ADVERTISEMENT

വെറുതെ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കരുത്’– ഈ പല്ലവി കേട്ടിട്ടുള്ള കുട്ടികളും അങ്ങനെ പറഞ്ഞിട്ടുള്ള അച്ഛനമ്മമാരുമെല്ലാം പാലക്കാട് കൽപാത്തിയിലെ പൂർണിമ സീതാരാമന്റെ കഥ കേൾക്കണം. ലോകം ഇത്രത്തോളം ഡിജിറ്റൽ അല്ലാത്ത കാലത്ത് ഗെയിം രൂപകൽപനയെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചുപഠിച്ച് ഈ രംഗത്തു തുടക്കം കുറിച്ച പൂർണിമ ഇപ്പോൾ യുഎസിലെ കലിഫോർണിയയിൽ സ്വന്തമായി ഗെയിം ഡവലപ്പിങ് ടീമിനെ മാനേജ് ചെയ്യുകയാണ്.

ഗെയിമുകൾ കളിച്ചു പഠിച്ചതാണോ ?
ഹൈസ്കൂൾ കാലത്ത് ബന്ധുവീടുകളിൽ പോകുമ്പോൾ സൂപ്പർ മാരിയോ, ഡക്ക് ഹണ്ട് പോലുള്ള വിഡിയോ ഗെയിമുകൾ കളിച്ചിരുന്നു. പ്ലസ്ടു കാലത്ത് സ്വന്തം കംപ്യൂട്ടറായതോടെ കൂട്ടുകാർ പറഞ്ഞുതന്ന ‘ഏജ് ഓഫ് എംപയേഴ്സ് 2’ പോലുള്ള ഗെയിമുകൾ കളിച്ചുതുടങ്ങി. ആ ഗെയിമിൽ സ്വന്തമായി പല ലെവലുകൾ ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന ക്യാംപെയ്നുകളുണ്ടായിരുന്നു. അങ്ങനെ അന്നു സ്വന്തമായി ക്യാംപെയ്ൻ ക്രിയേറ്റ് ചെയ്തു. ഗെയിം ഡവലപ്പിങ്ങിന്റെ തുടക്കമായിരുന്നു അതെന്ന് അന്നറിയില്ലായിരുന്നു.

ഗെയിമിങ് പഠിച്ചോ ?
പഠിച്ചത് ഐടി എൻജിനീയറിങ്ങാണ്. തുടർന്ന് 2006ൽ ആദ്യജോലി ഒരു ഗെയിമിങ് കമ്പനിയിലായിരുന്നു- പ്രോഗ്രാമറായി. പിന്നീട് സുഹൃത്തിന്റെ പ്രേരണയിൽ അവിടെ ഗെയിം ഡിസൈനറായി. അവർ ഗെയിമിങ്ങിലെ ആധികാരിക ഗ്രന്ഥമായ ‘ഡൺജൻസ് ആൻഡ് ഡ്രാഗൺസി’ന്റെ (Dungeons and Dragons) മാന്വൽ തന്ന് അതു വിശദമായി പഠിച്ച് മൊബൈൽ ഗെയിം ക്രിയേറ്റ് ചെയ്യാൻ പറഞ്ഞു. അതായിരുന്നു തുടക്കം.

ഗെയിമിലെ പെൺലോകം ?
പണ്ടു വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പുരുഷന്മാർ ഉപയോഗിച്ചു പഴകിയശേഷമേ സ്ത്രീകൾക്കു കിട്ടിയിരുന്നുള്ളൂ. കാലം മാറിയതോടെ സ്ത്രീകളും മൊബൈൽ ഫോൺ ഉപയോഗിച്ചുതുടങ്ങി, ഗെയിമുകൾ കളിച്ചു, ഇപ്പോൾ ഗെയിമുകൾ ക്രിയേറ്റ് ചെയ്യുന്നു. ലാസ്റ്റ് ഓഫ് അസ്, ഹൊറൈസൺ സീറോ ഡോ‍ൺ, ഹെൽബ്ലെയ്ഡ്: സെനുവാസ് സാക്രിഫൈസ് തുടങ്ങി സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുള്ള ഗെയിമുകൾ തന്നെ പലതുണ്ട്.

