താഴെത്തന്റെ വയസ്യനെ ദൂരത്തു കണ്ടു. 

കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ വസ്ത്രം കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ട്.

മുണ്ടിൽ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടും കൂടി കക്ഷത്തിങ്കലിറുക്കികൊണ്ട്.

കുചേലന്റെ പരിതാപാവസ്ഥ കണ്ട് കൃഷ്ണന്റെ മിഴികൾ സജലങ്ങളാകുന്നു. 

എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ. 

ശേഷം കൃഷ്ണൻ തന്റെ ഗുരുകുലസഹപാഠിയെ സ്വഭവനത്തിൽ സ്വീകരിച്ചാനയിക്കുവാൻ തയാറെടുക്കുന്നു. 

പള്ളിമഞ്ചത്തിനു വെക്കമുത്ഥാനം ചെയ്തു പക്കലുള്ള പരിജനത്തോടുകൂടി മുകുന്ദൻ.

പള്ളിപാണികളെ കൊണ്ടു പാദം കഴുകി പരൻ ഉള്ളഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചു’’. 

അതിഥി പൂജ ദൈവപൂജയാണെന്നുള്ള മഹത്തായ ഭാരതീയ സംസ്കാര സങ്കൽപത്തില്‍ കൃഷ്ണൻ തന്റെ നിലയും വിലയും തെല്ലും ഗൗനിക്കാതെ, അതിഥിയായി എത്തിയ കുചേലനെ പാദം കഴുകി വരവേൽക്കുന്നതും അതിനായി കൃഷ്ണപത്നി രുഗ്മിണി നിർലോഭം വെള്ളമൊഴിച്ചു കൊടുക്കുന്നതും ദേവസ്യസാർ തന്റെ സവിശേഷമായ ആഖ്യാനത്തിലൂടെ വിവരിച്ചു തന്നു. പള്ളിമഞ്ചം, പള്ളിപ്പാണി ഇവയുടെ അർഥം ദേവസ്യസാർ കുട്ടികളെ പഠിപ്പിക്കുന്നു. രാജക്കന്മാർ ഉപയോഗിക്കുന്ന വസ്തുക്കളോ അവർ ചെയ്യുന്ന കർമങ്ങളെയോ പറ്റി പ്രതിപാദിക്കുമ്പോൾ ബഹുമാനസൂചകമായി പള്ളി എന്ന പദം വാക്കിനു മുമ്പേ ഉപയോഗിക്കുന്നു. ഉദാഹരണമായി പള്ളിമഞ്ചം (രാജാവ് ഇരിക്കുന്നതോ കിടക്കുന്നതോ ആയ മഞ്ചം അഥവാ കട്ടിൽ) പള്ളിപാണി (രാജാവിന്റെ കരങ്ങൾ) പള്ളിയുറക്കം, പള്ളിനായാട്ട്, പള്ളിനീരാട്ട്, പള്ളിപ്പുറപ്പാട് അങ്ങനെ...അങ്ങനെ... സാറിന്റെ ക്ലാസ് തുടരവെ, പിന്നിലെ ബെഞ്ചിലിരുന്ന ഒരു വികൃതിപ്പയ്യന്റെ വക പതിഞ്ഞ ശബ്ദത്തിൽ നിഷ്കളങ്കമായ ഒരു ചോദ്യം. ‘‘സാറേ രാജാവിന്റെ പുറത്തിന് എന്തായിരിക്കും പറയുക?’’ അടുത്ത നിമിഷം ക്ലാസിൽ പരക്കെ ചിരി പടർന്നു. ദേവസ്യ സാർ പയ്യനെ കയ്യോടെ പിടികൂടി എഴുന്നേൽപിച്ചു നിർത്തിയിട്ടു പറഞ്ഞു. ‘‘ഡാ...ഡാ...നീ എനിക്കിട്ട് തന്നെ പണിഞ്ഞല്ലോടാ’’.  അതും പറഞ്ഞു സാർ കൂട്ടച്ചിരിയിൽ പങ്കുചേർന്നു. കാരണം സാറിന്റെ വീട്ടുപേർ പള്ളിപ്പുറം എന്നായിരുന്നു. 

ദേവസ്യസാർ കുട്ടിയെ ശകാരിച്ചില്ലെന്നു മാത്രമല്ല, അവന്റെ നർമഭാവനയെ അഭിനന്ദിക്കാനും മറന്നില്ല. മൊഴികളിൽ നർമത്തിന്റെ മേമ്പൊടി ചാലിച്ച് വിദ്യാർഥികളെ കുടുകുടെ ചിരിപ്പിച്ച സരസഹൃദയനായ ദേവസ്യ സാറിന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അന്നത്തെ ആ പള്ളിക്കഥയായിരുന്നു. മാതൃവിദ്യാലയത്തിന്റെ പടവുകൾ ഇറങ്ങിയിട്ട് നാലര പതിറ്റാണ്ട് ആകുമ്പോഴും അന്നത്തെ പള്ളി ഓര്‍മകൾ മനസ്സിൽ ഹരിതാഭമായി നിലകൊള്ളുന്നു. മലയാളഭാഷയെ പ്രണയിക്കാൻ പഠിപ്പിച്ച പ്രിയഗുരുനാഥന് ഈ ശിഷ്യന്റെ കണ്ണീർ പ്രണാമം. 

Content Summary:

Remembering a Beloved Teacher: Sunny Kallarakkal Recounts the Laughter and Lessons of Devasya Sir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com