1496130720
Representative Image Photo Credit : CentralITAlliance / iStockPhoto-com

ഗെയിമിങ് കരിയർ സ്ത്രീകൾക്കെങ്ങനെ ?
ഇന്റർവ്യൂവിൽ പുരുഷ ഉദ്യോഗാർഥിയോടും എന്നോടും രണ്ടു തരം ചോദ്യങ്ങളായിരുന്നു. വിവാഹം, കുട്ടികൾ, പ്രഫഷനൽ- പഴ്സനൽ ലൈഫ് ബാലൻസ് പോലെയുള്ള ചോദ്യങ്ങളാണ് ഞാൻ നേരിട്ടത്. പെൺകുട്ടികൾക്ക് കംപ്യൂട്ടർ പഠനാവശ്യത്തിനു മാത്രവും ആൺകുട്ടികൾക്ക് ഗെയിമിനുകൂടിയുള്ളതും എന്ന രീതി വീടുകളിലുണ്ടാ യിരുന്നു. എന്റെ കുടുംബം തടസ്സമില്ലാതെ ഒപ്പം നിന്നതുകൊണ്ട് എനിക്ക് ഈ മേഖലയിലെത്താനായി.

1222829734
Representative Image Photo Credit : staticnak1983 / iStockPhoto-com



ഗെയിമിങ് അവസാനം അഡിക്‌ഷനാകുമോ ?
ഒരു പരിധിവരെ അഡിക്ടീവാണ്. സിനിമ, പുസ്തകം, കല എല്ലാം ഇതുപോലെ തന്നെയല്ലേ... അപകടങ്ങളിലും തട്ടിപ്പുകളിലും ഉൾപ്പെടാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

എങ്ങനെ ഈ മേഖലയിലെത്താം?
ഏതൊരു ക്രിയേറ്റീവ് ജോലിയിലുമെന്ന പോലെ ഗെയിമിങ്ങിലും തിരക്കഥ, സംവിധാനം, എഡിറ്റിങ്, ആർട്, പ്രൊഡക്‌ഷൻ, ഡിസൈനിങ് എന്നിങ്ങനെ പലമേഖലകളുണ്ട്.ഡിസൈനിങ്ങിൽ ഗെയിമിനെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. ധാരാളം ഓൺലൈൻ കോഴ്സുകളുണ്ട്.

സ്വപ്ന ഗെയിം ?
‘മധുരം’ എന്നൊരു കർണാടിക് മ്യൂസിക് പസിൽ അഡ്വഞ്ചർ ഗെയിമിന്റെ പണിപ്പുരയിലാണ്. പരേതയായ കർണാടക സംഗീതജ്ഞ ആർ.ബാലാമണി (ശങ്കർ മഹാദേവന്റെയും ബോംബെ ജയശ്രീയുടെയും ഗുരു) അച്ഛന്റെ സഹോദരിയാണ്. അവരുടെ ഓർമയ്ക്കായുള്ള സ്നേഹസമ്മാനമായിരിക്കും അത്.

1269257082
Representative Image Photo Credit : Gorodenkoff / iStockPhoto-com



വിമൻ ഇൻ ഗെയിംസ് ഹാൾ ഓഫ് ഫെയിം നേട്ടം ?

ഗെയിമിങ് രംഗത്ത് ജെൻഡർ തുല്യതയ്ക്കായി ആഗോള തലത്തിൽ തന്നെ പ്രവർത്തിക്കുന്നവരാണ് 'വിമൻ ഇൻ ഗെയിംസ് ഹാൾ ഓഫ് ഫെയിം'.യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരെ മാത്രമാണ് മുൻപ് ഇവരുടെ മത്സരത്തിൽ പങ്കെടുപ്പിച്ചിരുന്നത്. 2020ൽ ഏഷ്യയെയും അമേരിക്കയെയും കൂടി ഉൾപ്പെടുത്തി ലണ്ടനിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ 61 പേർ പങ്കെടുത്ത മത്സരത്തിൽ ആദ്യ ആറു പേരടങ്ങുന്ന ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.

ഇതുവരെയുള്ള കരിയർ ?
ഡിസ്നി ഇന്ത്യ, ജംപ്സ്റ്റാർട് (നെറ്റ് ഡ്രാഗൺ), ജിഎസ്എൻ എന്നിവയിലെല്ലാം ജോലി ചെയ്തു.ഇപ്പോൾ കലിഫോർണിയയിൽ സിൻഗ എന്ന ഗെയിമിങ് കമ്പനിയിൽ അസോഷ്യേറ്റ് ജനറൽ മാനേജരാണ്.ഗൂഗിളിന്റെ ഇൻഡീ ഗെയിം ആക്സലറേറ്ററും വിമൻ ഇൻ ഗെയിംസ് ഇന്ത്യ (ഡബ്ല്യുഐജിഐഎൻ) സ്ഥാപകയുമാണ്.

ഫാമിലി വേൾഡ് ?
അച്ഛൻ ടി.ആർ. സീതാരാമൻ, അമ്മ മീന സീതാരാമൻ. ഭർത്താവ് അർജുൻ നായർ ഗെയിമിങ് മേഖലയിൽ ഫ്രീലാൻസായി ജോലി ചെയ്യുന്നു.

Content Summary:

Poornima Seetharaman on how women can change the gaming sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com